Tuesday 26 January 2016

ഫാസിസത്തിന്‍റെ മണം

അന്വേഷിച്ചത് ഫാസിസത്തിന്‍റെ മണമായിരുന്നു..
എല്ലാ ബിരുദങ്ങളുടെയും മുകളില്‍
ഉത്തരം കിട്ടാത്ത ആ ചോദ്യത്തില്‍
ഞാന്‍ നഗ്നനായി..
ഘ്രാണ ശക്തിയില്‍ മുന്നില്‍ നില്‍ക്കുന്ന
ഒരു നായയെ ഞാന്‍ വിലയ്ക്ക് വാങ്ങി.
റെയില്‍വേ ബോഗികളിലെ ബാഗുകള്‍ക്ക്
നേരെ നീട്ടിയിട്ട സംശയാലുക്കളായ
കണ്ണുകള്‍ക്ക് നേരെ നായ കുരച്ചു..
അമ്പല മതിലുകള്‍ക്കപ്പുറം നിന്ന
നിസ്സഹായമായ കറുത്ത മുഖങ്ങളെ
വെറുപ്പ് കലര്‍ന്ന വെളുത്ത മുഖത്തോടെ
നോക്കി നിന്നവരുടെ നേര്‍ക്ക്
നായ കുരച്ചു..
സുന്നത്തിന്‍റെ അടയാളം നോക്കി,
മാനവികത പോലും മറക്കുന്ന
ഇരുണ്ട മനസ്സിന്‍ ഉള്ളറകളിലേക്ക്
നായ നീട്ടി കുരച്ചു..
അടുക്കള പാത്രത്തില്‍ തിളച്ചു വന്ന
മാംസ കഷണങ്ങള്‍,
പുറത്തെരിഞ്ഞ ചന്ദനത്തിരി
മണത്തില്‍ സുരക്ഷിതമായി വെന്തു തുടങ്ങി..
നായ കുരച്ചില്ല...
തളം കെട്ടി നിന്ന നിശ്ശബ്ദമായ
മുറുമുറുപ്പുകള്‍ക്കിടയില്‍ ഞാന്‍
ആ മണം തിരിച്ചറിഞ്ഞു...
ഫാസിസത്തിന്‍റെ മണം..
എനിക്കിനീ നായയെ വേണ്ട,
ഞാന്‍ കൊന്നു തള്ളി..



തൂക്കുപാലം..

ഞാൻ അവളെ പിടിച്ചു ആകെ ഒന്നു കുലുക്കി ... അവളുടെ ഉള്ളിലുള്ള ഭൂതകാലം ഒഴിഞ്ഞു പോകട്ടെ എന്ന് കരുതി വർത്തമാനത്തിലൂടെ ഭാവിയിലേക്കുള്ള നീണ്ട നേർത്ത തൂക്കുപാലത്തിലേക്ക് ഞാൻ വിരൽ ചൂണ്ടി .. അവൾ ആ പാലത്തിലേക്ക് നോക്കാതെ ഭൂതകാലത്തിന്റെ ഇരുട്ടിലേക്ക് നടന്നകന്നു,ഒന്നും തിരിഞ്ഞു പോലും നോക്കാതെ.ഞാൻ വിരൽ ചൂണ്ടിയ സ്ഥലത്തുണ്ടായിരുന്ന തൂക്കുപാലം നേർത്തു നേർത്തില്ലാതായി...


