Sunday 28 July 2013

അവള്‍ക്ക് വേണ്ടി ...

കണ്ട് കണ്ട് അവനു അവളെ ഭയങ്കര പരിചയമായിരുന്നു.. അവന് അവളോടുള്ള ഇഷ്ടവും അവളെപ്പറ്റി വാതോരാതെ സംസാരിക്കുന്നതുമൊക്കെ കണ്ടാല്‍ തോന്നും അവന്റെക അമ്മാവന്റെ. മോളാ, ഒരുമിച്ച് കളിച്ചു വളര്ന്നസതാ എന്നൊക്കെ.. പക്ഷെ എന്ത് കാര്യം അവള്‍ അവനോട് സംസാരിക്കാന്‍ അതും പോട്ടെ ഒന്ന് ചിരിക്കാന്‍ പോലും കൂട്ടാക്കിയില്ല ... ജീവിത സാഹചര്യങ്ങളുടെ സമ്മര്ദ്ദത്തില്‍ അവനു അവിടം വിടേണ്ടി വന്നു..
പക്ഷെ അവിടെന്നു തിരിച്ചു പോകുമ്പോള്‍ അറിയാതെ പൂവില്‍ പൊതിഞ്ഞ ഒരു ഹൃദയവും എടുത്തു കൊണ്ട് പോയി.. ഹൃദയം പോയത് അവള്‍ ഒരിക്കലും അറിഞ്ഞു കാണില്ല.. നാട്ടിലെത്തി അവളെ വിളിക്കാനും കാണാനും ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യസ്ഥാനത്തെത്തിയില്ല... ഇന്നത്തെ പോലെ ഫേസ്ബുക്ക് അന്നുണ്ടായിരുന്നില്ല ഫ്രണ്ടാക്കാനും റിക്വസ്റ്റ് അയക്കാനും.. പക്ഷെ ഉണ്ടെങ്കിലും കാര്യമുണ്ടാകുമായിരുന്നില്ല , ഇതു വരെ നേരിട്ട് സംസാരിക്കാത്ത , ചിരിക്കാത്ത ഒരാളെ അവളങ്ങനെ സ്വീകരിക്കാനും സാധ്യതയില്ല...ഒരിക്കല്‍ പോലും തന്നോട് അടുപ്പം കാണിക്കാത്തവളെ ഓര്ത്തുി കരഞ്ഞു കൊണ്ടിരുന്ന അവന്റൊ ഭ്രാന്ത്‌ കണ്ടു കൂട്ടുകാരും വിലപിച്ചു.. കാലം കൊഴിഞ്ഞു കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.. പിന്നെ നടന്നതും കുറെ പാഴ് ശ്രമങ്ങളായിരുന്നു...വീട്ടില്‍ കല്യാണത്തിന്റെ നിര്ബതന്ധം വന്നപ്പോള്‍ അവളുടെ അതേ പേരുള്ള ഒരാളെ നോക്കി നടന്നു .. ഇല്ല, കിട്ടിയില്ല.. അവസാനം വീട്ടുകാര്‍ കണ്ടു പിടിച്ച ആളില്‍ അവളെ പ്രതിഷ്ഠിക്കാന്‍ നോക്കി.. അതും നടന്നില്ല.. ചുറ്റും കാലം ഓടി തളര്ന്നു കൊണ്ടിരുന്നപ്പോ അവനു കാഴ്ചക്കാരനായി നോക്കി നില്ക്കാനെ കഴിഞ്ഞുള്ളൂ... കുട്ടികള്ക്ക് ‌ അവളുടെ പേരിടാന്‍ നോക്കിയതും പരാജയപ്പെട്ടു.. പിന്നെ അവളുടെ ഓര്മകകളില്‍ കണ്ണീരും വിയര്‍പ്പും കൂട്ടികലര്‍ത്തി അവളുടെ പേരില്‍ എഴുതിയ കഥ സിനിമയാക്കാനുള്ള നെട്ടോട്ടമായിരുന്നു... എല്ലാവരും അംഗീകരിച്ച ആ ഉദ്യമത്തെ കൂടെ ഉണ്ടായിരുന്നവര്‍ ഒറ്റിയപ്പോ , വേറെ പേരില്‍ എഡിറ്റ്‌ ചെയ്തു കഥയില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കിയപ്പൊ തകര്ന്ന ത്‌ അയാള്‍ മാത്രമായിരുന്നു... കാലങ്ങളായി വെള്ളമൊഴിച്ച് നട്ടു വളര്ത്തിയ തന്റെ് സ്വപ്നങ്ങളും പ്രതീക്ഷകളും ഉരുകി ഒലിച്ചു പോകുന്നതിനു അയാള്‍ സാക്ഷിയായി.. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് തനിച്ചായി പോയ അയാളുടെ ബാക്കിയുള്ള ജീവിതം ഒരേകാന്ത തടവറയിലായിരുന്നു .. അയാളുടെ ജീവിത സാഫല്യമാണോ അല്ല പ്രണയ സമ്മാനമാണോ എന്നറിയില്ല... രണ്ടു പേരും മരിച്ചത് ഒരേ ദിവസമായിരുന്നു... മണ്ണില്‍ നിന്ന് അവസാനത്തെ കണികയും വിട്ടു പോകുമ്പോള്‍ അയാള്‍ പോയി കാണും അവള്‍ക്ക് കൂട്ടായി, അവള്‍ക്കു വെളിച്ചമായി... അന്നെങ്കിലും ഓര്‍മയുടെ ഏതോ യാമങ്ങള്‍ അയാള്‍ക്ക് ‌ വേണ്ടി തുറന്നു അവള്‍ ചിരിക്കും... അവനു വേണ്ടി മാത്രമായി....

ഓഫീസിലെ അവസാനത്തെ ദിവസം...

