Sunday 25 December 2016

ചുമര്..

പരുപരുത്ത ചുമരിനോട് വയറൊട്ടി
ഞാന്‍ നിന്നു..
ചിതറിത്തെറിച്ച  ഞാനാ,
ചുമരിലാകെ  പരന്നു..
അതിലെ  ഓരോരോ  വാക്കുകളിലേക്കും
പടര്‍ന്നു  കയറി..
കയറ്റിറക്കങ്ങളില്‍ പ്രണയത്തിന്‍റെ  തുടിപ്പ് ..
ചുവന്ന  അക്ഷരങ്ങള്‍ക്കിടയില്‍ പരതിയത്
നിന്നെ  തന്നെയായിരുന്നു..
എവിടെയാണ്  നീ ??
അങ്ങകലെ  ബദാം  പൂവിന്‍റെ
മണമുള്ള  ചുമരിനു  കീഴെ  നീ  ഉറങ്ങുന്നു..
ഞാനിവിടെ  ഉറക്കമില്ലാതെ..
കാലം  തേച്ചുമിനുക്കിയ  രാത്രികളിലൊന്നില്‍
നീ  ഉറക്കത്തെ  തോല്‍പിച്ചു..
എന്‍റെ  ചുമര്  നീ  കട്ടെടുത്തു..
ഇരുട്ട്  കയറാന്‍  തുടങ്ങിയ  ചുമരിലേക്ക് 
ഞാന്‍  ചോര  ചര്‍ദ്ദിച്ചു വീണു..
ചോര  ചര്‍ദ്ദിച്ചു വീണു..,,

Monday 19 December 2016

കളവ് സത്യം..

കളവ് സത്യം.. എല്ലാം ആപേക്ഷികമാണോ?? ആയിരിക്കാം.. പക്ഷെ തുടര്‍ച്ചയായുള്ള കള്ളം പറയലിലൂടെ അവന്‍ ലക്ഷ്യമിടുന്നതെന്തായിരുന്നു?? സ്വന്തം വ്യക്തിത്വം അടിയറവു വച്ച് അവന്‍ വീണ്ടും അതെ കാട്ടിലൂടെ യാത്രയായി.. കാടിന്‍റെ സത്യം അവനറിയില്ലായിരുന്നു.. കാടാണ് യാഥാര്‍ത്ഥ്യം.. അതിന്‍റെ ഓരോ പുല്‍ത്തരിമ്പിലൂടെയും മൊട്ടിട്ടത് സത്യമായിരുന്നു.. അവനായിരുന്നു വഴി തെറ്റിയത്.. അവന്‍ കാത്ത് നിന്ന പച്ചപ്പ്‌ കളവിന്‍റെതായിരുന്നു അതിനെക്കാള്‍ വലിയ പച്ചപ്പ്‌ മുന്നില്‍ നിന്നെങ്കിലും അവനത് മരീചിക ആവട്ടെ എന്നാഗ്രഹിച്ചു.. അത് സത്യം ആയിരുന്നേല്‍ അവന്‍ ഹൃദയം പൊട്ടി മരിക്കുമായിരുന്നു.. സത്യതോടുള്ള അവന്റെ അസഹനീയമായ അസഹിഷ്ണുത അവിടെ വീണു കിടന്ന ഓരോ ഇലയിലും ഞെരിഞ്ഞമര്‍ന്നു.. മുന്നോട്ടുള്ള ഓരോ പോക്കിലും അവന്‍ മരിച്ചു വീഴുകയായിരുന്നു.. പക്ഷെ അവനു അവിടെ നില്‍ക്കുവാനാവുമായിരുന്നില്ല.. ചവിട്ടി നിന്ന കാല്‍ ചുവടിലെ ഓരോ മണ്ണും ഒലിച്ച് ഒലിച്ചു പൊയ്ക്കൊണ്ടിരുന്നപ്പോ അതിന്‍റെ കൂടെ അവനും വലിയ കുഴിയിലേക്ക് കൂപ്പുകുത്തി.. ആ കുഴിയുടെ ഇരുട്ടിനൊപ്പം കൂടിയ നിഴലിന് അവനെക്കാള്‍ വലിപ്പമുണ്ടായിരുന്നു.. ആ കുഴിയുടെ മുന്നിലൂടെ അരിച്ചരിച്ചു വന്ന വെളിച്ചത്തിന് അവന്‍റെ തൊട്ടുകൂടായ്മയുടെ രൂപമായിരുന്നു.. നീണ്ടു വന്ന ആ രൂപം അവന് രക്ഷപ്പെടാനുള്ള കൈത്താങ്ങായിരുന്നു.. സത്യത്തിനും കളവിനും ഇടയിലുള്ള ആ വലിയ വിടവില്‍ അവന്‍ മസ്തിഷ്ക മരണത്തിലേക്ക് വീണു കൊണ്ടിരുന്നു..
കുറെ കാലമായി മനസ്സില്‍ വന്നു കൊണ്ടിരുന്ന സംശയമായിരുന്നു അവളോടു ചോദിച്ചത്.. ഒരാള്‍ എങ്ങനെയാ ജയിച്ചു അല്ലെങ്കില്‍ തോറ്റു എന്ന് വിലയിരുത്തപ്പെടുന്നത്? ഉത്തരം ഇതായിരുന്നു.. 'അയാള്‍ വിചാരിച്ച കാര്യം നേടിയെടുക്കുമ്പോ , പക്ഷെ അത് വേറെ ആരേം സങ്കടപ്പെടുത്തി, നഷ്ടപ്പെടുത്തി ആകരുത്..' ഉത്തരം ശരിയായിരിക്കാം, ആപേക്ഷികമായിരിക്കാം..കുടുംബ ജീവിതത്തില്‍ നമ്മള്‍ എന്നും പരാജിതരായിരിക്കില്ലേ എന്ന എന്‍റെ ന്യായമായ സംശയം... അവളതിനെ മനസ്സ് കൊണ്ടെങ്കിലും ന്യായീകരിച്ചിരിക്കണം.. അവസാനം അവളും പറഞ്ഞു അച്ഛനേം,അമ്മയേം മനസാക്ഷിയെയും എപ്പോഴും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ പറ്റിലല്ലോ.. അല്ല, എപ്പോഴും അല്ല എപോഴെങ്കിലും ഒരിക്കല്‍ തൃപ്തിപ്പെടുത്താന്‍ പറ്റുമോ? ഇല്ലായിരിക്കാം.. സംഘട്ടനവും വികാസവും .. ആന്തരിക പോരാട്ടങ്ങളില്‍ നൈമിഷികമായ വിജയവും,പരാജയവും ലഭിച്ചേക്കാം.. പോരാടുക..

Ramya mam..

Green leaves become yellow and fall down marking their life in the soil. It is not the end. Its a new beginning. There it regenerates the past and make the immortal power of so called memories. The last 3 years went quickly.
There was this beautiful irony when I have sensed a sister in a person who is always addressed as 'madam'.
I have shown my innocence to her, my frustration to her and have shared my happiness with her. We quarreled each other in some points of time, but it all went with the wind. The bond stays firm and concrete. Its all about the wavelengths which are going in parallel, may be with a different height and depth.
Missing your 'reminder calls' and presence and wishing you the very best to your new post madam..