ഫ്യൂഡലിസം

പതിവുപോലെ അവന്‍ കാട്ടിലെക്കിറങ്ങി... തന്‍റെപ്രിയപ്പെട്ട വള്ളിചെടികളെയും പൂക്കളെയും തേടി പോകുമ്പോഴാണ് അവനാ കുപ്പി കണ്ടത്.. അടപ്പ് തുറന്നു നോക്കിയപ്പോഴാണ് പുകയ്ക്കുള്ളില്‍ നിന്നു ഒരു മാലാഖ പുറത്തു വന്നത്.. ഇതുവരെ കാണാത്ത നിഷ്കളങ്കതയും മുഖത്തെ ദൈന്യതയും അവനെ ആകര്‍ഷിച്ചു.. മാലാഖ കാത്തിരിക്കുകയായിരുന്നു, ചങ്ങലക്കെട്ടുകളിലെ മോചനത്തിന്..ചെടികള്‍ക്കും, പൂക്കള്‍ക്കും, കായകള്‍ക്കും മീതെ അവനു പുതിയൊരു സൗഹൃദം കിട്ടി.. മാലാഖ പറയാതെ പറഞ്ഞ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ അവനും പങ്കു ചേര്‍ന്നു.. പക്ഷെ ആ മാലാഖക്ക് തന്‍റെ യജമാനനോട് വലിയ സ്നേഹമായിരുന്നു.. അതുകൊണ്ട്തന്നെ വൈകുന്നേരം മാലാഖ തിരിച്ചു പോയി..
എല്ലാ ദിവസവും അവന്‍ വന്നു കുപ്പി തുറന്നു മാലാഖയെ മോചിപ്പിക്കും.. ജിവിതത്തിന്‍റെ തുറന്ന പച്ചപ്പുകളില്‍ അവര്‍ ഒരുമിച്ചു നടക്കാന്‍ തുടങ്ങി,, വൈകുന്നേരങ്ങളില്‍ സ്വന്തം ചില്ലകളിലേക്ക് ചേക്കേറുന്ന കിളികളെ പോലെ മാലാഖ കുപ്പിയിലേക്ക് മടങ്ങും.. പിന്നെ പറ്റാവുന്ന സമയങ്ങളിലൊക്കെ യജമാനന്‍റെ ആഗ്രഹത്തിനനുസരിച്ച് കുപ്പിയില്‍ നിന്ന് പുറത്തിറങ്ങും. ശരിക്കും പറഞ്ഞാല്‍ വിരോധാഭാസത്തി ലൂടെ പോകുന്ന പെണ്‍മനസ്സ്... തന്‍റെ പരീക്ഷണ ശാലയിലെ വിലപ്പെട്ട വസ്തുവായി യജമാനന്‍ മാലാഖയെ കണ്ടു...
ആകാശത്ത് തുടുക്കുന്ന മഞ്ഞവെയിലുകള്‍ക്ക് കീഴില്‍ മാലാഖ കാണാത്ത ലോകം അവന്‍ കാണിച്ചുകൊടുത്തു..വിരലുകളില്‍ കുരുക്കിയ മാന്ത്രികസ്പര്‍ശത്താല്‍ ആകാശത്തിനപ്പുറമുള്ള ലോകം മാലാഖയും കാണിച്ചുകൊടുത്തു.. പേരില്ലാത്ത ആ ബന്ധത്തെ അവന്‍ പ്രണയമെന്നു വിളിച്ചപ്പോള്‍ മാനുഷിക വികാരം അന്യംനിന്ന മാലാഖയുടെ ലോകം ആ ബന്ധത്തിന് പേരിടാന്‍ മറന്നു,. കുന്നിക്കുരുവും മഞ്ചാടിക്കുരുവും അപ്പൂപ്പന്‍ താടികളും അവര്‍ രണ്ടിനുമിടയിലെ മൂന്നാം ലോകത്തിലെ കാഴ്ചക്കാരായി..