രാവിലെ ഏഴു മണിക്ക് തന്നെ എണീറ്റു .. ഓഫീസിന്‍റെ ട്രാന്‍സ്പോര്‍ട്ട് പാസ്സ് ഇല്ലെങ്കിലും ഇന്ന് രണ്ടു നേരവും കാബില്‍ തന്നെ പോകാമെന്ന് കരുതി.. 8.30 ക്ക് തന്നെ ഓഫീസില്‍ എത്തി.. അവിടുത്തെ സെക്യൂരിറ്റിക്ക് തന്നെ കാണുമ്പോ ഒരു ഞെട്ടല്‍ .. അവരെ കുറ്റം പറയാന്‍ പറ്റില്ല, കാരണം ഓഫീസിലെ ആദ്യത്തെ ദിവസവും പിന്നെ ഒരു ബന്ദ് ഉള്ള ദിവസവും മാത്രമേ ഞാന്‍ ഇത്ര നേരത്തെ എത്തിയിട്ടുള്ളൂ.. ചേതന്‍ ഉറങ്ങുന്നതും ഉണരുന്നതും ഓഫീസില്‍ തന്നെ ആയത് കൊണ്ട് ഇത്ര നേരത്തെ അവനെ കണ്ടതില്‍ അതിശയമൊന്നും തോന്നിയില്ല... പതിവ് പോലെ ക്രിക്കറ്റ് കാര്യമൊക്കെ പറഞ്ഞു കൊണ്ടിരുന്നു.. പെട്ടെന്ന് തന്നെ പോയി എല്ലാര്‍ക്കും പോകുകയാ എന്ന് പറഞ്ഞു മെയില്‍ അയച്ചു.. അപ്പോഴേക്കും ആന്‍റണി വന്നു 2nd ഫ്ലോറിലെ കഫറ്റീരിയയില്‍ പോയി ചായ കുടിച്ചു..ജിത്തു,ജഷ്ന,സുനിത,ചേതനും വന്നു.. രാവിലെ തന്നെയായത് കൊണ്ട് വേറെ ആരും ഉണ്ടായില്ല... കുറെ തമാശയാക്കലും കളിയാക്കലും കമന്റടിയും ഒക്കെ കഴിഞ്ഞു പുറത്ത്‌ കുമാര്‍ ഷോപ്പിലേക്ക് സ്ഥിരം ഭക്ഷണമായ 2ഇഡ്ഡലിയും 1 വടയും കഴിക്കാന്‍ പോയി.. പതിവ് പോലെ വീട്ടിലെ പണിയൊക്കെ കഴിഞ്ഞ് അനൂബ്‌ വരാന്‍ പതിനൊന്നു കഴിഞ്ഞു.. തിരക്കുണ്ടായിട്ടും ഞാന്‍ പോകുന്ന ദിവസമായത് കൊണ്ട് മാത്രമാ അനൂബും ,അതുപോലെ നൈറ്റ്‌ ഷിഫ്റ്റ്‌ ആയിട്ടും എനിക്ക് വേണ്ടി മാത്രമാ ആന്‍റണിയും വന്നതെന്നറിയാം.. നന്ദിയൊക്കെ പറഞ്ഞാല്‍ ഭയങ്കര ഫോര്‍മലായി പോകില്ലേ... അതോണ്ട് പറയുന്നില്ല.. നാട്ടില്‍ നിന്ന് അനു വന്നപ്പോ ഞാന്‍ വിചാരിച്ചു എന്തെങ്കിലും സ്പെഷ്യലായി കൊണ്ട് വന്നിട്ടുണ്ടാകുമെന്നു ... എവിടെ ഒന്നുമില്ല.. എന്നാലും മലയാളിയായ ആ H.R. നു എന്തെങ്കിലും കൊണ്ട് വന്ന് കൊടുത്തോ എന്ന് സംശയമുണ്ട് .. വീണ്ടും 2nd ഫ്ലോറില്‍ പോയി ചായ കുടിക്കാന്‍ തോന്നി.. അനുഷയെ വിളിച്ചപ്പോ അവള്‍ക്കു ഒടുക്കത്തെ പണി.. അവളുടെ ഭാവം കണ്ടാ തോന്നും ചേതന്‍റെ പണി കൂടി അവളാ ചെയ്യുന്നതെന്ന്.. നടക്കട്ടെ നടക്കട്ടെ.. ഉച്ചയ്ക്ക് എല്ലാരും കൂടി പുറത്തേക്കു കഴിക്കാന്‍ പോയി.. 2nd,9th ഫ്ലോറില്‍ പോകാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ മടിച്ചു.. പിന്നെ എല്ലാരുടെയും കൂടെയല്ലേ, ഇനി ഇങ്ങനെ ചാന്‍സ്‌ കിട്ടുന്നത് കുറവല്ലേ എന്ന് കരുതി പോയി.. വയറു നിറയെ കഴിച്ചു അവിടെ നിന്നിറങ്ങി.. വിവേകിന്‍റെ ഉദാരമനസ്സിനു സ്തുതി.. 100 രൂപയൊക്കെ ടിപ്പ് കൊടുക്കാന്‍ നിനക്കെങ്ങനെ തോന്നി..നിന്നെ കണ്ടാല്‍ ഇങ്ങനെയൊന്നും പറയില്ല.. അവിടെ നിന്ന് ഇറങ്ങുമ്പോഴും മനസ്സ് 2nd ഫ്ലോറില്‍ ആയിരുന്നു..എന്തായാലും അവിടെ എത്തിയ ടൈമിംഗ് കറക്റ്റ്‌ ആയിരുന്നു.. വേറെ ആരെ കണ്ടില്ലെങ്കിലും ഒരാളെ കാണണമെന്നുണ്ടായിരുന്നു.. അത് നടന്നു.. കളിയാക്കിയാണെങ്കിലും ചിരിച്ചല്ലോ അത് മതി, എന്നും ഓര്‍ക്കാന്‍ .. പ്രിയങ്ക ചോദിച്ച ചോദ്യത്തിനുള്ള ("ഇത്ര കറക്ടായി ട്രീറ്റുംകഴിഞ്ഞു എങ്ങനെ ഇവിടെയെത്തി") ഉത്തരം- "ചിലത് നമ്മുടെ മനസ്സാഗ്രഹിച്ചാല്‍, അതിന്‍റെ നിഷ്കളങ്കത അതിനെ ലക്ഷ്യ സ്ഥാനത്തെത്തിക്കും എന്ത് തടസ്സമുണ്ടായാലും... പിന്നെ സമയം പോയതൊക്കെ പെട്ടെന്നായിരുന്നു.. വൈകുന്നേരത്തെ ചായക്ക് ഓഫീസിലെ അവസാന വട്ട ചായക്ക്‌ എല്ലാരും എത്തി.. ചായക്ക് പ്രത്യേക രുചി പോലെ തോന്നി... പതിവ് പോലെ ജഷ്ന ഷീമാമി,പ്രദീപ് മാമന്‍ , ശ്രുതി ഇവരെ പറ്റി സംസാരിച്ചു തുടങ്ങി..