നട്ടപ്രാന്ത്

പതിവ് പോലെ രാവിലെ ആയി ... എന്തിനാണ് രാവിലെ ആകുന്നതെന്ന് ആരോടോ ചോദിച്ചു ... വെളിച്ചത്തോടുള്ള പേടിയാണോ അതോ ഇരുട്ടിനോടുള്ള പ്രണയമോ ? പ്രണയം .. നട്ടപ്രാന്ത് .. അതിനെ മുന്നേ വഴിവക്കിൽ കുഴി കുത്തി മൂത്രമൊഴിച്ചു ബലിയിട്ടതാണ്.. പറയുമ്പോ ഇങ്ങനത്തെ വലിയ ഡയലോഗ് അടിക്കുമ്പോഴും മനസ്സ് എവിടെയൊക്കെയോ ആഗ്രഹിക്കുന്നുണ്ട്.. എന്താടോ വാര്യരെ ഞാൻ നന്നാവാത്തത് ? ആത്മഗതം പറഞ്ഞതാണെങ്കിലും നമ്മടെ ചങ്ക് ചെങ്ങായിമാർ അത് കേൾക്കും ... പണി പാലും വെള്ളത്തിൽ കിട്ടിയാലും നീ പഠിക്കൂല്ല .. കുലംകുത്തികൾക്കും തേപ്പുകാർക്കും മാപ്പില്ല എന്നാണ് പാർട്ടി തത്വം .. "തത്വം പറഞ്ഞു നീ ഇവിടെയിരുന്നോ വീട് നോക്കാണ്ട് .. മൂന്നു നേരവും വെട്ടിവിഴുങ്ങാൻ ആക്കിത്തരുന്നതിന്റെ കുറവാണ് നിനക്ക്".. പെട്ടെന്ന് തന്നെ റിമോട്ട് എടുത്ത് മ്യൂട്ട് ആക്കിയത് കൊണ്ട് അതവിടെ നിന്നു .. നാട് വിടണം ... കള്ളവണ്ടി കേറി നേരെ ബോംബെയിലേക്ക് അതാണ് അതിന്റെ ഒരിത് .. "അയിന് നിനക്കിതെല്ലാം പറ്റുവോ ചെങ്ങായി .. ഈടത്തെ മണ്ണും പെണ്ണും ബഡായിയും മോരും വെള്ളവും ട്രെയിനും , അതെ നിനക്ക് പറ്റു" .. എന്ത് മനസ്സിൽ വിചാരിച്ചാലും അപ്പൊ ഇടപെടും ഇവർ ... ശരിയാ നാടാ അല്ലേലും നല്ലത് ..

Wednesday 26 October 2016

സമയം..

കലണ്ടറിലെ അടുപ്പിച്ചടുപ്പിച്ചു കണ്ട മൂന്ന്-നാല് ചുവന്ന നിറത്തിലുള്ള അക്കങ്ങള്‍ കലണ്ടര്‍ അടിച്ച ടൈമിലേ കണ്ടതാണ്.. പണ്ടേ ചുവപ്പ് നിറത്തോട് ആവേശമായത് കൊണ്ട് ഇങ്ക്വിലാബ് ഈ കൊല്ലം പെറ്റ് വീണപ്പോഴേ കൊടുത്തതാണ്.. ആ ദിവസമാണ് കുറെയേറെ മരണങ്ങളും ജനനങ്ങളും താണ്ടി ഇന്നീ കിടക്കയില്‍ എത്തിയിരിക്കുന്നത്..
ലീവ് ദിവസത്തെ ആദ്യത്തെ ഉറക്കത്തെ മുറിച്ചത് ആ 2 കോളിംഗ് ബെല്ലാണ്.. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു അന്യസംസ്ഥാന തൊഴിലാളി.. വെറും കയ്യോടെ അല്ല കയ്യില്‍ ഓടക്കുഴലുണ്ട്.. സാധാരണ ഒരാള്‍ ഇത് പോലെ വന്നാല്‍ 5രൂപ കൊടുക്കുന്ന സ്ഥാനത്ത് , അന്യസംസ്ഥാന തൊഴിലാളി ആയത് കൊണ്ട് രണ്ട് രൂപ കൊടുത്താമതി എന്ന ഭാവത്തില്‍ ഉറക്കച്ചടവ് കീഴടക്കിയ പാതി അടഞ്ഞ കണ്ണുകള്‍ അയാളെ തുറിച്ച് നോക്കി.. ആ നോട്ടത്തിനുള്ള മറുപടിയെന്നോണം ദീനഭാവത്തിലുള്ള നനവ് പറ്റിയ നോട്ടം അയാള്‍ തിരിച്ചു കൊടുത്തു..
ഓടക്കുഴല്‍ വച്ച് പാട്ട് മൂളുന്നതിനു മുമ്പ് അയാളുടെ ഊരും പേരും തിരിച്ച് ബയോഡാറ്റ അപ്ഡേറ്റ് ചെയ്തു വച്ചു..അപ്പൊ തന്നെ ശ്രീകൃഷ്‌ണന്റെ രൂപം അയാളില്‍ നിന്ന് അറുത്ത് മാറ്റി പൂജാമുറിയില്‍ പ്രതിഷ്ടിച്ചു..
അയാള്‍ വേറെ രീതിയിലാണ് ചിന്തിച്ചത്.. തമിഴന്‍ എന്ന് പറഞ്ഞത് കൊണ്ട് മുല്ലപ്പെരിയാറിന്റെ ദേഷ്യം എനിക്ക് തരാനുള്ള വിഹിതം ഇനിയും കുറയ്ക്കുമോ എന്ന പേടിയില്‍ പിരികം സ്വയം ചുളിഞ്ഞ് നേര്‍ത്ത ഒരു പൊട്ടായി മാറിക്കൊണ്ടിരുന്നു..
പെട്ടെന്ന്‍ തിരിച്ചുകിട്ടിയ സ്ഥലകാലബോധം ഓടക്കുഴലിനെ ചുണ്ടോടടുപ്പിച്ചു,, ഭാഷയുടെ വേര്‍തിരിവില്ലാതെ സംഗീതം ഒഴുകാന്‍ തുടങ്ങി.. ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും പാട്ടില്‍ കൊരുത്ത് തന്‍റെ കീറിപ്പറിഞ്ഞകോളറിനു കീഴെ ഒരു മാലയായിട്ടു..
എല്ലാം കേട്ട് ആസ്വദിച്ച വീട്ടുടമസ്ഥന്റെ സ്വത്വബോധം വീണ്ടുമുണര്‍ന്നു.. മനസ്സില്‍ കൂട്ടിയെടുത്ത സബ് സിഡി കണക്ക് പുറത്തേക്ക് ചര്‍ദ്ദിച്ചു,,കൂട്ടിക്കിട്ടിയ അന്യസംസ്ഥാന ഡിസ്കൌണ്ട് പോക്കറ്റിലിട്ടു രണ്ടു രൂപ കൊടുത്തു വിട്ടു.. വിശക്കുന്നവന്റെ വയറിനെന്തു പരിഭവം..
കണ്ടു ശീലിച്ച അടുത്ത മുഖങ്ങള്‍ തേടി അയാള്‍ വേഗത കുറച്ച് വീണ്ടും യാത്ര തുടങ്ങി..
കയ്യില്‍ കെട്ടിയ വാച്ച് പൂര്‍ണ്ണമായും യാത്ര നിര്‍ത്തിയിരുന്നു..
ഉള്ളിലേക്കോടിയ വീട്ടുടമസ്ഥന്റെ വീട്ടിലെ ക്ലോക്ക് വളരെ വേഗത്തില്‍ ഓടിക്കൊണ്ടിരുന്നു..