മാലാഖയുടെ ഒളിച്ചുപോക്ക് കണ്ടുപിടിച്ച യജമാനന്‍ മാലാഖയെ ശാസിച്ചു.. വിനീത വിധേയയായ മാലാഖ കുപ്പിയില്‍ നിന്നിറങ്ങാന്‍ മടിച്ചു.. ഇലകളിലും പൂക്കളിലും സ്വന്തം നിഴലിലും അവന്‍ പ്രണയ മഴവില്ല് കണ്ടു നടന്നു.. ദിവസങ്ങള്‍ക്കു ശേഷം മാലാഖ കുപ്പിയില്‍ നിന്നു പുറത്തിറങ്ങി.. പ്രത്യാശയുടെ ചുവന്ന കൊടി കാറ്റില്‍ വീശിയടിച്ചു.. പ്രതീക്ഷകളും സ്വപ്നങ്ങളും വീണ്ടും വന്യതയുടെ ഭാവം പൂണ്ടു.. തിരിച്ചെത്തിയ മാലാഖക്കു മേല്‍ യജമാനന്‍ ശകാര വര്‍ഷം ചൊരിഞ്ഞു,, നഷ്ടസ്വര്‍ഗത്തിനു മേല്‍ തീര്‍ത്ത മറ്റൊരു മിഥ്യാ സ്വര്‍ഗത്തില്‍ മാലാഖ സ്വയം അലിഞ്ഞുചേര്‍ന്നു..
വീണ്ടും കുറച്ചു ദിവസങ്ങള്‍ മാലാഖ പുറത്തിറങ്ങിയതേയില്ല.. പ്രതീക്ഷകളുടെ മനക്കോട്ടയില്‍, കാത്തിരിപ്പിന്‍റെ വിയര്‍പ്പും ചേര്‍ത്ത് അവന്‍ കാത്തിരുന്നു... അവനു തെറ്റിയില്ല..യജമാനന്‍റെ കണ്ണുവെട്ടിച്ചു മാലാഖ വരുമെന്നു കാത്തിരുന്ന ഒരുദിവസം മാലാഖയെത്തി.. മാലാഖയുടെ മുഖം ചുവന്നു തുടുത്തിരുന്നു..എന്നത്തെക്കാളുമേറെ സന്തോഷവതിയായിരുന്നു.. ആളിക്കത്തിയിരുന്ന അവന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു കുതിര്‍ന്നു.. യജമാനന്‍റെ അടുത്തുനിന്നു മോഷ്ടിച്ച വടി കൊണ്ട് മാലാഖ അവന്‍റെ തലയുടെ പിറകില്‍ ശക്തിയായി അടിച്ചു.. ഈറനണിഞ്ഞിരുന്ന കണ്ണുകള്‍ അവനെ കൂടുതല്‍ ദുര്‍ബലനാക്കിയിരുന്നു.. തിരിഞ്ഞു നോക്കാന്‍ പോലും പറ്റാതെ അവന്‍ തകര്‍ന്നു വീണു..
മാറ്റത്തിന്‍റെ കാലത്തിലും ഫ്യൂഡല്‍-അടിമ വ്യവസ്ഥയുടെ നേര്‍ പ്രതീകമായി മാലാഖ തിരിഞ്ഞു നടന്നു...തന്‍റെ യജമാനന്‍റെ അടുത്തേക്ക്..ജീര്‍ണിച്ചളിഞ്ഞ ഫ്യൂഡലിസത്തിന്റെ ലോകത്ത് യജമാനന്‍ മാലാഖയെ കാത്തിരുന്നു..ഇരുകൈകളും നീട്ടി...



