Wednesday, 27 December 2017

എവിടെയോ മഴ പെയ്യുന്ന ശബ്ദം..ഉള്ളിലും,പുറത്തുമല്ല, അനുഭവങ്ങളുടെ, ഓട്ട വീണ ഏതോ മേൽക്കൂരയിലാണ്..ഇവിടെ ആളികത്തുന്ന വെയിലാണ്.. ചില്ലകളിൽ തട്ടിത്തട്ടി വീണു കൊണ്ടിരുന്ന വെളിച്ചത്തിൽ അരൂപിയായ നിഴൽ മുറിഞ്ഞു വീണു കൊണ്ടിരുന്നു.. എവിടേക്കാണ് ഇന്ന് പോവുക.. കടൽത്തീരത്ത്..സന്ധ്യാ സമയത്തെ കടൽത്തീരത്തിനു പ്രത്യേക ഭംഗിയാണ്..പരാജിതന് സ്വയം മറികടക്കാനുള്ള ആത്‍മപ്രചോദനമായി കടൽത്തീരം കാണപ്പെട്ടു.. പതിവു പോലെ ചുവന്ന ചക്രവാളത്താൽ പുതഞ്ഞു കാണപ്പെട്ട സന്ധ്യയുടെ മണമുള്ള കടലും തീരവും...ഓർമകളുടെ സഞ്ചാരം വീണ്ടും തുടങ്ങി.. തെറ്റുകളുടെയും ശരികളുടെയും ഇടയിൽ മുറുകിയ ജീവിതം പുറത്തേക്ക് കടക്കാൻ വെമ്പി.. ഇന്ന് സന്ധ്യ കുറച്ചൂടെ സുന്ദരിയായിരിക്കുന്നു.. അതിരില്ലാത്ത ആകാശത്തിന്റെ ചുവപ്പ് തൊട്ടറിയാൻ മെല്ലെ മെല്ലെ ഓളങ്ങളിലേക്ക് നടന്നിറങ്ങാൻ തുടങ്ങിയിരുന്നു.. ശക്തിയുള്ള മഴപ്പെയ്ത്ത് ഉള്ളിൽ നിറഞ്ഞുകൊണ്ടിരുന്നു....

Saturday, 14 October 2017

ആ പാവ ...