Wednesday 21 September 2016

രാമമ്മാവന്റെ ഓര്‍മയ്ക്ക്

തല നെടുകേ പിളര്‍ന്ന സത്യം,
അതാണ്‌ മരണം..
ജീവിതത്തിലെ അവസാനത്തെ
സത്യവും..
ഇനിയുള്ളതെല്ലാം മരിക്കാത്തവന്‍റെ
ഭാവനകള്‍ മാത്രം..
ഇന്ന് ഞാനുറങ്ങും,
നീ തന്ന ജീവിതപ്രകാശം
ആകാശചരുവില്‍ നിന്ന്
എന്‍റെ നെഞ്ചോടു ചേര്‍ത്ത്..
നീ ഇന്നൊരു പൂമരമായി മാറും
പൊഴിക്കുന്ന ഓരോ പൂവും ഇലയും
എന്നെ മൂടുന്ന ഓര്‍മകളുടെ
മഴത്തുള്ളികളായിരിക്കും..
ആ മഴത്തുള്ളികളിലൂടെ, ഓര്‍മകളിലൂടെ
എനിക്കിന്ന് തിരിച്ചു നടക്കണം,
നിഷ്കളങ്കതയില്‍ പൊതിഞ്ഞ സ്നേഹം,
നഷ്ടപ്പെട്ട പനിനീര്‍പ്പൂവ്,
അതിനിടയില്‍ എന്നെ തിരയണം,
ഞാനുണ്ടാവും എന്‍റെ നിഴലുണ്ടാവും..


Saturday 10 September 2016

അധ്യാപക ദിനം

അധ്യാപക ദിനം..ഞാന്‍ ആദ്യമായി കണ്ടതും, ഇപ്പോഴും എപ്പോഴും കണ്ടിരിക്കുന്നതും ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്നതുമായ അധ്യാപിക എന്‍റെ അമ്മ തന്നെയാണ്.. 
രണ്ടു കൊല്ലം പിന്നോട്ട് സഞ്ചരിക്കുമ്പോ ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഒരു വാര്‍ത്തയായിരുന്നു തന്‍റെ അധ്യയന ജീവിതത്തിലെ വിരമിക്കല്‍ ദിവസം എല്ലാ ചടങ്ങുകള്‍ക്ക് ശേഷം സ്കൂളില്‍ നിന്ന് പടിയിറങ്ങി 60 കിലോമീറ്ററോളം വീട്ടിലേക്ക് നടന്ന അവനീന്ദ്രന്‍ മാഷ്‌.. ആ തീരുമാനം ശരിക്കും ഒരു അഭിനിവേശമായിരുന്നു.. ഓര്‍മകളെയും കൂട്ട്പിടിച്ച് ഇത്രേം ദൂരം നടന്നപ്പോ കണ്ട സൂര്യാസ്തമയമായിരിക്കണം ജീവിതത്തില്‍ കണ്ട ഏറ്റവും സുന്ദരമായ സൂര്യാസ്തമയം.. വര്‍ഷങ്ങളായി അകലെ നിന്ന് കണ്ടിരുന്ന ഓരോ ദൃശ്യങ്ങളും സ്വന്തം കണ്ണിലേക്കെടുത്ത് നടന്നു വന്നപ്പോ ഓരോ വിയര്‍പ്പ് തുള്ളിയിലും മഴവില്ല് വിരിഞ്ഞു.. അത്രേം നാള്‍ ബസ്സിലൂടെ ചെയ്ത യാത്രകള്‍ ആ ഒരു ദിവസം കൊണ്ട് മറി കടന്നു..ഓരോ പൂവും, ഓരോ പച്ചപ്പും, കിളികളും,അന്തിച്ചോപ്പും, നിലാവും, ചാറ്റല്‍ മഴയും,നിശബ്ദതയും,കൂരിരുട്ടും, നല്‍കിയ വിരമിക്കല്‍ നിമിഷങ്ങള്‍.. സാധാരണ യാത്ര ചെയുമ്പോള്‍ അല്ലെങ്കില്‍ നടക്കുമ്പോള്‍ നമ്മള്‍ കാഴ്ചകളാണ് കാണാറുള്ളതെങ്കില്‍അന്ന് കാഴ്ചകള്‍ മാഷെ നോക്കി നിന്നു എന്ന് വേണം പറയാന്‍.

Wednesday 31 August 2016

ഓര്‍മ്മകള്‍.. കരിവെള്ളൂര്‍..

ഓര്‍മ്മകള്‍.. കരിവെള്ളൂര്‍..അവധിക്കാലം വന്നാ പിന്നെ നേരെ കരിവെള്ളൂരെക്കാണ്.. ശ്രുതിയും കുട്ടനും കൂടി ഉണ്ടെങ്കില്‍ ചോദിക്കണ്ട.. മനസ്സിലേക്ക് ഓടി വരുന്ന കുറെ ചിത്രങ്ങളാണ്.. 
പഴയ വീട്ടിന്‍റെ മുന്നിലെ അച്ചാച്ചന്‍റെ പഴയ സൈക്കിള്‍ കടയും, ഗോട്ടിയിട്ട പഴയ സോഡാക്കുപ്പിയും... വരിവരിയായി നിന്ന കുരുമുളക് വള്ളികള്‍ക്കിടയില്‍ ക്രിക്കറ്റ് കളിച്ച സ്ഥലം.. അടുത്തുള്ള അംഗനവാടിയില്‍ വൈകുന്നേരം ഉപ്പ്മാവ് വാങ്ങാന്‍ പോയ ദിവസങ്ങള്‍,അതിലൊരു ദിവസം അടുത്ത വീട്ടിലെ പട്ടി ഓടിച്ച ശേഷം അത് നിര്‍ത്തി.. ഏപ്രില്‍ മാസം നടന്നിരുന്ന ഫ്ലഡ്ലൈറ്റിലെ ഫുട്ബോള്‍ ടൂര്‍ണമെന്റ്റ്‌.. ബേക്കറി ഗോപാലേട്ടന്റെ ഉച്ചത്തിലുള്ള പാട്ട്.. എപോഴെങ്കിലും വീട്ടില്‍ നിന്ന് എല്ലാരും കൂടി പോയിട്ടുള്ള ലീന ടാക്കീസിലെ സെക്കന്റ് ഷോ സിനിമ.. കമ്മ്യൂണിസ എന്താണെന്നൊക്കെ അറിഞ്ഞു വരുന്ന കാലം മുമ്പേ കണ്ടു തുടങ്ങിയ രക്തസാക്ഷി ദിനത്തിലെ കരിവെള്ളൂരിലെ ആള്‍ക്കൂട്ടം.. ഓണക്കുന്നില്‍ ഇറങ്ങിയാല്‍ രാമമ്മാന്‍റെ(അമ്മയുടെ അമ്മാവനാണ്, സ്നേഹം കൊണ്ട് ഒരമ്മാവന്‍ ലോപിച്ച് വിളിച്ചു ശീലമായതാണ്) പീടിയയില്‍ നിന്നുള്ള മോരുംവെള്ളം കുടി, അമ്മയുടെ അമ്മാമ്മയുടെ വീട്ടില്‍ പോയാലുള്ള വെല്ലത്തിന്റെ കാപ്പി.. പഴയ വീട്ടില്‍ നിന്നും പുതിയ വീടിലെക്കുള്ള മാറ്റം... കണ്ടത്തിലെ അട്ടക്കുടു പിടിക്കല്‍, സൈക്കിള്‍ വാടകക്ക് എടുക്കാന്‍ പോയ ഓണക്കുന്നിലെ കൃഷ്നാട്ടന്റെ വീട്, മതിലിനപ്പുറത്തെയും ഇപ്പുറത്തെയും ക്രിക്കറ്റ് കളിയും പൊളിഞ്ഞ ഗ്ലാസും, മാമന്‍ ബാന്ഗ്ലൂരില്‍ നിന്ന് കൊണ്ട് വന്ന പച്ച ബോള്‍ 5-6 കൊല്ലം വരെയും ഉണ്ടായിരുന്നു..അപ്പുറത്തെ വീടിലെ മോഹനേട്ടന്റെ അഖില്‍.. നാവിനെ നിരന്തരം തോല്‍പ്പിച്ചും,കൊതിപ്പിച്ചും കൊണ്ടിരുന്ന അചാച്ചന്റെ കറികള്‍.. .ഭക്തിയും വിശ്വാസവും ഇപ്പൊ കുഴിച്ചു മൂടിയെങ്കിലും പടിഞ്ഞാറ്റയില്‍ നിന്ന് സരസ്വതി നമസ്തുഭ്യം പാടി , കാമാക്ഷി അമ്പലത്തില്‍ പോയി വിദ്യാരംഭം ആഘോഷിച്ച പഴയ ദിവസങ്ങള്‍..കഴിക്കാന്‍ ഏറെ കൊതിച്ചിട്ടും ഇപ്പൊ കിട്ടാതിരിക്കുന്ന അമ്മമ്മയുടെ ചുട്ട ഒണക്ക് മുള്ളന്‍ പൊടിച്ച് തേങ്ങയും പുളിയും പറങ്കിയും ചേര്‍ത്തുണ്ടാക്കുന്ന വിഭവം.. 
ഓര്‍മകള്‍ക്ക് പ്രായം കൂടിവരുന്നു..വെയിലേറ്റാലും വാടാത്ത തെളിച്ചം..അതിപ്പോഴുമുണ്ട്, എപ്പോഴുമുണ്ട്.

