Sunday, 11 November 2018

മൗനം...

ഒരുപാട് സംസാരിക്കാൻ ഇഷ്ടമുള്ള ഒരാൾക്ക് കാലം കാത്തുവച്ച ശിക്ഷയായിരുന്നു അകാല മൗനം.. എപ്പോഴും ബഹളമയമായ, ഉച്ചത്തിൽ സംസാരിച്ചു ശീലമുള്ള ഞാൻ കാൽ വഴുതി വീണത് ശൂന്യതയിലേക്കാണ്.ഒരു നൂറ്റാണ്ടിലേക്കുള്ള മൗനം ഗർഭമായി പേറുന്ന ഒരായിരം പേരററിയാത്ത ജീവികൾക്കിടയിൽ ഞാൻ തെറിച്ചു വീണു. മൂകതകൾ  കൊണ്ട് സംസാരിച്ചു ജീവിക്കുന്ന അവർക്കിടയിൽ ഞാൻ ഒരു അത്ഭുതവസ്തുവായിരുന്നു.. പേടിച്ചു ഇറുകിയടച്ച കണ്ണുകൾ അവർ ബലമായി തുറവിച്ചു.. കുപ്പികളിൽ നിറച്ചു വച്ചിരുന്ന വിവിധ വർണങ്ങളിലുള്ള മൗനത്തിന്റെ പാനീയം എന്റെ വായയിലേക്ക് പകർന്നു..അവസാനം ബാക്കി വന്നത് 2 കണ്ണുകളിലൂടെയും നിറച്ചതോടെ ഞാൻ പൂർണമായും മറ്റൊരാളായി മാറുകയായിരുന്നു... പാട നിറഞ്ഞ കണ്ണുകളിലൂടെ ഞാൻ നിന്നെ നോക്കി , നീ അങ്ങെവിടെയോ ആണ്, നിഴലുകളിൽ നിന്ന് ഞാൻ നിന്നെ തിരിച്ചറിഞ്ഞു.. ആർത്തിരമ്പുന്ന നിന്റെ ശബ്ദനാളങ്ങൾ അങ്ങകലെ എനിക്കായി മഴവില്ല് കെട്ടി ഇന്ന് ഞാൻ ശബ്ദം അന്യമായ ഏതോ ഒരു ലോകത്താണ്... എന്റെ പേര് എന്തായിരുന്നു, ഞാൻ ആരായിരുന്നു..

Tuesday, 16 October 2018

പരാജിതൻ


അവൻ വിജയിച്ചവൻ ആയിരുന്നു..
എല്ലാരുടേം മുന്നിൽ,
രാത്രിയിൽ അവൻ കാണുന്ന സ്വപ്നങ്ങളിൽ..
അവസാനത്തെ കുളിയും
കഴിഞ്ഞു വാഴയിലയിൽ
കിടത്തിയപ്പോ , അടുത്തുള്ളവർ
പിറു പിറുത്തു..
'അവന്റെ തലയിൽ വിജയിച്ചവന്റെ
തൊപ്പിയുണ്ടോ??
നോക്ക് അവന്റെ
നാവനങ്ങുന്നുണ്ടാവണം..'
ആരൊക്കെയോ ആകാശത്തു നോക്കി,
അതാ കാക്ക മലർന്നു പറക്കുന്നു..
കാക്കകളുടെ കൂട്ടക്കരച്ചിൽ,
അതിലും മികച്ച അന്ത്യയാത്ര
സ്വപ്നം പോലും കണ്ടു കാണില്ല..
ആർക്കും വേണ്ടാതെ പിറന്നവൻ,
ആദ്യമായി ശബ്ദമില്ലാത്തവനായി..
പകരം വീട്ടാനെന്ന വണ്ണം
അനൗൻസ് മെന്റ് വണ്ടികൾ
മത്സരിച്ചു പോകുന്നു .
യാത്രാമൊഴി നൽകുവാൻ
വന്നവരൊക്കെ അവന്റെ തുറന്ന
കണ്ണിലേക്ക് നോക്കി,
പൂർത്തിയാവാത്ത ആഗ്രഹങ്ങളുടെ
തീക്ഷ്ണത അതിൽ ജ്വലിക്കുന്നുണ്ടായിരുന്നു..
ഇനി യാത്രയാണ് ,
മണ്ണിലേക്ക്, ജീവനില്ലാത്ത
ലോകത്തിലേക്ക്..
അവിടെ ചെന്ന് നിഴലിനോട്
പറയാം , നടക്കാത്ത ഒരായിരം ആഗ്രഹങ്ങളുടെ കഥ...

