നേത്രാവതി
ചൂളം വിളിച്ചു വിളിച്ചു നേത്രാവതിയുടെ തൊണ്ട വരണ്ടിരിക്കുന്നതു പോലെ തോന്നി... കാരണം പന്ത്രണ്ട് മണിക്കൂറോളമായി..പണ്ടു മുതലേ നേത്രാവതി അയാളുടെ കൂടെ തന്നെ ഉണ്ടായിരുന്നു..ബോംബെയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ലീവിന് നാട്ടില്‍ വരുമ്പോള്‍ അമ്മയുടെ കൂടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോ അനൌണ്‍സ്മെന്റിലൂടെയാണ് ആ പേര് ആദ്യമായി കേട്ടത്..നേത്രാവതി.. വേഗതയെ പ്രണയിച്ചു തുടങ്ങിയ കൗമാരത്തില്‍ കാലിക്കീശ വീര്‍പ്പിച്ചു വച്ച് ടി.ടി.ആര്‍ കാണാതെ മിക്കവാറും കേറിക്കൂടിയത് നേത്രാവതിയില്‍ ആയിരുന്നു.. അന്നൊക്കെ പിന്നെ നാട്ടില്‍ പൊതുവേ ഒരു ധാരണയുണ്ടായിരുന്നു..ബോംബെയില്‍ പോയാല്‍ എളുപ്പത്തില്‍ ജോലി കിട്ടും.. അരക്ഷിതമായ മനസ്സിനേയും മുറുകെ പിടിച്ചു അതിനേക്കാള്‍ അരക്ഷിതമായ ബോംബെയിലേക്ക് വണ്ടി കേറിയതും അതേ നേത്രാവതിയില്‍..അലഞ്ഞു തിരിഞ്ഞു നടന്ന ബോംബെയിലെ തെരുവോരം..വിശപ്പിനോട് മല്ലിടാനായി കൂടെ ഉണ്ടായിരുന്നത് വിയര്‍പ്പില്‍ അലിഞ്ഞു പോയ നാട്ടിലെ ഓര്‍മകളായിരുന്നു.. ഉള്ളില്‍ എരിയുന്ന തീയിലും തണുപ്പ് കാറ്റ് വീശിയത് നാട്ടിലെ പച്ചപ്പിന്റെയായിരുന്നു.. ബോംബെയില്‍ ജോലി കായ്ക്കുന്ന മരം തനിക്ക് വേണ്ടിയും പൂത്തു.. നാട്ടിലേക്കുള്ള ഓരോ യാത്രയിലും നേത്രാവതിയായിരുന്നു കൂട്ട്..ഇന്നിപ്പോ കാലം കുറെയായി ബോംബെയില്‍ സ്ഥിരതാമസം..അതുകൊണ്ട് തന്നെ ഈ യാത്രയും തുടക്കം മുതലേ ആസ്വദിക്കുന്നു..ഭാര്യയും മക്കളും നല്ല സന്തോഷത്തിലാണ്.. ടെക്നോളജിയുടെ വളര്‍ച്ച കൊണ്ടാകാം ചെറുപ്പത്തില്‍ തന്നെ പിള്ളേരുടെ കണ്ണില്‍ കണ്ണട വെക്കേണ്ടി വന്നു..എന്നെപ്പോലെ തന്നെ nostaljiya വന്നുണര്‍തത്തിയതു കൊണ്ടാകാം അവളും തിളങ്ങുന്ന കണ്ണുകള്‍ ദൂരേക്ക് പായിച്ചു പുറത്തേക്ക് നോക്കിയിരിക്കുന്നത്..ട്രെയിനില്‍ ചായ,കാപ്പി എന്നു വിളിച്ചു പറയുന്നവരെ കാണുമ്പോഴും ഒരു മുഖപരിചയം..ഈ വണ്ടിയില്‍ വച്ചു മുമ്പ് കണ്ടതായിരിക്കണം..ജരാനരകള്‍ ബാധിച്ച ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി മഴത്തുള്ളികള്‍ വിരുന്നിനെത്തി..യാത്രയിലെ ഓരോ ഫ്രെയിമും അയാള്‍ക്ക് തന്നിലേക്ക് തന്നെയുള്ള തിരിച്ചുപോക്കായിരുന്നു..വയലിലെപിള്ളേരുടെ ക്രിക്കറ്റ് കളി പഴയ ബാല്യത്തിലേക്കെത്തിച്ചു..ക്രിക്കറ്റും ഫുട്ബോളും കൂട്ടുകാരും .. മഴയിലെ കളിക്ക് ഒരു പ്രത്യേക രസമുണ്ടായിരുന്നു..അവന്മാരോക്കെ നാട്ടില്‍ ഉണ്ടെങ്കില്‍ വീണ്ടും ഒന്ന് കളിക്കണം..അന്നു കളിച്ച സ്ഥലത്തൊക്കെ ആരെങ്കിലും വീടു വച്ചോ ആവോ?? ദൂരെ ഒരമ്പലം കണ്ടു..പണ്ട് നമ്മള്‍ കൂടിയിരുന്ന് പരസ്പരം മനസ്സ് തുറക്കുന്ന സ്ഥലമായിരുന്നു വീടിനടുത്തുള്ള അമ്പലത്തിന്‍റെ പുറത്തുള്ള ആല്‍മരം.. ആല്‍മരത്തിന്‍റെ കീഴില്‍ ആകാശത്തിനു സമാന്തരമായുള്ള ആ കിടപ്പിന്റെ സുഖം അതേത് എ.