ജഷ്ന കോളേജിലെ ലാസ്റ്റ്‌ ഡേ പോലെ തോന്നുന്നു എന്ന് പറഞ്ഞതൊക്കെ ശരിക്കും ഫീലായി.. എനിക്കും അതു പോലെ തോന്നി.. മൂപ്പന്മാര്‍ പുറത്തു പോയത് കൊണ്ടാണെന്ന് തോന്നുന്നു ജിത്തുവും എത്തി.. എന്നാലും നിന്‍റെ കപ്പ് അടിച്ചുമാറ്റിയ ആള്‍ക്ക് ഒരു പണി കൊടുത്തില്ലല്ലോടാ.. ആന്‍റണി ഇനി നിനക്ക് തോന്നുമ്പോഴൊക്കെ ചായ കുടിക്കാന്‍ വിളിക്കുമ്പോ ഞാനില്ലെങ്കില്‍ വേരെയാരാടാ വരിക.. ബാല്‍ താക്കറെ മരിച്ചപ്പോ അടിപിടി കൂടിയ ശേഷം പിന്നെ നമ്മള്‍ ഉടക്കിയില്ലല്ലോ അല്ലെ സുനിത, ഇനിയിപ്പോ ചിക്കന്‍ ഒക്കെ ആരുമായി ഷെയര്‍ ചെയ്യും നീ ??... അനൂബെ നമ്മളും കുറെയായല്ലോ C.P.M നെ പറ്റി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിട്ട്.. ഇനിയും എന്തെങ്കിലും തോന്നുമ്പോ നമുക്ക്‌ എഫ്.ബി.യി ലൂടെ കൊമ്പു കോര്‍ക്കാം.. കണ്ണൂരുകാരോക്കെ ഭയങ്കര നിഷ്കളങ്കരാണെന്നു ഇപ്പൊ കുറച്ചൊക്കെ മനസ്സിലായില്ലേ... എല്ലാം കഴിഞ്ഞു പോകാറായപ്പോഴാ അനുവിന് കണ്ണൂര്‍ ഭാഷ പഠിക്കണമെന്നാഗ്രഹം... സാരമില്ല അനു, ബാക്കി ജഷ്ന പഠിപ്പിച്ചു തരും ട്ടോ.. ആദ്യം വിട പറഞ്ഞത് അനൂബോടായിരുന്നു... 5 മണിക്ക് അനൂബ്‌ തിരിച്ചു പോയി.. പക്ഷെ നമ്മള്‍ എന്നാലും ഇടക്ക് കൊച്ചിയില്‍ നിന്നെല്ലാം കാണുമല്ലേ... കാണണം.. ഫ്രണ്ടിന്റെ ബര്‍ത്ത്ഡേ കേക്കിനറെ ഒരു ഭാഗം അനുഷ എനിക്കും ആന്റണിക്കും വേണ്ടി കൊണ്ട് തന്നു.. അനുഷ ആഗസ്റ്റ്‌ 14 nte ബര്‍ത്ത്ഡേ മറക്കണ്ട... C.G.I. യിലെ അനുഭവത്തില്‍ നമ്മളുടെ Predictibility കൂടി അല്ലേ ആന്‍റണി?? പറഞ്ഞ ഒരു വിധം കാര്യങ്ങളൊക്കെ ശരിയായില്ലേ? 6 മണിക്ക് പുറത്തിറങ്ങുമ്പോ സമീറും ഉണ്ടായിരുന്നു .. നോര്‍ത്തിലെ ആള്‍ക്കാരെ പറ്റിയുണ്ടായിരുന്ന മുന്‍ധാരണ മാറ്റിയത്‌ സുനിതയായിരുന്നു.. എന്നെപോലെ തന്നെ ഒരു വികാരജീവി.. അവള്‍ കരഞ്ഞോ അറിയില്ല..ചേതന്‍,അനു,സുനിത,ജഷ്ന,സമീര്‍ എല്ലാരോടും ബൈ പറഞ്ഞു കാബില്‍ കേറി .. അതിനു മുന്‍പേ ഒരു തവണ കൂടി ഒരു മുഖവും കണ്ണുകളും പരതി നോക്കി..പക്ഷെ കണ്ടില്ല.. കൂടെ ജിത്തുവും,ആന്‍റണി യും , പ്രിയങ്കയും,അനുഷയും ഉണ്ടായിരുന്നു കാബില്‍ .. നിങ്ങള്‍ പോറിയിട്ട സൗഹൃദം എന്ന് മായാതെ എന്നില്‍ കിടക്കും മഴയും വേനലും ഏല്‍ക്കാതെ .. മടിവാളയില്‍ ഇറങ്ങുമ്പോഴാ ജിത്തുവും വരുന്നുണ്ടെന്ന് പറഞ്ഞത് , കൂടെ ആന്‍റണിയും അനുഷയും ഇറങ്ങി,കുറച്ചു ദൂരെയെത്തിയെങ്കിലും പ്രിയങ്കയും വന്നു.. ട്രീറ്റ്‌ ഒന്നും കൊടുക്കാന്‍ പറ്റിയില്ലെങ്കിലും തല്‍ക്കാലം എന്‍റെ വക ഒരു പഴംപൊരി കൊടുത്തു എല്ലാര്ക്കും..  .. ഏഴര വരെ അനുഷയും,പ്രിയങ്കയും കൂടെ നിന്നു.. വളരെ കുറച്ചു ദിവസങ്ങളെ ആയുള്ളൂ പരിചയപ്പെട്ടിട്ടെങ്കിലും നല്ലോണം തുറന്നു പറഞ്ഞ ഒരു സൗഹൃദമായിരുന്നു അവരുമായുള്ളത്‌ .. അനുഷേ , നീ ആന്റണിക്ക്‌ മലയാളം വായിച്ചു കൊടുക്കണേ അവന്‍ ചോദിക്കുമ്പോഴൊക്കെ.. പ്രിയങ്ക, അനുഷ-ചേതന്‍ കാര്യം നീയും നോക്കണേ... ജിതിന്‍ ഭായിയോടും ,ജെ.കെ.യോടും കല്പക പി.ജി. യോടും വിട പറഞ്ഞു ബസ്സില്‍ കേറി ജിത്തുവോടും ആന്‍റണിയോടും യാത്ര പറഞ്ഞു പോകുമ്പോ വീണ്ടും വീണ്ടും ഓര്‍മകളിലേക്കും ഇന്നലെകളിലെക്കും ഓരോരോ മുഖങ്ങളിലേക്കും അലിഞ്ഞലിഞ്ഞ് തീരാന്‍ മാത്രമേ തോന്നിയുള്ളൂ.. ബാന്ഗ്ലൂര്‍ ഇത്രയും മനോഹരമായിരുന്നെന്നു ഇപ്പൊഴാ തോന്നുന്നത്.. ശരിക്കും മിസ്സ്‌ ചെയ്യുന്നു എല്ലാം..

