Wednesday, 1 October 2014

രണ്ടാമൂഴം...

   
രണ്ടാമൂഴം... മഹാഭാരതത്തെ ഭീമനിലൂടെ നോക്കിക്കാണുന്ന എം.ടി. യുടെ നോവല്‍... കാര്യങ്ങളെ വേറെ ഒരു ആംഗിളിലൂടെ നോക്കി കാണുന്ന എം.ടി. യുടെ കഴിവിനെ സമ്മതിച്ചേ മതിയാവൂ... ഇരുട്ടിന്‍റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധനും , വടക്കന്‍ വീരഗാഥയും മറ്റു ഉദാഹരണങ്ങള്‍.. മഹാഭാരതത്തെ വെറും കെട്ടുകഥയായി കാണുന്ന ഒരാളാണ് ഞാന്‍.. ആ കഥയില്‍ തന്നെ എന്നും മുന്നിലും പിന്നിലും ഉള്ള ആള്‍ക്കാരുടെ മുന്നില്‍ ഒരു നിഴലായി ഒതുങ്ങി പോകുന്ന ഒരു കഥാപാത്രമായിരുന്നു ഭീമസേനന്‍ .. ആ ഭീമന്‍ തന്‍റെ കഴിവുകളെല്ലാം പുറത്തുകാട്ടി ഭാരതത്തിലെ ഏറ്റവും ശക്തമായി തന്നെ രണ്ടാമൂഴത്തില്‍ പുറത്തേക്കു വരുന്നു.. കാട്ടാളനെ പോലുള്ള ശരീരം ഉണ്ടെങ്കിലും ഒരു പച്ച മനുഷ്യന്‍റെ സ്വാഭാവികതയില്‍ ഭീമന്‍ ജീവിക്കുന്നു.. പാണ്ഡവരില്‍ ഏറ്റവും കരുത്തുള്ള ഭീമനെ അര്‍ഹിച്ച അംഗീകാരമായി ഹസ്തിനപുരത്തിലെ രാജാവ് എന്ന പദവിയും നിര്‍ദേശിക്കപ്പെടുന്നുണ്ട്..അതു പോലെ കൂട്ടത്തില്‍ സ്വാര്തത ഏറ്റവും കുറഞ്ഞ ആളായും,നിഷ്കളങ്കനായും ,ധര്‍മ്മമാണ്‌ പ്രധാനം സ്നേഹമൊക്കെ അത് കഴിഞ്ഞേ ഉള്ളൂ എന്ന വാദവും പലയിടങ്ങളിലായി ഭീമന്‍ തള്ളിക്കളഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട്..ഭീമനെ ഒരു മാനവിക പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്ന രണ്ടാമൂഴം വേറിട്ട ഒരു വായനാനുഭവം തന്നെയാണ് തരുന്നത്.. പണ്ടേ വായിക്കണമെന്ന് ആഗ്രഹിച്ച പുസ്തകമാണെങ്കിലും പെട്ടെന്ന് വായിക്കാന്‍ പ്രേരണയായത്Aparna Nambiar K P ഇട്ട പ്രൊഫൈല്‍ ഫോട്ടോയിലെ വരികളാണ്..താങ്ക്സ് അപര്‍ണ .. അത് തന്നെയാണ് രണ്ടാമൂഴത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച വരികളും..
" അവള്‍ പൊയ്കയുടെ മനോഹാരിത ആസ്വദിക്കുമെന്നും എന്തെങ്കിലുമൊക്കെ പറയുമെന്നും ഞാന്‍ കരുതി..കയ്യില്‍ വാങ്ങിയ പൂക്കള്‍ ഒന്നു മണപ്പിക്കുക പോലും ചെയ്യാതെ അവള്‍ യുധിഷ്ടിരനു നേരെ നീട്ടി..."