Monday 4 January 2016

പച്ച പൂശല്‍

പച്ച പൂശിയ വിദ്യാഭ്യാസം അതാണ് നമ്മുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി.. പച്ച ബ്ലൗസും പച്ച പെയിന്റും ഒക്കെയായി വിദ്യാഭ്യാസത്തെ വ്യാഖ്യാനിച്ച കാലം...അങ്ങനെയിരിക്കെയാണ് അവിചാരിതമായി ഒരു കെട്ടു ഉത്തരക്കടലാസ് മാര്‍ക്കിടാനായി കിട്ടിയത്..അതിലും പച്ച വന്നു., മൂല്യനിര്‍ണയത്തിനു പച്ചമഷി പെന്‍ ഉപയോഗിക്കണമെന്ന്.. കുറെ നിറമുള്ള മഷി തുപ്പുന്ന ഒരു പേന ഉണ്ടായിരുന്നു പണ്ട്.. അത് ഒരു അത്ഭുതമായിരുന്നു..ജീവിതത്തില്‍ ആസ്വദിച്ചു കാണുന്ന ഒരു തുപ്പല്‍.. ഓരോ ഞെക്കലിലും ഓരോ മഷി.. കുട്ടിക്കാലം കുറച്ചൂടെ പിന്നിലേക്ക് പോയി.. സ്ലേറ്റില്‍ എഴുതിയത് മായിക്കാന്‍ ഉപയോഗിക്കുന്ന പച്ച വെള്ളാംകുടി...പച്ച പുതപ്പിട്ട വയലുകള്‍.. ഭൂതകാലത്തിലേക്ക് സ്വയം മറന്നു വീണുപോയി.. വീട്ടില്‍ എത്തിയിട്ട് നോക്കിയപ്പോ ആ പഴയ പേന യുടെ അവശിഷ്ടങ്ങള്‍ പോലുമില്ല.. പുതിയ പച്ച മഷി പേന നാളെ വാങ്ങിക്കണം...രണ്ടു ദിവസത്തില്‍ പേപ്പര്‍എല്ലാം നോക്കി തീര്‍ക്കുകയും വേണം..
റോഡില്‍ തളംകെട്ടി നിന്ന ചോര നാളത്തെ ഹര്‍ത്താലിനുള്ള മണി മുഴക്കി.. എവിടെ പോയി വാങ്ങും ഇനി പുതിയ പച്ച പേന? കുടുങ്ങിപ്പോയി. കിഴക്ക് വെള്ളകീറിയപ്പോ തന്നെ ഇറങ്ങി വീട്ടില്‍ നിന്നും..ചോരത്തുള്ളികള്‍ തെറിച്ച് അറച്ച തൊട്ടാവാടി ചെടികള്‍ കൂമ്പിപ്പോയിരുന്നു..എവിടെ അന്വേഷിക്കണം ഞാന്‍എന്‍റെ പച്ചയെ?? നിറം മങ്ങിയ, പച്ചപ്പില്ലാത്ത ലോകത്തേക്ക് ഞാന്‍ നടന്നിറങ്ങി.. വഴിയിലെ ഓരോ ചെടിയിലും,മരത്തിലും തേടി.. ഒരുപാട് വള്ളികള്‍ തൂങ്ങി നില്‍ക്കുന്ന ആല്‍മരത്തിന്‍റെ വിശാല സാന്നിധ്യമുള്ള ആ പഴയ കാവ് മാടി വിളിച്ചു.. കാണാത്ത കിളികളുടെ ശബ്ദവും, കാറ്റിന്റെ കുളിര്‍മയും , മണ്ണിരകളും, അട്ടയും, ശൂശു വിളിച്ചു കൊണ്ടിരുന്ന പാമ്പുകളും എന്നെ വിസ്മൃതിയുടെ ലോകത്തെത്തിച്ചു.. ഞാന്‍ ഇറങ്ങിചെന്നു ആ പച്ചപ്പിലേക്ക്....


പുതുവത്സരാശംസകൾ...

ചെയ്ത തെറ്റുകൾക്കും, ചെയ്യാൻ പോകുന്ന തെറ്റുകൾക്കും മാപ്പ് ചോദിക്കുന്നില്ല... നഷ്ട പ്രണയത്തിനും, മതിഭ്രമങ്ങൾക്കും തിരിഞ്ഞു നോക്കലിന്റെ ഒരിറ്റു കണ്ണുനീർ... വില തന്ന, നിലനിർത്തിയ സൗഹൃദങ്ങൾക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ... നിഷേധത്തിന്റെ നിഷേധം കാണിച്ചിട്ടും സഹിക്കുന്ന, ഇഷ്ടപ്പെടുന്ന അച്ഛനോടും അമ്മയോടും സ്നേഹം... ജീവിതത്തോട് വെറുപ്പല്ല, അഭിനിവേശമാന് ... പുതിയ പ്രതിജ്ഞകളില്ല... കൃതിമത്വങ്ങളില്ലാതെ തികച്ചും സ്വാഭാവികമായി, ഭ്രാന്തമായി മുന്നോട്ട് പോകാം... ഏതൊക്കെയോ നാടൻ പാട്ടുകളിലാണു മനസ്സ്..."അതിരു കാക്കും മല വീണ്ടും തുടിക്കുന്നു"...ചുവന്ന ചക്രവാളങ്ങളിൽ നിന്നു ജനകീയ വിപ്ലവത്തിന്റെ വിളി കേൾക്കുന്നില്ലേ... വരും... ഇനിയും കൂടുതൽ നഷ്ടപ്പെടാം, ഇഷ്ടപ്പെടാം ജീവിതത്തെ... ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

ശൂന്യത .. വന്യത ..

