Wednesday, 29 May 2013

ബാന്ഗ്ലൂരിലെ അവസാനത്തെ ദിവസം ..

ബാന്ഗ്ലൂരിലെ അവസാനത്തെ ദിവസമായത്‌ കൊണ്ട് രാകേഷ് രാവിലെ തന്നെ റൂമില്‍ എത്തി വിളിച്ചുണര്‍ത്തി .. അവന് കൊടുക്കാമെന്നു പറഞ്ഞ ട്രീറ്റ് ഇന്നെങ്കിലും കൊടുക്കണം .. അവനെ പോലുള്ള നല്ല മനസ്സുള്ള കൂട്ടുകാരനെ ഇനി കിട്ടാന്‍ ചാന്‍സില്ല .. ഉള്ള പൈസയൊക്കെയെടുത്ത് കറങ്ങാന്‍ തന്നെ തീരുമാനിച്ചു .. രാജകീയമായി ചുറ്റാന്‍ ഒരു ഡ്രൈവറെയും, ടാകസിയെയും വിളിച്ചു.. ബാന്ഗ്ലൂരിന്റെ മനോഹാരിതയും വിഷപ്പുകയും കാറിന്‍റെ തുറന്ന വിന്‍ഡോയിലൂടെ ആവോളം ആസ്വദിച്ചു.. ആദ്യം തന്നെ ലാല്‍ബാഗിലെ കാഴ്ചകളില്‍ തുടങ്ങി.. കാണാന്‍ കാര്യമായൊന്നുമില്ലെങ്കിലും അവിടെ പ്രഭാതസവാരിക്കു വന്ന കുറച്ചുപേരെ കണ്ടു..നല്ല തുടക്കം.. അവിടെന്നു നേരെ എം.ജി.റോഡില്‍ പോയി.. ബര്‍ഗറും പിസ്സയും കഴിച്ചു വയര്‍ നിറച്ച് ശിവാജി നഗറിലെ തിരക്കിലേക്ക് പോയി.. കൊമേഴ്സ്യല്‍ സ്ട്രീറ്റില്‍ പോയി ബാര്‍ഗെയിന്‍ ചെയ്ത് ബാര്‍ഗെയിന്‍ ചെയ്ത് 200ല്‍ അധികം രൂപ കുറച്ച്സാധനം വാങ്ങിക്കാതെ അവിടെ നിന്ന് സ്കൂട്ടായി.. പാവം കടക്കാരന്‍.. നമ്മളെ ചീത്ത വിളിച്ച് തൊണ്ടയിലെ വെള്ളം വറ്റിയത് മിച്ചം.. --- എത്ര കുളം കണ്ടിരിക്കുന്നു.. അവന്‍ പറഞ്ഞതായിരുന്നു ജാലഹള്ളിയിലെ മലയാളി ഏരിയയില്‍ പോയാല്‍ നല്ല നാടന്‍ കള്ളു കിട്ടുമെന്ന്.. കര്‍ണാടകയിലെ കേരള കള്ളു കുടിക്കാന്‍ നേരെ വിട്ടു.. രണ്ടു പേരും നല്ലോണം കുടിച്ചു,ഡ്രൈവറും.. കള്ളിന്റ്റെയും കപ്പയുടെയും ഇറച്ചിയുടെയും ക്ഷീണത്തില്‍ കുറച്ചു നേരം കാറില്‍ തന്നെ മയങ്ങി.. കോളേജ് വിടുന്ന കറക്റ്റ് സമയത്ത് തന്നെ ക്രൈസ്റ്റ് കോളേജിനു മുന്നിലെത്തി.. മുടിയൊക്കെ ചീകിയൊതുക്കി വിശാലമായ ഒരു വായനോക്കല്‍ .. ഇനി ഇതുപോലെ ഉണ്ടാവില്ലല്ലോ.. അവിടുന്ന് ഇറങ്ങുമ്പോ ഒരു വിഷമം പോലെ... അവസാനം ഫോറം മാളിലേക്ക്.. K.F.C. ന്‍റെ ചുറ്റും ഒന്നൂടെ കറങ്ങി,ഡ്രസ്സിന്റെ വിലയൊക്കെ നോക്കി ഒരു ഹൈ പ്രൊഫഷണല്‍ വായ്നോക്കല്‍.. സമയം നോക്കി..നാട്ടിലേക്കുള്ള ബസ്സിന്‍റെ സമയമാവാറായി..പെട്ടെന്ന് മടിവാലയിലെക്കെത്തി.. പേഴ്സ് തുറന്ന് പൈസ കൊടുക്കാന്‍ നോക്കിയപ്പോഴാ ആ സത്യം മനസിലായത്.. കുറേ ആയിരത്തിന്റെ നോട്ടുകള്‍ കാണുന്നില്ല... ഞാന്‍ രാകേഷിനെ നോക്കി, അവന്‍റെ നിസ്സഹായ ഭാവം ഒരു വൃത്തികെട്ട ചിരിയിലൂടെ പുറത്തേക്കു വന്നു.. “ഒരു പണിയും ഇല്ലാണ്ട് , വയറു നിറയെ കഴിച്ച് കെടന്നുറങ്ങിക്കോ”.. അമ്മയുടെ സ്ഥിരം ചീത്തവിളിക്ക് ഇന്നും നല്ല ടൈമിംഗ് ആയിരുന്നു.. ഭാഗ്യം തന്നെ.. ഇപ്പൊ അമ്മ വിളിച്ചില്ലെങ്കില്‍ സ്വപ്നത്തില്‍ ഡ്രൈവറുടെ അടി വാങ്ങേണ്ടി വന്നേനെ,കൊടുക്കേണ്ട പൈസക്ക് പകരം അയാള്‍ പറഞ്ഞതൊക്കെ ചെയ്യേണ്ടി വന്നേനെ.. ഈ ഉച്ചക്കത്തെ കാറ്റിന്‍റെ ഒരു കാര്യം .. ഒറ്റയടിക്ക് എന്നെ ബാന്ഗ്ലൂര്‍ മുഴുവന്‍ ചുറ്റിച്ചല്ലോ.. നല്ലോണം കഴിച്ചത് കൊണ്ടാണെന്ന് തോന്നുന്നു.. വയറില്‍ നിന്നൊരു ശബ്ദം..