പച്ചപ്രണയം

കാമ്പസിലെ വഴിയോരങ്ങളില്‍ ഇലകള്‍ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു ...ഓരോ കാലടിപപാടുകളെയും മണ്ണും ഇലകളും ചേര്‍ന്നു വാരിപ്പുണര്‍ന്നു..മീനച്ചൂടില്‍ ഉരുകിക്കൊണ്ടിരുന്ന ആ കലാലയ ചുമരുകളില്‍ നിശബ്ദമായി തേങ്ങുന്ന പല കരച്ചിലുകളും കേട്ടു..അതൊരു വിടവാങ്ങല്‍ ദിവസമായിരുന്നു...അടുത്ത ദിവസം അതിരാവിലെ ഹോസ്റ്റലില്‍ നിന്ന് വിട്ടു പോകണം..ജീവിതത്തിലെ ഒരധ്യായത്തിനു പൂര്‍ണവിരാമമിടുന്ന നിമിഷം,,ചിലരതിനു വിരാമാമിടാതെ അപൂര്‍ണ്ണമായി വരച്ചിടും കാലത്തിനു തെളിയിക്കാനായി..അവര്‍ രണ്ടു പേരും പോയത് തങ്ങളുടെ പ്രിയപ്പെട്ട കടല്‍തീരത്തേക്കായിരുന്നു...ഒരുപാട് കാറും കോളും കണ്ട കടല്‍.. ചിലപ്പോള്‍ തിരക്കില്ലാത്ത കടല്‍ത്തീരം കണ്ടാല്‍ തോന്നും വിശാലമായ ഏകാന്തത വിരിച്ചിട്ട
പ്രണയമാണ് കടലിന്റെയും കരയുടെയും എന്ന്...ആര്ത്തടിച്ചു വരുന്ന തിരയില്‍ നനഞ്ഞു കൊണ്ട് കരയില്‍ നില്‍ക്കുമ്പോള്‍ ഒരു പ്രത്യേക വികാരമാണ് പ്രക്ഷുബ്ധതയില്‍ നിന്ന് സമാധാനത്തിലേക്കുള്ള മാധ്യമങ്ങളായി അവര്‍ രണ്ടു പേരും നിന്നു,,,സദാചാരത്തിന്റെ ഒളിക്കണ്ണ്‍കള്‍ എല്ലാ ഭാഗത്ത്‌ നിന്നും ഒളിഞ്ഞും തെളിഞ്ഞും നോക്കികൊണ്ടിരുന്നു...നാടെത്ര നന്നായാലും മോശമായാലും ഈ മുഖംമൂടിക്ക് ഒരു കുറവുമില്ല...പക്ഷെ അവരിതൊന്നും ശ്രദ്ധിച്ചതേയില്ല..രണ്ടുപേരും,കരയും കടലും മാത്രമുള്ള ലോകത്തായിരുന്നു അവര്‍..സൂര്യാസ്തമയത്തിന്‍റെ ചുവപ്പ്, പ്രതീക്ഷകളുടെ നല്ല നാളെയുടെ വെളിച്ചം പകര്‍ന്നു..വരാനിരിക്കുന്ന ഒരായിരം പ്രതിസന്ധികള്‍ ആ ചുവപ്പില്‍ മാഞ്ഞുപോയി..കണ്ണില്‍ നിന്ന് ഊര്‍ന്നുവീണ കണ്ണുനീര്‍ കടല്‍ വെള്ളത്തിലെ ഉപ്പിനോട് മത്സരിച്ചുകൊണ്ടിരുന്നു,,പരസ്പരം അറിയാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തോളവും ഒന്നിച്ചു ജീവിക്കണം എന്നാഗ്രഹിച്ചിട്ട്‌ രണ്ടു വര്‍ഷത്തിലേറെയുമായി..അടുത്ത ചാകരക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു തോണിയും പങ്കായവും വലിയ വലകളും..ഇനി ഈ തീരത്ത് വച്ചു അവര്‍ കണ്ടു മുട്ടണമെന്നില്ല..ഓര്‍മിച്ചെടുത്ത കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ അവര്‍ ആ തീരത്ത് വച്ചു പുനര്‍ നിര്‍മിച്ചു..ഓര്‍മകളുടെ കരുത്തില്‍ അവര്‍ കൂടുതല്‍ ശക്തരായി, ആത്മവിശ്വാസമുള്ളവരായി .. വിശാലമായ ലോകത്തേക്ക് കൈകള്‍ പരസ്പരം കോര്‍ത്തുപിടിച്ചു അവര്‍ നടക്കാന്‍ തുടങ്ങി..ലക്ഷ്യത്തിലേക്കുള്ള അനന്തമായ യാത്ര... വളരെ അകലേക്ക് നടന്നകന്ന അവരെ ആദ്യം രണ്ടായി കണ്ടു.. പിന്നെ ഒന്നായി മാറി , പിന്നെ വളരെ ചെറിയ ഒരു പൊട്ടായി മാറി .. നേരത്തെ പറഞ്ഞ പോലെ അടുത്ത അദ്ധ്യായത്തിലേക്ക് വാതില്‍ തുറക്കുന്ന പൂര്‍ണവിരാമമല്ലാത്ത ബിന്ധുവായിരിക്കണം അത്..തിരകള്‍ക്കു മുകളിലൂടെ ഇളംകാറ്റു വീശിക്കൊണ്ടിരുന്നു.. കൂടെ പഠിച്ചവര്‍ക്കും അവരുടെ ബന്ധം ദുരൂഹമായിരുന്നു..സൗഹൃദത്തിന്‍റെ അതിര്‍വരമ്പുകള്‍ക്കപ്പുറം പോയ എന്തായിരുന്നു അത് എന്നവര്‍ ഉത്തരം കിട്ടാതെ ചിന്തിച്ചു.. അത് പ്രണയം മാത്രമായിരുന്നു.. പച്ചപ്രണയം...ഒരാണിനു വേറൊരാണിനോട് തോന്നി എന്നു മാത്രം...