കാട്..

ഉള്ളിൽ ഒരു കാട് പൂക്കുന്നുണ്ടായിരുന്നു..
ഇത്രേം കാലമായിട്ടും പൂക്കാതെ,
നിശബ്ദമായി വളർന്ന കാട്. 
എവിടെയാണ് അതിന്റെ വേര്,
ഹൃദയത്തിന്റെ അടുത്തായിട്ടായിരുന്നു.
ആഴ്ന്നിറങ്ങിയത് കൊണ്ട് വേരിൽ
രക്തം പൊടിഞ്ഞു കിടക്കുന്നു.
ശാഖകൾക്കൊക്കെ എന്നിലേക്ക്
പടർന്ന് കിടക്കാനുള്ള അഭിനിവേശം പോലെ തോന്നി..
എല്ലാ കൊമ്പിലും മനോഹരമായ
മഞ്ഞപ്പൂക്കൾ.
പൂക്കൾക്ക് അതിശയിപ്പിക്കുന്ന മണമായിരുന്നു.
ആ മരമിപ്പോൾ എന്നെക്കാൾ
വളർന്നിരിക്കുന്നു.
പേരില്ലാത്ത കാടിനു ഒരു പേരിടാൻ പറഞ്ഞെങ്കിൽ സംശയമില്ലാതെ
ഞാൻ നിന്റെ പേരിടുമായിരുന്നു..
എങ്ങു നിന്നോ ഒരു കാറ്റിന്റെ ശബ്ദം
കേൾക്കുന്നു.
ചെവിയിലെ ശബ്ദത്തിന്റെ തീവ്രത
കൂടി കൂടി വരുന്നു.
 എന്നെ ലക്ഷ്യമിട്ടു വരും പോലെ.
ഞാൻ പേടിച്ചരണ്ട കണ്ണു
തുറന്ന് നോക്കി.
കാട് നന്നായി ഉലഞ്ഞു കൊണ്ടിരിക്കുന്നു...

തണുപ്പിന്റെ ഗന്ധം...

ആരും ഉറങ്ങാത്ത ഒരു നേർത്ത ഇടവഴി അങ്ങ് തെളിഞ്ഞു കിടപ്പുണ്ട്..
ആഗ്രഹിക്കാതെ തന്നെ ഞാൻ ആ വഴിയിലെത്തിപ്പെട്ടു..
 മഴപ്പാറ്റലുകളുടെ കിതപ്പ് ചെവിയിൽ ഇങ്ങനെ താളം കൊട്ടി കൊണ്ടിരിക്കുന്നു..
കണ്ണു മൂടുന്ന മഞ്ഞ് ഇരുട്ടായി വഴി മൂടുന്നു...
എങ്ങ് നിന്നോ നിറയുന്ന തണുപ്പിന്റെ മണം
എന്റെ  മൂക്കിൽ നിറയുന്നു..
പതിയെ പതിയെ ഞാൻ ഒരു നേർത്ത വരയായി വിദൂരതയിൽ അലിഞ്ഞു ചേരുന്നു...

എട്ടുകാലി..