അവള്‍ ...

ഇന്നും കാലിക്കുപ്പിയും ചുറ്റും വീണു കിടക്കുന്ന സിഗരറ്റു കുറ്റികളും തന്നെയാണ് അവന് കൂട്ട് .. പുറത്ത് പെയ്യുന്ന ചാറ്റല്‍മഴയില്‍ അവന്‍റെ ഓര്‍മകളും ഇഴുകിച്ചേര്‍ന്നു.. കൂട്ടിലിട്ടു അടച്ചു വച്ച ഓര്‍മകള്‍ക്ക് വീണ്ടും ജീവന്‍ വച്ചു, അവനു ചുറ്റും കറങ്ങാന്‍ തുടങ്ങി..ചുറ്റും പരക്കുന്ന ഇരുട്ടില്‍ വെളിച്ചം വിതറിയ അവളുടെ പുഞ്ചിരി തൂകുന്ന മുഖം.. ഒരുമിച്ചു നടന്ന് തയഞ്ഞ ഇടവഴി .. അവര്‍ക്കായി രാത്രിയിലും ആഞ്ഞടിച്ച കടലിലെ തിരകള്‍ .. ജീവിതത്തിന്‍റെ ഏതോ ഇടനാഴിയില്‍ വച്ച് നഷ്ടപ്പെട്ട പ്രണയത്തിന്‍റെ സുഗന്ധം.. എന്തായിരുന്നു പെട്ടെന്ന് സംഭവിച്ചത്?
എല്ലാത്തിനും അവളും തയ്യാറായിരുന്നു...പെട്ടെന്ന് എല്ലാം തകിടം മറിഞ്ഞു.. പെണ്ണല്ലേ.. അവര്‍ക്ക് ഈ ഏകാന്തത എന്തെന്ന് അറിയില്ലല്ലോ.. അത് അനുഭവിക്കാന്‍ അവര്‍ക്കൊരിക്കലും അവസരം വരാറില്ലല്ലോ.. ടി.വി.യില്‍ അപ്പൊ കളിച്ചു കൊണ്ടിരുന്ന ''സെക്കന്‍ഡ് ഷോ" എന്ന സിനിമയിലെ ഡയലോഗ് അവനെ വീണ്ടും യാഥാര്‍ഥ്യത്തിലേക്കെത്തിച്ചു . . "അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെ കാമുകന്‍ " .. ബാക്കിയുള്ള മദ്യത്തില്‍ അവളുടെ മണം ചേര്‍ത്ത് ഒറ്റവലിക്ക് കുടിച്ചു.. വീണ്ടും ഒരു സിഗരറ്റ് കൂടി കത്തിച്ച് പുകയില്‍ അവളുടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി .. നീണ്ടു വളര്‍ന്ന മുടിയിലൂടെ അവള്‍ പതുക്കെ വീണ്ടും കയറാന്‍ തുടങ്ങി.. അപ്പോഴും അവനോര്‍ത്തു കൊണ്ടിരുന്നത് അവളുടെ ഇടത്തെ ചെവിക്ക് പിറകിലെ ആ കാക്കപ്പുള്ളിയെ കുറിച്ചായിരുന്നു.. 

