Tuesday 24 December 2013

തെറ്റ്....

ആദ്യം തെറ്റ് പറ്റിയത്
എട്ടാം ക്ലാസിലെ കണക്കിലായിരുന്നു..
മലയാളം ക്ലാസിലെ വ്യാകരണങ്ങളില്‍
പിടിച്ചു നിന്നെന്നകിലും പിന്നെ പതറി...
പുഞ്ചിരിയിലൊളിപ്പിച്ച അവളുടെ
സൗഹൃദം പിന്നെ തോല്‍പ്പിച്ചു..
സൗഹൃദങ്ങള്‍ക്ക് വിലയിടാന്‍ തുടങ്ങിയപ്പോ
വിലയില്ലാതായിപ്പോയ എന്നെ 
കൂട്ടുകാര്‍ തോല്‍പ്പിച്ചു...
ചങ്ക് തുറന്നു പ്രണയം പ്രകടിപ്പിച്ച
അവളുടെ മുന്നില്‍ തോറ്റു പോയി..
പ്രണയം തലയ്ക്ക് കയറിയപ്പോ
അച്ഛന്‍റെയും അമ്മയുടെയും കണ്ണീര്
എന്നെ തോല്‍പ്പിച്ചു ...
ജാതിയും മതങ്ങളും ചോരയെടുക്കാന്‍
മത്സരിച്ചപ്പോ വിശ്വാസം തോല്‍പ്പിച്ചു..
നഷ്ടപ്പെട്ട സ്വപ്നങ്ങളില്‍ സ്വയം മുഴുകിയിരുന്നപ്പോ
നരകേറി തുടങ്ങിയ മുടിയിലിരുന്നു
കാലം തോല്‍പ്പിക്കാന്‍ തുടങ്ങി...
ഇന്ന് വഴി തിരിഞ്ഞു നോക്കിയപ്പോ
ആരുമില്ല...
വന്ന വഴിയും തോല്പ്പിച്ചിരിക്കുന്നു..
ഞാന്‍ തളരുന്നില്ല..
ഇനിയും മുന്നോട്ട് പോകാം...
തെറ്റായ വഴികള്‍ ഇനിയും ഉണ്ടാകുമല്ലോ...
അവിടെ ഉണ്ടാകുമായിരിക്കും ഒരു നാല്‍ക്കവല...
 

Sunday 1 December 2013

നമുക്ക് മുന്നോട്ട് പോകാന്‍ വേണ്ടത് വെളിച്ചമാണ്.. അത് വെളിച്ചം വാരി വിതറുന്ന ഡെക്കറേഷന്‍ ലൈറ്റുകളോ ട്യൂബ്ലൈറ്റുകളോ തരുന്ന വെളിച്ചമല്ല.. ഒരു മെഴുകുതിരി വെട്ടമോ കുറച്ചൂടെ സ്പെസിഫിക് ആയി പറഞ്ഞാല്‍ മിന്നാമിനുങ്ങിന്‍റെ ഇത്തിരി വെട്ടം തന്നെ ധാരാളം.. വെളിച്ചത്തിന്‍റെ വ്യാപ്തിയല്ല അത് തരുന്ന പ്രതീക്ഷ , അതാണ്‌ ഇരുട്ടിലും മുന്നോട്ടെക്ക് നയിക്കുന്നത്... നഷ്ടങ്ങള്‍ ഇരുട്ടായി കട്ടിയില്‍ പുതപ്പായി നമ്മുടെ മേല്‍ പതിയുമ്പോള്‍ ചിലര്‍ ജീവിതത്തിന്‍റെ രോഗക്കിടക്കിയില്‍ എന്നന്നേക്കുമായി കിടക്കുന്നു.. ആ കിടത്തത്തില്‍ ഒന്ന് അനങ്ങിയാല്‍ എല്ലാം തീര്‍ന്നേക്കാം എന്ന് കരുതി ചിലര്‍ അനങ്ങാതെ ഓരോ ദിവസങ്ങളും തള്ളിത്തീര്‍ക്കുന്നു.. ചിലര്‍ ഈ നഷ്ടത്തിന്‍റെ ഇരുട്ടിലും ദൂരെ മങ്ങിക്കാണുന്ന വെളിച്ചത്തിലേക്ക്‌ എത്തിപ്പെടാന്‍ നോക്കുന്നു . അതാണ്‌ ജീവിതം.. എന്തൊക്കെയോ എത്തിപ്പിടിക്കാനുള്ള പരക്കംപാച്ചില്‍.. ദൈവങ്ങള്‍ ഇപ്പോഴും എപ്പോഴും അമ്പലങ്ങളിലും ദേവാലയങ്ങളിലും സുഖമായി വസിക്കും ആര്‍ക്കെന്തു സംഭവിച്ചാലും... ഇനിയും എത്രകാലം കഴിഞ്ഞാലും അവര്‍ അവിടെ തന്നെയുണ്ടാകും..


