Saturday 15 June 2013

പയ്യന്നൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ്


അങ്ങനെ ഇന്ന് പയ്യന്നൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ ഉദ്ഘാടനവും കഴിഞ്ഞു .. കുറെക്കാലമായുള്ള ജനങ്ങളുടെ കാത്തിരിപ്പ്‌ ഇന്ന് സഫലമായി.. സ്വപ്ന സാക്ഷാത്ക്കാരത്തിനു മുഖ്യമന്ത്രിയും,എം.എല്‍.എ.യും,എം.പി.യും എല്ലാരും എത്തി.. ഇനി പേടിക്കണ്ട അരമണിക്കൂര്‍ അടഞ്ഞ റെയില്‍വേ ഗേറ്റിനു മുന്നില്‍ കാത്തിരിക്കണ്ട.. ഇനി മുതല്‍ വൈകി വീട്ടില്‍ നിന്ന് ഇറങ്ങുന്നവര്‍ക്ക് കൃത്യസമയത്ത് തന്നെ വണ്ടി കിട്ടും  .. റെയില്‍വേ ഗേറ്റിനു പകരം ഇനി ടോള്‍ ഗെറ്റ് ഉണ്ടാകും .. പക്ഷെ എത്ര പേര്‍ സന്തോഷിച്ചാലും ഇന്ന് വിഷമിക്കുന്ന 2,3 പേര്‍ ഉണ്ടാകും .. മറ്റാരുമല്ല, പയ്യന്നൂര്‍ റെയില്‍വേ ഗേറ്റ് ജീവനക്കാര്‍ തന്നെ.. ഇത് വരുമ്പോ പുറമേ പറഞ്ഞില്ലെങ്കിലും ഏറ്റവും കൂടുതല്‍ എതിര്‍ത്തിട്ടുണ്ടാകുക അവര്‍ ആയിരിക്കും.. എല്ലാ തവണയും പയ്യന്നൂരേക്ക് പോകുമ്പോള്‍ ഗേറ്റ് അടക്കാനും തുറക്കാനും പരിചയമുള്ള മുഖങ്ങള്‍ .. ഇന്നലെ അവസാനത്തെ വണ്ടി വന്നപ്പോ ഗേറ്റ് അടച്ചപ്പോഴും പിന്നെ തുറന്നപ്പോഴും കണ്ണില്‍ നിന്ന് വെള്ളം വന്നിട്ടുണ്ടാകണം.. ഇനി ആ ഗേറ്റും അവരും അവിടെ ഉണ്ടാകില്ല.. വേറെ ആര്‍ക്കും ഇല്ലാത്ത ആത്മബന്ധം അവര്‍ക്കുണ്ടാകും ആ റെയില്‍വേ ഗേറ്റിനോട്‌ .. കുറച്ചു ദിവസങ്ങളായി മനസ്സാകെ ഉരുക്കുന്നുണ്ടാകും .. ഇനി കൂ കൂ വിളികള്‍ക്ക് കാതോര്‍ത്ത് പച്ചക്കൊടിയും ചുവപ്പ് കോടിയുമായി വേറെ ഒരു സ്ഥലത്തേക്ക് അവര്‍ക്ക് മനസ്സ് പറിച്ചു നടെണ്ടി വരും.. അവരുടെ വിഷമത്തില്‍ ഞാനും പങ്കു ചേരുന്നു .. 

