Friday 23 October 2015

അവശേഷിപ്പ് ...

ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ആറാമത്തെ റൂമില്‍ തളം കെട്ടി നില്‍ക്കുന്ന രക്തത്തിന്‍റെയും മരണത്തിന്‍റെയും ഇടയില്‍ അവന്‍ മലര്‍ന്നു കിടന്നു.. ഇന്നാണ് ആ ദിവസം.. തന്‍റെ തലയില്‍ പടര്‍ന്ന്‍ നില്‍ക്കുന്ന ആ വലിയ മുഴ നീക്കം ചെയ്യേണ്ട ദിവസം.. വേദനയോട് മല്ലിടിച്ച് മല്ലിടിച്ച് തളര്‍ന്ന കണ്ണുകളില്‍ എന്നാലും ആ തിളക്കം ബാക്കിയുണ്ടായിരുന്നു.. ഇനി കണ്ണു കലങ്ങരുത് ട്ടോ എന്ന് അവള്‍ പറഞ്ഞിരുന്ന വാക്കുകള്‍ അവന്‍ നെഞ്ചോടു ചേര്‍ത്തു വച്ചിരുന്നു.. വേദനയുടെ ഉയരങ്ങളിലും ആഴങ്ങളിലും അവനെ നില നിര്‍ത്തിയത് അവളുടെ അസാന്നിധ്യം കൊണ്ടുള്ള സാന്നിധ്യം തന്നെയായിരുന്നു.. "അവളെവിടെയാണ് ?? വരുമായിരിക്കില്ലേ?? മറക്കാന്‍ പറ്റില്ലെന്നല്ലേ എപ്പോഴും പറയാറ്".. സര്‍ജറിയുടെ സങ്കീര്‍ണത അറിയാമായിരുന്ന ഡോക്ടര്‍ മുഖത്ത് ഒട്ടിച്ചു വെച്ച പുഞ്ചിരിയിലൂടെ എല്ലാര്‍ക്കും ആശ്വാസം പകര്‍ന്നു.. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകുന്നതിനു മുന്നേ അമ്മയുടെ ചുണ്ടില്‍ ദൈവത്തിന്‍റെ പേര് വന്നും പോയിയിമിരുന്നു.. ദൈവവും അമ്പലവുമെല്ലാം മനസ്സില്‍ നിന്ന് എടുത്തു മാറ്റിയിട്ടു കൊല്ലങ്ങളായി.. അത് കൊണ്ട് തന്നെ അവന്‍റെ ചുണ്ട് നിശ്ചലമായി നിന്നു... കണ്മുന്നില്‍ നിന്നു എല്ലാവരും ദൂരേക്ക് നീങ്ങിക്കൊണ്ടിരുന്നു.. തിയേറ്ററിലേക്ക് കയറുമ്പോ അവളുടെ കൈ യും വിട്ടു.. ഇത്രേം കാലം തന്നെ ജീവിപ്പിച്ചത് ആ കൈയുടെ ചൂട് നല്‍കിയ പ്രതീക്ഷകള്‍ തന്നെയായിരുന്നു.. കണക്കു പുസ്തകത്തിന്‍റെ അടുത്ത പേജും മറിക്കപ്പെട്ടു.. തെറ്റും ശരിയും നിറഞ്ഞ കണക്കുകൂട്ടലുകളില്‍ അവള്‍ വലിയ ശരിയായി മാറി നിന്നു.. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന സര്‍ജറിക്കു ശേഷം ആ മുഴ നീക്കപ്പെട്ടു.. വേദനയും വേദന സംഹാരികളും മാറി നിന്നപ്പോ അവന്‍ കണ്ടു അവളെ എന്നത്തെക്കാളും സുന്ദരിയായി..ഇരുട്ടില്‍ നിന്നു കണ്ടെത്തിയ വെളിച്ചം പോലെ .. നിസ്സഹായമായ മുഖവുമായി ഡോക്ടര്‍ അമ്മയെ കണ്ടു.. "സോറി." .. തേങ്ങലടികള്‍ തിരകളെക്കാള്‍ ശക്തിയില്‍ ഉയര്‍ന്നു പൊങ്ങി.. അവന്‍റ് കണ്ണുകളില്‍ ഇപ്പോഴും ആ തിളക്കം.. അങ്ങുദൂരെ അവളുടെ ഇടനെഞ്ചിടറി ...

No comments:

Post a Comment