വീണ്ടും വീണ്ടും ആത്മഹത്യ
ചെയ്യുന്നവൻ ഞാൻ...
ഞാൻ മരിച്ചവനാണോ,
അതോ മരണമില്ലാത്തവനോ..
അവസാനമില്ലാത്ത സമയ
താളങ്ങളിൽ ഞാനെന്റെ
ഇരയെ തേടുകയാണ്..
ഇന്ന് നീ എങ്കിൽ ,
നാളെ മറ്റൊരാൾ..
ഇന്നില്ലാതെ നാളെ ഉണ്ടോ..
നീ എന്റെ അവസാനത്തെ ഇരയാണ്..
വലകളിൽ കൊത്തിയ ഇരകളിൽ
ചാവരുത് എന്നാഗ്രഹിച്ച ഇര നീ മാത്രമാണ്...
ഞാൻ നെയ്ത വലകൾ നിന്റെ മുന്നിൽ
അശക്തമാണ് ..
നീ മുറിച്ചു പോകുന്ന ഓരോ
വലകളും എന്റെ ആത്മഹത്യ
നരമ്പുകളാണ്. ..
വർണരാജികളിൽ നെയ്ത
മഴവിൽ നൂലുകളിൽ
ഞാനെന്റെ ജീവിതം
കാണുകയാണ്...
അങ്ങെവിടെയോ ഏതൊക്കെയോ
ജീവിതങ്ങൾക്കിടയിൽ
ഞാൻ അന്യനായി കൊണ്ടിരിക്കുകയാണ്..


മൂളലുകൾ..

ആർക്കൊക്കെയോ വേണ്ടി പൂക്കുന്ന പകലുകൾ.. അതിലെവിടെയോ അവന്റെ മനസ്സും പൂത്തു.. തോൽക്കുന്നത് വരെ പ്രതീക്ഷിക്കാല്ലോ.. അത് ശരിയാ.. പ്രതീക്ഷിച്ചു ഇത് വരെ എത്തി..പക്ഷെ അന്നെങ്ങും തോൽക്കും എന്ന കാര്യം പോലും ചിന്തിച്ചിരുന്നില്ല.. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ തിമിർത്തു പെയ്തു മഴയ്ക്കൊപ്പം വന്ന ഇടിമിന്നലോടെ ആയിരുന്നു ആ പേടി കുമിൾ പോലെ പൊട്ടി മുളച്ചത്.. തോൽവി.. എന്റെ സ്വന്തമാണെന്ന അഹങ്കാരം ഇനി സ്വപ്നങ്ങളിൽ മാത്രമായി പോകുമോ.. എന്തായാലും ആരു എന്ത് ചെയ്താലും സ്വപ്നങ്ങൾ തട്ടിയെടുക്കാൻ പറ്റില്ലല്ലോ.. സ്വപ്നങ്ങൾ വിറ്റു ജീവിക്കാൻ പറ്റുമെങ്കിൽ ഞാൻ ഇന്ന് ആ ജോലി തെരഞ്ഞെടുക്കുമായിരുന്നു.. മനസ് വിറച്ചു വിറച്ചു മുന്നോട്ട് പോകുകയാണ്... എവിടെ എത്തുമെന്നറീല്ല....അവൾ പറയും പോലെ കാക്കയെ പോലെയും കൊക്കിനെ പോലെയും കരയാൻ പറ്റുന്ന ജന്മമല്ലേ..എങ്ങനെയെങ്കിലും കാറി കൂവി നിലവിളിച്ചു പോകും.. നിലവിളികൾക്ക് മടുക്കുന്ന ഒരു ദിവസമെത്തില്ലെ.. വാക്കുകൾ ചിത്രശലഭമായി പൂക്കുന്ന അന്ന് എന്റെ ഓർമകൾക്ക് മുന്നിൽ നൃത്തം ചെയ്യുന്ന മരണമില്ലാത്ത ഈച്ചകളുടെ മൂളലുകളുടെ ശബ്ദമാവണം എന്റെ ചെവിയിൽ ഇപ്പൊ നിറഞ്ഞു കൊണ്ടിരിക്കുന്നത്.. 

