"കൈകൾ ചങ്ങലകൾക്കുള്ളിൽ തന്നെയായിരുന്നു..പരിചിതരും അപരിചിതരുമായ കുറെ പേർ കല്ലെറിയാൻ തുടങ്ങുന്നു.. കുറ്റക്കാരൻ, തെറ്റുകാരൻ എന്ന വിളികൾ ചെവിയെ ആവർത്തിച്ചു തളർത്തിക്കൊണ്ടിരുന്നു.. ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയാൻ പറ്റുന്ന മാജിക്കൽ സാന്നിധ്യം അവളുടെതായിരുന്നു.. ശരീരത്തിന് ചുറ്റും എപ്പോഴും ഒരു വെള്ളിവെളിച്ചം കണ്ടിരുന്നു..ചെലപ്പോ ഞാൻ മാത്രമാവാം കണ്ടിരുന്നത്.. കല്ലെറിയെടാ അവനെ എന്നു പറഞ്ഞതും അങ്ങുന്നും ഇങ്ങുന്നും കല്ലുകൾ വന്നു കൊണ്ടിരുന്നു.. ശരീരത്തെ മുറിവേല്പിച്ചു പോയ കല്ലുകളൊന്നും വേദനിപ്പിച്ചിരുന്നില്ല.. ഒലിഞ്ഞിറങ്ങിയ രക്ത ചുവപ്പിലൂടെ നോക്കിയപ്പോൾ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു.. അവൾ കണ്ണുകൾ ഇറുകിയടച്ചു കൊണ്ടു ഒരു കല്ല് എന്റെ നേർക്കെറിഞ്ഞു.. അല്ലെങ്കിലും കണ്ണ് തുറന്ന് കൊണ്ട് എന്റെ നേർക്കെറിയാൻ അവൾ ഒരിക്കലും കരുത്തയായിരുന്നില്ല..ലക്ഷ്യസ്ഥാനത്തിനും മീറ്ററുകൾക്കപ്പുറം അത് പതിച്ചു.. ചങ്ങലകൾ തകർത്തു എന്റെ ഉള്ളിൽ നിന്ന് എന്തോ ഒന്ന് ആ കല്ലിനെ തേടി പോയിരുന്നു.. അതിനു മുന്നേ തളരാതിരുന്ന ഞാൻ അപ്പോഴേക്കും തളർന്നിരുന്നു.. ചിരിച്ചു കൊണ്ട് ഞാൻ ആൾക്കൂട്ടത്തിനിടയിലേക്ക് വീഴുകയായിരുന്നു.. അടുത്തെത്തിയ ആൾക്കാരൊക്കെ കമ്പ് കൊണ്ടും, കത്തി കൊണ്ടും കുത്താൻ തുടങ്ങി.. വീർത്തു പോയ വയറിൽ നിന്ന് അവർ ആഗ്രഹിച്ചതല്ല പുറത്തേക്ക് വന്നത്.. പുറത്തേക്ക് വരാൻ കൊതിച്ച ആഗ്രഹങ്ങളും,സ്വപ്നങ്ങളും ചിത്രശലഭത്തിന്റെ രൂപത്തിൽ ആകാശത്തേക്ക് പറക്കാൻ തുടങ്ങി..ശലഭങ്ങൾ ഇരട്ടിച്ചു കൊണ്ടിരുന്നു... ഇറുകി അടച്ച കണ്ണുകൾ തുറന്ന് കൊതിയോട് കൂടി അവൾ ആ ശലഭങ്ങളെ നോക്കിക്കൊണ്ടിരുന്നു.."
No comments:
Post a Comment