Saturday, 14 March 2020

"നമ്മക്ക് കുറച്ചു ഫിലോസഫി സംസാരിച്ചാലോ..."
"എന്റമ്മോ വേണോ,??"
"വെറുതെ പറയാം. . ഈ കള്ളം പറയൽ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്തതാണോ"
"പിന്നല്ലാണ്ട്.. അത് വേണ്ടി വരും ഇടക്കൊക്കെ..."
"കള്ളം പറഞ്ഞു പറഞ്ഞു ചെലപ്പോ നമ്മൾ നിർമിക്കുന്നത് ഒരു മിഥ്യാ ലോകമായിരിക്കില്ലേ.."
"സ്വപ്നം കണ്ടു കണ്ടു നമ്മൾ ഇണ്ടാക്കുന്നതും അങ്ങനെ ഒരു ലോകം തന്നെയല്ലേ..."
"പക്ഷെ അതിനൊരു നിഷ്കളങ്കതയുടെ കുളിർമയില്ലേ.."
"എടാ അത് പക്ഷെ യാഥാർഥ്യത്തിൽ നിന്ന് നോട്ടിക്കൽ മൈൽ അകലെയല്ലേ.."
"പിന്നെ കള്ളം പറഞ്ഞെത്തുന്നത് പച്ചത്തുരുത്തുകളിൽ അല്ലെ ഇപ്പൊ.."
"നീ ദേഷ്യപ്പെടല്ലെന്ന്.. നമ്മക്ക് വഴി ഇണ്ടാക്കാ.."
"അങ്ങനൊരു വഴി ഇണ്ടാകുമോ? രണ്ട് വഴികളിലൂടെ പോയി രണ്ടും നേർത്ത് നേർത്തു മുന്നോട്ടേക്ക് ഒന്നുമില്ലാത്ത അവസാനങ്ങളിൽ കണ്ണടച്ചു നിൽക്കുമ്പോ ഞാൻ നിന്നെ കാണുമായിരിക്കും,നീയോ??"
"ഞാൻ സത്യം പറയണോ, കള്ളം പറയണോ"
"കള്ളം പറഞ്ഞോ..."
"ഉം..."

കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാൻ

കുറെ വൈകിയാണ് അരുന്ധതി റായ് യുടെ "കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാൻ (The God of small Things) വായിച്ചത്.. വല്ലാത്ത ഒരെഴുത്തായിരുന്നു .. അത് കൊണ്ട് തന്നെ വായനയും വല്ലാത്ത ഒരു വായനയായി പോയി.. റാഹേലും, എസ്‌തയും എഴുത്തുകാരിയുടെ ഉള്ളിൽ തന്നെയുള്ള ഇരട്ടകളാണെന്നാണ് ആദ്യം തോന്നിയതെങ്കിൽ പിന്നെ പിന്നെ അത് എന്റെ ഉള്ളിലുള്ള ഇരട്ടകൾ അല്ലെ എന്ന തോന്നലിലെത്തിച്ചു.. ഒരു ചെറിയ സംഭവം കൊണ്ടു വരാനിരിക്കുന്ന നല്ല നാളുകൾ അട്ടിമറിക്കപ്പെട്ടതായി തോന്നിയ അനുഭവമായിരുന്നു കിരീടം എന്ന സിനിമ കണ്ടപ്പോൾ..അതേ തോന്നലായിരുന്നു ഈ പുസ്തകം വായിച്ചപ്പോഴും.. എസ്‌തയും, റാഹേലും, അമ്മുവും, വെളുത്തയും വളരെ ആഴത്തിലേക്ക് വേരൂന്നി പിടിച്ചിരിക്കുന്നു.. മരണത്തിനായി നടത്തിയ ഗൂഡാലോചന ഇപ്പോഴും അന്തരീക്ഷത്തിലുള്ള പോലെ.. 23 വർഷങ്ങൾക്കു ശേഷം റാഹേൽ വിളിച്ച "എസ്തപ്പാപ്പിച്ചാച്ഛൻ കുട്ടപ്പൻ പീറ്റർ മോൻ" വിളി ഇപ്പോഴും ചെവിയിൽ ഇങ്ങനെ മുഴങ്ങുന്നുണ്ട്.. എസ്‌തയും റാഹേലും എവിടെയായിരിക്കുമിപ്പോ??