പ്രണയയാത്ര


യാത്ര .. ചില യാത്രകള്‍ക്ക് ലക്ഷ്യമുണ്ടാകും .. ചിലത് യാന്ത്രികമായിരിക്കും .. അവന്‍റെ യാത്രകളില്‍ ഏറ്റവും പ്രിയപ്പെട്ടത്‌ അവളെ കാണാന്‍ പോകുന്ന യാത്രകളായിരുന്നു.. അവളിലേക്കുള്ള അകലം കുറഞ്ഞു വരുന്ന ആ യാത്രകളില്‍ ആകാശത്ത്‌ മഴവില്ല് കാണും , മരങ്ങളൊക്കെ പച്ചപ്പ് വാരി വിതറും,മണ്ണില്‍ നിന്ന് പ്രണയത്തിന്‍റെ ഗന്ധം ഉയരും.. ഇത്തവണത്തെ യാത്രയിലും അതേ അനുഭവം തന്നെയായിരുന്നു അവന് .. മുഖത്ത് കുറച്ചൂടെ തെളിച്ചം ..കുറെക്കാലത്തിനു ശേഷം അവളെ കണ്ടപ്പോ മനസ്സിലെ സന്തോഷമെല്ലാം ഒരുമിച്ച്,ഒന്നായി ഒരു പുഞ്ചിരിയിലൂടെ അവളിലേക്കൊഴുകി...അവളും ആ പുഞ്ചിരിയില്‍ ലയിച്ചു .. എല്ലാ കാത്തിരിപ്പിനും ഒരു സുഖമുണ്ട്, പ്രതീക്ഷയുണ്ട് .. കാത്തിരിപ്പിനു അറുതി വരുത്തുന്ന ആ ദിവസത്തിനായുള്ള പ്രതീക്ഷ .. ജീവിതത്തില്‍ ചില നിമിഷങ്ങളുണ്ടാകും , സമയചക്രം ചലിക്കാതിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍ .. ആ രണ്ടു ദിവസങ്ങള്‍ അവനും അവള്‍ക്കും അങ്ങനെയായിരുന്നു.. പ്രണയിച്ചു നടന്നു തീര്‍ത്ത അവസാനിക്കാത്ത വഴിയോരങ്ങള്‍ .. ഒടുവില്‍ വീണ്ടും അടുത്ത കാത്തിരിപ്പിന് തുടക്കമിടാനുള്ള സമയമായി.. വീണ്ടും അവരവരിലേക്കുള്ള തിരിച്ചുപോക്ക് .. സാധാരണ എല്ലാ തവണയും പോകുന്ന വിഷമം മറക്കാന്‍ അവന്‍ അവളോട്‌ കാരണം കണ്ടെത്തി അടിയാക്കുമായിരുന്നു... ഇത്തവണ അവനങ്ങനെ തോന്നിയില്ല.. യാത്ര പറഞ്ഞു തിരിച്ചുപോകുമ്പോള്‍ ഇനിയൊരു കാത്തിരിപ്പും , കാത്തിരിപ്പിനെ ഭേദിക്കുന്ന ഒരു യാത്രയും ഉണ്ടാകില്ല എന്ന് അവനുറപ്പായിരുന്നു.. പ്രണയത്തെ തോല്‍പ്പിക്കാന്‍ അവനു ചുറ്റും വട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന മരണത്തെപ്പറ്റി അവന്‍ ബോധവാനായിരുന്നു.. മൊബൈലിലെ അവളുടെ ഫോട്ടോകളില്‍ മാറി മാറി നോക്കിക്കൊണ്ടിരുന്നു... പ്രതീക്ഷിച്ചിരുന്ന അവന്‍റെ ഉടക്കുന്ന മെസ്സേജിനും കോളിനും പകരം അവള്‍ക്ക് കിട്ടിയത് ഈ മെസ്സേജ് ആയിരുന്നു.. "Today I am the happiest,I love you, I miss you..." തെക്ക് നിന്ന് വീശിയ കാറ്റ് അവളുടെ കണ്ണീര്‌ തുടച്ചു കളയുന്നുണ്ടായിരുന്നു അപ്പോള്‍ ...... 

മിന്നാമിനുങ്ങും പ്രതീക്ഷയും...