ഒഴിഞ്ഞ വീട് ....

ഓര്‍മ്മ വച്ചപ്പോ മുതല്‍ ആ പൂച്ചക്കുട്ടി അവിടെയായിരുന്നു .. അവിടെ എന്ന് വച്ചാല്‍ ആ ഉമ്മയുടെ വീട്ടില്‍ ... ഉമ്മ അതിനെ സുഹറ എന്നും വിളിച്ചു .. വേറെ ആരുമില്ലാത്ത ആ കുഞ്ഞുവീട്ടില്‍ സുഹറ റാണിയായി... വിരുന്നുകാര്‍ പോലും വിരളമായിരുന്നു ... ഓട്ട വീണ ഓടിനിടയിലൂടെ വീഴുന്ന മഴത്തുള്ളികള്‍ അവര്‍ ഒരുമിച്ചു നനഞ്ഞു..സ്നേഹത്തിന്റെ പുതു കിരണങ്ങള്‍ നെയ്യാന്‍ തുടങ്ങി.. ഉമ്മ പോകുന്ന സ്ഥലത്തൊക്കെ സുഹറയും പോകാന്‍ തുടങ്ങി.. എപ്പോഴും പീടികയില്‍ പോകുമ്പോള്‍ അടുത്തുള്ള 5 വയസ്സുകാരന് നാരങ്ങമിട്ടായി വാങ്ങിച്ചു കൊടുക്കും.. അവനെപ്പോഴും ഗേറ്റിനു അടുത്തുണ്ടാകും.. സുഹറയെ കാണുമ്പോ അവന്‍
ചിരിക്കും.. അവളും കണ്ണിറുക്കി കാണിക്കും.. അവരങ്ങനെ നല്ല കൂട്ടുകാരായി. അവന്‍റെ അച്ഛനും അമ്മയും സുഹറയെ ഓടിക്കുമെങ്കിലും അവര്‍ കാണാതെ അവള്‍ ഇടക്ക് അവിടേക്ക് വരും.. അവന്‍ അവള്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കൊടുക്കും, ഒളിച്ചു കളിക്കും.. അങ്ങനെ ദിവസങ്ങള്‍ പോയി പോയി ഒരു മഴക്കാലത്ത് ആഞ്ഞടിച്ച കാറ്റിന്‍റെ എതിര്‍ദിശയിലേക്ക് ഒരു ജീവന്‍ പൊലിഞ്ഞു പോയി.. ഉമ്മയുടെ വിറങ്ങലിച്ച ശരീരം കാണാന്‍ അവന്‍ അച്ചന്റെ കൂടെ വന്നു .. കരയാനറിയാതെ സുഹറ അവനെ തന്നെ നോക്കി നിന്നു .. അവന്‍റെ മുഖത്ത് നാരങ്ങാമിട്ടായി നഷ്ടപ്പെട്ട സങ്കടം, സുഹറയ്ക്ക് ഭക്ഷണം നഷ്ടപ്പെട്ട സങ്കടം എന്നതിലപ്പുറം എന്തൊക്കെയോ രണ്ടുപേരേയും കൂട്ടിയോജിപ്പിച്ചു നിര്‍ത്തി.. ആരൊക്കെയോ കൂടി ഉമ്മയെ എടുത്തു പോയപ്പോ അവളും പിന്നാലെ പോയി എങ്ങോട്ടെക്കെന്നില്ലാതെ .. ആരോ ആ വീടിന്‍റെ വാതിലും പൂട്ടി.. ഇനി ഒരു മഴ നനയാന്‍ ആരുമില്ലാതെ... 