മഴത്തുള്ളികള്‍

"ആരായി ജനിക്കണമെന്ന് തീരുമാനിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ ഞാൻ മഴത്തുള്ളികളായി മാറിയേനെ...എന്നാൽ എനിക്കെന്നും നിൻറെ ഒരു ശ്വസോച്ചാസത്തിന്റെ അകലത്തിൽ നിൽക്കാമായിരുന്നു. നീ കാണണമെന്ന് ആഗ്രഹിക്കുംബോഴൊക്കെ നേർത്ത ജനൽപാളികൾ നിനക്കായി കടംകൊള്ളാമായിരുന്നു , ചുംബിക്കാൻ തോന്നുംബോഴൊക്കെ ഒരു കുടയുടെ തടസ്സമില്ലാതെ നിന്നിലേക്ക്‌ നിറയാമായിരുന്നു . . . . "


അകലം

എനിക്കും നിനക്കുമിടയിലുള്ള അകലത്തെ
ഒരു പാലം ഒഴിച്ചു വച്ച് 
നീ അകന്നകന്നു പോകുന്നു..
ഇതൊരു ഫിക്ഷനാണ്,
ഇങ്ങനെയൊരു പാലമില്ല ശരിക്കും..
ഉണ്ടായിരുന്നത് ഒരു കടലായിരുന്നു...
ശാന്തതയും, പ്രക്ഷുബ്ധവും,
വേലിയേറ്റവും വേലിയിറക്കവും
വികാരപ്പെയ്ത്തും ,
എല്ലാം കോര്‍ത്തിണക്കിയ കടല്‍..
ദിനരാത്രങ്ങള്‍ നമ്മളതിലലിഞ്ഞു..
സ്വപ്ങ്ങള്‍ കൊണ്ട് തീര്‍ത്ത
വഞ്ചികള്‍ ജീവിതയാത്രയായി തുഴഞ്ഞു..
ഇന്ന് നീ കടലിനെ വെറും
ഉപ്പുവെള്ളമായും , അതിലെ വികാരത്തെ
നിശ്ചലമെന്നും ചുരുക്കി
ശാന്താതയുടെ മേല്‍ക്കുപ്പായമണിയിച്ച്
ഇല്ലാത്തൊരു പാലം ചൂണ്ടിക്കാട്ടി
ദൂരേക്ക്‌ നടന്നു പോകുന്നു..
ഇല്ല, ഞാന്‍ വരുന്നില്ല ആ പാതയിലൂടെ
ഞാനീ അലയൊലികള്‍ക്കുള്ളില്‍
തന്നെ ജീവിച്ചുകൊണ്ടിരിക്കാം...
മരിച്ചു കൊണ്ടിരിക്കാം..