ജൂണ്‍ മാസത്തിലെ കനത്ത മഴ പെയ്യുന്ന രാത്രിയില്‍ അവള്‍ ജനാലയ്ക്കരികെ നില്‍ക്കുകയായിരുന്നു .. തകര്‍ത്ത് പെയ്യുന്ന മഴ അവളുടെ മനസ്സിനെ തട്ടിയെടുത്തു... പിന്നെ താഴെ വീഴുന്ന ഓരോ മഴത്തുള്ളിയും അവളുടെ ഓര്‍മകളിലേക്കുള്ള മഴവെള്ളപ്പാച്ചില്‍ ആയിരുന്നു... കുറേ മഴക്കാല ഓര്‍മ്മകള്‍ അവളെത്തേടിയെത്തി.. പണ്ട് ഒന്നാം ക്ലാസില്‍ ആദ്യമായി പോയപ്പോള്‍ തന്‍റെ കരച്ചില്‍ പുറത്തറിയിക്കാതെ ശക്തിയായി പെയ്ത മഴ .. കൂടെ കളിക്കാന്‍ ആരുമില്ലാതിരുന്നപ്പോള്‍ താന്‍ ഉണ്ടാക്കിയ കടലാസ് തോണികള്‍ക്ക് ഒഴുകാന്‍ വേണ്ടി പെയ്ത മഴ .. കോളേജില്‍ പഠിക്കുമ്പോള്‍ കുടയെടുക്കാതിരുന്ന അവനെ തന്‍റെ കുടക്കീഴിലാക്കാന്‍ വേണ്ടി പെയ്ത മഴ .. പെട്ടെന്ന് കണ്ണില്‍ നനവ്‌ പൊടിയാന്‍ തുടങ്ങി.. അവന്‍ .. അവന്‍ ഇപ്പോഴെവിടെയാണ് .. നാലഞ്ചു മാസമായി ഒരു വിവരവുമില്ല... അല്ലെങ്കില്‍ കൂടെക്കൂടെ വിളിക്കാറുള്ളതായിരുന്നു .. മുംബൈയിലായിരുന്നു അവസാനം വിളിച്ചപ്പോള്‍ .. അവനെപ്പറ്റി ഓര്‍ക്കുമ്പോഴെല്ലാം മഴയ്ക്കൊപ്പം ആ മിന്നാമിനുങ്ങുകളും ജനാലയിലൂടെ അവളുടെ അടുത്തെത്തും .. അവളുടെ കണ്ണീര് തുടച്ച്‌ പ്രതീക്ഷയുടെ വലിയ വെട്ടം പകര്‍ന്ന് തിരിച്ചു പോകും ... അവന്‍റെ വീട്ടിലും- അച്ഛനും അമ്മയും അവന്‍ തീര്‍ത്ത ഓര്‍മകളുടെ മഴയില്‍ നനഞ്ഞിരിക്കുകയായിരുന്നു.. അവന്‍റെ സാന്നിധ്യം ഓര്‍മകളിലേക്ക് ചുരുങ്ങിക്കൊണ്ടിരുന്നു .. അവിടേക്കും ക്ഷണിക്കാത്ത അതിഥികളായി മിന്നാമിനുങ്ങുകള്‍ കടന്നു വന്നു.. അവയുടെ നുറുങ്ങുവെട്ടം അവര്‍ക്കും പ്രതീക്ഷയുടെ വലിയ വെളിച്ചം നല്‍കി..
അങ്ങകലെ യു.പി.യിലെ ഒരു കുഗ്രാമത്തില്‍ ഖനിയപകടത്തില്‍ മരിച്ചവരെ അടക്കംചെയ്ത സ്ഥലത്തും മഴ പെയ്യുകയായിരുന്നു.. പ്രിയപ്പെട്ടവരുടെ സുഖവിവരങ്ങള്‍ കൊണ്ടെത്തിയ ആ മിന്നാമിനുങ്ങുകള്‍ അവന്‍റെ ശവകുടീരത്തിനു മുകളില്‍ മിന്നിക്കൊണ്ടേയിരുന്നു.

ഓഫീസിലെ രക്തദാനം ..