ഇന്നും ആ കണ്ണുകള്‍ കാണുമ്പോള്‍ ...

ഇന്നും ആ കണ്ണുകള്‍ കാണുമ്പോള്‍ വല്ലാത്തൊരു അടുപ്പം തോന്നുന്നു.. കാത്തു കാത്തിരുന്ന നിമിഷങ്ങളില്‍ അറിയാതെയെങ്കിലും നീ തന്നിരുന്ന നോട്ടത്തിന്റെര പിറകിലായിരുന്നു ഞാന്‍ പണിതു വച്ച സ്വര്ഗ്ഗനവും കിരീടവും ചെങ്കോലും.. നിനക്കായി മാറ്റിവച്ച ആറാം ഇന്ദ്രിയത്തില്‍ എന്റെര സ്വപ്നങ്ങള്‍ ഇന്നും തുടിച്ചു കൊണ്ടിരിക്കുന്നു.. പക്ഷെ നിന്റെ സ്ഥായിയായ ആ ഒരു വിഷാദ ഭാവത്തില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല.. കൂട്ടുകാരോട് പരിചയം പുതുക്കാന്‍ വല്ലപ്പോഴും ചിരിക്കുന്നതല്ലാതെ നിന്റെക വിവാഹത്തിനു പോലും കീഴടക്കാനാകാത്ത ആ സങ്കടപ്പെരുമഴയില്‍ ഞാനും അറിയാതെ നനഞ്ഞു പോയിട്ടുണ്ട് .. നിന്റെക മനസ്സിന്റെെ ഉള്ളറകളിലേക്ക്‌ വരാന്‍ എനിക്കൊരിക്കലും ഇനി കഴിയില്ല.. ആദ്യ കടമ്പയായ മൗനത്തെ പോലും മറികടക്കാന്‍ ഞാന്‍ നിസ്സഹായനായി തീര്ന്നു .. ഇനി നിന്നെ കണ്ടുമുട്ടിയാലും രണ്ടോ മൂന്നോ നാള്‍ .. അതും അവിചാരിതമായി കണ്ടാല്‍ മാത്രം.. എങ്കിലും എന്നുമോര്ക്കുംി ആ കണ്ണുകളും കണ്ണിലേക്ക്‌ വീഴാന്‍ എന്നും കൊതിച്ചു കൊതിച്ചു കൊണ്ടിരിക്കുന്ന ആ ഒതുക്കമില്ലാത്ത മുടിയിഴകളും... നിന്റെു കണ്ണുകളെ മറ്റാരെക്കാളും ആസ്വദിച്ചത് ചെലപ്പോ ഞാനായിരിക്കാം അല്ലേ ?? നിനക്ക് എന്നിലേക്കുള്ള അകലം ഏറ്റവും കുറഞ്ഞത് ലിഫ്റ്റില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു... അപ്പോള്‍ മൗനമായിരുന്നില്ല ഹൃദയമിടിപ്പുകളായിരുന്നു നിന്നോട് സംസാരിച്ചത്.. പക്ഷെ അതിനും നിന്‍റെ മനസ്സില്‍ ചിത്രങ്ങള്‍ പോറിയിടാനുള്ള കാന്‍വാസ് കിട്ടിയില്ല.. മണ്ണില്‍ അലിയുന്ന നിഴല്‍ ചിത്രങ്ങള്‍ പോലെ അതും എങ്ങോ പോയി.. കാണാമറയത്ത് പ്രതീക്ഷകളുടെ വെള്ളി വെളിച്ചം വിതറുന്ന കുഞ്ഞു നക്ഷത്രമായോ, അല്ലെങ്കില്‍ ആകാശത്ത് എപ്പോഴെങ്കിലും നിറഞ്ഞു നില്ക്കു ന്ന ഏഴഴകുള്ള മഴവില്ലിന്‍റെ ഒരു നിറമായെങ്കിലും നിന്റെ മുഖത്ത് പുഞ്ചിരി വിടര്ത്താനന്‍ ഞാന്‍ ശ്രമിക്കും.. അന്ന് ആ കണ്ണുകളിലെ തിളക്കം മുഴുവനായി ഞാന്‍ ഒപ്പിയെടുക്കും ... ഒരു ജീവിതം മുഴുവന്‍ കത്തിത്തീരാന്‍ .

ജുവനൈല്‍ ഹോം ..

ജുവനൈല്‍ ഹോം .. ദുര്‍ഗുണ പരിഹാര പാഠശാല പോലും. .. ഇതിന്‍റെ പേര് മാറ്റാന്‍ സമയമായി.. ദുര്‍ഗുണ പരിശീലന ശാല അതായിരിക്കും നല്ലത്..വളര്‍ന്നു തുടങ്ങുന്ന പ്രായത്തിലായിരുന്നു അവനവിടെ എത്തിച്ചേര്‍ന്നത്.. ആരോ ചെയ്ത കുറ്റം അവന്‍റെ തലയിലായി.. സാഹചര്യ തെളിവുകളും എതിരായി.. നിരപരാധിത്വം തെളിയിക്കാന്‍ അവനും കൂടെ വന്ന അച്ഛനും അമ്മയ്ക്കും കഴിഞ്ഞില്ല.. പ്രായത്തിന്‍റെ ഇളവില്‍ ജയിലിനു പകരം അവനെ കാത്തു നിന്നത് ജുവനൈല്‍ ഹോം.. കുറ്റവാളികളുടെ ലോകത്തിലേക്കുള്ള വാതായനങ്ങള്‍ അവനു വേണ്ടി മലര്‍ക്കെ തുറന്നു..അതൊരു മാറ്റമായിരുന്നു.. ബാല്യത്തിന്‍റെ നിഷ്കളങ്കതയില്‍ നിന്ന് കപടത നിറഞ്ഞ മറ്റൊരു ആകാശ ത്തിലേക്കുള്ള പറക്കല്‍ .. ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ അച്ഛനും അമ്മയും സ്ഥിരമായി കാണാന്‍ വന്നു.. പിന്നെ അത് കുറഞ്ഞു കുറഞ്ഞു വന്നു,പതിയെ പതിയെ അതില്ലാതായി.. സ്നേഹത്തിന്‍റെ മഴ അവിടെ നിലച്ചു.. പിന്നെ സ്വപ്നങ്ങളുടെ വരള്‍ച്ചയിലായിരുന്നു അവന്‍ .. തെറ്റ്‌ ചെയ്തവര്‍ക്കും ചെയ്ത തെറ്റ് തിരിച്ചറിയാത്തവര്‍ക്കും ജുവനൈല്‍ ഹോം കുറ്റകൃത്യങ്ങളുടെ ഒരു പരിശീലന കളരിയായിരുന്നു.. കൂടുതല്‍ കൂടുതല്‍ തെറ്റുകളിലേക്ക് ഒരു അടിത്തറ പാകുന്നതില്‍ മിക്ക ജുവനൈല്‍ ഹോം പോലെ അതും വിജയിച്ചു.. അവനും ആ പ്രവാഹത്തില്‍ അലിഞ്ഞു ചേര്‍ന്നു.. ആദ്യമൊക്കെ അവന്‍ മാറി നിന്ന് വീക്ഷിച്ച ലോകമായിരുന്നു അതെങ്കില്‍
പിന്നെ അതായി മാറി അവന്‍റെ ലോകം.. പ്രായപൂര്‍ത്തി ആയപ്പോള്‍ അവന്‍ പുറത്തിറങ്ങിയെങ്കിലും പഠിച്ച വിദ്യയൊക്കെ പ്രയോഗിച്ചു അവനും സാമാന്യം 'നല്ല നിലയിലെത്തി' .. പോക്കറ്റടിയും,മോഷണവും , മദ്യവും ,മയക്കുമരുന്നും അവന്‍റെ ലഹരികളായി മാറി.. ഒരു ദിവസം തിരക്കുള്ള ബസ്സില്‍ നിന്ന് പോക്കറ്റടിച്ച പേഴ്സുമായി പുറത്തിറങ്ങിയ അവന്‍ അത് തുറന്നു നോക്കി.. പതിനായിരം രൂപ..കണ്ണില്‍ പൂത്തിരി കത്തി. പേഴ്സില്‍ തിരുകി വച്ച ഒരു ഫോട്ടോ അവന്‍റെ കണ്ണില്‍ പെട്ടു.. തുറന്നു നോക്കിയപ്പോ അവന്‍ കണ്ടു മറന്ന രണ്ടു മുഖങ്ങള്‍ .. അച്ഛനും അമ്മയും പിന്നെ കൂടെ രണ്ടു കുട്ടികളും.. അതില്‍ നഷ്ടപ്പെട്ടു പോയ അവന്‍റെ ബാല്യവും കൗമാരവും അവന്‍ കണ്ടു.. നഷ്ടപ്പെട്ടവയെ ഓര്‍ത്ത്‌ അവന്‍ കരഞ്ഞില്ല.. അതിനെക്കാളും അപ്പോഴവനെ സ്വാധീനിച്ചത് ആദ്യം കണ്ട പതിനായിരം രൂപ ആയിരുന്നു.. പൈസ കയ്യില്‍ എടുത്ത്‌ ഫോട്ടോ പേഴ്സില്‍ തിരുകി വഴിയരികിലേക്ക് വലിച്ചെറിഞ്ഞ് അവന്‍ മുന്നോട്ട് നടന്നു.. ജുവനൈല്‍ ഹോം അവനെ തിരിച്ചു വരാനാകാത്ത വിധം താഴേക്ക്‌ പൊയ്ക്കൊണ്ടിരുന്ന ചതുപ്പിലെക്ക് തള്ളിയിട്ടിരുന്നു..ആ പൈസ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ പറ്റി മാത്രമായായിരുന്നു അപ്പോഴും അവന്‍ ചിന്തിച്ചിരുന്നത്.. 

