Wednesday, 29 May 2013

ഒഴിഞ്ഞ വീട് ....

ഓര്‍മ്മ വച്ചപ്പോ മുതല്‍ ആ പൂച്ചക്കുട്ടി അവിടെയായിരുന്നു .. അവിടെ എന്ന് വച്ചാല്‍ ആ ഉമ്മയുടെ വീട്ടില്‍ ... ഉമ്മ അതിനെ സുഹറ എന്നും വിളിച്ചു .. വേറെ ആരുമില്ലാത്ത ആ കുഞ്ഞുവീട്ടില്‍ സുഹറ റാണിയായി... വിരുന്നുകാര്‍ പോലും വിരളമായിരുന്നു ... ഓട്ട വീണ ഓടിനിടയിലൂടെ വീഴുന്ന മഴത്തുള്ളികള്‍ അവര്‍ ഒരുമിച്ചു നനഞ്ഞു..സ്നേഹത്തിന്റെ പുതു കിരണങ്ങള്‍ നെയ്യാന്‍ തുടങ്ങി.. ഉമ്മ പോകുന്ന സ്ഥലത്തൊക്കെ സുഹറയും പോകാന്‍ തുടങ്ങി.. എപ്പോഴും പീടികയില്‍ പോകുമ്പോള്‍ അടുത്തുള്ള 5 വയസ്സുകാരന് നാരങ്ങമിട്ടായി വാങ്ങിച്ചു കൊടുക്കും.. അവനെപ്പോഴും ഗേറ്റിനു അടുത്തുണ്ടാകും.. സുഹറയെ കാണുമ്പോ അവന്‍
ചിരിക്കും.. അവളും കണ്ണിറുക്കി കാണിക്കും.. അവരങ്ങനെ നല്ല കൂട്ടുകാരായി. അവന്‍റെ അച്ഛനും അമ്മയും സുഹറയെ ഓടിക്കുമെങ്കിലും അവര്‍ കാണാതെ അവള്‍ ഇടക്ക് അവിടേക്ക് വരും.. അവന്‍ അവള്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കൊടുക്കും, ഒളിച്ചു കളിക്കും.. അങ്ങനെ ദിവസങ്ങള്‍ പോയി പോയി ഒരു മഴക്കാലത്ത് ആഞ്ഞടിച്ച കാറ്റിന്‍റെ എതിര്‍ദിശയിലേക്ക് ഒരു ജീവന്‍ പൊലിഞ്ഞു പോയി.. ഉമ്മയുടെ വിറങ്ങലിച്ച ശരീരം കാണാന്‍ അവന്‍ അച്ചന്റെ കൂടെ വന്നു .. കരയാനറിയാതെ സുഹറ അവനെ തന്നെ നോക്കി നിന്നു .. അവന്‍റെ മുഖത്ത് നാരങ്ങാമിട്ടായി നഷ്ടപ്പെട്ട സങ്കടം, സുഹറയ്ക്ക് ഭക്ഷണം നഷ്ടപ്പെട്ട സങ്കടം എന്നതിലപ്പുറം എന്തൊക്കെയോ രണ്ടുപേരേയും കൂട്ടിയോജിപ്പിച്ചു നിര്‍ത്തി.. ആരൊക്കെയോ കൂടി ഉമ്മയെ എടുത്തു പോയപ്പോ അവളും പിന്നാലെ പോയി എങ്ങോട്ടെക്കെന്നില്ലാതെ .. ആരോ ആ വീടിന്‍റെ വാതിലും പൂട്ടി.. ഇനി ഒരു മഴ നനയാന്‍ ആരുമില്ലാതെ... 

No comments:

Post a Comment