ജൂണ്‍ മാസത്തിലെ കനത്ത മഴ പെയ്യുന്ന രാത്രിയില്‍ അവള്‍ ജനാലയ്ക്കരികെ നില്‍ക്കുകയായിരുന്നു .. തകര്‍ത്ത് പെയ്യുന്ന മഴ അവളുടെ മനസ്സിനെ തട്ടിയെടുത്തു... പിന്നെ താഴെ വീഴുന്ന ഓരോ മഴത്തുള്ളിയും അവളുടെ ഓര്‍മകളിലേക്കുള്ള മഴവെള്ളപ്പാച്ചില്‍ ആയിരുന്നു... കുറേ മഴക്കാല ഓര്‍മ്മകള്‍ അവളെത്തേടിയെത്തി.. പണ്ട് ഒന്നാം ക്ലാസില്‍ ആദ്യമായി പോയപ്പോള്‍ തന്‍റെ കരച്ചില്‍ പുറത്തറിയിക്കാതെ ശക്തിയായി പെയ്ത മഴ .. കൂടെ കളിക്കാന്‍ ആരുമില്ലാതിരുന്നപ്പോള്‍ താന്‍ ഉണ്ടാക്കിയ കടലാസ് തോണികള്‍ക്ക് ഒഴുകാന്‍ വേണ്ടി പെയ്ത മഴ .. കോളേജില്‍ പഠിക്കുമ്പോള്‍ കുടയെടുക്കാതിരുന്ന അവനെ തന്‍റെ കുടക്കീഴിലാക്കാന്‍ വേണ്ടി പെയ്ത മഴ .. പെട്ടെന്ന് കണ്ണില്‍ നനവ് പൊടിയാന്‍ തുടങ്ങി.. അവന്‍ .. അവന്‍ ഇപ്പോഴെവിടെയാണ് .. നാലഞ്ചു മാസമായി ഒരു വിവരവുമില്ല... അല്ലെങ്കില്‍ കൂടെക്കൂടെ വിളിക്കാറുള്ളതായിരുന്നു .. മുംബൈയിലായിരുന്നു അവസാനം വിളിച്ചപ്പോള്‍ .. അവനെപ്പറ്റി ഓര്‍ക്കുമ്പോഴെല്ലാം മഴയ്ക്കൊപ്പം ആ മിന്നാമിനുങ്ങുകളും ജനാലയിലൂടെ അവളുടെ അടുത്തെത്തും .. അവളുടെ കണ്ണീര് തുടച്ച് പ്രതീക്ഷയുടെ വലിയ വെട്ടം പകര്‍ന്ന് തിരിച്ചു പോകും ... അവന്‍റെ വീട്ടിലും- അച്ഛനും അമ്മയും അവന്‍ തീര്‍ത്ത ഓര്‍മകളുടെ മഴയില്‍ നനഞ്ഞിരിക്കുകയായിരുന്നു.. അവന്‍റെ സാന്നിധ്യം ഓര്‍മകളിലേക്ക് ചുരുങ്ങിക്കൊണ്ടിരുന്നു .. അവിടേക്കും ക്ഷണിക്കാത്ത അതിഥികളായി മിന്നാമിനുങ്ങുകള്‍ കടന്നു വന്നു.. അവയുടെ നുറുങ്ങുവെട്ടം അവര്‍ക്കും പ്രതീക്ഷയുടെ വലിയ വെളിച്ചം നല്‍കി..
അങ്ങകലെ യു.പി.യിലെ ഒരു കുഗ്രാമത്തില്‍ ഖനിയപകടത്തില്‍ മരിച്ചവരെ അടക്കംചെയ്ത സ്ഥലത്തും മഴ പെയ്യുകയായിരുന്നു.. പ്രിയപ്പെട്ടവരുടെ സുഖവിവരങ്ങള്‍ കൊണ്ടെത്തിയ ആ മിന്നാമിനുങ്ങുകള്‍ അവന്‍റെ ശവകുടീരത്തിനു മുകളില്‍ മിന്നിക്കൊണ്ടേയിരുന്നു.
അങ്ങകലെ യു.പി.യിലെ ഒരു കുഗ്രാമത്തില്‍ ഖനിയപകടത്തില്‍ മരിച്ചവരെ അടക്കംചെയ്ത സ്ഥലത്തും മഴ പെയ്യുകയായിരുന്നു.. പ്രിയപ്പെട്ടവരുടെ സുഖവിവരങ്ങള്‍ കൊണ്ടെത്തിയ ആ മിന്നാമിനുങ്ങുകള്‍ അവന്‍റെ ശവകുടീരത്തിനു മുകളില്‍ മിന്നിക്കൊണ്ടേയിരുന്നു.
No comments:
Post a Comment