"പിന്നെ, ഞാൻ നിന്നെ തേടി വന്നിരുന്നു.."
"എന്നെയോ, എന്തിനാ..?"
"ഒന്നൂല്ല.. വെറുതെ.."
"അതിന് നിനക്കെന്റെ വീട് അറീല്ലല്ലോ.."
"ഇല്ല.. പിന്നെ എങ്ങനെ.."
"സ്ഥലമറിയാല്ലോ..."
"എന്നിട്ട് എവിടാന്ന് വച്ചാ.."
"നിന്റെ വീടിന്റെ അടുത്തു ഒരു അമ്മയും ചെറിയ കുഞ്ഞുമുണ്ടല്ലോ...അത് നോക്കി വന്നു.."
"ആഹാ... എന്നിട്ടോ??"
"വന്ന വഴി മുഴുവൻ ചെറിയ കുഞ്ഞിനെ എടുത്തു നിൽക്കുന്ന അമ്മമാരായിരുന്നു.."
"ബെസ്റ്റ്...എന്നിട്ട്??"
"അതിൽ ഒരമ്മയുടെ അടുത്തു മാത്രം കുഞ്ഞുണ്ടായില്ല...അപ്പൊ എനിക്ക് തോന്നി ആ കുട്ടി നിന്റെ കൂടെ ആയിരിക്കുമെന്ന്"
"ആയിരുന്നു..."
"പിന്നെ തിരിച്ചു പോന്നു.."
"ഹും...'
"ഏയ് ഞാൻ പറക്കട്ടെ"
"ആഹാ ഞാനും കാത്തിരിക്കുകയായിരുന്നു ഇതിനായി.."
"അപ്പൊ നീയും വരുമെന്നാണോ"
"നാളുകളായി വളർത്തിയെടുത്ത ചിറകുകൾ അല്ലെ.. എനിക്കും പറക്കണ്ടേ.."
"പറന്നു പറന്നു ആകാശം മുഴുവൻ പങ്കിട്ടെടുക്കാം അല്ലെ.."
"അതിരുകളില്ലാതെ സ്നേഹവും,സ്വാതന്ത്ര്യവും അറിഞ്ഞു നമുക്ക് പറക്കാം ..."
"പിന്നെ ചിറകുകളിൽ ഒതുക്കി വെച്ച നിന്റെ കരുതലും..."
"ഉം.."
"നീ കാണിച്ച
വളഞ്ഞു പുളഞ്ഞു
പോകുന്ന
പിരിയൻ ഗോവണി
അങ്ങ് നീണ്ടു നിവർന്നു
നിൽക്കുവാണെ.."
"ഏതാ??
ഞാൻ എപ്പോ കാണിച്ചു?"
"ഹും, ഒരു ദിവസം അന്ന് സ്വർണ തൂവലുകളുള്ള പക്ഷിയെ പറ്റി നമ്മൾ സംസാരിച്ചിരുന്നപ്പോൾ"
"പഴയ കാര്യങ്ങളൊക്കെ എങ്ങനെയാ ഈ വള്ളി പുള്ളി വിടാതെ ഓർത്തിരിക്കുന്നെ"
"എന്താ അതിന് അറ്റമില്ലാത്തത്? കയറിയാലും കയറിയാലും തീരാത്തത്??"
"അത് തീർന്നാ ചെലപ്പോ നമ്മൾ ഇല്ലാതാവുമായിരിക്കും, അതിഷ്ട്ടല്ലാത്തോണ്ടാവും അതും അങ്ങനെ വളരുന്നത്.."
"പോയി പോയി അത് ആകാശം മുട്ടുവായിരിക്കും അല്ലെ .."
"ചെലപ്പോ ആകാശത്തേക്കാളും വളർന്നാലോ..."
"ഹും..."
ട്രെയിനാണ്.. ദിവസവും ഓടിത്തീർക്കുന്ന പകലുകളും, രാത്രികളും..ട്രെയിൻ ഒരു ഡയറി എഴുതുന്നുണ്ടെങ്കിൽ എങ്ങനെയായിരിക്കും..സംഭവ വികാസമായിരിക്കും.. ജീവനുകളും , മരണങ്ങളും വഹിച്ചു തീർക്കുന്ന ഓട്ടപ്പാച്ചിലുകൾ. അതേ ട്രെയിനിൽ എന്നെ പോലെ കുറെ പേർ ചെലവിടുന്ന ജീവിതത്തിന്റെ മണിക്കൂറുകൾ.. ഒന്നിച്ചു കുറെ ദൂരം ഒരുമിച്ചോടുന്ന കുറെ മുഖങ്ങൾ.. എന്നിട്ടും പുറത്തുനിന്നു വരുന്ന കാറ്റിലൂടെ എവിടുന്നോ അപരിചിതത്വവും കയറി വന്നിരുന്നു.. ചുറ്റുമുള്ളവരൊക്കെ പെട്ടെന്ന് അപരിചിതരായി മാറിയിരുന്നു,അത് പോലെ ഞാൻ അവർക്കും.... ഞാൻ ഈ സമയത്തു എന്നിലേക്ക് തന്നെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു..