പരീക്ഷ എഴുതാനായിട്ടായിരുന്നു ആ സ്‌കൂളിൽ എത്തിയത് .. ആദ്യായിട്ടായിരുന്നു അവിടെ.. പക്ഷെ എന്തൊക്കെയോ പരിചയമുള്ളത് പോലെ.. ഏത് സ്‌കൂൾ ആണെങ്കിലും ചുറ്റും മരങ്ങളും, ഗ്രൗണ്ടും , ഇടക്ക് നിർത്താതെ വീശിക്കൊണ്ടിരിക്കുന്ന കാറ്റും ഉണ്ടാകുമല്ലോ.. ചുറ്റും തിരക്കിട്ട് നടന്നു കൊണ്ടിരിക്കുന്ന മനുഷ്യർ.. കണ്ണിൽ കൂടി നോക്കാൻ സമയമില്ലാത്തവർ.. എല്ലാവരുടെയും മുഖം വ്യത്യസ്തമായിരുന്നെങ്കിലും രീതികൾ ഒരു പോലെയായി തോന്നി..തിരിച്ചു കിട്ടാത്ത നോട്ടങ്ങളിൽ നിന്ന് മടുത്താണ് മുഖങ്ങളിൽ നിന്ന് കണ്ണെടുത്തതും പരന്നു കിടക്കുന്ന മരത്തിലേക്ക് കണ്ണു മാറിയതും.. എന്നെ തന്നെ നോക്കി നിൽക്കുന്ന മരം.. എനിക്ക് ഉച്ചത്തിൽ കൂവാൻ തോന്നി..ആദ്യം മടിച്ചു. എല്ലാരും നോക്കിയെങ്കിലോ.. മറ്റാരേക്കാളും പച്ചയായ ഒരു മനുഷ്യനെന്ന ആത്മവിശ്വാസം കൊണ്ട് അതിനെ മറികടന്നു ഞാൻ.. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ ഞാൻ മരത്തിനടുത്തേക്ക് ഓടിപ്പോയി.. മതിയാവുന്ന വരെ ഒച്ചയിടുകയും തണലിന്റെ അവസാന കുളിർമ വരെ ഊറ്റിയെടുക്കുകയും ചെയ്തു.. പിന്നീടങ്ങോട്ട് സഞ്ചാരമായിരുന്നു മരിച്ച ഇന്നലെകളിലേക്കും , ഇനി ഒരിക്കലും പിറക്കാതെ പോകുന്ന നാളെകളിലേക്കും . അപ്പോഴും എല്ലാവരും സ്വയം മുഖം തിരിക്കാനുള്ള തിരക്കുകളിൽ തന്നെയായിരുന്നു..ശബ്ദമുഖരിതമായിരുന്ന എന്റെ പകൽ ബാക്കിയുള്ളവർക്ക് അന്യമായിരുന്നു.. പരീക്ഷക്ക് വേണ്ടിയുള്ള മണി മുഴങ്ങി. ബഹളങ്ങൾക്കിടയിൽ ആ ശബ്ദം എന്റെ ചെവിയിൽ ഒന്ന് മുത്തിയിട്ട് കടന്നു പോയി.. ഞാൻ കാലെടുക്കാൻ പറ്റാത്ത വിധം വേരുറച്ചപോയ ആ തണലിൽ എന്നെത്തന്നെ കണ്ടെത്തിക്കൊണ്ടിരുന്നു...
No comments:
Post a Comment