ചുടുകാട്


ഇനി എനിക്കുറങ്ങണം...
ഓര്‍മയുടെ മുറിയാത്ത കെട്ടുകൊണ്ട്
സ്വയം വലിച്ചുമുറുക്കി
ഒരു തിരിച്ചുപോക്ക്..
യൗവനത്തിന്റെ പരുക്കന്‍
യാഥാര്‍ത്യങ്ങളില്‍ നിന്നൊരു
ഒളിച്ചോട്ടം...
സ്വപ്നമേ എന്നെ പിന്തുടരരുത്...
ചുടുകാട്ടില്‍ നീ സുഖമായി ഉറങ്ങിക്കൊള്ളുക...
ഞാന്‍ രക്ഷപ്പെട്ടുകൊള്ളട്ടെ...
ഒരുപാട് ദൂരം പിന്നിലേക്ക്‌
പോകാനുണ്ട് ...
നഷ്ടപ്പെട്ടുപോയ ബാല്യത്തിലേക്ക്‌
എനിക്ക് തിരിച്ചെത്തണം..
അവിടെ മഴക്കായി കാത്തുനില്‍ക്കുന്ന
കടലാസു തോണിക്ക് ജീവവായു
പകരണം...
വെളിച്ചം കാണാതെ ചെപ്പില്‍ ഒളിച്ചിരിക്കുന്ന
മഞ്ചാടിക്കുരുവിന്റെ നിറങ്ങള്‍
മറ്റാര്ക്കും നല്‍കാതെ സ്വന്തമാക്കണം..
ഇരുട്ടില്‍ എന്നെ തേടിവരുന്ന
മിന്നാമിനുങ്ങിനായി ജനാലകള്‍ തുറന്നു
കൊടുക്കണം...
രാത്രിയിലെ ആകാശപ്രണയം കണ്ണില്‍
ഒപ്പിയെടുക്കണം...
സ്വതന്ത്രമായി പറക്കുന്ന അപ്പൂപ്പന്‍ താടിയില്‍
എനിക്കെന്റെ മനസ്സ് അലിപ്പിച്ചു ചേര്‍ക്കണം...
ഇതിനിടയില്‍ കാണുന്ന നിഷ്കളങ്കതയ്ക്ക്
ഒരു നഷ്ടബോധത്തിന്റെ കയ്യൊപ്പ് നല്‍കണം....
അതില്‍ എനിക്ക് വീണ്ടും വീണ്ടും
സ്വയം നഷ്ടപ്പെടണം...
സ്വപ്നമേ എന്നെ പിന്തുടരരുത്,
ഞാന്‍ രക്ഷപ്പെട്ടുകൊള്ളട്ടെ...
നീ ചുടുകാട്ടില്‍ സുഖമായി ഉറങ്ങിക്കൊള്ളുക....
 — 

അവളും യാത്രയും....


മഴത്തുള്ളികള്‍ വീണു നനഞ്ഞിരുന്ന മണ്ണിന്‍റെ നനുത്ത ഗന്ധത്തിലൂടെ അവളുടെ ശ്വാസതാളത്തിനൊപ്പിച്ച്, കാറ്റിനൊത്ത്‌ നൃത്തം ചെയ്യുന്ന അവളുടെ മുടിയിഴകളിലേക്ക് കണ്ണ് പറിച്ചിട്ട്, അവളുടെ കാല്പാദങ്ങള്ക്ക് സമാന്തരമായി നടക്കുമ്പോഴായിരുന്നു അവളുടെ മുഖത്ത് ഒന്ന് തൊട്ടോട്ടെ എന്ന് ചോദിച്ചത്.. എല്ലാ തവണയും പോലെ പരാജയപ്പെട്ട ഒരു ചോദ്യം.. ഇല്ല എന്ന ഉത്തരം മുന്കൂട്ടി അറിഞ്ഞു കൊണ്ടുള്ള ചോദ്യങ്ങളായിരുന്നു എല്ലാമെങ്കിലും, എല്ലാത്തിനും ആഗ്രഹങ്ങളുടെ ഒരു തുറന്നു കാണിക്കലിന്‍റെ വെളിച്ചവും തെളിച്ചവും ഉണ്ടായിരുന്നു..ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്ക് അവള്‍ക്ക് എതിര്‍ക്കാന്‍ അവസരം എറിഞ്ഞു കൊടുത്തുകൊണ്ട് അല്ലെങ്കില്‍ അതായിരിക്കല്ലേ എന്ന് പ്രാര്ത്ഥിച്ചു കൊണ്ട് സ്വയം താഴ്ത്തികെട്ടും.. പ്രതീക്ഷകള്‍ക്ക് ഒരു പ്രശ്നമുണ്ട്, അത് നമ്മളെ വിചാരിക്കുന്നതിലും ആയിരം മടങ്ങ്‌ ദൂരം കൊണ്ട് ചെന്നെത്തിക്കും, അവളുടെ മനസ്സിലെ തന്റെ ആ സ്ഥാനത്തിന് അര്‍ഹിക്കുന്നതിനുമപ്പുറമായി പട്ടും വളയും കിരീടവും ചാര്ത്തും .. അവള്‍ എപ്പോഴും പക്വമതിയായിരുന്നു, അല്ലെങ്കില്‍ അങ്ങനെ ഭാവിച്ചു.. ചിരിച്ചു തള്ളിയ പലതിനും രണ്ടുപേരും രണ്ടുവിലകള്‍ കല്പ്പിച്ചു.. എന്നാലും ആ ചോദ്യം പരാജയപ്പെടാതെ മുനയൊടിയാത്ത അമ്പുപോലെ അവളുടെ ഹൃദയത്തില്‍ നിന്നും ഒരു തുള്ളി രക്തം ചിന്തിയെടുക്കാനായി ഉത്തരത്തിനായി അവളുടെ മനസ്സിനു ചുറ്റും വട്ടം കറങ്ങി... സമയം കുറേക്കഴിഞ്ഞെങ്കിലും വഴിത്താരയുടെ അവസാനത്തില്‍ മുഖത്ത് തൊട്ടോ എന്ന് അവള്‍ പറഞ്ഞു.. അഞ്ചു വിരലുകളിലുമായി ആ മുഖം ഒപ്പിയെടുത്തു, മനസ്സിലും എന്നന്നേക്കുമായി പകര്ത്തി .. അവള്‍ നടന്നകന്നപ്പോള്‍ അവള്‍ കാണാതെ ആ വിരലുകള്‍ ചുണ്ടോടു ചേര്‍ത്തു .. അതിനു മാന്ത്രിക ചിറകുകള്‍ കൈവന്ന പോലെ തോന്നി.. പേനയുടെ തുമ്പിനു ചുറ്റുമായി വിരലുകള്‍ കവിതയായി അവളിലെക്കൊഴുകി..അവള്‍ തിരിച്ചു ഒരു കടലായി വിരല്ത്തു മ്പിലേക്കും, പേനയിലേക്കും, മഷിയിലേക്കും, കടലാസിലേക്കും ഒഴുകിക്കൊണ്ടിരുന്നു, ജീവനില്ലാത്ത എല്ലാത്തിനും അവള്‍ അമൃതം തളിച്ചുകൊണ്ടിരിന്നു.. ഓര്മകളുടെ നിലയ്ക്കാത്ത പ്രവാഹത്തിനു തുടക്കമിട്ട ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രയുടെ തുടക്കമായിരുന്നു അത്... പരിമിതികള്‍ക്കുള്ളിലെ പ്രണയത്തിന്റെ അനശ്വരതയും , അതിന്റെം ആഴവും പരപ്പും തേടിയുള്ള യാത്ര.. നിഷ്കളങ്കതയാണോ അല്ല മുഖത്ത് ഒളിച്ചുനില്‍ക്കുന്ന കള്ളലക്ഷണമാണോ യാഥാര്ത്ഥ്യം എന്ന് അവസാന വിധിയെഴുതാനുള്ള അവളുടെ അവസരമായി ആ യാത്ര ഇന്നും തുടരുന്നു... പിടിച്ചു കെട്ടാനാകാത്ത മനസ്സ് അവളെയും പിന്തുടര്‍ന്ന് ‍ കൊണ്ടിരിക്കുന്നു.... 

