Sunday 28 July 2013

ജുവനൈല്‍ ഹോം ..

ജുവനൈല്‍ ഹോം .. ദുര്‍ഗുണ പരിഹാര പാഠശാല പോലും. .. ഇതിന്‍റെ പേര് മാറ്റാന്‍ സമയമായി.. ദുര്‍ഗുണ പരിശീലന ശാല അതായിരിക്കും നല്ലത്..വളര്‍ന്നു തുടങ്ങുന്ന പ്രായത്തിലായിരുന്നു അവനവിടെ എത്തിച്ചേര്‍ന്നത്.. ആരോ ചെയ്ത കുറ്റം അവന്‍റെ തലയിലായി.. സാഹചര്യ തെളിവുകളും എതിരായി.. നിരപരാധിത്വം തെളിയിക്കാന്‍ അവനും കൂടെ വന്ന അച്ഛനും അമ്മയ്ക്കും കഴിഞ്ഞില്ല.. പ്രായത്തിന്‍റെ ഇളവില്‍ ജയിലിനു പകരം അവനെ കാത്തു നിന്നത് ജുവനൈല്‍ ഹോം.. കുറ്റവാളികളുടെ ലോകത്തിലേക്കുള്ള വാതായനങ്ങള്‍ അവനു വേണ്ടി മലര്‍ക്കെ തുറന്നു..അതൊരു മാറ്റമായിരുന്നു.. ബാല്യത്തിന്‍റെ നിഷ്കളങ്കതയില്‍ നിന്ന് കപടത നിറഞ്ഞ മറ്റൊരു ആകാശ ത്തിലേക്കുള്ള പറക്കല്‍ .. ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ അച്ഛനും അമ്മയും സ്ഥിരമായി കാണാന്‍ വന്നു.. പിന്നെ അത് കുറഞ്ഞു കുറഞ്ഞു വന്നു,പതിയെ പതിയെ അതില്ലാതായി.. സ്നേഹത്തിന്‍റെ മഴ അവിടെ നിലച്ചു.. പിന്നെ സ്വപ്നങ്ങളുടെ വരള്‍ച്ചയിലായിരുന്നു അവന്‍ .. തെറ്റ്‌ ചെയ്തവര്‍ക്കും ചെയ്ത തെറ്റ് തിരിച്ചറിയാത്തവര്‍ക്കും ജുവനൈല്‍ ഹോം കുറ്റകൃത്യങ്ങളുടെ ഒരു പരിശീലന കളരിയായിരുന്നു.. കൂടുതല്‍ കൂടുതല്‍ തെറ്റുകളിലേക്ക് ഒരു അടിത്തറ പാകുന്നതില്‍ മിക്ക ജുവനൈല്‍ ഹോം പോലെ അതും വിജയിച്ചു.. അവനും ആ പ്രവാഹത്തില്‍ അലിഞ്ഞു ചേര്‍ന്നു.. ആദ്യമൊക്കെ അവന്‍ മാറി നിന്ന് വീക്ഷിച്ച ലോകമായിരുന്നു അതെങ്കില്‍
പിന്നെ അതായി മാറി അവന്‍റെ ലോകം.. പ്രായപൂര്‍ത്തി ആയപ്പോള്‍ അവന്‍ പുറത്തിറങ്ങിയെങ്കിലും പഠിച്ച വിദ്യയൊക്കെ പ്രയോഗിച്ചു അവനും സാമാന്യം 'നല്ല നിലയിലെത്തി' .. പോക്കറ്റടിയും,മോഷണവും , മദ്യവും ,മയക്കുമരുന്നും അവന്‍റെ ലഹരികളായി മാറി.. ഒരു ദിവസം തിരക്കുള്ള ബസ്സില്‍ നിന്ന് പോക്കറ്റടിച്ച പേഴ്സുമായി പുറത്തിറങ്ങിയ അവന്‍ അത് തുറന്നു നോക്കി.. പതിനായിരം രൂപ..കണ്ണില്‍ പൂത്തിരി കത്തി. പേഴ്സില്‍ തിരുകി വച്ച ഒരു ഫോട്ടോ അവന്‍റെ കണ്ണില്‍ പെട്ടു.. തുറന്നു നോക്കിയപ്പോ അവന്‍ കണ്ടു മറന്ന രണ്ടു മുഖങ്ങള്‍ .. അച്ഛനും അമ്മയും പിന്നെ കൂടെ രണ്ടു കുട്ടികളും.. അതില്‍ നഷ്ടപ്പെട്ടു പോയ അവന്‍റെ ബാല്യവും കൗമാരവും അവന്‍ കണ്ടു.. നഷ്ടപ്പെട്ടവയെ ഓര്‍ത്ത്‌ അവന്‍ കരഞ്ഞില്ല.. അതിനെക്കാളും അപ്പോഴവനെ സ്വാധീനിച്ചത് ആദ്യം കണ്ട പതിനായിരം രൂപ ആയിരുന്നു.. പൈസ കയ്യില്‍ എടുത്ത്‌ ഫോട്ടോ പേഴ്സില്‍ തിരുകി വഴിയരികിലേക്ക് വലിച്ചെറിഞ്ഞ് അവന്‍ മുന്നോട്ട് നടന്നു.. ജുവനൈല്‍ ഹോം അവനെ തിരിച്ചു വരാനാകാത്ത വിധം താഴേക്ക്‌ പൊയ്ക്കൊണ്ടിരുന്ന ചതുപ്പിലെക്ക് തള്ളിയിട്ടിരുന്നു..ആ പൈസ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ പറ്റി മാത്രമായായിരുന്നു അപ്പോഴും അവന്‍ ചിന്തിച്ചിരുന്നത്.. 

No comments:

Post a Comment