Friday 26 August 2016

മറവി

എല്ലാരേം മറന്ന്‌ മറന്ന് മറന്ന് ആ മറവി തുന്നിക്കെട്ടി ഒരു കപ്പലാക്കുമ്പോ , ഞാൻ വരാം അതിലെ ഒരേയൊരു യാത്രക്കാരനായും,കപ്പിത്താനായും ഓർമകളുടെ ചുഴികളിലൂടെ തിരഞ്ഞു മറിയാൻ ..

Sunday 7 August 2016

ഞാൻ സ്വയം ഒളിക്കാൻ ശ്രമിച്ചതാണെപ്പോഴും.. പക്ഷെ എന്നെ അനുവദിച്ചില്ല.. എന്നെ മറ്റാരെക്കാളും മനസിലാക്കിയത് എന്റെ ചുരുണ്ട മുടിയിഴകളാണ്.. അടങ്ങാൻ ശ്രമിച്ചപ്പോഴൊക്കെ അവ ഉയർന്നുയർന്നു രോഷം പ്രകടിപ്പിച്ചു..മുടിയെ തളക്കാൻ ഇട്ട തട്ടമാകട്ടെ അതിനേക്കാൾ അനുസരണക്കേട് കാണിച്ചു..എനിക്ക് കാണിക്കാൻ പറ്റാത്ത അനുസരണക്കേട് കാണിച്ച എന്റെ പ്രിയപ്പെട്ട ചുരുണ്ട മുടിയോടും , തട്ടത്തോടും എനിക്കെന്തെന്നില്ലാത്ത സ്നേഹം തോന്നിക്കൊണ്ടിരുന്നു

Monday 1 August 2016

ചരടുകള്‍....

അവരെന്‍റെ ശരീരം കണ്ട് ഞെട്ടി..
എവിടെ വലിച്ചു മുറുകിയ ചരടുകള്‍?
ഓരോ ഭാഗത്തുമില്ലാതിരുന്ന
ചരടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി
എനിക്കൊരു കണക്കിട്ടു...
തിരുത്തലുകളുടെ കണക്ക് കണ്ടു
ചിരിച്ച പേപ്പര്‍
ഞാനാ വേസ്റ്റ് ബാസ്കറ്റിലിട്ടു..
മുമ്പ് ഓരോ ചരടും അഴിച്ചെറിഞ്ഞത്
എന്‍റെ വിമോചന സമരമായിരുന്നു..
അന്ന് ഞാനാദ്യമായി ശ്വസിച്ചു..

Thursday 14 July 2016

സഖാവ് ധനരാജേട്ടന്


നീറുന്ന കനലുകള്‍ക്കുള്ളിലും
കത്തിയെരിയുമ്പോള്‍ നിങ്ങള്‍ 
അജയ്യനാവുകയാണ് സഖാവേ..
തൊണ്ട പൊട്ടുമാറ് വിളിച്ച
ഇങ്ക്വിലാബിലൂടെ നിങ്ങള്‍
തിരിച്ചു വരുന്നു.
രക്തം ചിതറിയ വഴിത്താരയില്‍
ഇന്നായിരം പുതുനാമ്പുകള്‍ മുളക്കുന്നു..
വിപ്ലവത്തിന്‍ വിജയക്കൊടി പാറിക്കാന്‍,
ഉയര്‍ത്തിക്കെട്ടാന്‍
നിങ്ങള്‍ പകര്‍ന്ന വാക്കും,ധൈര്യവും,
പോരാട്ടവീര്യവും,തോല്‍ക്കാത്ത
മനസ്സുമുണ്ട്...
കേട്ടടങ്ങില്ല നെഞ്ചിലീക്കനല്‍ ,
മുന്നിലായി നീ വെട്ടിത്തെളിച്ച
പാതയിലൂടെ നാം മുന്നേറും,
കൂടുതല്‍ കരുത്തോടെ..
വിപ്ലവാകാശത്തിലെ ചുവന്ന
താരകമായി എന്നും നിങ്ങളുണ്ട് കൂടെ..


Friday 17 June 2016

വെട്ടിയിട്ട വഴി

വെട്ടിയിട്ട ഓരോ വഴിയിലും
എന്തിന്‍റെയോക്കെയോ മരണത്തിന്‍റെ
മണമുണ്ട്...
മുന്നോട്ടാഞ്ഞ ഓരോ കുതിപ്പിലും
കിതച്ചു കൊണ്ട് ഞാന്‍
തേടിയ കാലടികളുണ്ടായിരുന്നു..
പതിഞ്ഞുറഞ്ഞ ആ അടയാളത്തിനു
മുകളില്‍ ഇറ്റിറ്റു വീണ ഓരോ മഴത്തുള്ളിയും
അതിനെ ഒരു കൊച്ചുതുരുത്താക്കി..
ആ തുരുത്ത് കടലാസ് തോണിക്ക്
ഒരു വല്യപുഴയായി മാറി..
എന്‍റെ കിതപ്പിനപ്പുറം,
അതൊരു വലിയ തുരുത്തായി
മാറിക്കൊണ്ടിരുന്നു..
അതിനപ്പുറം പൂത്ത നിശാഗന്ധിക്ക്
എന്‍റെ പ്രണയത്തിന്റെ മരണത്തിന്‍റെ
മണമുണ്ടായിരുന്നു...