ഇന്ന് ഓഫീസില്‍ രക്തദാന ക്യാമ്പ് ഉണ്ടായിരുന്നു.. രക്തദാനത്തിന് പൊതുവേ അധികം പേര്‍ക്കും താല്‍പ്പര്യമാണ് .. അതില്‍ കുറച്ചുപേര്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരായിരിക്കും.. പിന്നെ പോകുന്ന അധികം ആള്‍ക്കാരും ഫ്രീയായി ഒരു ചെക്കപ്പ്‌ ചെയ്യാമല്ലോ എന്ന് കരുതി വരുന്നവരായിരിക്കും.. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തന്നെ നയാ പൈസ ചെലവില്ലാതെ അറിയാമല്ലോ... അതൊക്കെയാണ് ഈ രക്തദാനത്തിന് വരുന്നവരുടെ രാഷ്ട്രീയം.. കുറച്ചു സമയം പണിയെടുക്കാതിരിക്കാമല്ലോ,അവിടെ ആരെങ്കിലുമുണ്ടെങ്കില്‍ വായ്നോക്കാലോ എന്നൊക്കെ കരുതി ഞാനും പോയി.. അപ്പൊഴാ അവിടെ കാണാന്‍ ചാന്‍സില്ലാത്ത ഒരാളെ അവിടെ കണ്ടത്.. സ്വന്തം കാര്യമല്ലാതെ വേറെ ഒരാളുടെ കാര്യത്തില്‍ പോലും താല്പര്യമോ ആത്മാര്‍ത്ഥതയോ കാണിക്കാത്ത അയാളെ കണ്ടപ്പോ ശരിക്കും ഞെട്ടി.. ഒരു രാത്രി ഉറങ്ങി വെളുത്തപ്പോ മനസ്സിലെ കാക്ക മലര്‍ന്നു പറന്നു കാണും.. ആയിക്കോട്ടെ നല്ല കാര്യം.. ബ്ലഡ്‌ കൊടുക്കാന്‍ ഞാന്‍ കിടന്ന ബെഡ്ന്‍റെ അടുത്തു തന്നെയായിരുന്നു അവരും ഉണ്ടായത്‌ .. മുഴുവന്‍ കൊടുത്ത് കഴിയാറായപ്പോ ബ്ലഡ്‌ എടുക്കുന്ന ആളുടെ കയ്യില്‍ ഫോണ്‍ കൊടുത്ത് അയാളുടെയും ശേഖരിച്ച ബ്ലഡിന്‍റെയും ഫോട്ടോ എടുക്കാന്‍ പറഞ്ഞു.. അതിനു ശേഷം ഫോണിലെ ഫേസ്ബുക്ക് ആപ്ലിക്കേഷനിലെ അപ്‌ലോഡ്‌ ബട്ടണില്‍ വിരലമര്‍ന്നു... അപ്പൊ വെറുതെയല്ല ..ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ .. ഇപ്പൊ ഒരു 100 ലൈക്‌ കിട്ടിക്കാണുമായിരിക്കും.. എന്തായാലും ഫേസ്‌ബുക്ക് കൊണ്ട് ഇങ്ങനെ കുറച്ചു പേര്‍ക്കെങ്കിലും സാമൂഹിക പ്രതിബദ്ധത ഉണരുന്നുണ്ടല്ലോ എന്നു കരുതി കിട്ടിയ ജൂസും ബിസ്ക്കറ്റും കഴിച്ചു വീണ്ടും ജോലിക്ക് കേറി..

Thursday 13 June 2013

ഒരു ശരാശരിക്കാരന്‍റെ ബാന്‍ഗ്ലൂര്‍ ജീവിതം ...