Thursday, 22 May 2014

നേത്രാവതി


ചൂളം വിളിച്ചു വിളിച്ചു നേത്രാവതിയുടെ തൊണ്ട വരണ്ടിരിക്കുന്നതു പോലെ തോന്നി... കാരണം പന്ത്രണ്ട് മണിക്കൂറോളമായി..പണ്ടു മുതലേ നേത്രാവതി അയാളുടെ കൂടെ തന്നെ ഉണ്ടായിരുന്നു..ബോംബെയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ലീവിന് നാട്ടില്‍ വരുമ്പോള്‍ അമ്മയുടെ കൂടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോ അനൌണ്‍സ്മെന്റിലൂടെയാണ് ആ പേര് ആദ്യമായി കേട്ടത്..നേത്രാവതി.. വേഗതയെ പ്രണയിച്ചു തുടങ്ങിയ കൗമാരത്തില്‍ കാലിക്കീശ വീര്‍പ്പിച്ചു വച്ച് ടി.ടി.ആര്‍ കാണാതെ മിക്കവാറും കേറിക്കൂടിയത് നേത്രാവതിയില്‍ ആയിരുന്നു.. അന്നൊക്കെ പിന്നെ നാട്ടില്‍ പൊതുവേ ഒരു ധാരണയുണ്ടായിരുന്നു..ബോംബെയില്‍ പോയാല്‍ എളുപ്പത്തില്‍ ജോലി കിട്ടും.. അരക്ഷിതമായ മനസ്സിനേയും മുറുകെ പിടിച്ചു അതിനേക്കാള്‍ അരക്ഷിതമായ ബോംബെയിലേക്ക് വണ്ടി കേറിയതും അതേ നേത്രാവതിയില്‍..അലഞ്ഞു തിരിഞ്ഞു നടന്ന ബോംബെയിലെ തെരുവോരം..വിശപ്പിനോട് മല്ലിടാനായി കൂടെ ഉണ്ടായിരുന്നത് വിയര്‍പ്പില്‍ അലിഞ്ഞു പോയ നാട്ടിലെ ഓര്‍മകളായിരുന്നു.. ഉള്ളില്‍ എരിയുന്ന തീയിലും തണുപ്പ് കാറ്റ് വീശിയത്‌ നാട്ടിലെ പച്ചപ്പിന്റെയായിരുന്നു.. ബോംബെയില്‍ ജോലി കായ്ക്കുന്ന മരം തനിക്ക് വേണ്ടിയും പൂത്തു.. നാട്ടിലേക്കുള്ള ഓരോ യാത്രയിലും നേത്രാവതിയായിരുന്നു കൂട്ട്..ഇന്നിപ്പോ കാലം കുറെയായി ബോംബെയില്‍ സ്ഥിരതാമസം..അതുകൊണ്ട് തന്നെ ഈ യാത്രയും തുടക്കം മുതലേ ആസ്വദിക്കുന്നു..ഭാര്യയും മക്കളും നല്ല സന്തോഷത്തിലാണ്.. ടെക്നോളജിയുടെ വളര്‍ച്ച കൊണ്ടാകാം ചെറുപ്പത്തില്‍ തന്നെ പിള്ളേരുടെ കണ്ണില്‍ കണ്ണട വെക്കേണ്ടി വന്നു..എന്നെപ്പോലെ തന്നെ nostaljiya വന്നുണര്‍തത്തിയതു കൊണ്ടാകാം അവളും തിളങ്ങുന്ന കണ്ണുകള്‍ ദൂരേക്ക്‌ പായിച്ചു പുറത്തേക്ക് നോക്കിയിരിക്കുന്നത്..ട്രെയിനില്‍ ചായ,കാപ്പി എന്നു വിളിച്ചു പറയുന്നവരെ കാണുമ്പോഴും ഒരു മുഖപരിചയം..ഈ വണ്ടിയില്‍ വച്ചു മുമ്പ്‌ കണ്ടതായിരിക്കണം..ജരാനരകള്‍ ബാധിച്ച ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി മഴത്തുള്ളികള്‍ വിരുന്നിനെത്തി..യാത്രയിലെ ഓരോ ഫ്രെയിമും അയാള്‍ക്ക് തന്നിലേക്ക് തന്നെയുള്ള തിരിച്ചുപോക്കായിരുന്നു..വയലിലെപിള്ളേരുടെ ക്രിക്കറ്റ് കളി പഴയ ബാല്യത്തിലേക്കെത്തിച്ചു..ക്രിക്കറ്റും ഫുട്ബോളും കൂട്ടുകാരും .. മഴയിലെ കളിക്ക് ഒരു പ്രത്യേക രസമുണ്ടായിരുന്നു..അവന്മാരോക്കെ നാട്ടില്‍ ഉണ്ടെങ്കില്‍ വീണ്ടും ഒന്ന് കളിക്കണം..അന്നു കളിച്ച സ്ഥലത്തൊക്കെ ആരെങ്കിലും വീടു വച്ചോ ആവോ?? ദൂരെ ഒരമ്പലം കണ്ടു..