ഒരു യാത്രയും യാത്രാമൊഴിക്ക് വേണ്ടിയുള്ളത

ഒരു യാത്രയും യാത്രാമൊഴിക്ക് വേണ്ടിയുള്ളതല്ല .. അതൊരു അനിവാര്യതയാണ് .. മനുഷ്യനാണ് ഏറ്റവും ദയയില്ലാത്ത ജീവി. ഒരുമിച്ചുള്ള ഇലകളിൽ ഒരില പഴുത്തു താഴേക്കു വീഴുന്പോൾ ചുറ്റുമുള്ള പച്ചിലകൾ ചിരിച്ചേക്കാം.. ചെലപ്പോ അടുത്ത ഊഴം നമ്മളുടെതാനെന്നോര്ത് വിലപിച്ചെക്കാം .. പക്ഷെ അതിലും വലുത് ആ പഴുത്തു വീണു പോയ ഇലയുടെ മനസ്സറിയുകയാണ് .. ഇത് വരെ നമ്മളോരുമിച്ചു മഴ നനഞ്ഞില്ലേ , വെയിലറിഞ്ഞില്ലേ , കാറ്റിൽ ആടിക്കളിചില്ലേ , സ്വപ്നങ്ങൾ കണ്ടില്ലേ, പക്ഷെ നാളെ മുതൽ നീ ഇല്ലല്ലോ കൂടെ ഇതൊക്കെ അനുഭവിക്കാൻ എന്ന ചിന്ത .. അത് സൃഷ്ടിക്കുന്ന ഭാവിയിലെ ശൂന്യത .. അങ്ങനെ ചില ഇലകൾ ചിന്തിച്ചേക്കാം .. പഴുത്തില കാത്തിരുന്നതും അതിന്റെ ജന്മോധ്ധേശ്യം സഫലമാകുന്നതും അതോടെയായിരിക്കണം.. പക്ഷെ വികാര-വിചാര-ബൌധിക തലങ്ങൾ മറ്റേതു ജീവജാലങ്ങളെക്കാളും ഉയര്ന്നിട്ടുള്ള മനുഷ്യനിൽ നിന്ന് ഇത് വലിയ അളവിൽ പ്രതീക്ഷിക്കരുത് .. അവൻ സ്വാര്തനാണ് .. നിനക്ക് നടന്നു പോകാം മുന്നില് തെളിച്ച വഴികളിലൂടെ .. തിരിഞ്ഞു നോക്കാം .. പക്ഷെ വന്ന വഴിയിൽ നിന്നെയും കാത്തു ആരെങ്കിലും ഉണ്ടാകണമെന്ന് വാശി പിടിക്കരുത്.. നീ യാത്ര തുടരുക .. ഓർമ്മകൾ തെളിച്ച വഴിത്താരകളിലൂടെ വീണ്ടും വീണ്ടും തിരിഞ്ഞു നടക്കാം .. നഷ്ടമായതിനെ ഒരു കണ്ണീരിന്റെ അകമ്പടിയോടെ വീണ്ടും വീണ്ടും പുല്കാം .. നീ യാത്ര തുടരുക..

കുഞ്ഞു മനസ്സും വിഷവിത്തുകളും ...

ഇത് ശരിക്കും നടന്ന കാര്യമാണ്.. എന്‍റെ വീടിനടുത്ത്‌ ഒരു മുസ്ലീം കുടുംബമാണ് താമസിക്കുന്നത്.. നമ്മള്‍ എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയും.. അവിടെ എന്തെങ്കിലും ആഘോഷമുണ്ടെങ്കില്‍ അത് എന്റെ വീട്ടിലെ പോലെയാണ്.. അത് പോലെ എന്‍റെ വീട്ടിലെ സന്തോഷത്തില്‍ അവരും പങ്കുചേരും.. അവിടെ രണ്ടു ചെറിയ കുട്ടികളുണ്ട് .. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയും രണ്ട് വയസ്സായ ഒരു ആണ്‍കുട്ടിയും..രണ്ട് പേരും എന്റെ വീട്ടില്‍ ഇടയ്ക്കിടെ വരും..ഉപ്പയും ഉമ്മയും കൂടാതെ അവര്‍ക്ക്‌ ഒരു അച്ചനും അമ്മയും ഉണ്ട്.. എന്റെ അച്ഛനെയും അമ്മയെയും അവരും അച്ഛന്‍,അമ്മ എന്നാ വിളിക്കാറ്.. അവരുടെ വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്‍റെ വീട്ടില്‍ വന്നു കഴിക്കും... ഒരു കൊല്ലം മുമ്പാണെന്ന് തോന്നുന്നു അവള്‍ ഒന്നിലോ രണ്ടിലോ പഠിക്കുമ്പോ പെട്ടെന്ന് അച്ഛനോടും അമ്മയോടും സംസാരിക്കാതെയായി.. വീട്ടിലേക്ക്‌ വിളിച്ചാ വരില്ല, അച്ഛനും അമ്മയും എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരം പറയില്ല.. കാരണമെന്തെന്ന് നമ്മള്‍ക്കും പിടി കിട്ടിയില്ല...രണ്ടു മൂന്നാഴ്ച അങ്ങനെ പോയി.. ഇതിലെന്തോ പന്തികേടുണ്ടെന്നു തോന്നി അവളുടെ ഉപ്പയും ഉമ്മയും അവളോട്‌ കാര്യമന്വേഷിച്ചു നോക്കി.. ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും പിന്നീട് നിര്‍ബന്ധിച്ചപ്പോഴാണ് അവള്‍ മൂന്നാഴ്ച മുമ്പ്‌ നടന്ന കാര്യം പറഞ്ഞത് . ഒരു ദിവസം ഇന്റര്‍വലിനു കൂട്ടുകാരോടൊപ്പം കളിക്കുമ്പോള്‍ അവള്‍ അച്ഛന്‍റെയും അമ്മയുടെയും കാര്യം പറഞ്ഞു അവരോട് .. അപ്പോള്‍ അവര്‍ അവളോട്‌ " നീ മുസ്ലീമാ,നിനക്ക് അച്ഛനും അമ്മയും ഇല്ല, നീ ഇനി അവരോടു മിണ്ടണ്ട , അവരുടെ അടുത്ത് പോകണ്ട " എന്ന് പറഞ്ഞു.. അതിനു ശേഷമാണ് അച്ഛനോടും അമ്മയോടും മിണ്ടാത്തത് .. നിഷ്കളങ്കമായ കുഞ്ഞു മനസ്സുകളില്‍ ഇത്തരം ദുഷ്‌ചിന്തകള്‍ കടന്നു വരുന്ന കാര്യമോര്‍ത്തപ്പോ എല്ലാര്‍ക്കും ശരിക്കും സങ്കടമായി.. ചെറുപ്രായത്തില്‍ തന്നെ ഇവരില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഇത്തരം ചിന്തകളാണ് വലുതാകുമ്പോ മനസ്സില്‍ ഊട്ടിയുറച്ച് വലിയ വിപത്തായി മാറുന്നത്.. അവളെ പറഞ്ഞു മനസ്സിലാക്കി ഉപ്പയുടെയും ഉമ്മയുടെയും കൂടെ വീട്ടില്‍ വന്നു ഒരു ചായ കുടിച്ചപ്പോ അന്നത്തെ പ്രശ്നം തീര്‍ന്നു... ഇതൊരിക്കലും ഒരു സമുദായത്തെ മോശമായി ചിത്രീകരിക്കാനുള്ള പോസ്റ്റായി കാണരുത്..