കൂടുതൽ ആഴത്തിൽ എന്നെ തന്നെ മനസിലാക്കാൻ ശ്രമിക്കുന്ന പകലുകളിലേക്ക് ഞാനും പോയിക്കൊണ്ടിരുന്നു.. Happiness അതെവിടെയാണ്.. ഉള്ളിലും, പുറത്തും രണ്ടും കൂടിക്കലരുന്ന ഒരു ഉട്ടോപ്യയില്ലേ..അത് തൊട്ടടുത്തായി അങ്ങനെ ഇങ്ങനെ ചിതറിക്കിടപ്പുണ്ട്.. കൈ വീശുന്ന അകലത്തിൽ, തൊട്ടാലും തൊടാൻ പറ്റാത്ത അരികിൽ.. മനസിൽ നിന്ന് ഒരു അപ്പൂപ്പൻ താടി പറത്തിവിട്ടു.. ജനാലയിലൂടെ തുറന്നു വിട്ട അത് അങ്ങു ദൂരെ ദൂരെ പൊയ്ക്കൊണ്ടിരിക്കുകയാണ്.. എല്ലാ അതിരുകൾക്കുമപ്പുറം..
തീരാത്ത വിടവുകൾ..ചിലപ്പോൾ വലുതായും ചെറുതായും എന്നാൽ ഒരിക്കലും ഇല്ലാതാവാത്തതുമായ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു അവ.. ജീവിതത്തിനും, ആഗ്രഹങ്ങൾക്കും ഒറ്റമൂലി ഇല്ലല്ലോ.. രാജധാനി എക്‌സ്പ്രസിനെക്കാൾ വേഗത്തിൽ ചുറ്റുമുള്ളതൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്..വളഞ്ഞും പുളഞ്ഞും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴികൾ തുരങ്കത്തിലേക്ക് നീങ്ങുകയാണ്.. വിടവുകൾ വലുതായി സ്വയം ഒരു തുരങ്കമായി രൂപാന്തരം പ്രാപിച്ചു കൊണ്ടിരുന്നു.. ഞാൻ കണ്ണ് തുറന്ന് പിടിച്ചു ഇരുട്ടിനെ പുൽകുകയായിരുന്നു..ഇടക്കിടെ വഴി തെറ്റിവന്നു കൊണ്ടിരിക്കുന്ന പ്രകാശ കിരണങ്ങൾ അവിടേം ഇവിടേം പോറി വരച്ചു കൊണ്ടിരുന്നു...
"നീ ഈയാംപാറ്റകളെ കണ്ടിട്ടുണ്ടോ??"
"പിന്നെ കാണാതെ...."
"കാണാൻ ഭംഗി ഇല്ലേലും, അവരുടെ സ്വപ്നങ്ങൾക്ക് എന്ത് ഭംഗി ആയിരിക്കുമല്ലേ..."
"അതേ, അത് കൊണ്ടല്ലേ അവ എപ്പോഴും പ്രകാശത്തിനു ചുറ്റും
കറങ്ങുന്നതും, ഒടുങ്ങുമെന്നു അറിഞ്ഞിട്ടും പിന്നേം അവിടേക്ക് തന്നെ വരുന്നതും.."
"സ്വപ്നം കണ്ടു കൊണ്ടു മരിക്കുന്ന ഈയാംപാറ്റകൾ അല്ലെ..,"
"ഉം..."
ഇതേ സമയം മറ്റൊരിടത്ത്..."നീ നല്ല സുന്ദരി ആയിട്ടുണ്ടല്ലോ ഇന്ന്..ചിറകുകൾക്കൊക്കെ വല്ലാത്ത ഭംഗി.."
"ശരിക്കും???.."
"എന്താ ഇന്നത്തെ പ്രത്യേകത??
"ഇന്ന് എൻ്റെ ഊഴമാണ്.. "
"അപ്പൊ ഞാനോ??"
"നിനക്ക് പുറത്തേക്ക് പറക്കാമല്ലോ, അകത്തളങ്ങളിലെ എരിതീയേ എനിക്ക് ശരണം..."
"അങ്ങനെ പറഞ്ഞാൽ ഒക്കുമോ, ആരും കാണാതെ നമ്മൾ ഒരുമിച്ചു പുറത്തേക്ക് പറന്നിട്ടില്ലേ.."
"പറന്നിട്ടുണ്ട്.. അതൊക്കെ ഓർത്തിട്ടല്ലേ ഞാൻ ഇന്ന് ഇത്രേം സുന്ദരി ആയത് ."
"അങ്ങനെ ഒറ്റക്ക് പോകണ്ട...ഞാനും വരാം.."

