Monday, 3 June 2019

"എടോ നമുക്കൊരു സ്ഥലം വരെ പോകാം??"
"എവിടേക്കാ??ഈ രാത്രിയിലാ??"
"നീ കൂടെ വരുമോ??"
"അതെന്താ സംശയം.."
"എന്നാ വാ നമുക്ക് നടക്കാം..."
രണ്ടു പേരും നടക്കാൻ തുടങ്ങി.. ഇരുട്ട് നല്ല കനത്തിൽ മഴയായി പെയ്തു കൊണ്ടിരുന്നു...
അങ്ങ് ദൂരെ ദൂരെ ഒരിടത്തു വെളിച്ചം പൂക്കുന്ന ഒരു അരുവിയുണ്ട് പോലും.
നടന്നാലും നടന്നാലും എത്താത്തത്ര ദൂരത്തിൽ..ആ നടത്തം അവസാനിപ്പിക്കാൻ അവരും തീരുമാനിച്ചിരുന്നില്ല...
ഇരുട്ടിലൂടെ നടക്കുമ്പോൾ മുഖം നോക്കാതെ രണ്ടു പേരും പറഞ്ഞു തീരാത്തത്ര കഥകൾ പറയുകയായിരുന്നു..പണ്ട് ചോറു തിന്നാൻ വേണ്ടി അമ്മ കാണിച്ചു തന്ന ആകാശം ചുറ്റുന്ന പരുന്തിനെ പറ്റിയും,മരണത്തിന്റെ മണമുള്ള മഴപ്പാറ്റകളെ കുറിച്ചും, ഒറ്റയാനായി  പോരാടി  പരാജയപ്പെട്ട വഴികളും എല്ലാം പറഞ്ഞു പറഞ്ഞു ഇരുട്ടിനെ മറികടന്നു കൊണ്ടിരുന്നു അവർ..
കോർത്തു പിടിച്ച കൈവിരലുകളിലൂടെ
പിന്തുടരാൻ പോകുന്ന ഒരായിരം
സ്വപ്നങ്ങളുടെ വലകൾ നെയ്തു കൊണ്ടിരുന്നു..കുറച്ചു നടന്നപ്പോൾ മിന്നാമിനുങ്ങുകൾ വഴി കാട്ടാൻ തുടങ്ങി..  പെട്ടെന്നാണ് അവരുടെ അടുത്തേക്ക് വസന്തം വന്ന് നിന്നതും ഒന്നും മിണ്ടാതെ കൂടെ നടക്കാൻ തുടങ്ങിയതും.. ഇരുട്ടിന്റെ കറുപ്പ് മാറി വെള്ളി വെളിച്ചം പതിയെ പതിയെ മുന്നിലേക്ക് വീഴാൻ തുടങ്ങി.. രണ്ടു പേരുടെയും മുഖങ്ങൾ അരണ്ട വെളിച്ചത്തിലും തിളങ്ങിക്കൊണ്ടിരുന്നു..

No comments:

Post a Comment