പണ്ട് നമ്മള്‍ കൂടിയിരുന്ന് പരസ്പരം മനസ്സ് തുറക്കുന്ന സ്ഥലമായിരുന്നു വീടിനടുത്തുള്ള അമ്പലത്തിന്‍റെ പുറത്തുള്ള ആല്‍മരം.. ആല്‍മരത്തിന്‍റെ കീഴില്‍ ആകാശത്തിനു സമാന്തരമായുള്ള ആ കിടപ്പിന്റെ സുഖം അതേത് എ.സി.റൂമിലും കിട്ടില്ല .. ചുറ്റും ശുദ്ധവായു, അമ്പലത്തിലെ ശംഖു വിളി, ഭക്തി സാന്ദ്രമായ വായ നോക്കല്‍ .. ഒരു പ്രത്യേക അന്തരീക്ഷം തന്നെയായിരുന്നു.. കൊന്നയൊക്കെ പൂത്തിരിക്കുന്നു .. ശരിയാണ്,മേടമാസമാവാറായല്ലോ..ഉള്ള പൈസയൊക്കെ വാരിക്കൂട്ടി വാങ്ങിക്കാറുള്ള ചെറിയ പടക്കങ്ങളെ പറ്റിയോര്‍ത്തു..പടക്കം വാങ്ങുമ്പോ പൈസ നോക്കാറില്ല, കാരണം പടക്കം പൊട്ടിച്ചു തീര്‍ക്കുമ്പോ രാവിലെ തന്നെ കൈനീട്ടം കിട്ടുമല്ലോ..ആ ധൈര്യം കൂടെയുണ്ടാകും..വിഷു തലേന്നു പിന്നെ ഫുള്‍ തിരക്കായിരിക്കും.. മാങ്ങ,ചക്ക,കൊന്ന, ചെമ്പോത്ത് ഇതൊക്കെ ഒപ്പിക്കേണ്ട പരക്കം പാച്ചില്‍..ഉറുമ്പ്‌ കടിയൊന്നും നോക്കാതെ ഏതു മരത്തിലും വലിഞ്ഞു കേറും..ബോംബെയിലെ മലയാളി സമാജത്തിന്‍റെ റെഡിമെയ്ഡ് വിഷുവില്‍ നിന്ന് മാറി നാച്ചുറലായി വിഷു ആഘോഷിക്കണം ഇത്തവണ.. ഈ പാളങ്ങള്‍ ഒരിക്കലും കൂട്ടിമുട്ടില്ലേ അച്ഛാ എന്നാ മോളുടെ ചോദ്യം ഒന്നു ചിന്തിപ്പിച്ചു..നമ്മുടെ ആഗ്രഹങ്ങളെ പോലെയാണ് പാളങ്ങള്‍,ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല,ആഗ്രഹങ്ങള്‍ അവസാനിക്കുമ്പോ ഈ പാളങ്ങളും കൂട്ടിമുട്ടുമെന്നു മറുപടി പറഞ്ഞു..നാട്ടിലേക്ക് വരുന്ന എല്ലാവരുടെയും സന്തോഷത്തിന്‍റെ തീവ്രത നോക്കിയാല്‍ ഈ നിമിഷം ഇവരായിരിക്കും ലോകത്തിലെ ഏറ്റവും സന്തുഷ്ട കുടുംബം എന്നു തോന്നിപ്പോകും..തോന്നല്‍ മാത്രമല്ല.. അതാണ്‌ സത്യവും..ഓട്ടു കമ്പനിയില്‍ നിന്ന് കറുത്ത പുക പുറത്തേക്ക് വരുന്നു.. തൊഴിലാളികളുടെ വിയര്‍പ്പാണ് പുകയായി പുറത്തേക്കു വരുന്നത്..ബോംബെയില്‍ പോകുന്നതിനു മുമ്പ്‌ നാട്ടിലെ ഫാക്ടറിയില്‍ രണ്ടു മാസം ജോലി ചെയ്തതിനെ പറ്റിയോര്‍ത്തു..മുതലാളിമാരുടെ സ്വാര്‍ഥതയില്‍ കൂലി പോലും കിട്ടാതിരുന്നപ്പോ വിളിച്ച മുദ്രാവാക്യങ്ങള്‍ പതിനെട്ടു കൊല്ലത്തെ നിശബ്ദതയ്ക്ക് ശേഷം തോണ്ടയിലേക്ക് വന്നു... നാടെത്താന്‍ ഇനി ഒരു മണിക്കൂര്‍ മാത്രം ബാക്കി.. സ്റ്റേഷനില്‍ കൂട്ടുകാരൊക്കെ വന്നിട്ടുണ്ടായിരിക്കും..സന്തോഷം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്താന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം..കൊണ്ട് വന്ന സാധനങ്ങളൊക്കെ അവിടെ തന്നെയുണ്ടോ എന്നുറപ്പു വരുത്താന്‍ ഒന്നുകൂടി നോക്കി..എല്ലാം ഓക്കെ.. അയാള്‍ മനസ്സില്‍ മന്ത്രിക്കാന്‍ തുടങ്ങി - "പ്രിയപ്പെട്ടവളെ , നിന്നെ കാണാനുള്ള കാത്തിരിപ്പാണ് എന്‍റെ കാത്തിരിപ്പുകളില്‍ ഏറ്റവും വലുത്..." നേത്രാവതി പിന്നേയും ചൂളം വിളിച്ചു പൊയ്ക്കൊണ്ടിരുന്നു..ഈ ചൂളംവിളി ലക്ഷ്യ സ്ഥാനത്തെത്തിക്കുന്ന ചാരിതാര്‍ത്ഥ്യം പോലെ അനുഭവപ്പെടുന്നു... 