Tuesday 14 June 2016

Identity Crisis

Identity Crisis.. ഈ അടുത്താണ് ഇങ്ങനെയൊരു പ്രയോഗം കേട്ടത്.. ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉള്ള വാക്ക്.. ശരിക്കും ഞാന്‍ ഇന്നതാണ് എന്നതിനപ്പുറം ഞാന്‍ എന്തല്ല എന്ന് പറയുന്ന വാക്ക്.. കാഴ്ച്ചപ്പാടിനും പ്രയോഗത്തിനും ഇടയില്‍ കിടക്കുന്ന പ്രക്ഷുബ്ധമായ നിശബ്ദത.. ഈ ഭേദിക്കാന്‍ പറ്റാത്ത നിശബ്ദത തന്നെയാണ് ഇതിന്‍റെ ആഘാതവും കൂട്ടുന്നത്.. മനസിലാക്കപ്പെടാത്ത സ്നേഹത്തിനു വീട്ടില്‍ നിന്നും, തിരിച്ചറിയപ്പെടാത്ത പ്രണയത്തിന് പ്രിയപ്പെട്ടവളില്‍ നിന്നും , വ്യവസ്ഥിതികളോട് തര്‍ക്കിക്കുമ്പോള്‍ അടഞ്ഞ സമൂഹത്തില്‍ നിന്നും ചാര്‍ത്തി കിട്ടുന്ന ഉപഹാരം.. മഞ്ഞുരുക്കാന്‍, ഒതുക്കിവച്ച ചിറകുകള്‍ വിടര്‍ത്താന്‍ , സ്വയം നവീകരിച്ചുകൊണ്ടിരിക്കാന്‍ Identity Crisis അനുഭവിക്കേണ്ട ഒരവസ്ഥ തന്നെയാണ്

Saturday 11 June 2016

തിരിച്ചു വരവ് ...




പച്ചപ്പ്‌ വാരിയെറിഞ്ഞ കാട്ടില്‍ എനിക്ക് ചലനമറ്റു കിടക്കണം.. വന്യതയെ കീറിമുറിക്കുന്ന കാറ്റാല്‍ പുണരണം.. അവസാനത്തെ ചോരയും അട്ട വലിച്ചു കുടിക്കണം.. ശരീരത്തിലെ ഓരോരോ ഭാഗവും ഉറുമ്പും പുഴുവും ചേര്‍ന്നരിക്കട്ടെ.. ഉദിച്ചു നില്ക്കു ന്ന ചുവന്ന സൂര്യന്‍ എനിക്കവസാനത്തെ ചുംബനവും നല്കട്ടെ.. ആരുടേതുമല്ലാത്ത ഈ മാമലകള്‍ പ്രതീക്ഷകള്‍ക്ക് അവസാനമിട്ട് ഇനി ഒരു ജീവിതമില്ലെന്ന ശാശ്വത സത്യം എന്റെ മനസ്സില്‍ കുത്തിക്കുറിക്കട്ടെ.. കുത്തനെ വീഴുന്ന മഴത്തുള്ളികള്‍ എന്റെു കണ്ണടപ്പിക്കട്ടെ.. ഒരിക്കലും അവസാനിക്കാത്ത ഉറവയില്‍ നിന്നുവരുന്ന ജലധാര എന്നെ ഒഴുക്കി കൊണ്ട് പോകട്ടെ..ഒരായിരം കാട്ടുപൂക്കള്‍ എനിക്ക് യാത്രയയപ്പ് നല്കട്ടെ.. നിറഞ്ഞ ഇരു ചെവികളിലും പുഴയേക്കാള്‍ മനോഹരമായി ഒഴുകുന്ന നിന്‍റെ നില്‍ക്കാത്ത സംസാരം മുഴങ്ങി കേള്‍ക്കുന്നു.... അത് ചിലപ്പോ എന്നെ ഉണര്‍ത്തിയെഴുന്നേല്‍പ്പിക്കുമായിരിക്കും ..

Friday 3 June 2016

നീ ..

അകലവും അടുപ്പവും എത്രയാണെന്ന് തിട്ടപ്പെടുത്താനുള്ള മാന്ത്രിക വടി കയ്യിൽ ഇല്ലെങ്കിലും എനിക്ക് ചുറ്റും നീ വരച്ചിടുന്ന അദൃശ്യമായ ആകർഷണ വലയം ഞാൻ തിരിച്ചറിയുന്നു .. ഗുരുത്വ കേന്ദ്രത്തിലെ നിന്റെ സ്ഥിര സാന്നിധ്യം എന്നെ ഇനിയും വഴി തെറ്റാതെ കറക്കി കൊണ്ടിരിക്കട്ടെ .

Sunday 29 May 2016

കഥ...

കുത്തിപൊട്ടിച്ച ഒരുപാട് പേനകളുടെ ശാപവും പേറിയാണ് അയാള്‍ ആ കഥ തുടങ്ങിയത്.. ചര്‍ദ്ദിച്ചു തെറിച്ച മഷിക്കൂട്ടില്‍ സ്ഫുടം ചെയ്ത കഥയില്‍ അവള്‍ ഒരു കവിതയായി വിരിഞ്ഞു..നേരരിഞ്ഞ ഒരാണായി അവനും.. പച്ചയായ ജീവിതത്തിന്‍റെ എല്ലാ സങ്കീര്‍ണതയും നിറഞ്ഞ പ്രണയം.. ജീര്‍ണത ബാധിച്ച ജാതി വ്യവസ്ഥ അകാല വാര്‍ധക്യത്തിലും കരുത്തോടെ തല ഉയര്‍ത്തി നിന്നു.. സാമൂഹിക- സാമ്പത്തിക അളവ് കോലും കൊണ്ട് മൂത്ത കാരണവന്മാരും,ഇളയ കാരണവന്മാരും പോരാട്ടം തുടങ്ങി..പോര്‍നിലങ്ങളിലും അതിര്‍ത്തി നിര്‍ണയങ്ങളിലും രണ്ടു പേരും അചഞ്ചലരായി നിന്നു.. സമയത്തിന്‍റെ ചാഞ്ഞു ചെരിഞ്ഞുള്ള പോക്കിലാണ് ആ മാറ്റം കാണാന്‍ തുടങ്ങിയത്.. പ്രണയത്തെ ഒറ്റിക്കൊടുത്ത്, കാലത്തെ കൊഞ്ഞനം കുത്തിയുള്ള നായകന്‍റെ മെല്ലെ മെല്ലെയുള്ള തിരിഞ്ഞു നടത്തം.. ഇടവപ്പാതി തോര്‍ന്ന ചെമ്മണ്ണ്‍ പാതയില്‍ നിന്ന് ഒലിച്ചിറങ്ങിയ മണ്ണിന് ചതിയുടെ മണമുണ്ടായിരുന്നു.. മൂടിവെച്ച ആഗ്രഹങ്ങളുടെ മറയില്‍ നിന്ന് പുറത്തു വന്ന വില്ലന്‍ എഴുത്തുകാരന്‍ ആയിരുന്നു.. പ്രണയത്തെ വഞ്ചിച്ച് അച്ചാരം വാങ്ങിച്ച് നായകന്‍ അടുത്ത കടവ് തോണിയില്‍ പുതിയ കഥയിലേക്കുള്ള സഞ്ചാരത്തിലായിരുന്നു.. ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ അറിയപ്പെടാത്ത ഒരു ഭാവത്തിലായിരുന്നു എഴുത്തുകാരന്‍.. താന്‍ തേടിയ പ്രണയം ഒരുപാട് കാലത്തെ രൂപകല്പനയില്‍ വിരിഞ്ഞ നായികയില്‍ കണ്ടെത്തിയ എഴുത്തുകാരന് കഥയെക്കാളുപരി തന്നോട് നീതി പുലര്‍ത്തി എന്ന ചാരിതാര്‍ത്ഥ്യം ഉണ്ടായിരുന്നിരിക്കണം.. അവള്‍ കരുത്തയായിരുന്നു.. തന്‍റെ പിന്നില്‍ വീണടിഞ്ഞ നഷ്ടങ്ങളുടെ ഇലപൊഴിയലില്‍ അവള്‍ തകര്‍ന്നില്ല.. എന്തിനേയും നേരിടാനുള്ള മനക്കരുത്തില്‍ എഴുത്തുകാരനേയും പിന്തള്ളി മുന്നോട്ട് നടന്നു.. തകര്‍ത്തെറിഞ്ഞ പ്രണയത്തിന്‍റെ അവശിഷ്ടങ്ങളില്‍ നോക്കി ഒരു നെടുവീര്‍പ്പിടാനുള്ള ശേഷി പോലും ബാക്കി ഉണ്ടോ എന്നാലോചിച്ച് എഴുത്തുകാരന്‍ തരിച്ചു നിന്നു...