കളിപ്പാവ




കയ്യിൽ കിട്ടുമ്പോ അതിനു
ജീവനില്ലായിരുന്നു...
അതൊരു പാവയായിരുന്നു..
കേവലമൊരു പാവ..
ബാറ്ററിയിൽ മാത്രമോടുന്ന
ഒന്ന്...
അവനു അത്രേം ഇഷ്ടമായിരുന്നു,
യന്ത്രത്തിലൊടുന്ന അതിന്
കരള് പറിച്ചു കൊടുക്കുവാനും
അതിനു ജീവൻ വെപ്പിക്കാനും..
ഉയിരിന്റെ ഉയിരു കൊടുത്തു
അവൻ അതിനു പറിച്ചു നൽകിയത്
പാതിജീവനായിരുന്നു..
വികാര വിചാരങ്ങളില്ലാതിരുന്ന
കളിപ്പാവക്ക് ഋതുഭേദങ്ങൾ
നവാനുഭൂതിയായി...
ഏതോ ശരത്കാലത്ത്
പൂത്ത ചിത്രശലഭങ്ങളോട് ആ
കളിപ്പാവക്ക് അവസാനിക്കാത്ത
കഥകൾ പറയാനുണ്ടായിരുന്നു...
കണ്ണുകളിൽ പൂത്ത നിശാഗന്ധികൾക്ക്
ഒരായുസിന്റെ കാന്തി
ഉണ്ടായിരുന്നു..
എല്ലാം ഒത്തിണങ്ങി ഓജസ്സു
വന്നപ്പോ പാവ ഒത്തൊരു
മനുഷ്യസ്ത്രീയായി...
വിചാരങ്ങളും വികാരങ്ങളുമുള്ള
മനുഷ്യസ്ത്രീയായി
ഏതോ വിഷമസന്ധിയിൽ
കാടുലഞ്ഞു..
പേമാരിയിൽ അവനും
ഒലിച്ചു പോയിരുന്നു..
മഴ മായ്ച്ച കാൽപ്പാടുകളിൽ
അവനും ഇല്ലാതായി..
പുനർജനിയുടെ ഏതോ യാമങ്ങളിൽ
അവൾ നവജാതശിശുവായി തോന്നപ്പെട്ടു..
പഴയ പാവയെ അവളും
മറന്നു പോയിരുന്നു...
നിഴലുകൾ പോലും
അപരിചിതമായിരുന്നു...

Wednesday, 18 July 2018

എന്റെ ചെറിയ ആത്മഹത്യ



എന്റെ ചെറിയ ആത്മഹത്യ..
ഇതിനൊരു നിർവചനം കൊടുക്കണം പോലും..
അച്ഛനോടു ചോദിച്ചു..
'അവന്റെ വിവരക്കേട്'
എന്ന് പറഞ്ഞു അച്ഛൻ
പുറത്തേക്കിറങ്ങി..
അമ്മ പറയാൻ തുടങ്ങി..
പിന്മാറി..
'ജീവിച്ചിരിക്കുമ്പോ പരമാവധി
കുറ്റം പറഞ്ഞതാ..
ഇനി ഒന്നുമില്ല..'
പെങ്ങളോട് ചോദിച്ചു..
ഏട്ടൻ കൊണ്ട് കൊടുത്ത
മയിൽപ്പീലി യിലൂടെ
ഏഴാമത്തെ ആകാശവും അവൾ
കണ്ടു..
ഏട്ടൻ ആത്മഹത്യ ചെയ്തത്
അറിഞ്ഞേ ഇല്ല..
ചങ്ക് പറിച്ചു കൊടുത്തവളോട് ചോദിച്ചു.
'പരിധിയില്ലാത്ത സ്നേഹത്തിന്റെ
 ഇടയിൽ
അവനെന്നേ ശ്വാസംമുട്ടി
 മരിച്ചിരിക്കുന്നു..'
അവസാനം എന്നോട് തന്നെ ചോദിച്ചു..
'ഞാൻ ജനിക്കേണ്ടവനെ
ആയിരുന്നില്ല...
ജീവിച്ചേ ഇല്ല..
ആൾമാറാട്ടം നടത്താനും പറ്റിയില്ല..
ഒഴിഞ്ഞ മനസിനും, ആഗ്രഹങ്ങൾക്കും,
മനസിലായ്മകൾക്കും
ശവമായി വേഷപ്പകർച്ച
നടത്താനെ സാധിച്ചുള്ളൂ..'
ആ കണ്ണിലെ ആഴങ്ങൾ
കാണുന്നുണ്ടോ,അതിലെ പരപ്പുകളോ?
എന്റെ ചെറിയ ആത്മഹത്യ...

