Sunday, 2 February 2014

സ്നേഹമരം...

രാത്രി സമയം.. പുറത്തുള്ള വെളിച്ചത്തെ വിഴുങ്ങിക്കൊണ്ട് എല്ലാ ജീവികളും രാത്രിയെ വരവേല്‍ക്കാന്‍ തുടങ്ങി.. ആ വീടിനകത്തെ ചെറിയ വെളിച്ചം മാത്രം ബാക്കി.. ആഴത്തിലുള്ള മാളമുണ്ടാക്കി,അതിനുള്ളില്‍ നിന്ന് തലപൊക്കി ആരും കണ്ടുപിടിക്കില്ല എന്ന ഉറപ്പോടെ പെരുച്ചാഴികള്‍ പുറത്തു വന്നു അങ്ങോട്ടുമിങ്ങോട്ടും ഓടാന്‍ തുടങ്ങി.. കുറച്ചപ്പുറത്ത് ഇലകളെ ജീവിപ്പിച്ചത് ഒരു അണലിയായിരുന്നു.. തന്‍റെ നാവിലെ വിഷത്തിന്റെ വീര്യം കൂട്ടി അതും ഇരകള്‍ക്കായി കാത്തുനിന്നു.. പാമ്പിന്‍റെ കണ്ണില്‍ നിന്നും രക്ഷപ്പെടാനായി ഒരു തവള സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറി നിന്നു..ഇരുട്ടില്‍ ഉറക്കച്ചടവോടെ തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ വിശ്രമം കൊടുത്തുകൊണ്ട് തണുപ്പില്‍ നിന്നും രക്ഷപ്പെടാനായി വെളുത്ത പൂച്ച ഒരു പഴയ ചാക്കില്‍ ചുരുണ്ടുകൂടി.. രാവിലെ അണ്ണാറക്കണന്‍ കടിച്ചുവച്ച മാങ്ങയുടെ ബാക്കി തിന്നുകൊണ്ട് വവ്വാലും രാത്രിയുടെ കാവലാളായി നില്‍ക്കാന്‍ തുടങ്ങി.. രണ്ടു മതിലുകള്‍ക്കപ്പുറമുള്ള ശ്മശാനത്തിലെ മൂകത ആ വീട്ടുവളപ്പിലേക്ക് അനായാസമായി കടന്നുവന്നു.. ഒറ്റയ്ക്ക് താമസിക്കുന്ന ആ എഴുപതുകാരിയുടെ വീടു മോഷ്ടിക്കാനായി വന്ന കള്ളനും ആകെ പരിഭ്രമിച്ചു പോയി..അവിടന്നും ഇവിടന്നുമൊക്കെ ചീവിടുകളുടെ ശബ്ദം ചെവിയിലേക്ക് തുളച്ചുകയറി.. ആ വീടിനു ചുറ്റും പരന്ന ഇരുട്ടു പുതഞ്ഞ നിശ്ശബ്ദതയും, കാറ്റില്‍ പാറി വന്ന കാലന്‍കോഴിയുടെ കൂവലും,കുറുക്കന്‍റെ ഒരിയിടലും കള്ളന്‍റെ മനസ്സിനെ വല്ലാത്ത ഭീതിയിലാഴ്ത്തി.. ഇതിനേക്കാളും ഭയാനകമായി വീടിന്‍റെയുള്ളില്‍ ചാത്തന്‍സേവയും മറ്റും നടക്കുന്നുണ്ടോ എന്ന ഭയം വാതില്‍ കുത്തിത്തുറന്ന് ഉള്ളില്‍കേറി സ്വന്തമാക്കാമെന്നു കരുതിയ നിധികുംഭങ്ങള്‍ സ്വപ്നമായി തന്നെ അവശേഷിപ്പിച്ച് കള്ളന്‍ ജീവനും കൊണ്ട് സ്ഥലം വിട്ടു.. പക്ഷെ പുറത്തു നടക്കുന്ന സംഭവവികാസങ്ങള്‍ ഒന്നും അറിയാതെ അകത്ത് വേറെ തന്നെ ഒരു ലോകമായിരുന്നു ആ അമ്മയുടെ .. രാമനാമം ജപിച്ച് മരണത്തെ കാത്തുനിന്ന്,മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞും , സ്വന്തം വിധിയില്‍ പഴിച്ചും കാലം തള്ളി നീക്കുന്ന സാധാരണ സ്ത്രീകളില്‍ നിന്നും വ്യ്ത്യസ്തയായിരുന്നു അവര്‍.. ജീവിതത്തെ അല്ലെങ്കില്‍ ഓരോ ദിവസത്തെയും വലിയ പ്രതീക്ഷകളോടെ കണ്ടുകൊണ്ട് , ഏകാന്തത തീര്‍ക്കുന്ന തടവറയെ ജീവിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടും സ്വപങ്ങളും കൊണ്ട് അവര്‍ തോല്പിച്ചുകൊണ്ടിരുന്നു.. പുറത്തുനിന്നു കള്ളന്‍ നോക്കികണ്ട ഒരു ഭാര്‍ഗവീ നിലയത്തിന്‍റെ വിപരീത ദിശയിലുള്ള ഒരു സ്നേഹത്തിന്‍റെ കൂടാരമായിരുന്നു ആ വീട്.. പുതിയ ദിവസത്തിനായുള്ള കാത്തിരിപ്പിന്‍റെ ഉറക്കത്തിലേക്ക് അവര്‍ വഴുതി വീണു.. സമയം നീങ്ങിക്കൊണ്ടിരുന്നു.. മഞ്ഞു വീണു തെളിഞ്ഞ ആകാശത്തില്‍ ചുവന്ന സൂര്യന്‍ തിളങ്ങാന്‍ തുടങ്ങി..രാത്രിയുടെ ജീവികള്‍ പകലിനെ പുതിയ പൂവിലെ തേന്‍ നുകരാനെത്തുന്ന ചിത്രശലഭങ്ങള്‍ക്കും,കാണാതെ പോയ എന്തിനോ വേണ്ടി ചികയുന്ന കോഴികള്‍ക്കും , മാവിന്‍ കൊമ്പിലൂടെ ഓടിചാടാന്‍ തുടങ്ങിയ അണ്ണാറക്കണ്ണനും , പറമ്പു മുഴുവന്‍ ഉഴുതുമറിക്കുന്ന മണ്ണിരകള്‍ക്കും ,ഉത്സാഹത്തോടെ വീടിനകത്തേക്ക് കയറി ആ അമ്മയ്ക്ക് കൂട്ടായി എന്നും നടക്കുന്ന പൂച്ചയ്ക്കും കൈമാറി കൊണ്ട് കാണാത്ത ഏതോ ലോകത്തേക്ക് നടന്നകന്നു.. സൂര്യപ്രകാശത്തില്‍ തിളങ്ങി സ്വര്‍ണനിറം പൂണ്ട് പൂത്തുനില്‍ക്കുന്ന ചെടികള്‍ രാജകുമാരികളെ പോലെ തിളങ്ങി.. സ്നേഹത്തിന്‍റെ ഉറവ വറ്റാത്ത മരം അവര്‍ക്ക് വേണ്ടി മെല്ലെ വാതിലിന്റെ സാക്ഷകള്‍ തുറന്നു... 

2 comments: