Tuesday, 26 January 2016

ഫാസിസത്തിന്‍റെ മണം

അന്വേഷിച്ചത് ഫാസിസത്തിന്‍റെ മണമായിരുന്നു..
എല്ലാ ബിരുദങ്ങളുടെയും മുകളില്‍
ഉത്തരം കിട്ടാത്ത ആ ചോദ്യത്തില്‍
ഞാന്‍ നഗ്നനായി..
ഘ്രാണ ശക്തിയില്‍ മുന്നില്‍ നില്‍ക്കുന്ന
ഒരു നായയെ ഞാന്‍ വിലയ്ക്ക് വാങ്ങി.
റെയില്‍വേ ബോഗികളിലെ ബാഗുകള്‍ക്ക്
നേരെ നീട്ടിയിട്ട സംശയാലുക്കളായ
കണ്ണുകള്‍ക്ക് നേരെ നായ കുരച്ചു..
അമ്പല മതിലുകള്‍ക്കപ്പുറം നിന്ന
നിസ്സഹായമായ കറുത്ത മുഖങ്ങളെ
വെറുപ്പ് കലര്‍ന്ന വെളുത്ത മുഖത്തോടെ
നോക്കി നിന്നവരുടെ നേര്‍ക്ക്
നായ കുരച്ചു..
സുന്നത്തിന്‍റെ അടയാളം നോക്കി,
മാനവികത പോലും മറക്കുന്ന
ഇരുണ്ട മനസ്സിന്‍ ഉള്ളറകളിലേക്ക്
നായ നീട്ടി കുരച്ചു..
അടുക്കള പാത്രത്തില്‍ തിളച്ചു വന്ന
മാംസ കഷണങ്ങള്‍,
പുറത്തെരിഞ്ഞ ചന്ദനത്തിരി
മണത്തില്‍ സുരക്ഷിതമായി വെന്തു തുടങ്ങി..
നായ കുരച്ചില്ല...
തളം കെട്ടി നിന്ന നിശ്ശബ്ദമായ
മുറുമുറുപ്പുകള്‍ക്കിടയില്‍ ഞാന്‍
ആ മണം തിരിച്ചറിഞ്ഞു...
ഫാസിസത്തിന്‍റെ മണം..
എനിക്കിനീ നായയെ വേണ്ട,
ഞാന്‍ കൊന്നു തള്ളി..



No comments:

Post a Comment