Tuesday 26 January 2016

ഫ്യൂഡലിസം

പതിവുപോലെ അവന്‍ കാട്ടിലെക്കിറങ്ങി... തന്‍റെപ്രിയപ്പെട്ട വള്ളിചെടികളെയും പൂക്കളെയും തേടി പോകുമ്പോഴാണ് അവനാ കുപ്പി കണ്ടത്.. അടപ്പ് തുറന്നു നോക്കിയപ്പോഴാണ് പുകയ്ക്കുള്ളില്‍ നിന്നു ഒരു മാലാഖ പുറത്തു വന്നത്.. ഇതുവരെ കാണാത്ത നിഷ്കളങ്കതയും മുഖത്തെ ദൈന്യതയും അവനെ ആകര്‍ഷിച്ചു.. മാലാഖ കാത്തിരിക്കുകയായിരുന്നു, ചങ്ങലക്കെട്ടുകളിലെ മോചനത്തിന്..ചെടികള്‍ക്കും, പൂക്കള്‍ക്കും, കായകള്‍ക്കും മീതെ അവനു പുതിയൊരു സൗഹൃദം കിട്ടി.. മാലാഖ പറയാതെ പറഞ്ഞ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ അവനും പങ്കു ചേര്‍ന്നു.. പക്ഷെ ആ മാലാഖക്ക് തന്‍റെ യജമാനനോട് വലിയ സ്നേഹമായിരുന്നു.. അതുകൊണ്ട്തന്നെ വൈകുന്നേരം മാലാഖ തിരിച്ചു പോയി..
എല്ലാ ദിവസവും അവന്‍ വന്നു കുപ്പി തുറന്നു മാലാഖയെ മോചിപ്പിക്കും.. ജിവിതത്തിന്‍റെ തുറന്ന പച്ചപ്പുകളില്‍ അവര്‍ ഒരുമിച്ചു നടക്കാന്‍ തുടങ്ങി,, വൈകുന്നേരങ്ങളില്‍ സ്വന്തം ചില്ലകളിലേക്ക് ചേക്കേറുന്ന കിളികളെ പോലെ മാലാഖ കുപ്പിയിലേക്ക് മടങ്ങും.. പിന്നെ പറ്റാവുന്ന സമയങ്ങളിലൊക്കെ യജമാനന്‍റെ ആഗ്രഹത്തിനനുസരിച്ച് കുപ്പിയില്‍ നിന്ന് പുറത്തിറങ്ങും. ശരിക്കും പറഞ്ഞാല്‍ വിരോധാഭാസത്തി ലൂടെ പോകുന്ന പെണ്‍മനസ്സ്... തന്‍റെ പരീക്ഷണ ശാലയിലെ വിലപ്പെട്ട വസ്തുവായി യജമാനന്‍ മാലാഖയെ കണ്ടു...
ആകാശത്ത് തുടുക്കുന്ന മഞ്ഞവെയിലുകള്‍ക്ക് കീഴില്‍ മാലാഖ കാണാത്ത ലോകം അവന്‍ കാണിച്ചുകൊടുത്തു..വിരലുകളില്‍ കുരുക്കിയ മാന്ത്രികസ്പര്‍ശത്താല്‍ ആകാശത്തിനപ്പുറമുള്ള ലോകം മാലാഖയും കാണിച്ചുകൊടുത്തു.. പേരില്ലാത്ത ആ ബന്ധത്തെ അവന്‍ പ്രണയമെന്നു വിളിച്ചപ്പോള്‍ മാനുഷിക വികാരം അന്യംനിന്ന മാലാഖയുടെ ലോകം ആ ബന്ധത്തിന് പേരിടാന്‍ മറന്നു,. കുന്നിക്കുരുവും മഞ്ചാടിക്കുരുവും അപ്പൂപ്പന്‍ താടികളും അവര്‍ രണ്ടിനുമിടയിലെ മൂന്നാം ലോകത്തിലെ കാഴ്ചക്കാരായി..
മാലാഖയുടെ ഒളിച്ചുപോക്ക് കണ്ടുപിടിച്ച യജമാനന്‍ മാലാഖയെ ശാസിച്ചു.. വിനീത വിധേയയായ മാലാഖ കുപ്പിയില്‍ നിന്നിറങ്ങാന്‍ മടിച്ചു.. ഇലകളിലും പൂക്കളിലും സ്വന്തം നിഴലിലും അവന്‍ പ്രണയ മഴവില്ല് കണ്ടു നടന്നു.. ദിവസങ്ങള്‍ക്കു ശേഷം മാലാഖ കുപ്പിയില്‍ നിന്നു പുറത്തിറങ്ങി.. പ്രത്യാശയുടെ ചുവന്ന കൊടി കാറ്റില്‍ വീശിയടിച്ചു.. പ്രതീക്ഷകളും സ്വപ്നങ്ങളും വീണ്ടും വന്യതയുടെ ഭാവം പൂണ്ടു.. തിരിച്ചെത്തിയ മാലാഖക്കു മേല്‍ യജമാനന്‍ ശകാര വര്‍ഷം ചൊരിഞ്ഞു,, നഷ്ടസ്വര്‍ഗത്തിനു മേല്‍ തീര്‍ത്ത മറ്റൊരു മിഥ്യാ സ്വര്‍ഗത്തില്‍ മാലാഖ സ്വയം അലിഞ്ഞുചേര്‍ന്നു..
വീണ്ടും കുറച്ചു ദിവസങ്ങള്‍ മാലാഖ പുറത്തിറങ്ങിയതേയില്ല.. പ്രതീക്ഷകളുടെ മനക്കോട്ടയില്‍, കാത്തിരിപ്പിന്‍റെ വിയര്‍പ്പും ചേര്‍ത്ത് അവന്‍ കാത്തിരുന്നു... അവനു തെറ്റിയില്ല..യജമാനന്‍റെ കണ്ണുവെട്ടിച്ചു മാലാഖ വരുമെന്നു കാത്തിരുന്ന ഒരുദിവസം മാലാഖയെത്തി.. മാലാഖയുടെ മുഖം ചുവന്നു തുടുത്തിരുന്നു..എന്നത്തെക്കാളുമേറെ സന്തോഷവതിയായിരുന്നു.. ആളിക്കത്തിയിരുന്ന അവന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു കുതിര്‍ന്നു.. യജമാനന്‍റെ അടുത്തുനിന്നു മോഷ്ടിച്ച വടി കൊണ്ട് മാലാഖ അവന്‍റെ തലയുടെ പിറകില്‍ ശക്തിയായി അടിച്ചു.. ഈറനണിഞ്ഞിരുന്ന കണ്ണുകള്‍ അവനെ കൂടുതല്‍ ദുര്‍ബലനാക്കിയിരുന്നു.. തിരിഞ്ഞു നോക്കാന്‍ പോലും പറ്റാതെ അവന്‍ തകര്‍ന്നു വീണു..
മാറ്റത്തിന്‍റെ കാലത്തിലും ഫ്യൂഡല്‍-അടിമ വ്യവസ്ഥയുടെ നേര്‍ പ്രതീകമായി മാലാഖ തിരിഞ്ഞു നടന്നു...തന്‍റെ യജമാനന്‍റെ അടുത്തേക്ക്..ജീര്‍ണിച്ചളിഞ്ഞ ഫ്യൂഡലിസത്തിന്റെ ലോകത്ത് യജമാനന്‍ മാലാഖയെ കാത്തിരുന്നു..ഇരുകൈകളും നീട്ടി...



No comments:

Post a Comment