മരിക്കാത്ത പ്രണയം ...

നിറയാറായ കിണറില്‍ നിന്ന് വെള്ളം കൊരിക്കൊണ്ടിരിക്കുമ്പോഴാണ് കപ്പിയേക്കാള്‍ വേഗത്തില്‍ അവളുടെ ഓര്‍മ ഭൂതകാലത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്
അതവളുടെ ഭൂതകാലം മാത്രമായിരുന്നില്ല വര്‍ത്തമാനവും ഭാവിയും എല്ലാമായിരുന്നു... അന്നൊരു പെരുമഴക്കാലത്ത്‌ നിറഞ്ഞുകവിഞ്ഞ കുളത്തില്‍ അവന്‍റെ ചലനമറ്റ ശരീരം പൊന്തിയപ്പോള്‍ ഉരുകിയൊലിച്ച അവളുടെ കരച്ചില്‍ മഴയില്‍ കുതിര്‍ന്നു...നീന്താനറിയാവുന്ന അവന്‍ എങ്ങനെ മുങ്ങിമരിച്ചു എന്നത് ബാക്കിയുള്ളവരുടെ കണ്ണില്‍ ഒരു കടങ്കഥയായി നൃത്തം ചവിട്ടിക്കൊണ്ടിരുന്നു...അതിന്‍റെ ഉത്തരമറിയുന്നത് അവള്‍ക്ക് മാത്രമായിരുന്നെന്നു വേറെയാരുമറിഞ്ഞിരുന്നില്ല...
തലേദിവസം അവന്‍ അവള്‍ക്കു വേണ്ടി തുറന്ന ഹൃദയം അവള്‍ അതെ വേഗത്തില്‍ അടച്ച് താഴിട്ടു പൂട്ടിയത് അവന്റെ ജീവിതം തന്നെയായിരിക്കുമെന്ന് അവള്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല..


പണ്ട് മുതലേ കൂടെക്കളിച്ചിരുന്ന കൂട്ടുകാരനെ അവള്‍ക്കിഷ്ടമായിരുന്നെങ്കിലും വീട്ടിലെ കഷ്ടപ്പാടും പരിതസ്ഥിതികളും ആ പ്രണയത്തെ "സഹോദരനായി കണ്ട നീയും എന്നെ ചതിച്ചല്ലോ " എന്ന് പറഞ്ഞ് മുള്ളിന്‍റെ കവചത്തിലാക്കി അവനു നേരെ എറിഞ്ഞു...
പക്ഷെ അതിത്ര വലിയ ദുരന്തത്തിലേക്ക് എത്തിക്കുമെന്ന് അവള്‍ കരുതിയില്ല...പ്രണയത്തെ പുറത്ത്‌ കാണിക്കാതെ അവന്‍റെ നേരെ വന്ന മുള്ളുകള്‍ അവന്‍റെ ഹൃദയത്തെ കഷണങ്ങളായി വെട്ടി നുറുക്കി അവളുടെ പറയാന്‍ മറന്ന പ്രണയസ്മാരകമായി അമ്പലക്കുളത്തില്‍ പൊങ്ങി... നിറഞ്ഞു കൊണ്ടിരുന്ന കിണറിലെ വെള്ളത്തിലേക്ക് കണ്ണുനീരും കൂട്ടിക്കലര്‍ത്തിക്കൊണ്ടിരുന്നപ്പോഴാണ്
അമ്മേ എന്ന വിളി വീണ്ടുമവളെ ഉണര്‍ത്തി ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സ്ത്രീയിലേക്ക് വേഷം മാറ്റിയത് ...
ഉപേക്ഷിച്ചു പോയ ഭര്‍ത്താവിന്‍റെ ഫോട്ടോ അവളെയും മോളെയും നോക്കി കളിയാക്കി ചിരിക്കുന്ന പോലെ തോന്നി...
പറയാന്‍ മറന്ന പ്രണയത്തിന്‍റെ ഓര്‍മയില്‍ അവളിന്നും ജീവിക്കുന്നു.. ആര് പറഞ്ഞു പ്രണയം മരിക്കുമെന്ന്... ആളുകള്‍ മരിച്ചാലും പ്രണയം മരണമില്ലാത്ത സത്യമായി നിലനില്‍ക്കുന്നു...

