Monday, 3 June 2019

പരീക്ഷ എഴുതാനായിട്ടായിരുന്നു ആ സ്‌കൂളിൽ എത്തിയത് .. ആദ്യായിട്ടായിരുന്നു അവിടെ.. പക്ഷെ എന്തൊക്കെയോ പരിചയമുള്ളത് പോലെ.. ഏത് സ്‌കൂൾ ആണെങ്കിലും ചുറ്റും മരങ്ങളും, ഗ്രൗണ്ടും , ഇടക്ക് നിർത്താതെ വീശിക്കൊണ്ടിരിക്കുന്ന കാറ്റും ഉണ്ടാകുമല്ലോ.. ചുറ്റും തിരക്കിട്ട് നടന്നു കൊണ്ടിരിക്കുന്ന മനുഷ്യർ.. കണ്ണിൽ കൂടി നോക്കാൻ സമയമില്ലാത്തവർ.. എല്ലാവരുടെയും മുഖം വ്യത്യസ്തമായിരുന്നെങ്കിലും രീതികൾ ഒരു പോലെയായി തോന്നി..തിരിച്ചു കിട്ടാത്ത നോട്ടങ്ങളിൽ നിന്ന് മടുത്താണ് മുഖങ്ങളിൽ നിന്ന് കണ്ണെടുത്തതും പരന്നു കിടക്കുന്ന മരത്തിലേക്ക് കണ്ണു മാറിയതും..  എന്നെ തന്നെ നോക്കി നിൽക്കുന്ന മരം..  എനിക്ക് ഉച്ചത്തിൽ കൂവാൻ തോന്നി..ആദ്യം മടിച്ചു. എല്ലാരും നോക്കിയെങ്കിലോ.. മറ്റാരേക്കാളും പച്ചയായ ഒരു മനുഷ്യനെന്ന ആത്മവിശ്വാസം കൊണ്ട്  അതിനെ മറികടന്നു ഞാൻ.. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ ഞാൻ മരത്തിനടുത്തേക്ക് ഓടിപ്പോയി.. മതിയാവുന്ന വരെ ഒച്ചയിടുകയും തണലിന്റെ അവസാന കുളിർമ വരെ ഊറ്റിയെടുക്കുകയും ചെയ്തു.. പിന്നീടങ്ങോട്ട് സഞ്ചാരമായിരുന്നു മരിച്ച ഇന്നലെകളിലേക്കും , ഇനി ഒരിക്കലും പിറക്കാതെ പോകുന്ന നാളെകളിലേക്കും . അപ്പോഴും എല്ലാവരും സ്വയം മുഖം തിരിക്കാനുള്ള തിരക്കുകളിൽ തന്നെയായിരുന്നു..ശബ്ദമുഖരിതമായിരുന്ന എന്റെ പകൽ ബാക്കിയുള്ളവർക്ക് അന്യമായിരുന്നു.. പരീക്ഷക്ക് വേണ്ടിയുള്ള മണി മുഴങ്ങി. ബഹളങ്ങൾക്കിടയിൽ ആ ശബ്ദം എന്റെ ചെവിയിൽ ഒന്ന് മുത്തിയിട്ട് കടന്നു പോയി.. ഞാൻ കാലെടുക്കാൻ പറ്റാത്ത വിധം വേരുറച്ചപോയ ആ തണലിൽ എന്നെത്തന്നെ കണ്ടെത്തിക്കൊണ്ടിരുന്നു...
എത്ര പെട്ടെന്നാണ് ഞാൻ പോലും അറിയാതെ നീ മാറിപ്പോയത്..  കഥാപാത്രങ്ങളിൽ നിന്ന് ജീവിക്കുന്ന വ്യക്തികളിലേക്ക് എത്തുമ്പോ എല്ലാം മാറിയല്ലോ... കഥാപാത്രങ്ങളോട് നമ്മൾക്ക് എപ്പോഴും ഒരു ഐക്യദാർഢ്യമുണ്ട്..ഞാൻ അവനാണെങ്കിൽ/അവളാണെങ്കിൽ എന്ന ചിന്താധാര..മറിച്ചു ജീവിതത്തിൽ ഞാൻ അവനാകുമ്പോ/അവളാകുമ്പോ ഒരു delete/Backspace ആയി 'അവൻ/അവൾ' മാറുകയും നമ്മൾ വികാരത്തെ തോൽപ്പിക്കുന്ന ശക്തനായ/ശക്തയായ 'ഞാനായി' മാറുന്നു.. സിനിമ കണ്ടു ഒരു കാരണവുമില്ലാതെ കരഞ്ഞു കൊണ്ടിരുന്ന ചെറിയ കുട്ടിയായി മാറിയ അതേ നീ ജീവിതത്തിൽ അതിന്റെ ഏറ്റവും extreme ആയ ഒരു വ്യക്തിയായി രൂപാന്തരം പ്രാപിക്കുന്നു.. അവിടെ വരണ്ടു പോയ കരച്ചിലുകൾ മാത്രമേയുള്ളൂ...നീ ആരെയൊക്കെയോ തോൽപ്പിച്ചു കൊണ്ടിരുകയാണ്..നീ ഇതിൽ ഏകാംഗ കഥാപാത്രമാണ്.  ബാക്കി എല്ലാവരും നിശ്ശബ്ദരാണ് .അവൻ ഇപ്പോഴും സ്വപ്നങ്ങൾക്ക് പിറകെയാണ്.. തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ലാത്ത സ്വപ്നങ്ങൾക്ക് പിറകിൽ.. നീ പക്ഷെ കുറെ മുന്നോട്ട് പോയി, എടുത്ത തീരുമാനങ്ങളുടെ യാന്ത്രികതയിൽ നീ ഉറച്ചു നിൽക്കുകയാണ്.. വികാരങ്ങളുടെ സത്യസന്ധത നിന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുകയാണ്..
"കൈകൾ ചങ്ങലകൾക്കുള്ളിൽ തന്നെയായിരുന്നു..പരിചിതരും അപരിചിതരുമായ കുറെ പേർ കല്ലെറിയാൻ തുടങ്ങുന്നു.. കുറ്റക്കാരൻ, തെറ്റുകാരൻ എന്ന വിളികൾ ചെവിയെ ആവർത്തിച്ചു തളർത്തിക്കൊണ്ടിരുന്നു.. ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയാൻ പറ്റുന്ന മാജിക്കൽ സാന്നിധ്യം അവളുടെതായിരുന്നു.. ശരീരത്തിന് ചുറ്റും എപ്പോഴും ഒരു വെള്ളിവെളിച്ചം കണ്ടിരുന്നു..ചെലപ്പോ ഞാൻ മാത്രമാവാം കണ്ടിരുന്നത്.. കല്ലെറിയെടാ അവനെ എന്നു പറഞ്ഞതും അങ്ങുന്നും ഇങ്ങുന്നും കല്ലുകൾ വന്നു കൊണ്ടിരുന്നു.. ശരീരത്തെ മുറിവേല്പിച്ചു പോയ കല്ലുകളൊന്നും വേദനിപ്പിച്ചിരുന്നില്ല.. ഒലിഞ്ഞിറങ്ങിയ രക്ത ചുവപ്പിലൂടെ നോക്കിയപ്പോൾ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു.. അവൾ കണ്ണുകൾ ഇറുകിയടച്ചു കൊണ്ടു ഒരു കല്ല് എന്റെ നേർക്കെറിഞ്ഞു.. അല്ലെങ്കിലും കണ്ണ് തുറന്ന് കൊണ്ട് എന്റെ നേർക്കെറിയാൻ അവൾ ഒരിക്കലും കരുത്തയായിരുന്നില്ല..ലക്ഷ്യസ്ഥാനത്തിനും മീറ്ററുകൾക്കപ്പുറം അത് പതിച്ചു.. ചങ്ങലകൾ തകർത്തു എന്റെ ഉള്ളിൽ നിന്ന് എന്തോ ഒന്ന് ആ കല്ലിനെ തേടി പോയിരുന്നു.. അതിനു മുന്നേ തളരാതിരുന്ന ഞാൻ അപ്പോഴേക്കും തളർന്നിരുന്നു.. ചിരിച്ചു കൊണ്ട് ഞാൻ ആൾക്കൂട്ടത്തിനിടയിലേക്ക് വീഴുകയായിരുന്നു.. അടുത്തെത്തിയ ആൾക്കാരൊക്കെ കമ്പ് കൊണ്ടും, കത്തി കൊണ്ടും കുത്താൻ തുടങ്ങി.. വീർത്തു പോയ വയറിൽ നിന്ന് അവർ ആഗ്രഹിച്ചതല്ല പുറത്തേക്ക് വന്നത്.. പുറത്തേക്ക് വരാൻ കൊതിച്ച ആഗ്രഹങ്ങളും,സ്വപ്നങ്ങളും ചിത്രശലഭത്തിന്റെ രൂപത്തിൽ ആകാശത്തേക്ക് പറക്കാൻ തുടങ്ങി..ശലഭങ്ങൾ ഇരട്ടിച്ചു കൊണ്ടിരുന്നു... ഇറുകി അടച്ച കണ്ണുകൾ തുറന്ന് കൊതിയോട് കൂടി അവൾ ആ ശലഭങ്ങളെ നോക്കിക്കൊണ്ടിരുന്നു.."