മനോഹരമായ സ്വപ്നങ്ങളേയും കാത്ത് ഉള്ളിൽ ഒരു മെഴുകുതിരി വെട്ടം കത്താൻ തുടങ്ങിയിരുന്നു...


അങ്ങനെ ആവണ്ടാന്നുണ്ടെങ്കിലും

എന്നിലെ മനുഷ്യൻ എന്നേ മരിച്ചു...
സ്നേഹം...
എപ്പോഴും കീഴ്പ്പെടുകയും,
മറി കടക്കുകയും ചെയ്യുന്ന
വികാരമെന്ന സ്ഥിരം വ്യാഖ്യാനത്തിൽ
കുടുങ്ങി കിടന്നു..
അങ്ങു ദൂരെ ദൂരെ നിന്ന് വന്ന ആരാച്ചാരായിരുന്നു സ്നേഹത്തെ കയറിൽ കുരുക്കി കൊന്നത്..
പക്ഷെ മരണത്തിനു മുന്നേ, മുന്നിലേക്ക് വന്ന ചിത്രശലഭത്തിലേക്ക്
ഞാൻ സ്വയം കടന്നു കയറി..
ഇപ്പോ എത്ര കാല്പനികമാണ് ലോകം,
എവിടെയും നിറങ്ങളാണ്..
കൂടിക്കലർന്ന വർണങ്ങൾ
ആനന്ദ നൃത്തം ചെയ്യുകയാണ്..
കാണുന്ന ഓരോന്നിലും സൗന്ദര്യമാണ്...
എത്ര സുതാര്യമാണ്
ഞാനും ബാക്കിയുള്ളവരും..
അതിരുകളില്ലാത്ത ലോകം
എന്നെ തന്നെ പുതുക്കി വരയ്ക്കുകയാണ്..
എന്നാലും ഓർമകളിൽ, മറവികളിൽ ഞാൻ ഇന്നും പഴയ ആൾ തന്നെ
ആവാറുണ്ട്..
അങ്ങനെ ആവണ്ടാന്നുണ്ടെങ്കിലും.
കുറേ വൈകിയാണ് ലൂക്ക കണ്ടത്.. വൈകിയെങ്കിലും അതിന്റെ ചൂട് ആറിയിട്ടില്ലായിരുന്നു.. ഒരു ആർട്ടിസ്റ്റ്ന്റെ ജീവിതം എത്രത്തോളം സ്വാതന്ത്ര്യം നിറഞ്ഞതാണെന്നു ഇപ്പോഴും അസൂയപ്പെടുത്തികൊണ്ടിരിക്കുന്നു.. ലൂക്കാ നീ ഒരു സൂപ്പർ ഹീറോ ഒന്നുമല്ല, നിന്റെ ഉള്ളിലെ കലാകാരൻ മാത്രമാണ് അങ്ങനെ എന്ന് പറയുന്നതോടെ ലൂക്കായെ സാധാരണക്കാരിൽ സാധാരണക്കാരനായി നമ്മുടെ മുന്നിലേക്കിടുന്നു.. മരണത്തെ പേടിയുള്ള , മരണം ഉറപ്പായ ഒരാളെ ഇതിലും അപ്പുറം സ്നേഹിച്ചു വേദനയില്ലാതെ എങ്ങനെയാണ് കൊല്ലുക.. അതായിരിക്കും ലൂക്ക അർഹിച്ച ഏറ്റവും വലിയ സ്നേഹം.. സിനിമയുടെ തുടക്കത്തിൽ പോലീസ് ഉദ്യോഗസ്ഥൻ വിവാഹമോചന കേസ് കൊടുക്കുമ്പോൾ പഴയ പ്രണയത്തെ പറ്റി പറയുന്നുണ്ട് "അവളല്ല എന്റെ പ്രശ്നം.. അവൾ എന്ത് കൊണ്ട് പോയി എന്നതിന്റെ കാരണമറിയാത്ത വീർപ്പുമുട്ടലിൽ മുന്നോട്ട് പോകാൻ പറ്റാത്തതാണ് പ്രശ്‌നമെന്ന്.."
അവിടെയും ഇവിടെയും വിങ്ങലുകൾ അവശേഷിപ്പിക്കുന്ന ലൂക്ക...