ചുവപ്പ്


അവന്‍ പറഞ്ഞ സ്ഥലത്തേക്ക് അവള്‍ വന്നപ്പോള്‍ അവന്‍റെ മുഖം ചെക്കിപ്പൂ അരച്ച് കുഴച്ച് മുഖത്ത് പുരട്ടിയ പോലെയായിരുന്നു... അത് സന്തോഷത്തിന്റെ് ചുവപ്പ് നിറമായിരുന്നു.. പക്ഷെ അത് പ്രതിരോധത്തിന്റെട ചുവപ്പായിരുന്നുവെന്നു അവന്‍ മനസ്സിലാക്കിയത് പെട്ടെന്ന് സ്ഥലകാലബോധം പോലും മറന്ന് അവളുടെ ചെരിപ്പ്‌ അവന്റെ് മുഖത്ത് വീണപ്പോഴാണ്... പക്ഷെ എന്നാലും അപ്പൊ മുഖത്ത് വീണ ആ ചുവന്ന പാടുകള്‍ക്ക് അവന്റെ സന്തോഷം നിറഞ്ഞ ചുവപ്പിനെ കടത്തിവെട്ടാനായില്ല .. അതവളുടെ പ്രതിഷേധത്തിന്റെ ചുവപ്പ് നിറഞ്ഞതാണെന്ന് അവളുടെ കൂട്ടുകാര്‍ പറഞ്ഞു നടന്നുവെങ്കിലും അവളുടെ ചുംബനത്തിന്റെെ ചുവപ്പായി കണ്ടവന്‍ ആശ്വസിച്ചു.. നടന്നു പോകുമ്പോള്‍
അവളിട്ട ചുവന്ന പുള്ളികളുള്ള ഡ്രസ്സിലെ നിറം പറിച്ചെടുത്ത് അവന്‍റെ ഹൃദയച്ചുവപ്പില്‍ അലിച്ചു ചേര്ത്തു ... കുറെ വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും ചുവപ്പ് നിറം അവന്‍റെ ജീവന്റെ ഭാഗമായി തുടര്‍ന്നു .. ഇന്ന് കോടതിവളപ്പിലെ സമരത്തില്‍ അരിവാളും ചുറ്റികയും നക്ഷത്രവും ഉറപ്പിച്ച ചുവപ്പ് പതാകയും കയ്യിലേന്തി സമരം ചെയ്യുമ്പോള്‍ അവളെ കണ്ടു..എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ട് വിവാഹമോചനത്തിനായി അവിടെയെത്തിയ ആ ചുവന്ന ഹൃദയം തേങ്ങുന്നത് അവന്‍ മാത്രം കണ്ടു.. ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത നിഷ്കളങ്കമായ സ്നേഹത്തിന്റെ് ഉറവ സമരത്തിലെ ലാത്തിച്ചാര്‍ജില്‍ പൊട്ടിയ മുറിവിലെ, രക്തത്തിന്റെ ചുവപ്പിലൂടെ ഒഴുകുന്നുണ്ടായിരുന്നു... ഉയര്‍ന്നു പൊങ്ങിയ പ്രതിഷേധത്തിന്‍റെ , പ്രതിരോധത്തിന്‍റെ , പ്രത്യാശയുടെ , സ്വപ്നങ്ങളുടെ ചുവന്ന പതാക കോടതിവളപ്പിലെ കാറ്റില്‍ ആടിക്കളിച്ചു..മനസ്സില്‍ അവളെ തനിച്ചാക്കില്ലെന്നുറപ്പിച്ച ദൃഢനിശ്ചയത്തിന്‍റെ ചുവപ്പ് ചുരുട്ടിവച്ച അവന്‍റെ മുഷിക്കുള്ളില്‍ തുടിക്കുന്നുണ്ടായിരുന്നു ....

പ്രണയ ബലി ...

സിഗരറ്റിലുടെ പകര്‍ന്ന തീ അവന്റെ ചിന്തയിലുടെ ആളിപടർന്നു പുകയായി പുറത്തെത്തി ..അവൻ സ്വപ്നം കാണാറില്ല , അനാഥാലയത്തിന്റെ പ്രത്യേകത അതാണ് ,സ്വപ്നം കാണാൻ പഠിപ്പിക്കാറില്ല... സ്വപ്നത്തെക്കാളും അവൻ ജീവിച്ചത് യാഥാർത്ഥ്യങ്ങളിൽ ആയിരുന്നു.ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ അറിഞ്ഞ വാക്കുകൾ ആയിരുന്നു ജീവന് അച്ഛനും അമ്മയും ആയുള്ള ബന്ധം.അനുഭവങ്ങൾ ആയിരുന്നു ജീവനെ മുന്നോട്ട് നയിച്ച ചാലക ശക്തി.അനുഭവങ്ങളുടെ വിത്ത് അവൻ പാകിയത്‌ എഴുത്തിലേക്കായിരുന്നു .കണ്ണീരും ഏകാന്തതയും അതിനു വളമായി.അവനിലുടെ പൂത്തുലഞ്ഞ കവിതകൾ ഒരു പടുവൃക്ഷമായി വളര്ന്നു.സാധാരണക്കാരുടെ ഹൃദയത്തിൽ അത് ആഴത്തി ൽ വേരുന്നി ..പകച്ചു നിന്നവര്‍ക്ക് അത് തണലേകി.എഴുത്തിൽ നിന്ന് കിട്ടുന്ന വരുമാനം അവൻ ആരുമില്ലാത്തവർക്കു വേണ്ടി ചിലവഴിച്ചു. ജീവന്റെ പ്രതിബദ്ധ ത അവരോടു മാത്രമായിരുന്നു ..സ്നേഹത്തിനു വേണ്ടി അവൻ ആരോടും കൈ നീട്ടിയില്ല..
ഫേസ് ബുക്കിലെ ഒരു സൌഹൃദം ജീവനെ സ്നേഹത്തിന്റെ അടിമയാക്കി. ജീവിതത്തിൽ ആദ്യമായ് അവൻ സ്നേഹം അനുഭവിച്ചറിയാൻ തുടങ്ങി.അക്ഷരങ്ങൾ പങ്കുവച്ചു തുടങ്ങിയ സൌഹൃദ മായിരിന്നു അത് ..അവര്‍ക്കിടയിലെ തരംഗദൈര്‍ഘ്യവും ഇറക്കവും കയ്യറ്റവും ഒരുപോലെ ആയിരുന്നു ..പ്രണയത്തിനു ഒന്നും ഒരു പരിധിയില്ലാ .. എന്ന് അവർ പറയാതെ തെളിയിച്ചു..അതിനു പേരില്ല ,വയസ്സില്ല,ജാതിയില്ല,മതമില്ല,പ്രണയം രൂപത്തിലോ സൗന്ദര്യത്തിലോ അല്ല എന്ന് അവർ പരസ്പരം പ്രസംഗിച്ചു ..പക്ഷെ കല്‍ത്തുറങ്കില്‍ അകപെട്ട സ്വന്തം ശരീരങ്ങളിൽ നിന്നകന്നു പോവുന്ന രണ്ടു ഹൃദയങ്ങളെ അവൻ കണ്ടു - തന്നിലും,അവളിലും..അവന്‍ ഇതുവരെ ഒരിക്കല്‍പോലും സ്നേഹത്തെ അറിയാൻ ശ്രമിച്ചിട്ടില്ല , പക്ഷെ സ്നേഹവും പ്രണയവും അറിഞ്ഞപ്പോ , ഒരു കുടക്കീഴിൽ ആയപ്പോഴും അവനത് കീഴടക്കാൻ പറ്റാതെ ഒന്നായി മാറി..ആകാശത്തിനും മണ്ണിനുമിടയിൽ അവനു നഷ്ടപെടാൻ ഒന്നുമില്ല , പക്ഷെ അവള്‍ക്ക് ഒരുപാടും എന്ന ചിന്ത അവനെ വീണ്ടും ഭീതിയിലാഴ്ത്തി .അവൻ ജീവിതത്തിന്റെ അർഥം കണ്ടെത്തി.അത് മതി അവന് ..അത് മതി നന്മ നിറഞ്ഞ ഒരു ജീവിതത്തിനു മണ്ണിലലിയാൻ .. മദ്യത്തിൽ വിഷം കലര്‍ത്തി തന്റെ ജീവിതം അവൻ അവസാനിപ്പിച്ചു ..മണ്ണിൽ കിടന്നു ചര്‍ദ്ദിച്ചു തുപ്പിയ ചോരയിൽ അവളോടുള്ള കലര്‍പ്പില്ലാത്ത സ്നേഹം കലങ്ങിയിരുന്നു .കയ്യിൽ മുറുകെ പിടിച്ച തന്റെ അവസാനത്തെ കവിതയിലും അവളായിരുന്നു ..