"ഏയ്..ഒരു കാര്യം പറയട്ടാ..
"ഉം..പറ..."
"ഈ സൂചിയേക്കാൾ ചെറിയ ഒരു സൂചി കിട്ടുമോ, രക്തം വരാതെ സുഷിരം ഇടാൻ പറ്റുന്ന സൂചി"
"ആഹാ..കൊള്ളാല്ലോ..എന്തിനാ??"
"നിന്നെ കുത്താൻ തന്നെ.."
"വേദനയില്ലാതെ കൊല്ലാനാണോ?"
"അല്ല..നീ തരാതെ ഉള്ളിൽ ഒളിപ്പിച്ച സ്നേഹത്തിന്റെ ഉറവ ഇല്ലേ, അത് തുറന്നു വിടണം..അറിയണം..
"സ്നേഹം വാർന്ന് വാർന്ന് ഞാൻ മരിക്കുമോ അപ്പൊ"
"ഇല്ല..സ്നേഹം ഒഴുകി ഒഴുകി ജീവിക്കും നമ്മൾ..."
"ഹും..."
"എടോ നമുക്കൊരു സ്ഥലം വരെ പോകാം??"
"എവിടേക്കാ??ഈ രാത്രിയിലാ??"
"നീ കൂടെ വരുമോ??"
"അതെന്താ സംശയം.."
"എന്നാ വാ നമുക്ക് നടക്കാം..."
രണ്ടു പേരും നടക്കാൻ തുടങ്ങി.. ഇരുട്ട് നല്ല കനത്തിൽ മഴയായി പെയ്തു കൊണ്ടിരുന്നു...
അങ്ങ് ദൂരെ ദൂരെ ഒരിടത്തു വെളിച്ചം പൂക്കുന്ന ഒരു അരുവിയുണ്ട് പോലും.
നടന്നാലും നടന്നാലും എത്താത്തത്ര ദൂരത്തിൽ..ആ നടത്തം അവസാനിപ്പിക്കാൻ അവരും തീരുമാനിച്ചിരുന്നില്ല...
ഇരുട്ടിലൂടെ നടക്കുമ്പോൾ മുഖം നോക്കാതെ രണ്ടു പേരും പറഞ്ഞു തീരാത്തത്ര കഥകൾ പറയുകയായിരുന്നു..പണ്ട് ചോറു തിന്നാൻ വേണ്ടി അമ്മ കാണിച്ചു തന്ന ആകാശം ചുറ്റുന്ന പരുന്തിനെ പറ്റിയും,മരണത്തിന്റെ മണമുള്ള മഴപ്പാറ്റകളെ കുറിച്ചും, ഒറ്റയാനായി  പോരാടി  പരാജയപ്പെട്ട വഴികളും എല്ലാം പറഞ്ഞു പറഞ്ഞു ഇരുട്ടിനെ മറികടന്നു കൊണ്ടിരുന്നു അവർ..
കോർത്തു പിടിച്ച കൈവിരലുകളിലൂടെ
പിന്തുടരാൻ പോകുന്ന ഒരായിരം
സ്വപ്നങ്ങളുടെ വലകൾ നെയ്തു കൊണ്ടിരുന്നു..കുറച്ചു നടന്നപ്പോൾ മിന്നാമിനുങ്ങുകൾ വഴി കാട്ടാൻ തുടങ്ങി..  പെട്ടെന്നാണ് അവരുടെ അടുത്തേക്ക് വസന്തം വന്ന് നിന്നതും ഒന്നും മിണ്ടാതെ കൂടെ നടക്കാൻ തുടങ്ങിയതും.. ഇരുട്ടിന്റെ കറുപ്പ് മാറി വെള്ളി വെളിച്ചം പതിയെ പതിയെ മുന്നിലേക്ക് വീഴാൻ തുടങ്ങി.. രണ്ടു പേരുടെയും മുഖങ്ങൾ അരണ്ട വെളിച്ചത്തിലും തിളങ്ങിക്കൊണ്ടിരുന്നു..