ഓര്‍മ്മക്കുറിപ്പ്



കൂട്ടത്തില്‍ ഏറ്റവും പരിചയം കുറവുള്ള ആളായിരുന്നു പ്രിയങ്ക..പക്ഷെ പ്രിയങ്കയുടെ കല്യാണം വിളി മറ്റാരെക്കാളും ഞാന്‍ ആഗ്രഹിച്ചിരുന്നു ... ചിതറിക്കിടക്കുന്ന സൗഹൃദങ്ങളെ ഓര്‍മകളുടെ നൂലില്‍ കോര്‍ത്ത് ഒരൊറ്റ മനസ്സായി മാറാനുള്ള അവസരം .. യാത്ര.. വയനാട് .. വളവു തിരിവുകള്‍ താണ്ടിയുള്ള ദൂരയാത്ര ഇഷ്ടമല്ലായിരുന്നു.. പക്ഷെ ഇത്തവണ ഓരോ വളവും തിരിവും പ്രതീക്ഷകളുടെ അനന്തമായ ദൂരം കുറച്ചു കുറച്ചു വന്നു ...പണ്ട് ക്വിസ് മത്സരത്തിലെക്കായി പഠിച്ചു വച്ച ചോദ്യത്തിന്റെ ഉത്തരമായിരുന്നു ലക്കിടി .. 'കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം ..അവിടെ എത്താനുള്ള അഞ്ചു മണിക്കൂറുകള്‍ വളരെ പെട്ടെന്ന് പോയ പോലെ തോന്നി...എല്ലാവരേയും ആറു മാസത്തിനു ശേഷം കാണുന്നു...ആര്‍ക്കും വലിയ മാറ്റമൊന്നുമില്ല... മുകളില്‍ നിന്ന് കട്ടിയില്‍ വരുന്ന സൂര്യകിരണങ്ങള്‍ മഞ്ഞുപാളികളിലൂടെ നേര്‍ത്ത്‌, ഊര്‍ന്നു വീണുകൊണ്ടിരുന്നു.. ആന്റണിയുടെ കയ്യില്‍ ഒരടിപൊളി ക്യാമറയുണ്ട്..അതുകൊണ്ട് എഫ്.ബി യില്‍ നല്ല കുറേ ഫോട്ടോസ് ഇടാന്‍ അവസരം കിട്ടുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു...പൂക്കോട് തടാകത്തിന്റെ അരികും അതിര്‍ത്തിയും അളന്നു മുറിച്ചു കൊണ്ടുള്ള നീളത്തിലുള്ള നടത്തം..ഒരേ സമയം ക്യാമറക്ക് മുന്നില്‍ അനുശ്രീയും,സൈനുവും , ശരിക്കുമുള്ള അനുവുമായി കൊണ്ടുള്ള അനുവിനറെ ഭാവപ്പകര്‍ച്ചയും, വേഷപ്പകര്‍ച്ചയും വീണ്ടും അമ്പരപ്പിച്ചു..അടുത്തിറങ്ങാനിരിക്കുന്ന 'വേനല്‍പ്പൂക്കള്‍' എന്ന സിനിമയിലെ നായികയാണ് .. നല്ലൊരു പച്ചപ്പും , വെള്ളവും വലിയൊരു അണക്കെട്ടുമുള്ള ഒരു ബാക്ക്ഗ്രൌണ്ടിലേക്ക് നമ്മളെ വലിച്ചിട്ട പോലെയുള്ള ഒരനുഭൂതിയായിരുന്നു ബാണാസുരസാഗര്‍ ഡാമില്‍ വച്ചുണ്ടായത്..മഴ നനയാന്‍ വേണ്ടി ബാന്ഗ്ലൂരില്‍ നിന്നവരും പയ്യന്നൂരില്‍ നിന്ന് ഞാനും ബാണാസുരയിലെത്തി .. ഇത്തവണ ആദ്യമായി കിട്ടിയ മഴയായിരുന്നു .. ശരിക്കും അറിഞ്ഞ മഴ,ആസ്വദിച്ച മഴ .. ജഷ്നക്ക് പിന്നെ നമ്മുടെ ലോകമല്ലാതെ ഒരു 'നിമിഷ്' ലോകം കൂടി ഇപ്പൊ ഉള്ളതുകൊണ്ട് ഇടയ്ക്കിടെ സ്വിച്ചിങ് മോഡിലായിരുന്നു ..ലക്കിടിയില്‍ ശരിക്കും നല്ല തണുപ്പായിരുന്നു .. രാത്രിയില്‍ നല്ല തണുപ്പ് കാറ്റില്‍ ചെമ്പകത്തിന്‍റെ മണം മൂക്കിലേക്ക് അരിച്ചരിച്ച് കയറിക്കൊണ്ടിരുന്നു.. ജിത്തുവാണെങ്കില്‍ അടുത്ത കുടിയേറ്റത്തിനുള്ള ഒരുക്കത്തിലായിരുന്നു...ന്യുസിലാണ്ടിലെ ലില്ലി പൂക്കളില്‍ അവന്‍ തന്റെ സ്വപ്നങ്ങള്‍ പറിച്ചു നടാന്‍ തുടങ്ങിയിരുന്നു.. ലക്കിടിയിലെ തണുത്ത രാത്രിയും കഴിഞ്ഞ് അടുത്ത ദിവസം കുറുവാദ്വീപിലേക്ക് തിരിച്ചു..അനേകം ദ്വീപ് സമൂഹങ്ങളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ കുറുവ ഒരു സുന്ദരിയായി നിന്നു..ആന്‍റണിയുടെ വാശിക്ക് ഒരു കുറവുമില്ല.. 'വെള്ളത്തിലെ മാന്തല്‍ ' എന്ന പുതിയ പ്രയോഗം തന്നെ ആന്റണി കണ്ടെത്തുകയും അത് സ്ഥാപിച്ചെടുക്കാന്‍ കഷ്ടപ്പെടുകയും ചെയ്തു..അനൂബിനു പിന്നെ രണ്ടു കാര്യത്തിലാണ് ടെന്‍ഷന്‍- മുടിയും,വയറും.. ബഥാമില്‍ തുടങ്ങിയ കേശ സംരക്ഷണം ഇപ്പൊ\ ഉള്ളിവരെ എത്തിയിരിക്കുന്നു...പക്ഷേ ഇപ്പൊ ഇതുകൂടാതെ കല്യാണത്തിന്റെ ടെന്‍ഷന്‍ കൂടി വന്നിട്ടുണ്ടെന്നു തോന്നുന്നു...എന്നിരുന്നാലും ഇന്നോവയുടെ വളയം ആ കൈകളില്‍ ഭദ്രമായിരുന്നു...വയനാട് നിന്ന് കുറ്റ്യാടി ചുരം വഴിയുള്ള യാത്രയില്‍ കൂട്ടായി വന്നത് മഴയായിരുന്നു .. പേരാമ്പ്രയിലെ കല്യാണവീട്ടില്‍ എത്തിയപ്പോ പെടട്ടെന്ന് ഒരൊറ്റപ്പെടല്‍ ഫീല്‍ ചെയ്തു..കാലം പോയ്ക്കൊണ്ടിരിക്കുന്നതിനനുസരിച്ചു മനസ്സുകളും കുറച്ചകലത്തേക്ക് പോയിട്ടുണ്ടാവുമല്ലേ എന്ന് അനുഷയോട് പറഞ്ഞെങ്കിലും അവളതു തള്ളിക്കളഞ്ഞു.. ചിലപ്പോ എന്റെ തോന്നല്‍ മാത്രമായിരിക്കാം.. ചിത്രത്തിന്‍റെ ക്ലൈമാക്സ് സീനില്‍ "എന്നെ ഒന്ന്
വെറുതെ വിടുമോ '" എന്ന ലാലേട്ടന്റെ നടക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും പ്രതീക്ഷിക്കുന്ന ഡയലോഗ് പോലെ ഒരാള്‍ കൂടി കല്യാണത്തിന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു...പക്ഷേ ഉണ്ടായില്ല... വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചക്കിട്ടപ്പാറയില്‍ ആ ദിവസം കഴിച്ചുകൂട്ടി ....പിറ്റേന്ന് മനസ്സമ്മതവും കൂടി കൊട്ടിക്കലാശം പോലെ രാഷ്ട്രീയവും സംസാരിച്ച് തിരിച്ചു വീട്ടിലേക്ക് വരുമ്പോഴും മനസ്സ് ആ ഇന്നോവയിലും , വയനാട്ടിലും , ആ മഴയിലും ,'വെയില്‍ ചില്ല പൂക്കും പോലെ' എന്ന പാട്ടിലുമായി അലിഞ്ഞലിഞ്ഞു കൊണ്ടിരുന്നു .. യാത്രകളും , കണ്ടുമുട്ടലുകളും ഒരിക്കലും അവസാനിക്കുന്നില്ല.. ഇനിയും തുടരുക തന്നെ ചെയ്യും, തുടരണം..

Sunday, 2 February 2014

സ്നേഹമരം...

