Thursday 31 May 2012

ആകാശം................

ആകാശം.... പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ  കഥാപാത്രം..... കുറെ പ്രപഞ്ചസത്യങ്ങളെ പേറി നടക്കുന്ന ഒരു മഹാസംഭവം...പണ്ടു മുതലേ തെറ്റാത്ത  തിരക്കഥയിലൂടെ ദിവസം മുഴുവന്‍ പണിയെടുക്കുന്ന 'നൈറ്റ്‌ ഷിഫ്റ്റ്‌' ഇഷ്ടമല്ലാത്ത  സൂര്യന്‍....'എന്താടോ നിനക്ക്  ഒരു രാത്രിയെങ്കിലും പണിയെടുത്തൂടെ എന്ന് ചോദിച്ചു പോയിട്ടുണ്ട് കുട്ടിക്കാലത്ത്...ഒരിക്കല്‍ പോലും അടുത്ത് വരില്ലെങ്കിലും പരസ്പരം അകലെ നിന്ന് കണ്ട്‌ പ്രണയം പങ്കുവെക്കുന്ന  സൂര്യനും താമരയും... എനിക്ക് സ്വപ്നങ്ങള്‍ക്ക്  വര്‍ണം പൂശാനുള്ള  ഒരു പ്രതലമായിരുന്നു എന്നും ആകാശം.... ആകാശത്തിന്റെ അടുത്തെത്താന്‍ കഴിവുള്ള  ഒരേയൊരു ജീവിയായി  പരുന്തിനെ കണ്ടിരുന്നു പലപ്പോഴും...ആകാശം തൊട്ടു തോട്ടില്ലെന്ന  മട്ടില്‍ പരുന്ത്‌ പറക്കുമ്പോള്‍ എന്‍റെ സ്വപ്നങ്ങള്‍ക്കും ചിറകു മുളക്കുമെന്ന പ്രത്യാശയും കൂടെ വളര്‍ന്നു.... ഭൂമിയിലെ ഏറ്റവും വലിയ  ചിത്രകാരനായ  മിന്നലിന്റെ കലാസൃഷ്ടിയും  നമ്മള്‍ക്ക് കാട്ടിതരുന്നത്  ഈ ആകാശമല്ലേ?? ഭൂമിയുടെ സമയ ചക്രം തിരിക്കുന്ന   ജോലി  പകല്‍ മുഴുവന്‍ സൂര്യന്‍ ഏറ്റെടുത്തു നടക്കുമ്പോള്‍  രാത്രിയില്‍ അതു ചന്ദ്രനും നക്ഷത്രങ്ങളും ചെയ്യുന്നു... ചന്ദ്രനും പ്രണയിക്കുന്നില്ലേ ചെമ്പകത്തിനെ??? അവിടുത്തെ കൂട്ടുകാരുടെ പ്രണയ സന്ദേശ വാഹകനായിരിക്കും മേഘം...ആകാശത്തിലെ കളിക്കൂട്ടുകാരുടെ  'Hide and seek' കളിയായിരിക്കാം ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും അല്ലെ? മരിച്ചവര്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കുന്നു എന്നതും ഒരു വിശ്വാസം... തൊട്ടടുത്ത്‌ തന്നെ  ഉണ്ട്  പക്ഷെ അകലെ, എന്നാലും ഉള്ളില്‍ അവരുടെ ജ്വാല അണയാതെ കത്തുന്നു... മനസ്സിലെ ആ പ്രതിരൂപം നമ്മള്‍ നക്ഷത്രങ്ങളിലൂടെ ആകാശത്ത് കാണുന്നു...  അതു മാത്രമാണോ,  ഭൂമിയില്‍ പ്രത്യാശയുടെ പ്രകാശം പരത്തുന്നുന്നതും നന്മയുടെയും സമൃദ്ധിയുടെയും  വിത്തുകള്‍ പാകുന്നതും ഈ ആകാശം ഉള്ളത് കൊണ്ടല്ലേ?? ആകാശം മഴയിലൂടെ താന്‍ പ്രണയിക്കുന്ന  മണ്ണിനെ ചുംബിക്കുന്നു...എന്തൊരു മനോഹരമായ കാഴ്ചയാണത്??മഴയെ പ്രണയത്തിന്‍റെ പ്രതീകമായി കരുതുന്നത്  ഇതൊക്കെ കൊണ്ടാവാം... ഇത് മാത്രം പോരാ എന്നുള്ളത് കൊണ്ടായിരിക്കാം  മഴയില്ലാ ദിവസങ്ങള്‍ മഴയുള്ള  ദിവസങ്ങളേക്കാള്‍ കൂടുതല്‍ വരുന്നത്....ഭൂമിയുടെ ചരമഗീതം പാടിക്കോളൂ, 2012 ഡിസംബറില്‍ എല്ലാം  അവസാനിക്കും എന്ന ശാസ്ത്രീയമായ തെളിവുകള്‍ നിരത്തുമ്പോള്‍ മണ്ണ് കാത്തിരിപ്പ്‌ തുടങ്ങുന്നു ആകാശത്തിന്റെ അവസാന ചുംബനങ്ങള്‍ക്കായി.. ആകാശമേ നീ തെളിയിക്കു നിനക്കു മരണമില്ലെന്നു....

No comments:

Post a Comment