സി.റൂമിലും കിട്ടില്ല .. ചുറ്റും ശുദ്ധവായു, അമ്പലത്തിലെ ശംഖു വിളി, ഭക്തി സാന്ദ്രമായ വായ നോക്കല്‍ .. ഒരു പ്രത്യേക അന്തരീക്ഷം തന്നെയായിരുന്നു.. കൊന്നയൊക്കെ പൂത്തിരിക്കുന്നു .. ശരിയാണ്,മേടമാസമാവാറായല്ലോ..ഉള്ള പൈസയൊക്കെ വാരിക്കൂട്ടി വാങ്ങിക്കാറുള്ള ചെറിയ പടക്കങ്ങളെ പറ്റിയോര്‍ത്തു..പടക്കം വാങ്ങുമ്പോ പൈസ നോക്കാറില്ല, കാരണം പടക്കം പൊട്ടിച്ചു തീര്‍ക്കുമ്പോ രാവിലെ തന്നെ കൈനീട്ടം കിട്ടുമല്ലോ..ആ ധൈര്യം കൂടെയുണ്ടാകും..വിഷു തലേന്നു പിന്നെ ഫുള്‍ തിരക്കായിരിക്കും.. മാങ്ങ,ചക്ക,കൊന്ന, ചെമ്പോത്ത് ഇതൊക്കെ ഒപ്പിക്കേണ്ട പരക്കം പാച്ചില്‍..ഉറുമ്പ് കടിയൊന്നും നോക്കാതെ ഏതു മരത്തിലും വലിഞ്ഞു കേറും..ബോംബെയിലെ മലയാളി സമാജത്തിന്‍റെ റെഡിമെയ്ഡ് വിഷുവില്‍ നിന്ന് മാറി നാച്ചുറലായി വിഷു ആഘോഷിക്കണം ഇത്തവണ.. ഈ പാളങ്ങള്‍ ഒരിക്കലും കൂട്ടിമുട്ടില്ലേ അച്ഛാ എന്നാ മോളുടെ ചോദ്യം ഒന്നു ചിന്തിപ്പിച്ചു..നമ്മുടെ ആഗ്രഹങ്ങളെ പോലെയാണ് പാളങ്ങള്‍,ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല,ആഗ്രഹങ്ങള്‍ അവസാനിക്കുമ്പോ ഈ പാളങ്ങളും കൂട്ടിമുട്ടുമെന്നു മറുപടി പറഞ്ഞു..നാട്ടിലേക്ക് വരുന്ന എല്ലാവരുടെയും സന്തോഷത്തിന്‍റെ തീവ്രത നോക്കിയാല്‍ ഈ നിമിഷം ഇവരായിരിക്കും ലോകത്തിലെ ഏറ്റവും സന്തുഷ്ട കുടുംബം എന്നു തോന്നിപ്പോകും..തോന്നല്‍ മാത്രമല്ല.. അതാണ് സത്യവും..ഓട്ടു കമ്പനിയില്‍ നിന്ന് കറുത്ത പുക പുറത്തേക്ക് വരുന്നു.. തൊഴിലാളികളുടെ വിയര്‍പ്പാണ് പുകയായി പുറത്തേക്കു വരുന്നത്..ബോംബെയില്‍ പോകുന്നതിനു മുമ്പ് നാട്ടിലെ ഫാക്ടറിയില്‍ രണ്ടു മാസം ജോലി ചെയ്തതിനെ പറ്റിയോര്‍ത്തു..മുതലാളിമാരുടെ സ്വാര്‍ഥതയില്‍ കൂലി പോലും കിട്ടാതിരുന്നപ്പോ വിളിച്ച മുദ്രാവാക്യങ്ങള്‍ പതിനെട്ടു കൊല്ലത്തെ നിശബ്ദതയ്ക്ക് ശേഷം തോണ്ടയിലേക്ക് വന്നു... നാടെത്താന്‍ ഇനി ഒരു മണിക്കൂര്‍ മാത്രം ബാക്കി.. സ്റ്റേഷനില്‍ കൂട്ടുകാരൊക്കെ വന്നിട്ടുണ്ടായിരിക്കും..സന്തോഷം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്താന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം..കൊണ്ട് വന്ന സാധനങ്ങളൊക്കെ അവിടെ തന്നെയുണ്ടോ എന്നുറപ്പു വരുത്താന്‍ ഒന്നുകൂടി നോക്കി..എല്ലാം ഓക്കെ.. അയാള്‍ മനസ്സില്‍ മന്ത്രിക്കാന്‍ തുടങ്ങി - "പ്രിയപ്പെട്ടവളെ , നിന്നെ കാണാനുള്ള കാത്തിരിപ്പാണ് എന്‍റെ കാത്തിരിപ്പുകളില്‍ ഏറ്റവും വലുത്..." നേത്രാവതി പിന്നേയും ചൂളം വിളിച്ചു പൊയ്ക്കൊണ്ടിരുന്നു..ഈ ചൂളംവിളി ലക്ഷ്യ സ്ഥാനത്തെത്തിക്കുന്ന ചാരിതാര്‍ത്ഥ്യം പോലെ അനുഭവപ്പെടുന്നു...
No comments:
Post a Comment