രാത്രി സമയം.. പുറത്തുള്ള വെളിച്ചത്തെ വിഴുങ്ങിക്കൊണ്ട് എല്ലാ ജീവികളും രാത്രിയെ വരവേല്‍ക്കാന്‍ തുടങ്ങി.. ആ വീടിനകത്തെ ചെറിയ വെളിച്ചം മാത്രം ബാക്കി.. ആഴത്തിലുള്ള മാളമുണ്ടാക്കി,അതിനുള്ളില്‍ നിന്ന് തലപൊക്കി ആരും കണ്ടുപിടിക്കില്ല എന്ന ഉറപ്പോടെ പെരുച്ചാഴികള്‍ പുറത്തു വന്നു അങ്ങോട്ടുമിങ്ങോട്ടും ഓടാന്‍ തുടങ്ങി.. കുറച്ചപ്പുറത്ത് ഇലകളെ ജീവിപ്പിച്ചത് ഒരു അണലിയായിരുന്നു.. തന്‍റെ നാവിലെ വിഷത്തിന്റെ വീര്യം കൂട്ടി അതും ഇരകള്‍ക്കായി കാത്തുനിന്നു.. പാമ്പിന്‍റെ കണ്ണില്‍ നിന്നും രക്ഷപ്പെടാനായി ഒരു തവള സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറി നിന്നു..ഇരുട്ടില്‍ ഉറക്കച്ചടവോടെ തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ വിശ്രമം കൊടുത്തുകൊണ്ട് തണുപ്പില്‍ നിന്നും രക്ഷപ്പെടാനായി വെളുത്ത പൂച്ച ഒരു പഴയ ചാക്കില്‍ ചുരുണ്ടുകൂടി.. രാവിലെ അണ്ണാറക്കണന്‍ കടിച്ചുവച്ച മാങ്ങയുടെ ബാക്കി തിന്നുകൊണ്ട് വവ്വാലും രാത്രിയുടെ കാവലാളായി നില്‍ക്കാന്‍ തുടങ്ങി.. രണ്ടു മതിലുകള്‍ക്കപ്പുറമുള്ള ശ്മശാനത്തിലെ മൂകത ആ വീട്ടുവളപ്പിലേക്ക് അനായാസമായി കടന്നുവന്നു.. ഒറ്റയ്ക്ക് താമസിക്കുന്ന ആ എഴുപതുകാരിയുടെ വീടു മോഷ്ടിക്കാനായി വന്ന കള്ളനും ആകെ പരിഭ്രമിച്ചു പോയി..അവിടന്നും ഇവിടന്നുമൊക്കെ ചീവിടുകളുടെ ശബ്ദം ചെവിയിലേക്ക് തുളച്ചുകയറി.. ആ വീടിനു ചുറ്റും പരന്ന ഇരുട്ടു പുതഞ്ഞ നിശ്ശബ്ദതയും, കാറ്റില്‍ പാറി വന്ന കാലന്‍കോഴിയുടെ കൂവലും,കുറുക്കന്‍റെ ഒരിയിടലും കള്ളന്‍റെ മനസ്സിനെ വല്ലാത്ത ഭീതിയിലാഴ്ത്തി.. ഇതിനേക്കാളും ഭയാനകമായി വീടിന്‍റെയുള്ളില്‍ ചാത്തന്‍സേവയും മറ്റും നടക്കുന്നുണ്ടോ എന്ന ഭയം വാതില്‍ കുത്തിത്തുറന്ന് ഉള്ളില്‍കേറി സ്വന്തമാക്കാമെന്നു കരുതിയ നിധികുംഭങ്ങള്‍ സ്വപ്നമായി തന്നെ അവശേഷിപ്പിച്ച് കള്ളന്‍ ജീവനും കൊണ്ട് സ്ഥലം വിട്ടു.. പക്ഷെ പുറത്തു നടക്കുന്ന സംഭവവികാസങ്ങള്‍ ഒന്നും അറിയാതെ അകത്ത് വേറെ തന്നെ ഒരു ലോകമായിരുന്നു ആ അമ്മയുടെ .. രാമനാമം ജപിച്ച് മരണത്തെ കാത്തുനിന്ന്,മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞും , സ്വന്തം വിധിയില്‍ പഴിച്ചും കാലം തള്ളി നീക്കുന്ന സാധാരണ സ്ത്രീകളില്‍ നിന്നും വ്യ്ത്യസ്തയായിരുന്നു അവര്‍.. ജീവിതത്തെ അല്ലെങ്കില്‍ ഓരോ ദിവസത്തെയും വലിയ പ്രതീക്ഷകളോടെ കണ്ടുകൊണ്ട് , ഏകാന്തത തീര്‍ക്കുന്ന തടവറയെ ജീവിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടും സ്വപങ്ങളും കൊണ്ട് അവര്‍ തോല്പിച്ചുകൊണ്ടിരുന്നു.. പുറത്തുനിന്നു കള്ളന്‍ നോക്കികണ്ട ഒരു ഭാര്‍ഗവീ നിലയത്തിന്‍റെ വിപരീത ദിശയിലുള്ള ഒരു സ്നേഹത്തിന്‍റെ കൂടാരമായിരുന്നു ആ വീട്.. പുതിയ ദിവസത്തിനായുള്ള കാത്തിരിപ്പിന്‍റെ ഉറക്കത്തിലേക്ക് അവര്‍ വഴുതി വീണു.. സമയം നീങ്ങിക്കൊണ്ടിരുന്നു.. മഞ്ഞു വീണു തെളിഞ്ഞ ആകാശത്തില്‍ ചുവന്ന സൂര്യന്‍ തിളങ്ങാന്‍ തുടങ്ങി..രാത്രിയുടെ ജീവികള്‍ പകലിനെ പുതിയ പൂവിലെ തേന്‍ നുകരാനെത്തുന്ന ചിത്രശലഭങ്ങള്‍ക്കും,കാണാതെ പോയ എന്തിനോ വേണ്ടി ചികയുന്ന കോഴികള്‍ക്കും , മാവിന്‍ കൊമ്പിലൂടെ ഓടിചാടാന്‍ തുടങ്ങിയ അണ്ണാറക്കണ്ണനും , പറമ്പു മുഴുവന്‍ ഉഴുതുമറിക്കുന്ന മണ്ണിരകള്‍ക്കും ,ഉത്സാഹത്തോടെ വീടിനകത്തേക്ക് കയറി ആ അമ്മയ്ക്ക് കൂട്ടായി എന്നും നടക്കുന്ന പൂച്ചയ്ക്കും കൈമാറി കൊണ്ട് കാണാത്ത ഏതോ ലോകത്തേക്ക് നടന്നകന്നു.. സൂര്യപ്രകാശത്തില്‍ തിളങ്ങി സ്വര്‍ണനിറം പൂണ്ട് പൂത്തുനില്‍ക്കുന്ന ചെടികള്‍ രാജകുമാരികളെ പോലെ തിളങ്ങി.. സ്നേഹത്തിന്‍റെ ഉറവ വറ്റാത്ത മരം അവര്‍ക്ക് വേണ്ടി മെല്ലെ വാതിലിന്റെ സാക്ഷകള്‍ തുറന്നു... 