നീ മണ്ണു തുരന്നു തുരന്നു താഴേക്ക് പോകുമ്പോൾ ഞാൻ ഉയർന്നുയർന്നു ആകാശത്തേക്ക് പോകും.. നീ മണ്ണിലെ ചെറിയ ചെറിയ ജീവികളെയും മണ്ണിന്റെ മണവും അറിയുമ്പോൾ
ഞാൻ ഇത് വരെ കാണാത്ത അന്യഗ്രഹ ജീവികളെയും ആകാശത്തിലെ കാറ്റും കൊള്ളും.. നീ, പണ്ടുണ്ടാക്കിയ മണ്ണപ്പത്തിന്റെ രുചി അറിയുമ്പോൾ
ഞാൻ പണ്ടു പറത്തിവിട്ട പട്ടത്തെ കണ്ടെത്തും..
നീ മണ്ണുകുഴച്ചു വീണ്ടും വീട് ഉണ്ടാക്കുമ്പോൾ
ഞാൻ ആകാശചരിവിലെ സ്വപ്ന വീട് കണ്ടെത്തും..
അങ്ങ് താഴെയുള്ള വെള്ളത്തിന്റെ ഉറവ കണ്ട് നീ ആനന്ദിക്കുമ്പോൾ ഇങ്ങു മുകളിൽ മേഘങ്ങളിൽ നിന്ന് താഴേക്ക് പൊഴിയുന്ന വെള്ളത്തുള്ളികൾ കണ്ട് ഞാൻ അതേ ആനന്ദം പങ്കുവെക്കുന്നു..
ഇത്രേം ഇത്രേം അകലെയായിട്ടും നമ്മളെന്താ ഇങ്ങനെ അല്ലെ

ആ ഞാൻ നീയും ആ നീ ഞാനുമായി രൂപാന്തരപ്പെടുമ്പോൾ കഥകൾക്കിടയിൽ പ്രണയം പൊടി പൊടിക്കുകയായിരുന്നു.. . . പക്ഷെ വരികൾക്കിടയിൽ ഗൂഡാലോചന തകൃതിയായി നടക്കുകയായിരുന്നു പോലും. ഏതോ വരിയിൽ എന്നെ ഒറ്റിക്കൊടുത്ത ഒരു പ്രണയം നിശബ്ദമായി ചിരിക്കുന്നുണ്ടായിരുന്നു.. പതുക്കെ പതുക്കെ കൂടിക്കൊണ്ടിരുന്ന ആ ചിരിയുടെ ശബ്ദം ട്രെയിൻ ശബ്ദത്തെയും മറികടന്നു എന്നെയും കീഴ്‌പ്പെടുത്തി,എന്നെയും കീറിമുറിച്ചു എങ്ങോട്ടേക്കോ പോയിക്കൊണ്ടിരുന്നു... .
പണ്ടെപ്പോഴോ വീട്ടിൽ നിന്ന് വരയ്ക്കുന്നത് കണ്ടിട്ടാണ് അമ്മ പറഞ്ഞത് "എന്തിനാണ് വെറുതെ വീടിന് പെയിന്റടിക്കാൻ വേറെ ആളെ വിളിക്കുന്നത്.. നീ തന്നെ പെയിന്റടിച്ചാൽ മതി ". കയ്യിൽ ബ്രഷ് എടുത്തപ്പോ ആകെ ഉള്ളിലൊരു കത്തൽ ആയിരുന്നു.. ആകെ അറിയുന്നത് അവളെ വരയ്ക്കാനാണ്... കണ്ണ് തുറന്ന് പിടിച്ചു ബ്രഷ് ചലിപ്പിച്ചു.. വരഞ്ഞത് മുഴുവനായും അവളെ തന്നെ.. അങ്ങനെ ചുമരു മുഴുവൻ അവൾ നിറഞ്ഞു കവിഞ്ഞു.. എല്ലാ വർണങ്ങളും ചേർത്തു അവളെ കൂടുതൽ മനോഹരിയാക്കി..ചിറകുകൾ ചേർത്തു കൊടുത്തു.. ജനാലകൾ തുറന്നു കിടക്കുകയായിരുന്നു.. അതിലെ ഇളം വിടവിലൂടെ നിറങ്ങളൊന്നും ചോർന്നു പോവാതെ ഒന്നായി അവൾ പുറത്തേക്ക് പറന്നു .. ഒഴിഞ്ഞ പെയിന്റ് പാത്രം കയ്യിൽ പിടിച്ചു ഞാൻ ജനാല വിടവിലൂടെ കണ്ണുകൾ പുറത്തേക്ക് എന്നേ പറത്തി വിട്ടിരുന്നു..
"ഞാൻ ആദ്യമേ പറഞ്ഞതല്ലേ, എന്നെ പിന്തുടർന്നു വന്നാൽ വഴി തെറ്റുമെന്ന്???""
"അതിനാരാ പറഞ്ഞേ വഴി തെറ്റിയെന്ന്??"
"പിന്നല്ലാണ്ട്, ഇപ്പൊ എവിടെയാണെന്ന് വല്ല ബോധ്യവുമുണ്ടോ??""
"നീ കാണുന്ന സ്ഥലത്തലാന്ന് ഉറപ്പായി.."
"ശരിക്കും എവിടെയാ??"
"ഒരു അത്ഭുത ദ്വീപിലാ.. എപ്പോഴും മഴപെയ്തു കൊണ്ടു നിൽക്കുന്ന,ചുറ്റിലും ഒരുപാട് മരങ്ങളുള്ള .. ഇതായിരുന്നു എന്റെ വഴി, തെറ്റിയതല്ല ട്ടോ.."
"അപ്പൊ നിനക്ക് തിരിച്ചു പോണ്ടേ, വീട്ടിലേക്ക്?"
"ആ വഴി ഞാൻ മറന്നു..."
"ഉം.."