ഒരു ശരാശരിക്കാരന്‍റെ ബാന്‍ഗ്ലൂര്‍ ജീവിതം.. അതായിരുന്നു അവന്‍റെയും .. ചെലവ് ചുരുക്കാന്‍ പലവഴികളും കണ്ടു പിടിച്ചു .. ദിവസേനയുള്ള ചെലവ് നൂറില്‍ താഴെയാക്കാനായി കണ്ടുപിടിച്ച ഒന്നായിരുന്നു ബസ്സ് യാത്രയിലെ ചെലവ് ചുരുക്കല്‍ .. ആദ്യമൊക്കെ പൈസ കൊടുക്കാനിരുന്നതാ , പക്ഷെ കണ്ടക്ടര്‍ക്ക് പോലും വല്യ താല്‍പ്പര്യമില്ല.. പിന്നെ നമ്മളായിട്ടെന്തിനാ ഇത്ര താല്‍പര്യം കാണിക്കുന്നെ ..പൈസ കൊടുത്താലും പോകുന്നത് ഇവിടെ ഭരിക്കുന്നവര്‍ക്ക്‌ അഴിമതി നടത്താനല്ലേ... അപ്പൊ അവരെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതല്ല എന്ന് തോന്നിയപ്പോ ചെയ്യുന്നത് ശരിയാണെന്ന അവന്‍റെ ചിന്തയ്ക്ക് ശക്തി പകര്‍ന്നു.. അങ്ങനെ അധിക യാത്രയിലും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയില്‍ ഇതേ സംവിധാനം തുടര്‍ന്നു... വേറെ വഴിയില്ലാത്തപ്പോ പൈസ കൊടുത്തും പോന്നു.. ഒരു ദിവസം രാവിലെ അവന്‍ ഓഫീസിലേക്ക് പോകുമ്പോള്‍ ടിക്കറ്റ് എടുത്തില്ല.. പെട്ടെന്നൊരു സ്റ്റോപ്പില്‍ നിന്നതാ യൂണിഫോം ഇട്ട ഒരാള്‍ ബസ്സിലേക്ക് കേറുന്നു .. ടിക്കറ്റ് എക്സാമിനര്‍ ... പണി പാലും വെള്ളത്തില്‍ കിട്ടിയെന്ന് പറയാമല്ലോ.. കയ്യില്‍ ഒരു ടിക്കറ്റ് പോലുമില്ല കാണിക്കാന്‍ ... അവസാനം അവന്‍റെ ഒരാശ്വാസത്തിന് ബാക്കിയുള്ള യാത്രക്കാരെ കാണിക്കാന്‍ ടിക്കറ്റ് എടുത്തതാ മിസ്സായി പോയി എന്നൊക്കെ പറഞ്ഞു.. എന്തു കാര്യം.. ഇരുന്നൂറ് രൂപ ഫൈന്‍ അടക്കാന്‍ പറഞ്ഞു.. അവരെ തെറി പറയുന്നത് പോലെയൊക്കെ കളിച്ചു ബസ്സില്‍ നിന്ന്.. പക്ഷെ മനസ്സില്‍ പാത്തുമ്മയുടെ ആടിലെ "പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ " എന്ന ഡയലോഗാണ് ഓര്‍മ വന്നത് .. ഇരുന്നൂറ് രൂപ, ഏകദേശം പതിനാലോളം ബസ്സ്‌ യാത്രയുടെ പൈസ വെറുതെ കളഞ്ഞല്ലോ... പശ്ചാത്താപവും കുറ്റബോധവും വേട്ടയാടിക്കൊണ്ടിരുന്നു.. ബസ്സില്‍ നിന്നിറങ്ങി.. ആലോചിച്ചു .. ഇന്നത്തെ യാത്ര നല്‍കിയ പാഠത്തെപ്പറ്റി... "ഇനി മുതല്‍ എപ്പോഴത്തെയെങ്കിലും ഒരു ടിക്കറ്റെങ്കിലും പോക്കറ്റില്‍ വെക്കണമെന്ന്.." ആ പോയ പതിനാലു ദിവസത്തെ ബസ്സിന്‍റെ പൈസ തിരിച്ചു പിടിക്കാന്‍ വീണ്ടും തുടങ്ങി പഴയ തിരക്കഥ .. ആ പതിനാലു ദിവസം കഴിഞ്ഞോ ആവോ.. എന്നാലും ശരീരത്തില്‍ കേറിയ കുറ്റബോധം എവിടെയാണ് പെട്ടെന്ന് ഊരിക്കളഞ്ഞതാവോ.. എമ്മാപ്പാ..