"നീയെൻ ജീവിത കവിത ,
ഉറവ വറ്റാത്ത സ്നേഹത്തിൻ മഹാസാഗരം "

ജീവൻ പോയി ..പക്ഷെ അവളോ ,എല്ലാം അറിഞ്ഞിട്ടും ,ഒന്ന് കരയാൻ പോലും ആവാതെ ,ജീവിതം അവസാനിപ്പിക്കാൻ കഴിയാത്ത ഒരു കല്‍പ്രതിമ പോലെ ... പ്രണയത്തിന്റെ ഓർമ്മകൾ അവളെ ജീവിക്കാൻ പ്രേരിപ്പിക്കട്ടെ...

ഡയാനയ്ക്ക് സ്നേഹപൂര്‍വ്വം.....

നിനക്കെന്നെ അറിയോ എന്നെനിക്കറിയില്ല... ഓഫീസിലെ കടുത്ത വരള്‍ച്ചയ്ക്ക് ശേഷമാണ് നീ അവിടേക്ക് ഒരു മാലാഖയെപ്പോലെ വന്നിറങ്ങിയത്... നല്ല ചൂടുള്ള സമയത്ത് ഒരു ഐസിട്ട നാരങ്ങാവെള്ളം കുടിക്കുന്ന സുഖം .. ഒരിറ്റു വെള്ളത്തിനായി തപസ്സ് ചെയ്ത വേഴാമ്പലിനു മുന്നില്‍ ഒരു വെള്ളപ്പൊക്കം വന്ന അനുഭവം.. നീ വന്നതില്‍ പിന്നെയാ ഓഫീസിനു പുറത്ത് മരങ്ങളുണ്ടെന്നും ആ മരങ്ങള്‍ക്കിടയിലൂടെ നല്ല തണുത്ത കാറ്റ്‌ വീശുന്നുണ്ടെന്നും മനസ്സിലായത് .. നിന്‍റെ അലസമായിട്ട മുടിയിഴകള്‍ കാറ്റില്‍ പറക്കുന്നത് കാണാന്‍ നല്ല രസമാണ്.. ഇടക്കൊക്കെ ഉച്ചയ്ക്ക് ഫുഡ്‌ കഴിക്കുന്ന സമയത്ത് നിന്‍റെ ടേബിളിനടുത്ത് ഞാനും ഉണ്ടാകാറുണ്ട്..എനിക്കറിയാം ജോലിയുടെ ടെന്‍ഷന്‍ കൊണ്ടാകും നീ അത് ശ്രദ്ധിക്കാതിരുന്നത്. പിന്നെ കഴിഞ്ഞ വെള്ളിയാഴ്ച ലിഫ്റ്റില്‍ ഉണ്ടായിരുന്നിട്ടും ഞാന്‍ നിന്നോട് മിണ്ടാതിരുന്നത് വെറുതെ പരിചയമില്ലാത്ത ഒരാള്‍ സംസാരിച്ചു ഇമേജ് കളയണ്ടാ എന്ന് വച്ചാ..അല്ലാ ഒരുപാട് ഉണ്ടായിട്ടൊന്നുമല്ല,എന്നാലും സീന്‍ ബോറാകണ്ടാ എന്ന് കരുതി .. അപ്പൊ ചോദിക്കണം എന്ന് കരുതിയിരുന്നു,എന്താ കണ്ണിനു പറ്റിയത്??പതിവില്ലാതെ സ്പെക്സ് വച്ചു കണ്ടു..സുന്ദരിയായിരുന്നു ട്ടോ അന്ന്.. അല്ലേലും സുന്ദരിയാ,പക്ഷെ കുറച്ചൂടെ കൂടിയ പോലെ.. എന്‍റെ അത്രേം നീളമുള്ള ഒരു പെണ്ണിനെ ഈ അടുത്ത് ആദ്യമായാ കാണുന്നെ..എന്നാലും നിന്‍റെ ഹീലിന്‍റെ ഉയരം കുറച്ചു കുറക്കണം..നിന്നോടുള്ള ആത്മാര്‍ഥത കൊണ്ടാ കഷ്ടപ്പെട്ട് നിന്‍റെ പേര് കണ്ടെത്തിയത്..പേര് പറഞ്ഞപ്പോ അതൊന്നുമായിരിക്കില്ല എന്ന് പറഞ്ഞ് ഫ്രണ്ട്സ്‌ കളിയാക്കിയെങ്കിലും ഓഫീസിലെ പെണ്‍പിള്ളേരുടെ ഡാറ്റാബേസ് കൈകാര്യം ചെയ്തിരുന്ന അവര്‍ കൂടുതല്‍ അന്വേഷിച്ചപ്പോ സത്യമാണെന്ന് പറഞ്ഞു.. പക്ഷെ ഒരു കാര്യം കേട്ടപ്പോ എന്‍റെ ഹൃദയം ആരോ വന്നു ഞെരിക്കുന്നത് പോലെ തോന്നി..നീ ലീഡ്‌ അനാലിസ്റ്റാ , അഞ്ചു കൊല്ലം എക്സ്പീരിയന്‍സ് ഉള്ള ആളാ ഇതായിരുന്നു ഞെട്ടിക്കുന്ന കാര്യം..അതിനിപ്പോ എന്താ അല്ലെ, സച്ചിന്‍റെ ഭാര്യയ്ക്ക് സച്ചിനെക്കാളും നാല് വയസ്സ് കൂടുതലില്ലേ.. ഇന്നലെ ഉച്ചക്ക് മൂന്നാം നിലയില്‍ നിന്ന് നീ താഴേക്ക്‌ നോക്കിയത് എന്നെയാണെന്ന് ഫ്രണ്ട്സ് പറഞ്ഞു,എനിക്കറിയാം എന്നെത്തന്നെയാ നോക്കിയത് എന്ന് , എന്നാലും അവരോട് വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ, എന്നെയല്ലാ എന്ന് ഞാന്‍ പറഞ്ഞു ..ഇനിയും എല്ലാ വൈകുന്നേരങ്ങളിലും കുറച്ചു സമയം ചായ കുടിക്കാന്‍ വരണേ.. ഇത്രേം എഴുതിയിട്ട് എപ്പോഴെങ്കിലും നീ ഫേസ്ബുക്കില്‍ കേറുമ്പോ കണ്ടാല്‍ വായിച്ചുനോക്കും എന്ന് പ്രതീക്ഷിക്കുന്നു....അവസാനം മലയാളം വായിക്കാനറിയില്ല എന്ന് പറഞ്ഞ് എന്‍റെ ചങ്ക് തകര്‍ക്കല്ലേ...

സ്വന്തം ഡയാനാ രാജകുമാരിക്ക്,
ചാള്‍സ്...