Tuesday 24 May 2016

മുന്തിരിവള്ളി

തിരിഞ്ഞു നോക്കാതെ നീ നടന്ന ഓരോ കാലടികളും എനിക്ക് നിന്നിലേക്കുള്ള പ്രണയത്തിന്‍റെ അടയാളങ്ങളാണ്.. നീ മറന്നു വച്ച കാലടികളിലൂടെ എന്‍റെ മുന്തിരിവള്ളികള്‍ പടര്‍ന്നു പന്തലിച്ചു.. പൂത്തു കായ്ച്ച മുന്തിരിവള്ളികള്‍ക്ക് മുന്നിലൂടെ നീ പിന്നേം പിന്നേം നടന്നു.. ഒരു മഴയും വേനലും പോറലേല്പ്പിക്കാതെ, ആ സ്മാരകശിലയ്ക്ക് ഞാന്‍ കാവല്‍ നിന്നു.. എവിടെയാണ് നീ?
മിടിക്കുന്ന ഓരോ തുടിപ്പിന്റെ ഇടവേളകളിലും നീ ഓര്‍ക്കപ്പെടുന്നു.. കായ്ച്ച ഓരോ മുന്തിരിയിലും എന്‍റെ സ്നേഹം കടം കൊണ്ടിരിക്കുന്നു,ആ മുന്തിരിയുടെ മധുരത്തരികളിലൂടെ നീ എന്നെ അറിയട്ടെ.

Tuesday 3 May 2016

ജിഷ



കണ്ണടച്ചാലും  നിന്റെ കണ്ണുകൾ
അടയാതിരിക്കും ...
ആ കണ്ണുകളിൽ കാണാം
അടിച്ചമർത്തപ്പെട്ടവളുടെ,
അണമുറിയാത്ത തീ...
കാരിരുമ്പിനെക്കാൾ മൂര്ച്ചയുണ്ട്
നിന്റെ കണ്ണിലെ തീപ്പന്തങ്ങൾക്ക്..
എല്ലാരുമുറക്കത്തിലാണ്,
നീ രാകി മിനുക്കൂ ഇനിയും,
ആ  തിളങ്ങുന്ന  കണ്ണുകൾ,
ഉണരട്ടെ ഉറക്കം നടിക്കുമീനാട് ...
..

Tuesday 26 January 2016

ഫാസിസത്തിന്‍റെ മണം

അന്വേഷിച്ചത് ഫാസിസത്തിന്‍റെ മണമായിരുന്നു..
എല്ലാ ബിരുദങ്ങളുടെയും മുകളില്‍
ഉത്തരം കിട്ടാത്ത ആ ചോദ്യത്തില്‍
ഞാന്‍ നഗ്നനായി..
ഘ്രാണ ശക്തിയില്‍ മുന്നില്‍ നില്‍ക്കുന്ന
ഒരു നായയെ ഞാന്‍ വിലയ്ക്ക് വാങ്ങി.
റെയില്‍വേ ബോഗികളിലെ ബാഗുകള്‍ക്ക്
നേരെ നീട്ടിയിട്ട സംശയാലുക്കളായ
കണ്ണുകള്‍ക്ക് നേരെ നായ കുരച്ചു..
അമ്പല മതിലുകള്‍ക്കപ്പുറം നിന്ന
നിസ്സഹായമായ കറുത്ത മുഖങ്ങളെ
വെറുപ്പ് കലര്‍ന്ന വെളുത്ത മുഖത്തോടെ
നോക്കി നിന്നവരുടെ നേര്‍ക്ക്
നായ കുരച്ചു..
സുന്നത്തിന്‍റെ അടയാളം നോക്കി,
മാനവികത പോലും മറക്കുന്ന
ഇരുണ്ട മനസ്സിന്‍ ഉള്ളറകളിലേക്ക്
നായ നീട്ടി കുരച്ചു..
അടുക്കള പാത്രത്തില്‍ തിളച്ചു വന്ന
മാംസ കഷണങ്ങള്‍,
പുറത്തെരിഞ്ഞ ചന്ദനത്തിരി
മണത്തില്‍ സുരക്ഷിതമായി വെന്തു തുടങ്ങി..
നായ കുരച്ചില്ല...
തളം കെട്ടി നിന്ന നിശ്ശബ്ദമായ
മുറുമുറുപ്പുകള്‍ക്കിടയില്‍ ഞാന്‍
ആ മണം തിരിച്ചറിഞ്ഞു...
ഫാസിസത്തിന്‍റെ മണം..
എനിക്കിനീ നായയെ വേണ്ട,
ഞാന്‍ കൊന്നു തള്ളി..



തൂക്കുപാലം..

ഞാൻ അവളെ പിടിച്ചു ആകെ ഒന്നു കുലുക്കി ... അവളുടെ ഉള്ളിലുള്ള ഭൂതകാലം ഒഴിഞ്ഞു പോകട്ടെ എന്ന് കരുതി വർത്തമാനത്തിലൂടെ ഭാവിയിലേക്കുള്ള നീണ്ട നേർത്ത തൂക്കുപാലത്തിലേക്ക് ഞാൻ വിരൽ ചൂണ്ടി .. അവൾ ആ പാലത്തിലേക്ക് നോക്കാതെ ഭൂതകാലത്തിന്റെ ഇരുട്ടിലേക്ക് നടന്നകന്നു,ഒന്നും തിരിഞ്ഞു പോലും നോക്കാതെ.ഞാൻ വിരൽ ചൂണ്ടിയ സ്ഥലത്തുണ്ടായിരുന്ന തൂക്കുപാലം നേർത്തു നേർത്തില്ലാതായി...


