Wednesday, 1 October 2014

പച്ചപ്രണയം

കാമ്പസിലെ വഴിയോരങ്ങളില്‍ ഇലകള്‍ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു ...ഓരോ കാലടിപപാടുകളെയും മണ്ണും ഇലകളും ചേര്‍ന്നു വാരിപ്പുണര്‍ന്നു..മീനച്ചൂടില്‍ ഉരുകിക്കൊണ്ടിരുന്ന ആ കലാലയ ചുമരുകളില്‍ നിശബ്ദമായി തേങ്ങുന്ന പല കരച്ചിലുകളും കേട്ടു..അതൊരു വിടവാങ്ങല്‍ ദിവസമായിരുന്നു...അടുത്ത ദിവസം അതിരാവിലെ ഹോസ്റ്റലില്‍ നിന്ന് വിട്ടു പോകണം..ജീവിതത്തിലെ ഒരധ്യായത്തിനു പൂര്‍ണവിരാമമിടുന്ന നിമിഷം,,ചിലരതിനു വിരാമാമിടാതെ അപൂര്‍ണ്ണമായി വരച്ചിടും കാലത്തിനു തെളിയിക്കാനായി..അവര്‍ രണ്ടു പേരും പോയത് തങ്ങളുടെ പ്രിയപ്പെട്ട കടല്‍തീരത്തേക്കായിരുന്നു...ഒരുപാട് കാറും കോളും കണ്ട കടല്‍.. ചിലപ്പോള്‍ തിരക്കില്ലാത്ത കടല്‍ത്തീരം കണ്ടാല്‍ തോന്നും വിശാലമായ ഏകാന്തത വിരിച്ചിട്ട
പ്രണയമാണ് കടലിന്റെയും കരയുടെയും എന്ന്...ആര്ത്തടിച്ചു വരുന്ന തിരയില്‍ നനഞ്ഞു കൊണ്ട് കരയില്‍ നില്‍ക്കുമ്പോള്‍ ഒരു പ്രത്യേക വികാരമാണ് പ്രക്ഷുബ്ധതയില്‍ നിന്ന് സമാധാനത്തിലേക്കുള്ള മാധ്യമങ്ങളായി അവര്‍ രണ്ടു പേരും നിന്നു,,,സദാചാരത്തിന്റെ ഒളിക്കണ്ണ്‍കള്‍ എല്ലാ ഭാഗത്ത്‌ നിന്നും ഒളിഞ്ഞും തെളിഞ്ഞും നോക്കികൊണ്ടിരുന്നു...നാടെത്ര നന്നായാലും മോശമായാലും ഈ മുഖംമൂടിക്ക് ഒരു കുറവുമില്ല...പക്ഷെ അവരിതൊന്നും ശ്രദ്ധിച്ചതേയില്ല..രണ്ടുപേരും,കരയും കടലും മാത്രമുള്ള ലോകത്തായിരുന്നു അവര്‍..സൂര്യാസ്തമയത്തിന്‍റെ ചുവപ്പ്, പ്രതീക്ഷകളുടെ നല്ല നാളെയുടെ വെളിച്ചം പകര്‍ന്നു..വരാനിരിക്കുന്ന ഒരായിരം പ്രതിസന്ധികള്‍ ആ ചുവപ്പില്‍ മാഞ്ഞുപോയി..കണ്ണില്‍ നിന്ന് ഊര്‍ന്നുവീണ കണ്ണുനീര്‍ കടല്‍ വെള്ളത്തിലെ ഉപ്പിനോട് മത്സരിച്ചുകൊണ്ടിരുന്നു,,പരസ്പരം അറിയാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തോളവും ഒന്നിച്ചു ജീവിക്കണം എന്നാഗ്രഹിച്ചിട്ട്‌ രണ്ടു വര്‍ഷത്തിലേറെയുമായി..അടുത്ത ചാകരക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു തോണിയും പങ്കായവും വലിയ വലകളും..ഇനി ഈ തീരത്ത് വച്ചു അവര്‍ കണ്ടു മുട്ടണമെന്നില്ല..ഓര്‍മിച്ചെടുത്ത കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ അവര്‍ ആ തീരത്ത് വച്ചു പുനര്‍ നിര്‍മിച്ചു..ഓര്‍മകളുടെ കരുത്തില്‍ അവര്‍ കൂടുതല്‍ ശക്തരായി, ആത്മവിശ്വാസമുള്ളവരായി .. വിശാലമായ ലോകത്തേക്ക് കൈകള്‍ പരസ്പരം കോര്‍ത്തുപിടിച്ചു അവര്‍ നടക്കാന്‍ തുടങ്ങി..ലക്ഷ്യത്തിലേക്കുള്ള അനന്തമായ യാത്ര... വളരെ അകലേക്ക് നടന്നകന്ന അവരെ ആദ്യം രണ്ടായി കണ്ടു.. പിന്നെ ഒന്നായി മാറി , പിന്നെ വളരെ ചെറിയ ഒരു പൊട്ടായി മാറി .. നേരത്തെ പറഞ്ഞ പോലെ അടുത്ത അദ്ധ്യായത്തിലേക്ക് വാതില്‍ തുറക്കുന്ന പൂര്‍ണവിരാമമല്ലാത്ത ബിന്ധുവായിരിക്കണം അത്..തിരകള്‍ക്കു മുകളിലൂടെ ഇളംകാറ്റു വീശിക്കൊണ്ടിരുന്നു.. കൂടെ പഠിച്ചവര്‍ക്കും അവരുടെ ബന്ധം ദുരൂഹമായിരുന്നു..സൗഹൃദത്തിന്‍റെ അതിര്‍വരമ്പുകള്‍ക്കപ്പുറം പോയ എന്തായിരുന്നു അത് എന്നവര്‍ ഉത്തരം കിട്ടാതെ ചിന്തിച്ചു.. അത് പ്രണയം മാത്രമായിരുന്നു.. പച്ചപ്രണയം...ഒരാണിനു വേറൊരാണിനോട് തോന്നി എന്നു മാത്രം...

No comments:

Post a Comment