ഒന്ന് മുതല്‍ പൂജ്യം വരെ

ഒന്നു മുതൽ പൂജ്യം വരെ.. കണ്ട സിനിമകളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സിനിമ..ദീപ മോളും, അലീനയും , ടെലഫോണ് അങ്കിളും ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാണ്... അറിയാതെ വന്ന ഫോണ്കോള് ജീവിതം മടുത്ത ഒരാളിന് കൊടുത്ത പ്രതീക്ഷയും, യാന്ത്രികമായി ജീവിച്ച അമ്മക്കും മോൾക്കും കൊടുത്ത സ്വപ്നങ്ങളും , നിഷ്കളങ്കമായ സ്നേഹവും, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും, വികാരവും,നഷ്ടങ്ങളും സിനിമയെ സമ്പന്നമാക്കുന്നു.. ആങ്കിളുകൾ വ്യത്യസ്തമായിരുന്നു.. ടെലഫോണ് അങ്കിളിനു തനിക്ക് ഏകദേശം അവസാനിച്ച മരുഭൂമി പോലെയുള്ള ജീവിതത്തിൽ ഇനിയൊരിക്കലും അല്ലെങ്കിൽ ഇതുവരെ അനുഭവിക്കാതിരുന്ന സന്തോഷത്തിന്റെ, സ്നേഹത്തിന്റെ നാളുകൾ ആയിരുന്നു അലീനയും ദീപമോളും നൽകിയത്..തന്റെ ഭാവി അറിഞ്ഞിട്ടു കൂടി ആ സ്നേഹത്തിന്റെ പിറകിലേക്ക് അയാൾ പോകുന്നു.. ദീപമോൾക്ക് അതു വരെ ഇല്ലാതിരുന്ന ഒരു കൂട്ടായിരുന്നു അങ്കിൾ.. അലീനക്ക് ശബ്ദത്തിലൂടെ മാത്രം പരിചയമുള്ളൂവെങ്കിലും ഇനി തന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്നു കരുതിയിരുന്ന പ്രതീക്ഷ ആയിരുന്നു അയാൾ .. പ്രണയത്തിന്റെ മാസ്മരിക തലമായിരുന്നു രഘുനാഥ് പാലേരി എന്ന കഥാകാരൻ ഒന്നു മുതൽ പൂജ്യത്തിലൂടെ വരച്ചിട്ടത്.. ജീവിതത്തിന്റെ അപ്രവചനീയതയിൽ പ്രതീക്ഷയുടെ ഏതോ ബിന്ദുവിൽ സിനിമ അവസാനിക്കുന്നു..