കടല് കടന്നാൽ ഒരു പേരില്ലാ രാജ്യമുണ്ടെന്നാ കേട്ടത്..മഴവില്ലുകൾ സംസാരിക്കുന്ന നീയും ഞാനും സ്വപ്നം കണ്ട ഒരിടം..  അവിടെ കടലിനെക്കാൾ ശാന്തമായി സംഗീതം ഒഴുകുന്നുണ്ട് പോലും..നടുക്കടലിൽ നിന്നാണ് അവിചാരിതമായി ഉപ്പ് വെള്ളം കയറിയതും എല്ലാരേയും പിടിച്ചുലച്ചതും.. ദിശമാറാതെ നിന്റെ തോണി കരയ്ക്കടുത്തു.. ഞാൻ അവിടെ തന്നെയായിരുന്നു.. പുറത്തെ കടലിന്റെ ഇരമ്പത്തേക്കാൾ വലിയ ഇരമ്പമായിരുന്നു ഉള്ളിൽ..പെട്ടെന്നാണ് എന്റെ പായ്ക്കപ്പൽ ചതുരാകൃതിയിലേക്ക് മാറിയത്.. ചുമരുകളിൽ നീ നിറഞ്ഞു.. വാക്കുകളും,വർണ്ണങ്ങളും കൊണ്ട് നീ നിന്നെക്കാൾ യഥാർത്ഥമായ നീയായി  മാറിക്കൊണ്ടിരിക്കുകയായിരുന്നു.. നിഴലുകൾ പരസ്പരം നൃത്തം ചെയ്തു കൊണ്ടിരുന്നു...
കണ്ണടച്ചാൽ ഇരുട്ടും.. കണ്ണ് തുറന്നാൽ സ്വപ്നങ്ങളുമാണ്.. കണ്ണു തുറന്ന്, അടക്കുന്നതിന്റെ ഇടവേളയിലാണ് നീ ഒരു താഴ് വാരമായി  എന്നിൽ പൂത്തുലയുന്നത്.. ആ ഇടവേളയിലാണ് എന്റെ ജീവൻ നിർത്താതെ തുടിച്ചു കൊണ്ടിരിക്കുന്നതും..
ആരോ പറഞ്ഞിരുന്നു..ആർക്കും വേറൊരാളുടെ സ്വപ്നങ്ങൾ വിലയ്ക്ക് വാങ്ങാൻ പറ്റില്ല എന്ന്.. അന്ന് ഞാനും അത് കയ്യടിച്ചു പാസാക്കിയതാണല്ലോ.. ഇന്ന് ഞാനതിന് വിലയിട്ടതായി നിനക്കും തോന്നിയോ?ഒരുമിച്ചു സ്വപ്നം കാണാമെന്നല്ലേ പറഞ്ഞത്.. ഒരുമിച്ചു മത്സരിച്ചു ഒരേ സ്വപ്നത്തെ കീഴടക്കി  നിന്റെ മുഖത്തെ Blush ചെയ്ത ചിരി കണ്ടു അന്ന് ഞാൻ പറയും  ലോകത്തെ ഏറ്റവും സന്തോഷവാൻ ഞാൻ  ആണെന്ന്..  പക്ഷെ ഇന്ന് ഞാൻ ചുറ്റും അപരിചിതരാൽ ചുറ്റപ്പെട്ട ഏതോ ഒരു ലോകത്താണ് . കാക്കയുടെ ജന്മമാണ്.. കാറിക്കൂവി ഞാൻ നിലവിളിച്ചു കൊണ്ടിരിക്കുന്നു..തിരക്കിട്ട മനുഷ്യർ..ആരും ഒന്നും ശ്രദ്ധിക്കുന്ന പോലുമില്ല..എനിക്കറിയാം. നീ കാണും,നീ മാത്രം... എത്ര ദൂരെയാണെങ്കിലും... സമാന്തരമായ ഏതോ ഒരു ലോകത്തു എന്നെ പോലെ മറ്റാരാലും ശ്രദ്ധിക്കപ്പെടാതെ എന്റെ തൊട്ടടുത്തു കൂടി നടക്കുന്നുണ്ട് നീ.. എന്നിലൂടെ എന്നെക്കാളും വളർന്ന നീ..എപ്പോഴാണ് നമ്മുടെ സ്വപ്നങ്ങൾ കൂടിച്ചേരുക .. അപരിചിതരുടെ മുഖംമൂടി വലിച്ചെറിഞ്ഞു എപ്പോഴാണ് നാം സ്വാതന്ത്ര്യം പ്രഖ്യാപിക്കുക..