Wednesday, 13 June 2018

ഇറ്റലി

കഴിഞ്ഞ തവണ ആദ്യ റൗണ്ടില്‍ പുറത്തായ ശേഷമുള്ള കാത്തിരിപ്പാണ്.. പക്ഷെ ഇത്തവണ ഇറ്റലിക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല... 4 കൊല്ലത്തെ കാത്തിരിപ്പും നിരാശയും.. പറഞ്ഞറിയിക്കാന്‍ പറ്റില്ല.. Navaneeth Cp നീ തന്ത്രപരമായി മുങ്ങി, കല്യാണം കഴിച്ചു.. ലോകകപ്പ്ന്‍റെ സമയത്ത് ഹണിമൂണിനും പോകുന്നു..നീ രക്ഷപെട്ടു... ഞാനൊക്കെ എന്ത് ചെയ്യും.. 2004 ലെ യൂറോകപ്പിലെ തുടങ്ങിയ ഇഷ്ടമാണ്.. അന്ന് ഒരു സ്കാന്‍ഡിനെവിയന്‍ ചതിയിലൂടെ സ്വീഡന്‍ - ഡെന്മാര്‍ക്ക്‌ സമനില ഇറ്റലിയെ പുറത്താക്കി.. അവസാനത്തെ ഗ്രൂപ്പ് മത്സരം അയല്‍ക്കാര്‍ 2-2 നു അവസാനിച്ചപ്പോ ഇറ്റലി പുറത്ത്.. കളിക്കളത്തില്‍ 100 % ശതമാനം ആത്മാര്‍ത്ഥയോടെ മരിച്ചു കളിക്കുന്ന ഗട്ടൂസോ യുടെ കരയുന്ന ചിത്രം ഇപ്പോഴും ഓര്‍മയുണ്ട്...ആ കളിയുടെ വിവാദങ്ങള്‍ക്ക് ശേഷമാണ് ടൂര്‍ണമെന്റ്റ്‌ലെ അവസാനത്തെ 2 ഗ്രൂപ്പ് മത്സരവും ഒരേ സമയത്ത് നടത്താന്‍ തുടങ്ങിയത്.. ലൈവ് ആയി അധികം കണ്ടിട്ടില്ലെങ്കിലും പാവ്ലൊ മാള്‍ഡിനി നയിച്ച ഇറ്റാലിയന്‍ പ്രതിരോധം..കാഴ്ച കൊണ്ടും കളി കൊണ്ടും മാള്‍ഡിനി ഒരു ആരാധ്യ പുരുഷനായിരുന്നു.. 2006 ലോകകപ്പ്.. ഏറ്റവും കൂടുതല്‍ ആഘോഷിച്ച വേള്‍ഡ് കപ്പ് ആയിരുന്നു... +1 സമയം.. കരിവെള്ളൂര്‍ സ്കൂളില്‍ നിന്ന് ചെറിയ പോസ്റ്റില്‍ നിന്ന് നമ്മള്‍ തകര്‍പ്പന്‍ കളി തുടങ്ങിയ സന്തോഷം.. അന്ന് കൂടെയുള്ള അധിക ആള്‍ക്കാരും ബ്രസീല്‍, അര്‍ജന്റീന ആയിരുന്നു.. ഞാന്‍ ഒറ്റക്ക് ഇറ്റലി.. ഗോകുല്‍ ഹോളണ്ടും .നമ്മള്‍ മാത്രം ഒറ്റക്ക് നിന്ന് നമ്മള്‍ ജയിക്കുമ്പോ ഉള്ള ആ ഫീലിംഗ് ഇല്ലേ.. അത് ശരിക്കും കിട്ടി.. കരിവെള്ളൂരോക്കെ ആ സമയത്ത് കുറെ ഇറ്റലി ഫാന്‍സ്‌ ഇണ്ടായിരുന്നു.. അല്ലെ വിവേകെ Vivek K Karivellur.. സ്കൂളിലെ നമ്മളുടെ കുഞ്ഞി കുഞ്ഞി ബെറ്റും ഒക്കെ ആയി പോയ കാലം.. ആന്ദ്രെ പിര്‍ലോ എന്ന കളിക്കാരന്‍ ഫുട്ബോള്‍ മൈതാനത്തെ മാജിക്കല്‍ റിയലിസം കാണിച്ചു തരികയായിരുന്നു,, ഇറ്റാലിയന്‍ ടീമിന്‍റെ നങ്കൂരം പിര്‍ലോ ആയിരുന്നു.. അളന്നു മുറിച്ച