ഓര്‍മകളെ ഒന്ന് മെല്ലെ തട്ടിയാല്‍ മതി.. പിന്നെനിര്‍ത്താതെയുള്ള ഒരു കുത്തൊഴുക്കാണ്.. എല്ലാ തടയണകളെയും കവിഞ്ഞുള്ള ഒരു പോക്ക്.. അതിലലിയാത്തതായൊന്നുമില്ല..  അപ്രതീക്ഷിതമായി കണ്ട ഒരു പാവ , അവളെ പത്തിരുപത് കൊല്ലം പിന്നോട്ടേക്ക് കൊണ്ട് പോയി..
               " അച്ഛന്‍.. അച്ഛന് എപ്പോഴും പേടിയുടെ രൂപമായിരുന്നു.. ഗള്‍ഫില്‍ നിന്ന് അച്ഛന്‍ ലീവിന് നാട്ടില്‍ വരുന്ന ദിവസമൊക്കെ  വരണ്ട എന്ന് പോലും ചിന്തിച്ച കാലമുണ്ടായിരുന്നു.. സ്നേഹമില്ലാത്തത് കൊണ്ടൊന്നുമല്ല, സ്നേഹത്തെ തോല്‍പ്പിച്ച പേടി മാത്രമായിരുന്നു കാരണം..
               പതിവു പോലെ വലിയ പ്രതീക്ഷയോടെ, സ്നേഹത്തോടെ അച്ഛന്‍ വന്ന വെക്കേഷന്‍..  അച്ചന്‍ കൊണ്ട് വന്ന വലിയ പെട്ടികള്‍ 5  വയസ്സുകാരിയുടെ കണ്ണില്‍ ഇടയ്ക്കിടെ പൂത്തുകൊണ്ടിരുന്ന കൗതുകമായിരുന്നു .. അച്ഛനോടുള്ള പേടി ആ കൗതുകം അത് പോലെ നില നിര്‍ത്തി.. അച്ഛന്‍ വന്നതിന്‍റെ സന്തോഷം അച്ഛനെ കാണാന്‍  അച്ഛന്റെ സുഹൃത്തുക്കളും മക്കളും വരുമ്പോഴാ ശരിക്കും  ഫീല്‍ ചെയ്തിരുന്നത്..
                അങ്ങനെ ഒരു ദിവസം വിരുന്നുകാര്‍ വരുന്നതിന്‍റെ സന്തോഷത്തില്‍ എന്നെ പെട്ടെന്ന്‍  അണിയിച്ചൊരുക്കി പൊട്ടു കുത്തി തന്നു അമ്മ.. ജനലിലൂടെ അവരുടെ വരവിനു ഞാന്‍ കാത്തിരിക്കുകയായിരുന്നു.. ആകാംക്ഷയുടെ വെള്ളി വെളിച്ചങ്ങള്‍ എന്‍റെ കണ്ണിലൂടെ മിന്നിതിളങ്ങി..
അവര് വന്നപ്പോ ഞാന്‍ റെഡിയാക്കി വച്ച കളര്‍ പുസ്തകങ്ങളും, മഞ്ചാടിക്കുരുവും കുന്നിക്കുരുവും വെച്ച ചെറിയ അടുക്കുകളും കാണിക്കാന്‍ തുടങ്ങി.. അച്ഛന്‍ കൊണ്ട് വന്ന കുറെ മുട്ടായികളും ഞാന്‍ എടുത്തു കൊടുത്തു.. പോകാന്‍ നിന്നപ്പോഴാണ് അവള്‍ക്കിനിയും എന്തോ ആവശ്യമുണ്ടെന്നു തോന്നിയത്.. എന്‍റെ കൗതുകം മുറ്റി നിന്ന ആ വലിയ പെട്ടിയിലെ പാവക്കുട്ടി.. എനിക്ക് തരാനായി അച്ഛന്‍ കൊണ്ട് വന്ന പാവ .. അച്ഛന്‍ എനിക്കെടുത്തു തരുന്നത് വരെ കാത്തിരിക്കാതെ ഞാന്‍ കൂടുകാരിക്ക് കൊടുത്തു. എന്നെക്കാള്‍ 1 വയസ് കുറവുള്ള കൂട്ടുകാരിയുടെ മുഖം അന്ന് നിറഞ്ഞ പൂര്‍ണ ചന്ദ്രനേക്കാള്‍ തെളിച്ചമുള്ളതായി തോന്നി..  