അവൾ


 കിതപ്പുകൾ സെക്കന്റ് സൂചിയോടുള്ള മത്സരമായിരുന്നു ആ വീട്ടിൽ.. ചെയ്തു തീരാത്ത പണികൾ ഉള്ള വീട്ടിൽ അടിമജീവിതം നയിച്ച ജാനകി.. മൂക്കിൻ
തുമ്പിലിരിക്കുന്ന ദേഷ്യം മനോഹരനെ ഒരു സാഡിസ്റ്റാക്കി മാറ്റിയിരുന്നു.. തന്റേതായ മായിക ലോകത്ത് ജനങ്ങളില്ലാത്ത രാജാവായി നീണാൾ വാഴാൻ ആയിരുന്നു മനോഹരന്റെ ആഗ്രഹം...  സ്വപ്നങ്ങൾ ജീവിതത്തിന്റെ അവസാനിക്കാത്ത ചുഴികളിൽ ആഴ്ന്നിറങ്ങിയിരുന്നു,ഇനിയൊരിക്കലും കാണാത്ത ആഴങ്ങളിലേക്ക്..പതിവ് പോലെ പുറത്തു നിന്ന് മദ്യാസക്തി യിൽ വന്ന മനോഹരൻ യഥാർത്ഥ ഫ്യൂഡൽ മാടമ്പിയായി.. മനോഹരൻ കുടുമ കെട്ടിയ ജന്മിയും, ജാനകി അടിയാളത്തിയുമായി മാറിയിരുന്നു..തന്റെ പരപീഢ മനോഹരൻ തുടങ്ങിയപ്പോൾ ജാനകി വികാരമില്ലാത്തവളായി മുന്നിൽ നിന്നു..'നായിന്റ മോളെ,നിന്നെ ഞാൻ അടിച്ചു കൊല്ലും' എന്ന് അയാൾ പറഞ്ഞു..'മരിക്കാനോ, ഞാനോ...ഹ ഹ..ഞാൻ  എന്നേ മരിച്ചു കഴിഞ്ഞു' എന്ന് ജാനകി പറഞ്ഞു തീരുമ്പോഴേക്കും  അടി കവിളിൽ പതിഞ്ഞിരുന്നു.. ആ അടിയിലൂടെ അവൾ ചെന്നെത്തിയത് വർഷങ്ങൾ പിറകോട്ടേക്കാണ്..നാടൻപാട്ടുകൾ കൊണ്ട് മനോഹരമാക്കിയ സായാഹ്‌ന ങ്ങൾ..'ചേറൂംമ്മേൽ നന്മ വെതച്ച കൊയ്ത്തു പാട്ടു പാടെടീ..' ആ ഈരടികൾ  വണ്ടിനെ പോലെ ജാനകിയുടെ  ചെവിയിൽ മൂളാൻ തുടങ്ങി.. നാടൻപാട്ട് വിശ്രമിക്കുന്ന ആ ചെമ്മണ്പാതയുടെ ഓരങ്ങളിലായിരുന്നു അവരുടെ പ്രണയവും തുടിച്ചു തുടങ്ങിയത്. ഒരു സാധാരണ നോട്ടത്തിൽ തുടങ്ങി , ലക്ഷണമൊത്ത പ്രണയത്തിലേക്ക് വളര്ന്നു പന്തലിച്ച പ്രണയം. എല്ലാ നിഷ്കളങ്കതയ്ക്കും മീതെ സ്വത്വ ബോധം കൊടി കുത്തി വാണ നാടായിരുന്നു അത്.. അതു കൊണ്ടു തന്നെ വിപ്ലവം നടത്തിയുള്ള കല്യാണവും മറുപുറത്ത് നാട്ടിൽ നിന്നുള്ള ഭ്രഷ്ട്ടും അതിന്റെ സ്വാഭാവിക പരിണിതി ആയിരുന്നു..അന്ന് തുടങ്ങിയ ഓട്ടമായിരുന്നു.. വേഷം മാറി, പേരു മാറിയുള്ള പ്രയാണങ്ങൾ.. അങ്ങനെയാണ് ഈ വീട്ടിലേക്ക് എത്തപ്പെട്ടതും  സന്തോഷം നിറഞ്ഞ ജീവിതം പ്രതീക്ഷിച്ചു തുടങ്ങിയതും.. ജീവിത സാക്ഷാത്കാരം പോലെ മറ്റൊരു സന്തോഷ വാർത്തയും അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു..ജാനകി , മനോഹരനോട് പറഞ്ഞു 'നമ്മൾ അച്ഛനും അമ്മയും ആകാൻ പോകുന്നു'.. ഒക്ടോബർ വിപ്ലവത്തിന്റെ വിജയത്തിന് ശേഷം ലെനിനുണ്ടായ മാനസികവസ്ഥയോട് തുലനപ്പെടുത്താവുന്ന നിലയിൽ ആയിരുന്നു രണ്ടു പേരും.. അച്ഛനാവുന്ന പരവേശത്തിൽ മനോഹരൻ വേണ്ടുന്നതും വേണ്ടാത്തതും വാങ്ങിക്കൂട്ടി.. അങ്ങനെയിരിക്കെ ഒരുറക്കത്തിനിടയിൽ മനോഹരൻ ഞെട്ടിയുണർന്നു.. അത് ഇനി വരാനിരിക്കുന്ന അസംതൃപ്തമായ ജീവിതയാത്രയുടെ തുടക്കമായിരുന്നു.. 'ജനിക്കുന്ന കുട്ടിയുടെ ജാതി തന്റേതായിരിക്കുമോ അതോ അവളുടേതായിരിക്കുമോ'..അവിടെ പണ്ട് രക്തത്തിലൂടെ ഓടിയ വിപ്ലവത്തെയും
 പ്രണയത്തെയും ഉള്ളിൽ ചുറ്റി വിരിഞ്ഞ ജാതീയത  വഞ്ചിക്കുകയായിരുന്നു. .. തുടർച്ചയായ സമ്മർദങ്ങൾക്കൊടുവിൽ ആ കുട്ടിയെ നശിപ്പിച്ച് സോഷ്യലിസത്തിലേക്ക് കണ്ണുനട്ടിരുന്ന ദമ്പതികൾ പഴയ ഫ്യൂഡലിസത്തിലേക്ക് പിന്തിരിഞ്ഞു നടന്നു.. അടിച്ചമർത്തപ്പെട്ടവളായി മാറിയ ജാനകിയുടെ ലോകം ആ നാലു ചുമരുകൾക്കിടയിലേക്ക് തളക്കപ്പെട്ടു.. അതിനു ശേഷം ജാനകി കൂടുതൽ സംവദിച്ചിരുന്നത് വീട്ടിലെ അചേതനമായ വസ്തുക്കളോടായിരുന്നു..ഇപ്പൊ മുഖത്തു വീണ അടിയിലൂടെ മർദ്ദിതന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഭിനിവേശം ജാനകിയിൽ പൊട്ടിപ്പുറപ്പെട്ടു .. സർവ്വ ശക്തിയുമെടുത്തു ജാനകി മനോഹരനെ തിരിച്ചടിച്ചു..അവൾ ആരുമാലും തടയപ്പെടാത്തവണ്ണം കരുത്തയായിരുന്നു.. വാതിലുകൾ അവൾക്ക് വേണ്ടി മലർക്കെ തുറന്നു കിടന്നു.. വർഷങ്ങൾക്ക് ശേഷം അവൾ പുറത്തിറങ്ങി.. ഇരുട്ടുകൾ കനത്തു പെയ്യുന്ന രാത്രിയിൽ അവൾ സ്വയം ഒരു നിലാവായി മാറി അതിരുകളില്ലാത്ത ലോകത്തേക്ക് നടക്കാൻ തുടങ്ങി. അടിയുടെ ആഘാതത്തിൽ നിലത്തു വീണ മനോഹരൻ കറങ്ങുന്ന ഫാനിലേക്ക് നോക്കി..ഒടുക്കമില്ലാത്ത ഫാനിന്റെ കട കട ശബ്ദം മനോഹരന്റെ ചെവിയിലേക്ക് ശക്തിയായി പതിച്ചു കൊണ്ടിരുന്നു..

