Monday 29 April 2019

സ്വപ്നാടനം

 
ഇന്ന് ചൂണ്ടയിടാനാണ് അയാൾ തീരുമാനിച്ചത്.. ഇന്നലെ കണ്ട സ്വപനം അത്രേം പേടിപ്പെടുത്തുന്നതായിരുന്നു. നിർത്താതെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തന്നെ ആരോ ഏതോ സ്റ്റേഷനിലേക്ക് തള്ളിയിടുന്നു..സ്റ്റേഷനിൽ നിന്ന് തെറിച്ചു തെറിച്ചു പുഴയിലേക്ക് പതിക്കുന്നു.. ഇന്നലെ തന്നെ രക്ഷിച്ചത് കൊണ്ടാണ് ഇന്നത്തെ ദിവസം പുഴക്കരയിൽ ഇരുന്നു തീർക്കാം എന്നു അയാൾ കരുതിയത്...പുഴയുടെ ശാന്തതയിൽ ലയിച്ചിരുന്നപ്പോഴാണ് കുറെ സമയമായി തന്നെതന്നെ നോക്കിയിരുന്ന ഒരു കാക്കയെ അയാൾ
 കണ്ടത്..ആ പകൽ വെയിലിൽ തന്നെ പോലെ ചൂടു കൊണ്ടിരിക്കുന്ന തലക്ക് ഓളമുള്ള ഒരാളെ കണ്ട സന്തോഷം കാക്ക കൊക്ക് കൊണ്ട് പാറയിലുരസി പ്രകടിപ്പിച്ചു.. അയാൾ കാക്കയെ അടുത്തേക്ക് വിളിച്ചു.. അപരിചിതരെ അത്രക്ക് പെട്ടെന്ന് അടുപ്പിക്കുന്ന സ്വഭാവക്കാരല്ലല്ലോ കാക്കകൾ..വിളി അവസാനിക്കാത്തത് കൊണ്ടാണ് കാക്ക അയാളുടെ അടുത്തേക്ക് പോയത്..
 "താനെന്താണ് എന്നെ തുറിച്ചു നോക്കുന്നത്, ആദ്യമായിട്ടാണോ ഒരു മനുഷ്യനെ കാണുന്നത്?" അയാൾ ചോദിച്ചു .
 "മനുഷ്യന്മാരെ പല രീതിയിൽ കണ്ടിട്ടുണ്ട്, എന്നാലും ഇത് പോലെ ഉള്ളവരെ ആദ്യായിട്ടാ" കാക്ക മറുപടി പറഞ്ഞു.

 "എന്തേ എനിക്ക് കൊമ്പുണ്ടോ"

"അല്ല ഇന്നലെ ആ കുന്നിന്റെ കീഴിൽ കിടന്നുറങ്ങിയതും, ഈയിടെ ആ കാടിന്റെ നടുവിൽ നിന്ന് ഒറ്റക്ക് കൂകി വിളിച്ചതും നിങ്ങൾ തന്നെ അല്ലെ. "

"നിങ്ങളെന്താ എന്നെ പിന്തുടരുന്നെ? നിങ്ങൾക്ക്  കേൾക്കാനുള്ള കഴിവുണ്ടോ, ഞാൻ കരുതി ഭൂമിയെ ചിറക് കൊണ്ട് അളക്കൽ മാത്രമാണ് നിങ്ങളുടെ ജോലി എന്ന്"

"വിശപ്പല്ലേ എല്ലാം..വിശപ്പും സ്നേഹവും അത് മാത്രമാണ് നമ്മൾക്കറിയുന്ന ഭാഷ. "

"ചിറകുകൾ കൊണ്ട് സ്വാതന്ത്ര്യത്തെ വരച്ചിടുന്ന നിങ്ങളുടെ മനോഹരദൃശ്യം എന്നെ എപ്പോഴും അതിശയിപ്പിച്ചിരുന്നു.. എനിക്കും ചിറകുകൾ വേണമെന്ന് ആഗ്രഹമുണ്ട്.."

"മനുഷ്യന് ചിറകുകൾ കൂടി തന്നാലുള്ള അവസ്ഥ എന്തായിരിക്കും, ഉള്ള രണ്ട്‌കൈകൾക്ക് പുറമെ, എത്രയെത്ര യന്ത്രകൈകൾ കൂടി നിങ്ങൾ ഉണ്ടാക്കി, എല്ലാവരുടേതുമായ സ്ഥലങ്ങൾ നിങ്ങൾ കൈക്കലാക്കിയില്ലേ.."