നീ പോറിയിടുന്ന ഭയാനകമായ ശൂന്യതയുടെ ഇടവേളകളിൽ എന്റെ ഹൃദയം ആർക്കും വേണ്ടാതെ മിടിക്കുന്നു ... എന്റെ മുന്നിൽ കാത്തിരിപ്പിന്റെ വിറകു കൊള്ളികൾ എരിഞ്ഞു ചാരമായിക്കൊണ്ടിരിക്കുന്നു .. ആത്മനാശത്തിന്റെ അടയാളങ്ങൾ .. കൂരിരുട്ട് നിറഞ്ഞ ഏതോ ഒരുൾക്കാട് വിളിച്ചു കൊണ്ടിരിക്കുകയാണ്.. അരുവിയുടെ ഒച്ച തെളിഞ്ഞു കേൾക്കാം.. അവ്യക്തമായ നിലവിളികൾ , അടുത്ത് നിന്നാണോ അകലെ നിന്നാണോ ?? സ്വയം തളർന്ന ചിറകുള്ള ഒരു ദേശാടനക്കിളിയായി മാറിക്കൊണ്ടിരിക്കുകയാണ് .. പോകണം വന്യതയിലേക്ക് .. തിരിച്ചറിയപ്പെടാനും തിരിച്ചറിയപ്പെടാതിരിക്കാനും ...

നടത്തം...

കാലിന്‍റെ പെരുവിരലില്‍ നിന്നുതുടങ്ങിയ വേദന മുകളിലേക്കുയര്‍ന്നു..കാലിടറി.. നടത്തം അവിടെ മുറിഞ്ഞു.. ഇനി ഒരടി മുന്നോട്ടില്ല.. കുതിച്ചു പായുന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്നു രക്ഷപ്പെട്ട്‌ ഓര്‍മ്മകള്‍ പിന്നിലേക്കോടി.. കോളേജിലെ ഒരു വൈകുന്നേരം. ഇളം ചാറ്റല്‍ മഴയില്‍ കുട ചൂടാതെ നടന്ന രണ്ടു കൗമാരങ്ങള്‍.. അവന്‍ അവളോട്‌ പറഞ്ഞു "നടന്നു നടന്നു ഞാന്‍ എന്‍റെ വിപ്ലവം നേടും, എന്‍റെ പ്രണയം ആ വിപ്ലവ പാതയില്‍ പൂക്കള്‍ വിരിക്കും. നടന്നു കൊണ്ടിരിക്കുമ്പോള്‍ മരിക്കാനാണെനിക്കിഷ്ടം". മരണമെന്ന് പറഞ്ഞപ്പോള്‍ അവള്‍ അവന്‍റെ വാപൊത്തി..തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ അവളുടെ കൈവിരലുകളില്‍ ചര്‍ദ്ദിലുകളായി ശ്വാസംമുട്ടി മരിച്ചു.. അയാള്‍ പിന്നെയും കാതങ്ങള്‍ താണ്ടി, തനിച്ച്.. അന്നത്തെ മരണം കാലങ്ങള്‍ക്ക് ശേഷം പുനരവതരിച്ചു. ഇന്ന് വീഴുമ്പോള്‍ താങ്ങായി വിരലുകളില്ല..നിലത്തു കിടന്ന ശരീരത്തില്‍ നിന്ന് അവസാന കണികകളായി പ്രണയവും വിപ്ലവവും മണ്ണിലലിഞ്ഞു..നട്ടു നനയ്ക്കാനായി ഒരു തുള്ളി ചോരയും...