ചെറിയ വിഷമം എനിക്കുണ്ടായിരുന്നു, ഞാന്‍ അത്രമേല്‍ പ്രതീക്ഷിച്ച ഒന്നായിരുന്നു അത്.. എങ്കിലും അവളോടുള്ള സ്നേഹം എന്നില്‍ മുഴച്ചു നിന്നു..അത്ര നേരം കൂടെ ഉണ്ടായിരുന്നവള്‍ പോയപ്പോ വല്ലാത്ത ഒറ്റപ്പെടല്‍ തോന്നി.. കിടക്കയില്‍ കിടന്നു.. ഇന്നും ആ കിടത്തം ഞാന്‍ കൂടെ കൊണ്ട് പോയിട്ടുണ്ട്..എന്‍റെ മാത്രം ഏകാന്തതയില്‍..
                     കുറച്ചു കഴിഞ്ഞപ്പോഴാണ് വീട്ടില്‍ ഒരു പൊട്ടിത്തെറി ഉണ്ടായത്.. അച്ഛന്റെ വക.. തുറന്ന പെട്ടിയും അതിലെ കാണാതായ സാധനവും എവിടെ എന്ന് എന്നോടും അമ്മയോടും.. ഞാന്‍ വന്ന കുട്ടിക്ക് അതെടുത്ത് കൊടുത്തു എന്ന് വിറച്ചു വിറച്ചു പറഞ്ഞതും എന്‍റെ മുഖത്ത് തന്നെ അടി കിട്ടി..പിന്നെ നിര്‍ത്താതെയുള്ള അടികളായിരുന്നു ശരീരം മുഴുവന്‍.. അപ്പോഴാണ്‌ ഞാന്‍ സത്യം തിരിച്ചറിഞ്ഞത് . ആ പെട്ടി ഗള്‍ഫിലുള്ള അച്ചന്റെ സുഹൃത്തിന്റെ വീട്ടില്‍ കൊടുക്കാനുള്ളതായിരുന്നു.. എന്‍റെ കുഞ്ഞു വയസ്സില്‍ കരയാന്‍ പറ്റുന്നതിന്റെ പരമാവധി ഞാന്‍ കരഞ്ഞു.. അച്ഛന്റെ വിരലടയാളം ശരീരം മുഴുവന്‍ മുഴച്ചു നിന്നു.. എന്നെ ചേര്‍ത്ത് പിടിച്ച അമ്മയുടെ സ്നേഹം വേദനയ്ക്കുള്ള മരുന്നായി പരിണമിച്ചു..  അടുത്ത ദിവസം വരെ അച്ഛന്‍ ഒന്നും മിണ്ടിയില്ല..
                       പിറ്റേ ദിവസം അച്ഛന്‍ സുഹൃത്തിനെ വിളിച്ചു , അവിടേക്ക് പോകുന്ന കാര്യം പറഞ്ഞു.. അപ്പോഴാണ്‌ അവര്‍ പറഞ്ഞത് "ആ പെട്ടിയില്‍ ഒരു കവര്‍ ഉണ്ട്, അത് നിന്‍റെ മോള്‍ക്ക് കൊടുക്കണം എന്ന് "..  കുറ്റബോധത്തിന്റെ  ആഴത്തിലേക്ക് അച്ഛന്‍ വീണു.. കരയുന്ന 5 വയസ്സ്കാരിയുടെ നിഷ്കളങ്കതയ്ക്ക് അത്രേം കൊല്ലം ജീവിച്ചു തീര്‍ത്ത അനുഭവങ്ങള്‍ നല്‍കിയ ജീവിതപാഠം ഒന്നും മതിയാകുമായിരുന്നില്ല... എന്താണ് പറയേണ്ടതെന്നറിയാതെ മുന്നില്‍ വന്ന അച്ഛന്‍ എന്നെ വാരിയെടുത്ത് ഉമ്മ വെച്ചു.. എനിക്ക്  ദേഷ്യമായിരുന്നില്ല അച്ഛനോട്.. ഞാന്‍  അച്ഛന്റെ സ്നേഹം മതി വരാതെ  ആസ്വദിക്കുകായിരുന്നു.... അച്ഛന്‍ ഏറ്റവും കൂടുതല്‍ ദേഷ്യപെട്ട , ഇഷ്ടപ്പെട്ട  അടുത്തടുത്ത 2 ദിവസങ്ങള്‍.. ഏതു മറവിയിലും എനിക്ക് മറക്കാന്‍ പറ്റാത്തവ ... "
             