ഫ്യൂഡലിസം

പതിവുപോലെ അവന്‍ കാട്ടിലെക്കിറങ്ങി... തന്‍റെപ്രിയപ്പെട്ട വള്ളിചെടികളെയും പൂക്കളെയും തേടി പോകുമ്പോഴാണ് അവനാ കുപ്പി കണ്ടത്.. അടപ്പ് തുറന്നു നോക്കിയപ്പോഴാണ് പുകയ്ക്കുള്ളില്‍ നിന്നു ഒരു മാലാഖ പുറത്തു വന്നത്.. ഇതുവരെ കാണാത്ത നിഷ്കളങ്കതയും മുഖത്തെ ദൈന്യതയും അവനെ ആകര്‍ഷിച്ചു.. മാലാഖ കാത്തിരിക്കുകയായിരുന്നു, ചങ്ങലക്കെട്ടുകളിലെ മോചനത്തിന്..ചെടികള്‍ക്കും, പൂക്കള്‍ക്കും, കായകള്‍ക്കും മീതെ അവനു പുതിയൊരു സൗഹൃദം കിട്ടി.. മാലാഖ പറയാതെ പറഞ്ഞ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ അവനും പങ്കു ചേര്‍ന്നു.. പക്ഷെ ആ മാലാഖക്ക് തന്‍റെ യജമാനനോട് വലിയ സ്നേഹമായിരുന്നു.. അതുകൊണ്ട്തന്നെ വൈകുന്നേരം മാലാഖ തിരിച്ചു പോയി..
എല്ലാ ദിവസവും അവന്‍ വന്നു കുപ്പി തുറന്നു മാലാഖയെ മോചിപ്പിക്കും.. ജിവിതത്തിന്‍റെ തുറന്ന പച്ചപ്പുകളില്‍ അവര്‍ ഒരുമിച്ചു നടക്കാന്‍ തുടങ്ങി,, വൈകുന്നേരങ്ങളില്‍ സ്വന്തം ചില്ലകളിലേക്ക് ചേക്കേറുന്ന കിളികളെ പോലെ മാലാഖ കുപ്പിയിലേക്ക് മടങ്ങും.. പിന്നെ പറ്റാവുന്ന സമയങ്ങളിലൊക്കെ യജമാനന്‍റെ ആഗ്രഹത്തിനനുസരിച്ച് കുപ്പിയില്‍ നിന്ന് പുറത്തിറങ്ങും. ശരിക്കും പറഞ്ഞാല്‍ വിരോധാഭാസത്തി ലൂടെ പോകുന്ന പെണ്‍മനസ്സ്... തന്‍റെ പരീക്ഷണ ശാലയിലെ വിലപ്പെട്ട വസ്തുവായി യജമാനന്‍ മാലാഖയെ കണ്ടു...
ആകാശത്ത് തുടുക്കുന്ന മഞ്ഞവെയിലുകള്‍ക്ക് കീഴില്‍ മാലാഖ കാണാത്ത ലോകം അവന്‍ കാണിച്ചുകൊടുത്തു..വിരലുകളില്‍ കുരുക്കിയ മാന്ത്രികസ്പര്‍ശത്താല്‍ ആകാശത്തിനപ്പുറമുള്ള ലോകം മാലാഖയും കാണിച്ചുകൊടുത്തു.. പേരില്ലാത്ത ആ ബന്ധത്തെ അവന്‍ പ്രണയമെന്നു വിളിച്ചപ്പോള്‍ മാനുഷിക വികാരം അന്യംനിന്ന മാലാഖയുടെ ലോകം ആ ബന്ധത്തിന് പേരിടാന്‍ മറന്നു,. കുന്നിക്കുരുവും മഞ്ചാടിക്കുരുവും അപ്പൂപ്പന്‍ താടികളും അവര്‍ രണ്ടിനുമിടയിലെ മൂന്നാം ലോകത്തിലെ കാഴ്ചക്കാരായി..
മാലാഖയുടെ ഒളിച്ചുപോക്ക് കണ്ടുപിടിച്ച യജമാനന്‍ മാലാഖയെ ശാസിച്ചു.. വിനീത വിധേയയായ മാലാഖ കുപ്പിയില്‍ നിന്നിറങ്ങാന്‍ മടിച്ചു.. ഇലകളിലും പൂക്കളിലും സ്വന്തം നിഴലിലും അവന്‍ പ്രണയ മഴവില്ല് കണ്ടു നടന്നു.. ദിവസങ്ങള്‍ക്കു ശേഷം മാലാഖ കുപ്പിയില്‍ നിന്നു പുറത്തിറങ്ങി.. പ്രത്യാശയുടെ ചുവന്ന കൊടി കാറ്റില്‍ വീശിയടിച്ചു.. പ്രതീക്ഷകളും സ്വപ്നങ്ങളും വീണ്ടും വന്യതയുടെ ഭാവം പൂണ്ടു.. തിരിച്ചെത്തിയ മാലാഖക്കു മേല്‍ യജമാനന്‍ ശകാര വര്‍ഷം ചൊരിഞ്ഞു,, നഷ്ടസ്വര്‍ഗത്തിനു മേല്‍ തീര്‍ത്ത മറ്റൊരു മിഥ്യാ സ്വര്‍ഗത്തില്‍ മാലാഖ സ്വയം അലിഞ്ഞുചേര്‍ന്നു..
വീണ്ടും കുറച്ചു ദിവസങ്ങള്‍ മാലാഖ പുറത്തിറങ്ങിയതേയില്ല.. പ്രതീക്ഷകളുടെ മനക്കോട്ടയില്‍, കാത്തിരിപ്പിന്‍റെ വിയര്‍പ്പും ചേര്‍ത്ത് അവന്‍ കാത്തിരുന്നു... അവനു തെറ്റിയില്ല..യജമാനന്‍റെ കണ്ണുവെട്ടിച്ചു മാലാഖ വരുമെന്നു കാത്തിരുന്ന ഒരുദിവസം മാലാഖയെത്തി.. മാലാഖയുടെ മുഖം ചുവന്നു തുടുത്തിരുന്നു..എന്നത്തെക്കാളുമേറെ സന്തോഷവതിയായിരുന്നു.. ആളിക്കത്തിയിരുന്ന അവന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു കുതിര്‍ന്നു.. യജമാനന്‍റെ അടുത്തുനിന്നു മോഷ്ടിച്ച വടി കൊണ്ട് മാലാഖ അവന്‍റെ തലയുടെ പിറകില്‍ ശക്തിയായി അടിച്ചു.. ഈറനണിഞ്ഞിരുന്ന കണ്ണുകള്‍ അവനെ കൂടുതല്‍ ദുര്‍ബലനാക്കിയിരുന്നു.. തിരിഞ്ഞു നോക്കാന്‍ പോലും പറ്റാതെ അവന്‍ തകര്‍ന്നു വീണു..
മാറ്റത്തിന്‍റെ കാലത്തിലും ഫ്യൂഡല്‍-അടിമ വ്യവസ്ഥയുടെ നേര്‍ പ്രതീകമായി മാലാഖ തിരിഞ്ഞു നടന്നു...തന്‍റെ യജമാനന്‍റെ അടുത്തേക്ക്..ജീര്‍ണിച്ചളിഞ്ഞ ഫ്യൂഡലിസത്തിന്റെ ലോകത്ത് യജമാനന്‍ മാലാഖയെ കാത്തിരുന്നു..ഇരുകൈകളും നീട്ടി...