Monday, 29 April 2019

സ്വപ്നാടനം

 
ഇന്ന് ചൂണ്ടയിടാനാണ് അയാൾ തീരുമാനിച്ചത്.. ഇന്നലെ കണ്ട സ്വപനം അത്രേം പേടിപ്പെടുത്തുന്നതായിരുന്നു. നിർത്താതെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തന്നെ ആരോ ഏതോ സ്റ്റേഷനിലേക്ക് തള്ളിയിടുന്നു..സ്റ്റേഷനിൽ നിന്ന് തെറിച്ചു തെറിച്ചു പുഴയിലേക്ക് പതിക്കുന്നു.. ഇന്നലെ തന്നെ രക്ഷിച്ചത് കൊണ്ടാണ് ഇന്നത്തെ ദിവസം പുഴക്കരയിൽ ഇരുന്നു തീർക്കാം എന്നു അയാൾ കരുതിയത്...പുഴയുടെ ശാന്തതയിൽ ലയിച്ചിരുന്നപ്പോഴാണ് കുറെ സമയമായി തന്നെതന്നെ നോക്കിയിരുന്ന ഒരു കാക്കയെ അയാൾ
 കണ്ടത്..ആ പകൽ വെയിലിൽ തന്നെ പോലെ ചൂടു കൊണ്ടിരിക്കുന്ന തലക്ക് ഓളമുള്ള ഒരാളെ കണ്ട സന്തോഷം കാക്ക കൊക്ക് കൊണ്ട് പാറയിലുരസി പ്രകടിപ്പിച്ചു.. അയാൾ കാക്കയെ അടുത്തേക്ക് വിളിച്ചു.. അപരിചിതരെ അത്രക്ക് പെട്ടെന്ന് അടുപ്പിക്കുന്ന സ്വഭാവക്കാരല്ലല്ലോ കാക്കകൾ..വിളി അവസാനിക്കാത്തത് കൊണ്ടാണ് കാക്ക അയാളുടെ അടുത്തേക്ക് പോയത്..
 "താനെന്താണ് എന്നെ തുറിച്ചു നോക്കുന്നത്, ആദ്യമായിട്ടാണോ ഒരു മനുഷ്യനെ കാണുന്നത്?" അയാൾ ചോദിച്ചു .
 "മനുഷ്യന്മാരെ പല രീതിയിൽ കണ്ടിട്ടുണ്ട്, എന്നാലും ഇത് പോലെ ഉള്ളവരെ ആദ്യായിട്ടാ" കാക്ക മറുപടി പറഞ്ഞു.

 "എന്തേ എനിക്ക് കൊമ്പുണ്ടോ"

"അല്ല ഇന്നലെ ആ കുന്നിന്റെ കീഴിൽ കിടന്നുറങ്ങിയതും, ഈയിടെ ആ കാടിന്റെ നടുവിൽ നിന്ന് ഒറ്റക്ക് കൂകി വിളിച്ചതും നിങ്ങൾ തന്നെ അല്ലെ. "

"നിങ്ങളെന്താ എന്നെ പിന്തുടരുന്നെ? നിങ്ങൾക്ക്  കേൾക്കാനുള്ള കഴിവുണ്ടോ, ഞാൻ കരുതി ഭൂമിയെ ചിറക് കൊണ്ട് അളക്കൽ മാത്രമാണ് നിങ്ങളുടെ ജോലി എന്ന്"

"വിശപ്പല്ലേ എല്ലാം..വിശപ്പും സ്നേഹവും അത് മാത്രമാണ് നമ്മൾക്കറിയുന്ന ഭാഷ. "

"ചിറകുകൾ കൊണ്ട് സ്വാതന്ത്ര്യത്തെ വരച്ചിടുന്ന നിങ്ങളുടെ മനോഹരദൃശ്യം എന്നെ എപ്പോഴും അതിശയിപ്പിച്ചിരുന്നു.. എനിക്കും ചിറകുകൾ വേണമെന്ന് ആഗ്രഹമുണ്ട്.."

"മനുഷ്യന് ചിറകുകൾ കൂടി തന്നാലുള്ള അവസ്ഥ എന്തായിരിക്കും, ഉള്ള രണ്ട്‌കൈകൾക്ക് പുറമെ, എത്രയെത്ര യന്ത്രകൈകൾ കൂടി നിങ്ങൾ ഉണ്ടാക്കി, എല്ലാവരുടേതുമായ സ്ഥലങ്ങൾ നിങ്ങൾ കൈക്കലാക്കിയില്ലേ.."