Saturday, 25 May 2013

മഴനൂല്‍സ്പര്‍ശത്തിനായി

കത്തിത്തീരാത്തൊരഗ്നിയായി 
കാലത്തിന്‍റെ മാറില്‍ കനല്‍മഴ
വീഴ്ത്തിക്കൊണ്ട് വെയില്‍ ....
ഒരിറ്റു തണലിനായി പടുവൃക്ഷങ്ങളുമില്ല ..
ഉരുകിത്തീരുന്ന ചൂടിലും 
അവളെന്‍റെ നിഴല്‍ കടംകൊണ്ടു...
വരണ്ടുണങ്ങിയ മനസ്സും,
തകര്‍ന്നടിഞ്ഞ സ്വപ്നത്തിന്‍റെ
ശവക്കൂനകളും,
അവള്‍ക്കൊപ്പമെത്താതിരുന്ന
തളര്‍ന്ന കാലുകളും
എന്തിനോ വേണ്ടി ദാഹിച്ചു ...
കയ്യെത്തും ദൂരത്തായിരുന്നിട്ടും
എനിക്കും അവള്‍ക്കുമിടയില്‍ പണിതുവീണ
അദൃശ്യമായ കാലയവനികയുടെ
അപ്പുറത്തു നിന്ന് അവള്‍ പുഞ്ചിരിക്കുന്നു,
കൂടെ എന്‍റെ നിഴലും...
യാഥാര്‍ഥ്യത്തിന്‍റെ മറ്റേക്കോണില്‍
സ്വപങ്ങളുടെ ഭാണ്ടക്കെട്ടും പേറി
ഞാന്‍ വീണ്ടും യാത്ര തുടങ്ങി..
ഇനിയും പെയ്യാതിരിക്കുന്ന
മഴനൂല്‍സ്പര്‍ശത്തിനായി....


മലമുകളിലെ വേടന്‍

ഇന്നലെത്തെ സ്വപ്നം എനിക്ക്
പറയാതെ പറഞ്ഞു തന്നത്,
ആ മലമുകളിലേക്കുള്ള വഴിയായിരുന്നു...
ഉറക്കച്ചടവ് കഴിഞ്ഞ ഉടന്‍ സ്വപ്നത്തെ
കടലാസ്സിലാക്കി മലമുകളിലേക്ക്
ഞാന്‍ യാത്ര തിരിച്ചു...
മലമുകളിലെ വേടനെ കാണാന്‍ .....
വിധിയെ അമ്പെറിഞ്ഞു തോല്‍പിക്കുന്ന
മലമുകളിലെ വേടനെ കാണാന്‍ ...
കല്ലും മുള്ളും താണ്ടി വേടന്‍റെ
കോട്ടയിലെത്തി ....
അമ്പുകള്‍ നിറച്ച , സ്വര്‍ണം പൂശിയ
ചുമരുകളും തൂണുകളുമുള്ള
മലമുകളിലെ കോട്ട ...
എന്‍റെ വിധിയെ അമ്പെറിഞ്ഞു
തോല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു...
ഒന്നും മിണ്ടാതെ കയ്യിലുള്ള
കണക്കുപുസ്തകം കാണിച്ചുതന്നു...
മുപ്പതു വെള്ളിക്കാശിനു ഒറ്റിയ
യൂദാസ് മുതല്‍,
അവസാനം നാല്പതു ലക്ഷത്തിനു
വിലയിട്ട ശ്രീശാന്ത് വരെ...
എന്‍റെ കയ്യിലെ ഓട്ടക്കാലണ നോക്കി
ഞാന്‍ തിരിച്ചു നടന്നു..
ഇനിയും ലണ്ടനിലേക്കും, ന്യൂയോര്‍ക്കിലേക്കും
ഇസ്രായേലിലേക്കും,എന്‍റെ നാട്ടിലേക്കുമൊക്കെ
യാത്ര കാത്തു കിടക്കുന്ന അമ്പുകളും,
പിഴയ്ക്കാത്ത ഉന്നവുമായി
മലമുകളിലെ വേടന്‍ കാത്തുനില്‍ക്കുന്നു .....