Monday 4 January 2016

പച്ച പൂശല്‍

പച്ച പൂശിയ വിദ്യാഭ്യാസം അതാണ് നമ്മുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി.. പച്ച ബ്ലൗസും പച്ച പെയിന്റും ഒക്കെയായി വിദ്യാഭ്യാസത്തെ വ്യാഖ്യാനിച്ച കാലം...അങ്ങനെയിരിക്കെയാണ് അവിചാരിതമായി ഒരു കെട്ടു ഉത്തരക്കടലാസ് മാര്‍ക്കിടാനായി കിട്ടിയത്..അതിലും പച്ച വന്നു., മൂല്യനിര്‍ണയത്തിനു പച്ചമഷി പെന്‍ ഉപയോഗിക്കണമെന്ന്.. കുറെ നിറമുള്ള മഷി തുപ്പുന്ന ഒരു പേന ഉണ്ടായിരുന്നു പണ്ട്.. അത് ഒരു അത്ഭുതമായിരുന്നു..ജീവിതത്തില്‍ ആസ്വദിച്ചു കാണുന്ന ഒരു തുപ്പല്‍.. ഓരോ ഞെക്കലിലും ഓരോ മഷി.. കുട്ടിക്കാലം കുറച്ചൂടെ പിന്നിലേക്ക് പോയി.. സ്ലേറ്റില്‍ എഴുതിയത് മായിക്കാന്‍ ഉപയോഗിക്കുന്ന പച്ച വെള്ളാംകുടി...പച്ച പുതപ്പിട്ട വയലുകള്‍.. ഭൂതകാലത്തിലേക്ക് സ്വയം മറന്നു വീണുപോയി.. വീട്ടില്‍ എത്തിയിട്ട് നോക്കിയപ്പോ ആ പഴയ പേന യുടെ അവശിഷ്ടങ്ങള്‍ പോലുമില്ല.. പുതിയ പച്ച മഷി പേന നാളെ വാങ്ങിക്കണം...രണ്ടു ദിവസത്തില്‍ പേപ്പര്‍എല്ലാം നോക്കി തീര്‍ക്കുകയും വേണം..
റോഡില്‍ തളംകെട്ടി നിന്ന ചോര നാളത്തെ ഹര്‍ത്താലിനുള്ള മണി മുഴക്കി.. എവിടെ പോയി വാങ്ങും ഇനി പുതിയ പച്ച പേന? കുടുങ്ങിപ്പോയി. കിഴക്ക് വെള്ളകീറിയപ്പോ തന്നെ ഇറങ്ങി വീട്ടില്‍ നിന്നും..ചോരത്തുള്ളികള്‍ തെറിച്ച് അറച്ച തൊട്ടാവാടി ചെടികള്‍ കൂമ്പിപ്പോയിരുന്നു..എവിടെ അന്വേഷിക്കണം ഞാന്‍എന്‍റെ പച്ചയെ?? നിറം മങ്ങിയ, പച്ചപ്പില്ലാത്ത ലോകത്തേക്ക് ഞാന്‍ നടന്നിറങ്ങി.. വഴിയിലെ ഓരോ ചെടിയിലും,മരത്തിലും തേടി.. ഒരുപാട് വള്ളികള്‍ തൂങ്ങി നില്‍ക്കുന്ന ആല്‍മരത്തിന്‍റെ വിശാല സാന്നിധ്യമുള്ള ആ പഴയ കാവ് മാടി വിളിച്ചു.. കാണാത്ത കിളികളുടെ ശബ്ദവും, കാറ്റിന്റെ കുളിര്‍മയും , മണ്ണിരകളും, അട്ടയും, ശൂശു വിളിച്ചു കൊണ്ടിരുന്ന പാമ്പുകളും എന്നെ വിസ്മൃതിയുടെ ലോകത്തെത്തിച്ചു.. ഞാന്‍ ഇറങ്ങിചെന്നു ആ പച്ചപ്പിലേക്ക്....


പുതുവത്സരാശംസകൾ...

ചെയ്ത തെറ്റുകൾക്കും, ചെയ്യാൻ പോകുന്ന തെറ്റുകൾക്കും മാപ്പ് ചോദിക്കുന്നില്ല... നഷ്ട പ്രണയത്തിനും, മതിഭ്രമങ്ങൾക്കും തിരിഞ്ഞു നോക്കലിന്റെ ഒരിറ്റു കണ്ണുനീർ... വില തന്ന, നിലനിർത്തിയ സൗഹൃദങ്ങൾക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ... നിഷേധത്തിന്റെ നിഷേധം കാണിച്ചിട്ടും സഹിക്കുന്ന, ഇഷ്ടപ്പെടുന്ന അച്ഛനോടും അമ്മയോടും സ്നേഹം... ജീവിതത്തോട് വെറുപ്പല്ല, അഭിനിവേശമാന് ... പുതിയ പ്രതിജ്ഞകളില്ല... കൃതിമത്വങ്ങളില്ലാതെ തികച്ചും സ്വാഭാവികമായി, ഭ്രാന്തമായി മുന്നോട്ട് പോകാം... ഏതൊക്കെയോ നാടൻ പാട്ടുകളിലാണു മനസ്സ്..."അതിരു കാക്കും മല വീണ്ടും തുടിക്കുന്നു"...ചുവന്ന ചക്രവാളങ്ങളിൽ നിന്നു ജനകീയ വിപ്ലവത്തിന്റെ വിളി കേൾക്കുന്നില്ലേ... വരും... ഇനിയും കൂടുതൽ നഷ്ടപ്പെടാം, ഇഷ്ടപ്പെടാം ജീവിതത്തെ... ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

ശൂന്യത .. വന്യത ..

നീ പോറിയിടുന്ന ഭയാനകമായ ശൂന്യതയുടെ ഇടവേളകളിൽ എന്റെ ഹൃദയം ആർക്കും വേണ്ടാതെ മിടിക്കുന്നു ... എന്റെ മുന്നിൽ കാത്തിരിപ്പിന്റെ വിറകു കൊള്ളികൾ എരിഞ്ഞു ചാരമായിക്കൊണ്ടിരിക്കുന്നു .. ആത്മനാശത്തിന്റെ അടയാളങ്ങൾ .. കൂരിരുട്ട് നിറഞ്ഞ ഏതോ ഒരുൾക്കാട് വിളിച്ചു കൊണ്ടിരിക്കുകയാണ്.. അരുവിയുടെ ഒച്ച തെളിഞ്ഞു കേൾക്കാം.. അവ്യക്തമായ നിലവിളികൾ , അടുത്ത് നിന്നാണോ അകലെ നിന്നാണോ ?? സ്വയം തളർന്ന ചിറകുള്ള ഒരു ദേശാടനക്കിളിയായി മാറിക്കൊണ്ടിരിക്കുകയാണ് .. പോകണം വന്യതയിലേക്ക് .. തിരിച്ചറിയപ്പെടാനും തിരിച്ചറിയപ്പെടാതിരിക്കാനും ...

നടത്തം...

കാലിന്‍റെ പെരുവിരലില്‍ നിന്നുതുടങ്ങിയ വേദന മുകളിലേക്കുയര്‍ന്നു..കാലിടറി.. നടത്തം അവിടെ മുറിഞ്ഞു.. ഇനി ഒരടി മുന്നോട്ടില്ല.. കുതിച്ചു പായുന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്നു രക്ഷപ്പെട്ട്‌ ഓര്‍മ്മകള്‍ പിന്നിലേക്കോടി.. കോളേജിലെ ഒരു വൈകുന്നേരം. ഇളം ചാറ്റല്‍ മഴയില്‍ കുട ചൂടാതെ നടന്ന രണ്ടു കൗമാരങ്ങള്‍.. അവന്‍ അവളോട്‌ പറഞ്ഞു "നടന്നു നടന്നു ഞാന്‍ എന്‍റെ വിപ്ലവം നേടും, എന്‍റെ പ്രണയം ആ വിപ്ലവ പാതയില്‍ പൂക്കള്‍ വിരിക്കും. നടന്നു കൊണ്ടിരിക്കുമ്പോള്‍ മരിക്കാനാണെനിക്കിഷ്ടം". മരണമെന്ന് പറഞ്ഞപ്പോള്‍ അവള്‍ അവന്‍റെ വാപൊത്തി..തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ അവളുടെ കൈവിരലുകളില്‍ ചര്‍ദ്ദിലുകളായി ശ്വാസംമുട്ടി മരിച്ചു.. അയാള്‍ പിന്നെയും കാതങ്ങള്‍ താണ്ടി, തനിച്ച്.. അന്നത്തെ മരണം കാലങ്ങള്‍ക്ക് ശേഷം പുനരവതരിച്ചു. ഇന്ന് വീഴുമ്പോള്‍ താങ്ങായി വിരലുകളില്ല..നിലത്തു കിടന്ന ശരീരത്തില്‍ നിന്ന് അവസാന കണികകളായി പ്രണയവും വിപ്ലവവും മണ്ണിലലിഞ്ഞു..നട്ടു നനയ്ക്കാനായി ഒരു തുള്ളി ചോരയും...