Monday, 3 June 2019

അവൾ


 കിതപ്പുകൾ സെക്കന്റ് സൂചിയോടുള്ള മത്സരമായിരുന്നു ആ വീട്ടിൽ.. ചെയ്തു തീരാത്ത പണികൾ ഉള്ള വീട്ടിൽ അടിമജീവിതം നയിച്ച ജാനകി.. മൂക്കിൻ
തുമ്പിലിരിക്കുന്ന ദേഷ്യം മനോഹരനെ ഒരു സാഡിസ്റ്റാക്കി മാറ്റിയിരുന്നു.. തന്റേതായ മായിക ലോകത്ത് ജനങ്ങളില്ലാത്ത രാജാവായി നീണാൾ വാഴാൻ ആയിരുന്നു മനോഹരന്റെ ആഗ്രഹം...  സ്വപ്നങ്ങൾ ജീവിതത്തിന്റെ അവസാനിക്കാത്ത ചുഴികളിൽ ആഴ്ന്നിറങ്ങിയിരുന്നു,ഇനിയൊരിക്കലും കാണാത്ത ആഴങ്ങളിലേക്ക്..പതിവ് പോലെ പുറത്തു നിന്ന് മദ്യാസക്തി യിൽ വന്ന മനോഹരൻ യഥാർത്ഥ ഫ്യൂഡൽ മാടമ്പിയായി.. മനോഹരൻ കുടുമ കെട്ടിയ ജന്മിയും, ജാനകി അടിയാളത്തിയുമായി മാറിയിരുന്നു..തന്റെ പരപീഢ മനോഹരൻ തുടങ്ങിയപ്പോൾ ജാനകി വികാരമില്ലാത്തവളായി മുന്നിൽ നിന്നു..'നായിന്റ മോളെ,നിന്നെ ഞാൻ അടിച്ചു കൊല്ലും' എന്ന് അയാൾ പറഞ്ഞു..'മരിക്കാനോ, ഞാനോ...ഹ ഹ..ഞാൻ  എന്നേ മരിച്ചു കഴിഞ്ഞു' എന്ന് ജാനകി പറഞ്ഞു തീരുമ്പോഴേക്കും  അടി കവിളിൽ പതിഞ്ഞിരുന്നു.. ആ അടിയിലൂടെ അവൾ ചെന്നെത്തിയത് വർഷങ്ങൾ പിറകോട്ടേക്കാണ്..നാടൻപാട്ടുകൾ കൊണ്ട് മനോഹരമാക്കിയ സായാഹ്‌ന ങ്ങൾ..'ചേറൂംമ്മേൽ നന്മ വെതച്ച കൊയ്ത്തു പാട്ടു പാടെടീ..' ആ ഈരടികൾ  വണ്ടിനെ പോലെ ജാനകിയുടെ  ചെവിയിൽ മൂളാൻ തുടങ്ങി.. നാടൻപാട്ട് വിശ്രമിക്കുന്ന ആ ചെമ്മണ്പാതയുടെ ഓരങ്ങളിലായിരുന്നു അവരുടെ പ്രണയവും തുടിച്ചു തുടങ്ങിയത്. ഒരു സാധാരണ നോട്ടത്തിൽ തുടങ്ങി , ലക്ഷണമൊത്ത പ്രണയത്തിലേക്ക് വളര്ന്നു പന്തലിച്ച പ്രണയം. എല്ലാ നിഷ്കളങ്കതയ്ക്കും മീതെ സ്വത്വ ബോധം കൊടി കുത്തി വാണ നാടായിരുന്നു അത്.. അതു കൊണ്ടു തന്നെ വിപ്ലവം നടത്തിയുള്ള കല്യാണവും മറുപുറത്ത് നാട്ടിൽ നിന്നുള്ള ഭ്രഷ്ട്ടും അതിന്റെ സ്വാഭാവിക പരിണിതി ആയിരുന്നു..അന്ന് തുടങ്ങിയ ഓട്ടമായിരുന്നു.. വേഷം മാറി, പേരു മാറിയുള്ള പ്രയാണങ്ങൾ.. അങ്ങനെയാണ് ഈ വീട്ടിലേക്ക് എത്തപ്പെട്ടതും  സന്തോഷം നിറഞ്ഞ ജീവിതം പ്രതീക്ഷിച്ചു തുടങ്ങിയതും.. ജീവിത സാക്ഷാത്കാരം പോലെ മറ്റൊരു സന്തോഷ വാർത്തയും അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു..ജാനകി , മനോഹരനോട് പറഞ്ഞു 'നമ്മൾ അച്ഛനും അമ്മയും ആകാൻ പോകുന്നു'.. ഒക്ടോബർ വിപ്ലവത്തിന്റെ വിജയത്തിന് ശേഷം ലെനിനുണ്ടായ മാനസികവസ്ഥയോട് തുലനപ്പെടുത്താവുന്ന നിലയിൽ ആയിരുന്നു രണ്ടു പേരും.. അച്ഛനാവുന്ന പരവേശത്തിൽ മനോഹരൻ വേണ്ടുന്നതും വേണ്ടാത്തതും വാങ്ങിക്കൂട്ടി.. അങ്ങനെയിരിക്കെ ഒരുറക്കത്തിനിടയിൽ മനോഹരൻ ഞെട്ടിയുണർന്നു.. അത് ഇനി വരാനിരിക്കുന്ന അസംതൃപ്തമായ ജീവിതയാത്രയുടെ തുടക്കമായിരുന്നു.. 'ജനിക്കുന്ന കുട്ടിയുടെ ജാതി തന്റേതായിരിക്കുമോ അതോ അവളുടേതായിരിക്കുമോ'..അവിടെ പണ്ട് രക്തത്തിലൂടെ ഓടിയ വിപ്ലവത്തെയും
 പ്രണയത്തെയും ഉള്ളിൽ ചുറ്റി വിരിഞ്ഞ ജാതീയത  വഞ്ചിക്കുകയായിരുന്നു. .. തുടർച്ചയായ സമ്മർദങ്ങൾക്കൊടുവിൽ ആ കുട്ടിയെ നശിപ്പിച്ച് സോഷ്യലിസത്തിലേക്ക് കണ്ണുനട്ടിരുന്ന ദമ്പതികൾ പഴയ ഫ്യൂഡലിസത്തിലേക്ക് പിന്തിരിഞ്ഞു നടന്നു.. അടിച്ചമർത്തപ്പെട്ടവളായി മാറിയ ജാനകിയുടെ ലോകം ആ നാലു ചുമരുകൾക്കിടയിലേക്ക് തളക്കപ്പെട്ടു.. അതിനു ശേഷം ജാനകി കൂടുതൽ സംവദിച്ചിരുന്നത് വീട്ടിലെ അചേതനമായ വസ്തുക്കളോടായിരുന്നു..ഇപ്പൊ മുഖത്തു വീണ അടിയിലൂടെ മർദ്ദിതന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഭിനിവേശം ജാനകിയിൽ പൊട്ടിപ്പുറപ്പെട്ടു .. സർവ്വ ശക്തിയുമെടുത്തു ജാനകി മനോഹരനെ തിരിച്ചടിച്ചു..അവൾ ആരുമാലും തടയപ്പെടാത്തവണ്ണം കരുത്തയായിരുന്നു.. വാതിലുകൾ അവൾക്ക് വേണ്ടി മലർക്കെ തുറന്നു കിടന്നു.. വർഷങ്ങൾക്ക് ശേഷം അവൾ പുറത്തിറങ്ങി.. ഇരുട്ടുകൾ കനത്തു പെയ്യുന്ന രാത്രിയിൽ അവൾ സ്വയം ഒരു നിലാവായി മാറി അതിരുകളില്ലാത്ത ലോകത്തേക്ക് നടക്കാൻ തുടങ്ങി. അടിയുടെ ആഘാതത്തിൽ നിലത്തു വീണ മനോഹരൻ കറങ്ങുന്ന ഫാനിലേക്ക് നോക്കി..ഒടുക്കമില്ലാത്ത ഫാനിന്റെ കട കട ശബ്ദം മനോഹരന്റെ ചെവിയിലേക്ക് ശക്തിയായി പതിച്ചു കൊണ്ടിരുന്നു..

No comments:

Post a Comment