ജീവിതവും തുലനവും...

കുറെ യാത്രകള്‍ ഓരോ കൈവഴികളായി തിരിഞ്ഞ് ഒന്നിച്ചു ചേര്‍ന്നൊഴുകുന്ന ഒരു പുഴ പോലെയാണ് ജീവിതം... അതില്‍ സന്തോഷമുണ്ട് , അതിനു പൂരകമായി കണ്ണീരുമുണ്ട്.. ഭാവിയുടെ അനിശ്ചിതത്വത്തേക്കാള്‍ എനിക്കിഷ്ടം വര്‍ത്തമാനത്തിലും ഓര്‍മ്മകള്‍ പൂത്തു നില്‍ക്കുന്ന ഭൂതകാലത്തിന്‍റെ വസന്തത്തിലുമാണ്.. ഇന്നലെകളില്‍ നിന്ന് ഇന്നിലേക്കുള്ള മനസ്സിന്‍റെ പറിച്ചു നടലും അതിലേക്കുള്ള ലയിച്ചു ചേരലുമാണ് ഏറ്റവും കടുപ്പം...ബാന്ഗ്ലൂരില്‍ ആയിരുന്നപ്പോ ഇത് വരെ സംസാരിക്കാതിരുന്ന ആളോട് കൂടി അറ്റാച്ച്മെന്റ് തോന്നിയിരുന്നു.. അതുകൊണ്ട് തന്നെ അവിടെ നിന്നുള്ള മാറ്റം മനസ്സിനെ നീണ്ട ചുഴിയിലെക്ക് തള്ളിയിടുമെന്നു തോന്നിപ്പിച്ചെങ്കിലും ഒരേ പോലെ ചിന്തിക്കുന്ന സൗഹൃദത്തിന്‍റെ ഊഷ്മളത വീണ്ടും സഹായത്തിനെത്തി.. പുതിയ സ്ഥലവും , ചുറ്റുപാടും , ആള്‍ക്കാരും അതു സൃഷ്ടിക്കുന്ന ഊര്‍ജവും മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ചലനാത്മകമായ അന്തരീക്ഷം ഉണ്ടാക്കി തന്നു.. പക്ഷെ ആസ്വദിക്കുന്ന ഓരോ നിമിഷവും തരുന്ന മനസ്സിന്‍റെ സന്തോഷാവസ്ഥ അതു പോലെ തന്നെ പറയാതെ പറഞ്ഞു പോകുന്ന വിഷമത്തിന്റെ ഭൂതാവസ്ഥയുണ്ട്, അതു നാളെ തിരിച്ചെടുക്കാന്‍ പറ്റാത്ത പ്രപഞ്ചസത്യത്തിന്‍റെ തിരിച്ചറിവിന്‍റെ നനവായിരിക്കണം.. ഇന്നലെകളെ കൂട്ടുപിടിച്ച്, ഓര്‍മകളെ പൊടി പിടിക്കാത്ത കൂട്ടിലടച്ച് മഴയിലും വെയിലിലും നെഞ്ചോടുചേര്‍ത്ത് ഇടയ്ക്കിടെ മാറുന്ന മനസ്സിന്‍റെ തുലനാവസ്ഥയില്‍ ഇനിയും യാത്ര തുടരുന്നു.. .