Thursday, 9 January 2014

പറയാത്ത പ്രണയം...

എന്നത്തേയും പോലെ ഇന്നു രാവിലത്തെ യാത്രയും അവന് ഏറെ ഉത്സാഹം നിറഞ്ഞതായിര്‍ന്നു.. സൂര്യ രശ്മികള്‍ക്ക് തിളക്കം കൂടിയത് പോലെ തോന്നി.. സൂര്യന്‍ കൂടുതല്‍ ചുവന്നു ചിരിക്കുന്നു..ലോകം മുഴുവന്‍ ചുവപ്പ് പരവതാനി വിരിയട്ടെ എന്നവന്‍ പ്രത്യാശിച്ചു.. സ്റ്റേഷനില്‍ മാടപ്രാവുകളുടെ കുറുകുറു ശബ്ദം കൂടി..അവരിടക്ക് ഇടംകണ്ണിട്ട് അവനെ നോക്കുന്ന പോലെ തോന്നി.. അവര്‍ മാത്രമല്ല സ്റേഷനിലെ എല്ലാവരും അവനെ ശ്രദ്ധിക്കുന്ന പോലെ തോന്നി .. ഇതുവരെ നോക്കാത്ത പെണ്‍പിള്ളേരും നോക്കുന്നു.. 'ഇവറ്റകള്‍ക്ക് എന്തൊരു ജാടയായിരുന്നു .ഇല്ല ഞാന്‍ നോക്കുന്നില്ല, അതിന്റെ ആവശ്യമില്ല ' എന്നവന്‍ മനസ്സില്‍ പറഞ്ഞു.. ഇന്നവന്റെ ലോകം വേറെയാണ്.. മനസ്സിലും കണ്ണിലും മുഴുവന്‍ അവള്‍ മാത്രമാണ്.. ഇന്നായിരുന്നു അവന്‍ കാത്തിരുന്ന ആ ദിവസം.. അവളുടെ, കോളേജിലെ അവസാനത്തെ ദിവസമാണ്...ഇതുവരെ താന്‍ മനസ്സില്‍ കരുതിവച്ച് മിനുക്കിയെടുത്ത പ്രണയത്തിന്‍റെ സിംഹാസനത്തിലേക്ക് അവളെ കൈ പിടിച്ച് ആനയിക്കാനുള്ള ആ ദിവസം..ഇഷ്ടമൊന്നും തുറന്നു പറഞ്ഞില്ലെങ്കിലും അവനറിയാം,അവള്‍ക്കവനെ ഒരുപാടിഷ്ടമാണെന്ന്..ആ ആത്മവിശ്വാസം അവന്‍റെ മുഖത്ത് ഒരു മന്ദസ്മിതമായി പടര്‍ന്നു.. പെട്ടെന്ന് ഒരു നേരിയ ആശങ്ക 'ഇനി അഥവാ ഇഷ്ടമല്ലെന്ന് പറയുമോ ' എന്ന് മനസ്സിലേക്ക് കടന്നുവന്നെന്കിലും അതിനെ ബൌണ്ടറി ലൈനിലേക്ക് കടത്തിവിട്ട് അവന്‍ വണ്ടിക്കായി കാത്തുനില്‍ക്കാന്‍ തുടങ്ങി..റെയില്‍വേ സ്റ്റേഷനിലെ അനൌണ്‍സ്മെന്‍റ് വന്നു..വണ്ടി പത്തു മിനിറ്റ്‌ ലേറ്റാണ്..പണി കിട്ടി.. ആ
അനൌണ്‍സ്മെന്റ്റ് തകര്‍ക്കാന്‍ പോകുന്നത് ഒരു പ്രണയ സാക്ഷാത്ക്കാരത്തെ അല്ലെങ്കില്‍ അവന്‍റെ ജീവിതം തന്നെയാണ്.. രാവിലെ തന്നെ എണീറ്റ് സമയമൊക്കെ ചെക്ക്‌ ചെയ്തിരുന്നു..വണ്ടി കറക്റ്റ്‌ സമയത്താണെന്നും കണ്ടു..അവള്‍ക്കിഷ്ടമാണെങ്കിലും വണ്ടി വൈകിയാല്‍ അവനു വേണ്ടി കാത്തുനില്‍ക്കുമായിരുന്നില്ല..വിവരമറിയിക്കാന്‍ അവള്‍ ഫോണും ഉപയോഗിക്കാറില്ല..യാഥാര്‍ത്യവും പ്രതീക്ഷയും തമ്മിലുള്ള അകലം കൂടി കൂടി വരുന്ന പോലെ തോന്നി..ഇന്ന് രാവിലെ കണ്ടില്ലെങ്കില്‍ പിന്നെ കാണില്ല..വൈകിയെത്തിയ വണ്ടിയിലിരുന്നപ്പോഴും അവന്‍റെ ശ്വാസമിടിപ്പുകള്‍ ആ ട്രെയിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ തുടങ്ങി.. സമയത്തെ തോല്‍പ്പിക്കാന്‍ അവനെടുത്ത തീരുമാനം വിചിത്രമായിരുന്നു.. തൊട്ടുമുന്‍പുള്ള സ്റ്റോപ്പിലിറങ്ങി ഒരു ഓട്ടോ സ്പെഷ്യലാക്കി അവളെ കാണുന്ന സ്ഥലത്തെത്തുക.. പ്രതീക്ഷിച്ച പോലെ തന്നെ ഓട്ടോയും കിട്ടി, ഡ്രൈവറോട് കത്തിച്ചു വിടാനും പറഞ്ഞു..യാത്രക്കാരന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഡ്രൈവറും തന്‍റെ മനസ് ഒപ്പം ചേര്‍ത്ത് വേഗത്തില്‍ വിടാന്‍ തുടങ്ങി..ഇതേ സ്പീഡിലാണെങ്കില്‍ എത്തും..ചെറിയൊരു ആശ്വാസം..പക്ഷെ മനസ്സിന്‍റെ വേഗതയെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നപ്പോ എതിരെ വന്ന ലോറി ഓട്ടോയെ അടിച്ചുതെറിപ്പിച്ചു..അവസാനമായി കണ്ണുകള്‍ അടയുമ്പോഴും അവന്‍റെ കണ്ണില്‍ തങ്ങി നിന്നത് ആ ചുവന്ന യൂണിഫോമും , അഴിച്ചിട്ട മുടിയും തന്നെ തേടികൊണ്ടിരുന്ന ആ കണ്ണുകളും ആയിരുന്നു.. എല്ലാത്തിനും മൂകസാക്ഷിയായി കുറെ ദിവസമായി കൂടെ കരുതിയിരുന്ന ഡയറിമില്‍ക്കും റോഡില്‍ ചിതറി കിടന്നു..
എന്നും കണ്ടു മുട്ടുന്ന സ്ഥലത്ത് അന്നാദ്യമായി അവള്‍ അവനെ കാത്തു നില്‍ക്കുകയായിരുന്നു...പ്രതീക്ഷിച്ചിരുന്ന പ്രണയത്തിന്‍റെ വിളിക്കായി അവള്‍ ചെവികള്‍ തുറന്നു പിടിച്ചു..പതിനഞ്ചു മിനിറ്റ്‌ കഴിഞ്ഞപ്പോ അവന്‍ പതിവായി വരുന്ന ട്രെയിനെത്തി.. കൂടെ പഠിക്കുന്ന കൂട്ടുകാരികളും, ബാക്കി യാത്രക്കാരും പോയി.. ആളും അരങ്ങുമൊഴിഞ്ഞപ്പോ കണ്ണില്‍ നിന്നു വീണ ആ കണ്ണുനീര്‍ തുള്ളികള്‍ ലോകത്തെ മുഴുവന്‍ ശുദ്ധീകരിക്കാന്‍ കഴിയുന്ന നിശബ്ദ രോദനത്തിന്‍റെ പ്രണയസ്മാരകമായി മാറി..ക്ലാസിലിരുന്നു പുറത്തേക്ക് ജനാലകള്‍ക്കിടയിലൂടെ കണ്ണുകള്‍ അവനായി തിരഞ്ഞുകൊണ്ടിരുന്നു.. അവന്‍ പോയതവളറിഞ്ഞില്ല.. എന്നെങ്കിലും എപ്പോഴെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ ഓര്‍മകളുടെ വൃന്ദാവനം പിറകില്‍ വച്ച് അവള്‍ കോളേജിന്റെ പടികളിറങ്ങി...
"ഷോപ്പിംഗ്‌ മാളിലെ ആകാശം കാണാത്ത ആഘോഷം അല്ല ശരിക്കും ആഘോഷം.. അതിനു ഉത്സവപ്പറമ്പില്‍ വരണം.. ആകാശം കാണണം, പൊടിയടിക്കണം, തിരക്കില്‍ വായ്നോക്കണം,അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടക്കണം,ഐസ് കഴിക്കണം,കുലുക്കി കുത്തി പൈസ കളയണം.... "