"ഞാനൊരു മനുഷ്യനായി ജനിച്ചതിൽ എന്നും ദുഃഖിക്കാറുണ്ട്"

‌പുതിയ സുഹൃത്തിനെ കാക്ക സ്വന്തം കൂട്ടിനടുത്തേക്ക് ക്ഷണിച്ചു.. അവിടെ തന്റെ വിശാലമായ തണൽ സാമ്രാജ്യവും വിരിച്ചു മനുഷ്യന്റെ  തലമുറമാറ്റം കണ്ട മരമപ്പൂപ്പൻ അവിടെ നിൽപ്പുണ്ടായിരുന്നു..പക്ഷി സാമ്രാജ്യതത്തിലെ ഒരുപാട് അഭയാർത്ഥി ക്യാമ്പുകൾ കണ്ട മരമപ്പൂപ്പൻ ഒരു മനുഷ്യ സാമീപ്യം കണ്ട ചില്ലകൾ അനക്കി പ്രതിഷേധം അറിയിച്ചു.. മനുഷ്യനല്ലാത്ത പാവം മനുഷ്യനാണെന്നു പറഞ്ഞു കാക്ക മരമപ്പൂപ്പനെ കാര്യം ബോധിപ്പിച്ചപ്പോ സ്നേഹത്തോടെ അയാളെ സ്വാഗതം ചെയ്തു..കൂട്ടിലുള്ള തന്റെ കൂട്ടുകാരിയെ സ്വയം പരിചയപ്പെടുത്തി അപൂർവമായ പഴവർഗങ്ങൾ അയാൾക്ക് കൊടുത്തു..ഒരു പക്ഷെ താൻ കഴിച്ചതിൽ ഏറ്റവും രുചിയുള്ള ഭക്ഷണമായിരിക്കാം അത്..  തേടി നടന്ന സ്വപ്നങ്ങളിൽ എന്നോ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരം ആയിരുന്നു അത്..
ഇന്നലെ സ്വപ്നത്തിൽ കേട്ട വണ്ടിയുടെ കാതടപ്പിക്കുന്ന ശബ്ദം തന്റെ ചെവികളെ വീണ്ടും വേട്ടയാടുന്നുണ്ടോ എന്ന സംശയം അയാളെ അലട്ടാൻ തുടങ്ങി..അതോ അങ്ങു ദൂരെ ഏതോ ശീതീകരിച്ച മുറിയിൽ നിന്ന് മരവിച്ച തലച്ചോറുകൾ എന്തൊക്കെയോ പിറുപിറുക്കുന്നതാണോ.. മരമപ്പൂപ്പന്റെ തണലിൽ അയാൾ അവിടെ മയങ്ങി.. എല്ലാ പേടിപ്പെടുത്തുന്ന ഒച്ചകളിൽ നിന്നും സ്നേഹത്തിന്റെ ആ മഹാ വൃക്ഷം അയാളെ വേർപ്പെടുത്തി കൊണ്ടിരുന്നു.. മനുഷ്യനെയും സ്വാര്‍ത്ഥതയെയും വേര്‍തിരിക്കുന്ന അപൂര്‍വമായ ജൈവിക പ്രക്രിയ അവിടെ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു .. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സ്വപ്നമായിരുന്നു അതെന്ന്‍അയാള്‍തിരിച്ചറിഞ്ഞു .. സ്വപ്നത്തിൽ നിന്ന് എഴുന്നേറ്റ അയാൾ കൂടുതൽ സന്തോഷവാനായിരുന്നു.. കടപ്പാടിന്റെ അടയാളമായി ആ വൃക്ഷത്തെയും കാക്കയെയും നോക്കി ഒന്നു ചിരിച്ചു.. വസ്ത്രങ്ങൾ ഓരോന്നായി മാറ്റി പൂർണ നഗ്നനായ അയാൾ എല്ലാ തരം ബന്ധനങ്ങളിൽ നിന്നും സ്വയം മോചിതനായി,  കാടിന്റെ പച്ചപ്പിലേക്ക് മെല്ലെ മെല്ലെ ഊർന്നിറങ്ങി..അറിയാത്ത ആഴങ്ങളിലേക്ക് ..  എവിടെ നിന്നോ ബുദ്ധൻ ചിരിച്ചു കൊണ്ടിരുന്നു.