ക്രോസ്സുകളും , പാസ്സും, ഫ്രീകിക്കും.. ടീമിന്‍റെ ഒരു വിധം പോസ്സഷനും പിര്‍ലോയുടെ ബൂട്ടിലായിരുന്നു .. ടീമിലെ ഫോര്‍വേഡ് വരെ ടാക്ളിങ്ങിനു കഴിവുള്ളവരാണെന്ന പോലെ ടീമിലെ ഏത് കളിക്കാരനും ഗോളടിക്കാന്‍ കഴിവുള്ള ആളായിര്‍ന്നു.. അന്നത്തെ ലോകകപ്പില്‍ ഇറ്റലി അടിച്ച ൧൨ ഗോള്‍ സ്കോര്‍ ചെയ്തത് 10 കളിക്കാര്‍ ആണെന്ന കാര്യം മാത്രം ഓര്‍ത്താ മതി അന്നത്തെ ടീമിന്‍റെ കപ്പാസിറ്റി അറിയാന്‍.. ഫാബിയോ കനവാരോ നയിച്ച ടീം അര്‍ഹിച്ച കപ്പും നേടി.. ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് അടക്കം ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ഡി മാച്ച് പിര്‍ലോ നേടുകയും ചെയ്തു.. അന്നത്തെ സെമി ഫൈനലില്‍ ജര്‍മ്മനി യോടു അവസാനത്തെ 30 മിനിറ്റ് കളിച്ച ആക്രമണ ഫുട്ബോള്‍ എന്നും ആവേശമാണ്.. നിരന്തരം ആക്രമിച്ചു 119 , 120 മിനിട്ടുകളില്‍ നേടിയ ഗോളിലൂടെ ഇറ്റലി ഫൈനലില്‍ എത്തി.. അന്ന് പ്രതീക്ഷക്കൊത്ത് കളിക്കാതിരുന്നത് ലൂക്കാ ടോണി ആയിരന്നു.. ടോട്ടി, ഗ്രോസ്സോ, ഡി റോസ്സി , കമറോനോസ്സി. ബുഫണ്‍, ഡെല്‍പിയറോ ,ഗട്ടൂസോ , തുടങ്ങിയവരുടെ കൂടി ലോകകപ്പ് ആയിരുന്നു അത്.. 2008 ല്‍ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍, 2010,2014 ലോക കപ്പിലെ ആദ്യ റൌണ്ടിലും തട്ടി നിന്നു.. 2012 ലെ യൂറോ കപ്പില്‍ ആയിരുന്നു ഇറ്റലിയുടെ തകര്‍പ്പന്‍ കളി കണ്ട മറ്റൊരു ടൂര്‍ണമെന്റ്റ്‌.. ഫൈനലില്‍ ഒഴികെ ബാക്കി എല്ലാ കളിയും ഒന്നിലധികം മികച്ചു നിന്നു .. ജെര്‍മനിക്കെതിരെ ഇത്രേം ആധികാരികമായി ഇട്ടലിയെക്കാള്‍ വേറൊരു ടീം അടുത്ത കാലത്ത് കളിച്ചോ എന്ന് പോലും സംശയമാണ്.. ഇറ്റലി ഇല്ലാത്ത ഒരു വേള്‍ഡ് കപ്പ് ഒരു ഫുട്ബോള്‍ ആരാധകന്‍ എന്ന നിലയില്‍ കടുത്ത വിഷമമുണ്ടാക്കുന്നുണ്ട്..ഗോകുലെ, നീയും വിഷമത്തിലാണെന്നറിയാം .... പിര്‍ലോ യെയും, ബുഫനെ യും , ചില്ലിനി യെയും പോലുള്ള മഹാരഥന്മാര്‍ 
അരങ്ങൊഴിഞ്ഞു.. ഇനി അടുത്ത യൂറോകപ്പിലെ ക്കുള്ള കാത്തിരിപ്പാണ്.. ഇറ്റലി ഇല്ലാത്തത് കൊണ്ട് ഇത്തവണ ഫ്രാന്‍സ് കപ്പ് അടിക്കട്ടെയെന്ന്‍ ആഗ്രഹിക്കുന്നു...