Saturday, 5 August 2017

മുറിഞ്ഞുപോയ ഏതോ ഒരു സ്വപ്നത്തിന്റെ ഓര്‍മയാണ്.. ...
ഒരു ക്ലാസ് മുറി അല്ലെങ്കില്‍ അത് പോലുള്ള ഒരു സ്ഥലം.. കുറച്ച് മുമ്പു വരെ കൂടെയുണ്ടായതാണ്. ഞാനെന്തോ ആവശ്യത്തിനു പുറത്തു പോയി വന്നപ്പോള്‍ മുതല്‍ നിന്നെ കാണാനില്ല. എവിടെ പോയി? സാധാരണ എപ്പോഴും ഒരുമിച്ചാണല്ലോ പോകാറ്, ഇന്നിതെന്തു പറ്റി.. എവിടെയൊക്കെയോ നോക്കി, കണ്ടില്ല... പെട്ടെന്ന്‍ തിരിച്ചു വരുമെന്ന് കരുതി. ഇല്ല.. വന്നില്ല.. പിന്നെ പുറത്തേക്കിറങ്ങി കുറച്ച് നടന്നു..അപ്പോഴാ എവിടെയോ കറങ്ങാന്‍ പോയ നീ , വരുന്നത് കണ്ടത്. "ആയിക്കോട്ടെ, എന്നാലും എന്നെ കൂട്ടിയില്ലല്ലോ, എന്നോടൊന്നും പറഞ്ഞുമില്ലല്ലോ " . നീ ഒന്നും മിണ്ടാതെ എന്‍റെ ദേഷ്യവും വിഷമവും നോക്കി നിന്നു .... എന്തിനാണെന്നറിയില്ല , നീ മെല്ലെ പത്തായത്തിന്‍റെ മുകളിലൂടെ തട്ടിന്‍പുറത്തേക്ക് കയറി ... അതിന്‍റെ ഇപ്പുറത്ത് ചെറിയ സ്ഥലമുണ്ട്. നീ കുഞ്ഞി ആയത് കൊണ്ട് പെട്ടെന്ന്‍ കേറി, പക്ഷെ എനിക്കങ്ങനെ പറ്റില്ലല്ലോ .... . നീ ചിരിച്ചു കൊണ്ട് എനിക്ക് നേരെ കൈ വിരലുകള്‍ നീട്ടി. "എനക്കതിന്‍റെ ആവശ്യമൊന്നുമില്ല , ഞാന്‍ കേറിക്കോളാം" എന്ന് പറഞ്ഞു. ബുദ്ധിമുട്ടിയെങ്കിലും ഞാനും തട്ടിന്‍പുറത്തെത്തി. നീ കേറുമ്പോ ഞാന്‍ മാത്രമായി എങ്ങനെയാ മാറി നില്‍ക്കുക .. ദൂരെ നിന്ന് അച്ഛന്റെ ശബ്ദം കേള്‍ക്കുന്നു. അച്ഛന്‍ എന്‍റെ പേര് വിളിച്ചുകൊണ്ട് വരികയാണ്. അച്ഛന്‍ കാണാതിരിക്കാന്‍ നീയും ഞാനും കൂടുതല്‍ ഒതുങ്ങി ഒതുങ്ങി ഇരുന്നു. അച്ഛന്‍ നമ്മളെ കണ്ടില്ല.. ചിറകുകള്‍ ഒതുക്കി തണുപ്പത്തിരിക്കുന്ന രണ്ടു കിളികളെ പോലെ തോന്നിപ്പിച്ചു നമ്മള്‍....

Monday, 24 July 2017

ബാക്കിവെപ്പുകൾ...


മണ്ണാണ് അവസാന ലോകമെന്ന
തിരിച്ചറിവിൽ
പരാതികളും നഷ്ടപ്പെടലുകളും
പങ്കുവെക്കാൻ ക്ഷണിക്കപ്പെട്ടു.
ഒന്നുമല്ലാതിരുന്ന എന്റെ നഷ്ടങ്ങൾ
അവസാനമായി വീണ്ടും
അയവിറക്കി..
പറഞ്ഞു തീരാത്ത എന്റെ പ്രണയം..
വായിച്ചു തീർത്ത വാക്കുകൾ..
ജീവിച്ചു തീരാത്ത രാഷ്ട്രീയം..
അളന്നു തീരാത്ത മനസ്സുകൾ..
മങ്ങാത്ത കാഴ്ചകൾ..
തെറ്റിച്ചു കൊണ്ടിരുന്ന വഴികൾ..
പ്രതീക്ഷകളുടെ നിലാവെളിച്ചം..
മരിച്ചാലും മരിക്കാത്ത ഓർമകളുടെ
ചാറ്റൽ മഴകൾ ..
അനിശ്ചിതത്വങ്ങളുടെ ജീവിതം..
മണ്ണിലെ ഏതോ പരാതിപ്പെട്ടിയിൽ
ഞാൻ അലിഞ്ഞലിഞ്ഞു
പൊയ്ക്കൊണ്ടിരുന്നു..