"ഞാനൊരു മനുഷ്യനായി ജനിച്ചതിൽ എന്നും ദുഃഖിക്കാറുണ്ട്"

‌പുതിയ സുഹൃത്തിനെ കാക്ക സ്വന്തം കൂട്ടിനടുത്തേക്ക് ക്ഷണിച്ചു.. അവിടെ തന്റെ വിശാലമായ തണൽ സാമ്രാജ്യവും വിരിച്ചു മനുഷ്യന്റെ  തലമുറമാറ്റം കണ്ട മരമപ്പൂപ്പൻ അവിടെ നിൽപ്പുണ്ടായിരുന്നു..പക്ഷി സാമ്രാജ്യതത്തിലെ ഒരുപാട് അഭയാർത്ഥി ക്യാമ്പുകൾ കണ്ട മരമപ്പൂപ്പൻ ഒരു മനുഷ്യ സാമീപ്യം കണ്ട ചില്ലകൾ അനക്കി പ്രതിഷേധം അറിയിച്ചു.. മനുഷ്യനല്ലാത്ത പാവം മനുഷ്യനാണെന്നു പറഞ്ഞു കാക്ക മരമപ്പൂപ്പനെ കാര്യം ബോധിപ്പിച്ചപ്പോ സ്നേഹത്തോടെ അയാളെ സ്വാഗതം ചെയ്തു..കൂട്ടിലുള്ള തന്റെ കൂട്ടുകാരിയെ സ്വയം പരിചയപ്പെടുത്തി അപൂർവമായ പഴവർഗങ്ങൾ അയാൾക്ക് കൊടുത്തു..ഒരു പക്ഷെ താൻ കഴിച്ചതിൽ ഏറ്റവും രുചിയുള്ള ഭക്ഷണമായിരിക്കാം അത്..  തേടി നടന്ന സ്വപ്നങ്ങളിൽ എന്നോ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരം ആയിരുന്നു അത്..
ഇന്നലെ സ്വപ്നത്തിൽ കേട്ട വണ്ടിയുടെ കാതടപ്പിക്കുന്ന ശബ്ദം തന്റെ ചെവികളെ വീണ്ടും വേട്ടയാടുന്നുണ്ടോ എന്ന സംശയം അയാളെ അലട്ടാൻ തുടങ്ങി..അതോ അങ്ങു ദൂരെ ഏതോ ശീതീകരിച്ച മുറിയിൽ നിന്ന് മരവിച്ച തലച്ചോറുകൾ എന്തൊക്കെയോ പിറുപിറുക്കുന്നതാണോ.. മരമപ്പൂപ്പന്റെ തണലിൽ അയാൾ അവിടെ മയങ്ങി.. എല്ലാ പേടിപ്പെടുത്തുന്ന ഒച്ചകളിൽ നിന്നും സ്നേഹത്തിന്റെ ആ മഹാ വൃക്ഷം അയാളെ വേർപ്പെടുത്തി കൊണ്ടിരുന്നു.. മനുഷ്യനെയും സ്വാര്‍ത്ഥതയെയും വേര്‍തിരിക്കുന്ന അപൂര്‍വമായ ജൈവിക പ്രക്രിയ അവിടെ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു .. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സ്വപ്നമായിരുന്നു അതെന്ന്‍അയാള്‍തിരിച്ചറിഞ്ഞു .. സ്വപ്നത്തിൽ നിന്ന് എഴുന്നേറ്റ അയാൾ കൂടുതൽ സന്തോഷവാനായിരുന്നു.. കടപ്പാടിന്റെ അടയാളമായി ആ വൃക്ഷത്തെയും കാക്കയെയും നോക്കി ഒന്നു ചിരിച്ചു.. വസ്ത്രങ്ങൾ ഓരോന്നായി മാറ്റി പൂർണ നഗ്നനായ അയാൾ എല്ലാ തരം ബന്ധനങ്ങളിൽ നിന്നും സ്വയം മോചിതനായി,  കാടിന്റെ പച്ചപ്പിലേക്ക് മെല്ലെ മെല്ലെ ഊർന്നിറങ്ങി..അറിയാത്ത ആഴങ്ങളിലേക്ക് ..  എവിടെ നിന്നോ ബുദ്ധൻ ചിരിച്ചു കൊണ്ടിരുന്നു.

No comments:

Post a Comment