പ്രണയമരം..

ഏതോ മഴക്കാലത്ത് നീ എന്നില്‍
വിതറിയിട്ട പ്രണയത്തിന്‍ വിത്തുകള്‍
പച്ചപ്പിനായി തേടിയ ഹൃദയത്തിന്‍
ചുവപ്പിന് നല്ല വളക്കൂറായിരുന്നു..
എത്ര വേഗമാണത്തിന് തളിരില വന്നതും,
പൂത്തതും, കായ്ച്ചതും ,ചില്ലകള്‍ വന്നതും,
കാറ്റിലിളകാതെ കരുത്തോടെ നിന്നതും..
പിന്നെ ഏതോ മഴക്കാലത്ത് തന്നെയാണ്
പേരില്ലാത്ത ഒരു പേമാരി വന്നതും,
ഇലകളും,കായ്കളും,ചില്ലകളും ഒടിച്ചു
അതിനെ വിവസ്ത്രനാക്കിയതും..
എന്നാലും അത് വീണില്ല..
പിഴുതെറിയാനാകാത്ത കരുത്തിന്‍റെ
പര്യായമായി ,
മനസ്സിന്‍റെ കാണാത്ത ഉള്ളറകളില്‍
വേരുറച്ചു നിന്നു,
എന്‍റെ ഓരോ ചലനത്തിലും ഒളിപ്പിക്കാനാകാത്ത


മഹാപര്‍വതമായി കൂടെ വന്നു..
വേര് പിഴുതെറിയാന്‍ ഒഴിച്ച ലഹരികളില്‍
അത് കൂടുതല്‍ തഴച്ചു വളര്‍ന്നു കൊണ്ടിരുന്നു.....
ആഴ്ന്നിറങ്ങിയ വഴികള്‍ ഒരിക്കലും
അവസാനിക്കതതായിരുന്നു..
പിന്തുടരാനായില്ല...
ഞാന്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു..
തോറ്റോ ജയിച്ചോ എന്നറിയാതെ
കരുത്തറിയിച്ചു കൊണ്ട് പ്രണയമരം നില്‍ക്കുന്നു,
പേമാരികളെയും കാത്ത്,
ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് കണ്ണും നട്ട്..