Friday, 6 January 2017

ബലിമൃഗം..

                  ഇരുമ്പഴിക്കുള്ളിലെ  വിടവിലൂടെ അയാള്‍ പുറത്തെ  വിശാലമായ ലോകത്തേക്ക്  നോക്കി.. കാത്തിരിക്കാന്‍  ലോകത്ത് വേറാരുമില്ലെങ്കിലും ആ  കണ്ണുകള്‍  എന്തോ  തേടിക്കൊണ്ടിരുന്നു.. 
                    ചെയ്ത പാപത്തിന്‍  ഇരകള്‍  മറ്റെങ്ങോ നിന്ന് ജീവിതത്തോട്  പോരുതുന്നുണ്ടാവണം.. താനിവിടെ  പൊരുതുന്നത്  ഓര്‍മ്മകളോടും എകാന്തതയോടു മാണല്ലോ.. ദിവസങ്ങള്‍ അടുത്ത് വരികയാണ് , ശൂന്യതയിലെക്കും  പിന്നെ  മണ്ണിലേക്കും.. മണ്ണില്‍ നിന്നുയര്‍ന്നു  പൊങ്ങി ശൂന്യതയില്‍  നില്‍ക്കുന്ന  ആ  നിമിഷങ്ങള്‍ ..  
                      ഒരേ ഒരു  ആഗ്രഹം  മാത്രമേ  ഉണ്ടായിരുന്നുള്ളൂ , സ്നേഹവും ജീവിതവും തന്ന  ജയില്‍ പരിസരത്ത്  ഇഷ്ടപെട്ട ആളുടെ  കൂടെ  ഒരു പകല്‍. നിയമക്കുരുക്കില്‍ പെട്ടെങ്കിലും  ജയിലധികൃതരുടെ  സഹായത്തോടെ  അനുവദിക്കപ്പെട്ടു  ആ  പകല്‍. 
                     താനയയ്ക്കുന്ന കത്തിന്  ഏതു രീതിയിലുള്ള  പ്രതികരണമുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നില്ല . ചെലപ്പോ  ഓര്‍മയില്‍  തന്നെ  താനില്ലായിരിക്കും.എങ്കിലും  തെരഞ്ഞുപിടിച്ച മേല്‍വിലാസത്തിലേക്ക്  ആ  കത്തയച്ചു..  
                       കണ്ണിലേക്ക്‌ പടര്‍ന്നു കൊണ്ടിരുന്ന  ഇരുട്ടില്‍  അവളവനെ  മറന്നിരുന്നു. വായിച്ചു കൊണ്ടിരുന്നപ്പോള്‍ മുഖത്ത്  തട്ടിയ  കാറ്റ്  അവളെ  ഭൂതകാലത്തിലെക്ക്  കൊണ്ടു പോയി. ഒരാളുടെ  ജീവിതത്തിലെ അവസാന  ആഗ്രഹമായി തന്‍റെ  രൂപം  മാറിക്കൊണ്ടിരിക്കുന്നത്  അവള്‍ സ്വയം അറിഞ്ഞു. സൗന്ദര്യം തിളങ്ങുന്ന  തന്‍റെ  ശരീരം കണ്ട്  അസൂയ  തോന്നി. കഷ്ടപ്പാടുകളുടെ  കരിപുരണ്ട ജീവിതത്തില്‍  നിന്ന്  അവള്‍  ഇറങ്ങിവന്നു.

