Wednesday, 26 October 2016

സമയം..

കലണ്ടറിലെ അടുപ്പിച്ചടുപ്പിച്ചു കണ്ട മൂന്ന്-നാല് ചുവന്ന നിറത്തിലുള്ള അക്കങ്ങള്‍ കലണ്ടര്‍ അടിച്ച ടൈമിലേ കണ്ടതാണ്.. പണ്ടേ ചുവപ്പ് നിറത്തോട് ആവേശമായത് കൊണ്ട് ഇങ്ക്വിലാബ് ഈ കൊല്ലം പെറ്റ് വീണപ്പോഴേ കൊടുത്തതാണ്.. ആ ദിവസമാണ് കുറെയേറെ മരണങ്ങളും ജനനങ്ങളും താണ്ടി ഇന്നീ കിടക്കയില്‍ എത്തിയിരിക്കുന്നത്..
ലീവ് ദിവസത്തെ ആദ്യത്തെ ഉറക്കത്തെ മുറിച്ചത് ആ 2 കോളിംഗ് ബെല്ലാണ്.. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു അന്യസംസ്ഥാന തൊഴിലാളി.. വെറും കയ്യോടെ അല്ല കയ്യില്‍ ഓടക്കുഴലുണ്ട്.. സാധാരണ ഒരാള്‍ ഇത് പോലെ വന്നാല്‍ 5രൂപ കൊടുക്കുന്ന സ്ഥാനത്ത് , അന്യസംസ്ഥാന തൊഴിലാളി ആയത് കൊണ്ട് രണ്ട് രൂപ കൊടുത്താമതി എന്ന ഭാവത്തില്‍ ഉറക്കച്ചടവ് കീഴടക്കിയ പാതി അടഞ്ഞ കണ്ണുകള്‍ അയാളെ തുറിച്ച് നോക്കി.. ആ നോട്ടത്തിനുള്ള മറുപടിയെന്നോണം ദീനഭാവത്തിലുള്ള നനവ് പറ്റിയ നോട്ടം അയാള്‍ തിരിച്ചു കൊടുത്തു..
ഓടക്കുഴല്‍ വച്ച് പാട്ട് മൂളുന്നതിനു മുമ്പ് അയാളുടെ ഊരും പേരും തിരിച്ച് ബയോഡാറ്റ അപ്ഡേറ്റ് ചെയ്തു വച്ചു..അപ്പൊ തന്നെ ശ്രീകൃഷ്‌ണന്റെ രൂപം അയാളില്‍ നിന്ന് അറുത്ത് മാറ്റി പൂജാമുറിയില്‍ പ്രതിഷ്ടിച്ചു..
അയാള്‍ വേറെ രീതിയിലാണ് ചിന്തിച്ചത്.. തമിഴന്‍ എന്ന് പറഞ്ഞത് കൊണ്ട് മുല്ലപ്പെരിയാറിന്റെ ദേഷ്യം എനിക്ക് തരാനുള്ള വിഹിതം ഇനിയും കുറയ്ക്കുമോ എന്ന പേടിയില്‍ പിരികം സ്വയം ചുളിഞ്ഞ് നേര്‍ത്ത ഒരു പൊട്ടായി മാറിക്കൊണ്ടിരുന്നു..
പെട്ടെന്ന്‍ തിരിച്ചുകിട്ടിയ സ്ഥലകാലബോധം ഓടക്കുഴലിനെ ചുണ്ടോടടുപ്പിച്ചു,, ഭാഷയുടെ വേര്‍തിരിവില്ലാതെ സംഗീതം ഒഴുകാന്‍ തുടങ്ങി.. ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും പാട്ടില്‍ കൊരുത്ത് തന്‍റെ കീറിപ്പറിഞ്ഞകോളറിനു കീഴെ ഒരു മാലയായിട്ടു..
എല്ലാം കേട്ട് ആസ്വദിച്ച വീട്ടുടമസ്ഥന്റെ സ്വത്വബോധം വീണ്ടുമുണര്‍ന്നു.. മനസ്സില്‍ കൂട്ടിയെടുത്ത സബ് സിഡി കണക്ക് പുറത്തേക്ക് ചര്‍ദ്ദിച്ചു,,കൂട്ടിക്കിട്ടിയ അന്യസംസ്ഥാന ഡിസ്കൌണ്ട് പോക്കറ്റിലിട്ടു രണ്ടു രൂപ കൊടുത്തു വിട്ടു.. വിശക്കുന്നവന്റെ വയറിനെന്തു പരിഭവം..
കണ്ടു ശീലിച്ച അടുത്ത മുഖങ്ങള്‍ തേടി അയാള്‍ വേഗത കുറച്ച് വീണ്ടും യാത്ര തുടങ്ങി..
കയ്യില്‍ കെട്ടിയ വാച്ച് പൂര്‍ണ്ണമായും യാത്ര നിര്‍ത്തിയിരുന്നു..
ഉള്ളിലേക്കോടിയ വീട്ടുടമസ്ഥന്റെ വീട്ടിലെ ക്ലോക്ക് വളരെ വേഗത്തില്‍ ഓടിക്കൊണ്ടിരുന്നു..

No comments:

Post a Comment