മാസ്മരികമായ പ്രണയം മേഘങ്ങളുടെതാണ്..

മാസ്മരികമായ പ്രണയം മേഘങ്ങളുടെതാണ്.. അതെപ്പോഴും ഓരോ തലങ്ങൾ കൊണ്ട് വിസ്മയിപ്പിക്കും .. തൊട്ടടുത്ത്‌ നില്ക്കുന്ന മേഘങ്ങളുടെ പ്രണയ സാക്ഷാത്ക്കാരത്തിനു വേണ്ടി ആകാശം തെളിഞ്ഞു നില്ക്കും, ഒരു നല്ല ചായഗ്രാഹകന്റെ വേഷത്തിൽ സൂര്യൻ തന്റെ കരവിരുത് പ്രകടിപ്പിക്കുമ്പോ മേഘങ്ങളുടെ പ്രണയത്തിനു ഭൂമിയിൽ ഒരായിരം സാക്ഷികളുണ്ടാകും ... വികാരം അതിന്റെ ഉയര്ന്ന തലത്തിലെത്തുമ്പോൾ അവര്ക്ക് മാത്രമായി ആകാശം തെളിഞ്ഞ വേഷത്തിൽ നിന്ന് പിൻവാങ്ങും , സൂര്യനും അവര്ക്കായി അരങ്ങൊഴിയും, പ്രണയകുളിര്മ മഴയായി ഭൂമിയിലേക്ക്‌ പെയ്തിറങ്ങും ... 

വിശ്വാസി ..




പ്രണയത്തെ നന്നായി ഉരുട്ടിക്കുഴച്ച്
വലിയ ബലിപിണ്ഡമാക്കി
മഴ പൊടിഞ്ഞു നനഞ്ഞ
ആ കടല്‍ക്കരയില്‍ മുട്ടുകുത്തി
എള്ളും , മോതിരവിരലില്‍
ദര്‍ഭപ്പുല്ലും തിരുകി അവസാന
കര്‍മവും ചെയ്യുമ്പോ ഓര്‍ത്തിരുന്നില്ല
നഷ്ടപ്പെട്ട ആത്മാവിനു
ശാന്തി കിട്ടുമോ എന്ന്..
നനഞ്ഞ കൈകളില്‍ കൊട്ടി വിളിച്ച ശബ്ദത്തില്‍ 
ആയിരം ബലിക്കാക്കകള്‍
ഓടിയെത്തി , വിശപ്പടക്കി...
അപ്പോഴാ ഓര്‍ത്തത്‌ പ്രണയം
വിശ്വാസിയായിരുന്നോ ?
അതിനു മരണമുണ്ടോ ?
അതിനു ആത്മശാന്തിയുണ്ടോ ?
അതിനു പുനര്‍ജന്മമുണ്ടോ ?
അമ്പലനടയില്‍ നിന്ന് അന്ന്
തിരിഞ്ഞു നടന്നപ്പോള്‍
ഞാനും അവളും പ്രണയവും
വിശ്വാസിയായിരുന്നിലല്ലോ ...
മോതിരവിരലില്‍ നിന്ന്
ദര്‍ഭപ്പുല്ല് സ്വയം ഊര്‍ന്നു വീണു...