                      ഉറക്കച്ചടവുകളോടെ കണ്ണുകള്‍  അവസാനത്തെ  പുലരിയെ  വരവേറ്റു , വിചാരിച്ചതിലും  നേരത്തെ എത്തിയെന്ന്  ആത്മഗതം പറഞ്ഞു . കാലങ്ങള്‍ക്ക്  ശേഷമുള്ള  കണ്ടുമുട്ടല്‍.ഒരു  മതിലിനപ്പുറവും ഇപ്പുറവും  വേര്‍തിരിച്ചിട്ട രണ്ടു  ലോകങ്ങള്‍ അവിടെ  ഒത്തുചേര്‍ന്നു. അനന്തമായ  കാത്തിരിപ്പിന്‍റെ സാക്ഷാത്കാരമായി അവള്‍  അവന്‍റെ മുന്നില്‍ നിന്നു.  ഉള്ളുപൊള്ളലിന്റെ നീറ്റലുകള്‍ പരസ്പരം പൊഴിച്ചു അവര്‍ നടക്കാന്‍  തുടങ്ങി. നടന്നുതീരാത്ത വഴികള്‍  അളന്നളന്നു അവര്‍  പൊയ്ക്കൊണ്ടിരുന്നു.കൊഴിഞ്ഞ  ഇലകളും  പൂക്കളും അവരുടെ  കാല്‍പ്പാടുകള്‍ മൂടാന്‍  തുടങ്ങി. പറഞ്ഞു  തീരാത്രത്ര  അവര്‍  സംസാരിച്ചു. ഇതുവരെ  ജീവിച്ച  ജീവിതമൊക്കെ ഒരൊറ്റ  ദിവസം  കൊണ്ട് ജീവിച്ചു  തീര്‍ത്ത  പോലെ  തോന്നി.
                       എണ്ണിത്തീരാറായ ഏതാനും  മിനുട്ടുകള്‍  അവനു  മാത്രമായി  വിട്ടു കൊടുത്ത്  കണ്ണീരില്‍  സ്വയം  കുതിര്‍ന്ന്‍  അവള്‍  അലിഞ്ഞലിഞ്ഞു പോയി. ദൂരെ  ഒരു  പൊട്ടു പോലെ അവള്‍  മാഞ്ഞപ്പോള്‍  അവന്‍  തിരിഞ്ഞു  നടന്നു. മുന്നില്‍  മരണമെന്ന  ശാശ്വത  സത്യം. കൊലമരവും, കയറും ആരാച്ചാരും  തയ്യാറായി . എന്നത്തെക്കാളും  കൂടുതല്‍  ശക്തനും  സുന്ദരനുമായി  അവന്‍  കാണപ്പെട്ടു. ലോകത്തെ  മുഴുവന്‍ കയ്യിലൊതുക്കുന്ന  ചിരിയോടെ , രണ്ടു  വിരലുകള്‍ മുകളിലേക്കുയര്‍ത്തി  ഒരു  ജേതാവിനെ  പോലെ  കൊലമരത്തിലേക്കെത്തി .വലിഞ്ഞു  മുറുകിയ കയറുകള്‍ക്കുള്ളില്‍ കഴുത്തമര്‍ന്നു, സ്വയം  പൊട്ടാതിരിക്കാന്‍ അവ  നന്നേ  പാടുപെട്ടു..  ശൂന്യതയില്‍  4-5 സെക്കന്റ്‌, ജീവിതത്തെ  ശൂന്യതയില്‍ മരണത്തിനേല്‍പ്പിച്ച്  പിന്നെ  മണ്ണിലേക്ക്. 
                     നടന്നകന്ന  അവളും  കൂടുതല്‍  കരുത്തയായി  മാറി .. മുന്നിലെ  എല്ലാ  പ്രതിസന്ധികളെയും തരണം  ചെയ്യാനുള്ള  ശക്തി  അവള്‍ക്കിന്നുണ്ട്. അവന്‍റെ  മരണത്തിനു  തൊട്ടു  മുമ്പുള്ള  സാന്നിധ്യം  അവളുടെ  മനസ്സില്‍  അവനെ  മരണമില്ലാത്തവനാക്കി  തീര്‍ത്തിരുന്നു..