എനിക്കും അവള്‍ക്കുമിടയില്‍ ചെങ്കുത്തായ കുത്തനെയുള്ള പാത .. അവളിലേക്കെത്താനായി ഞാന്‍ ആ ഇടുങ്ങിയ പാത കയറാന്‍ തുടങ്ങി.. തൊടാതെ തന്നെ കൂമ്പിപോയ്ക്കൊണ്ടിരുന്ന തൊട്ടാവാടി ചെടികള്‍.. പെട്ടെന്നെവിടുന്നോ വന്ന് ഇടതു ചെവിയില്‍ കനത്തില്‍ മൂളി എന്‍റെ ഇന്ദ്രിയങ്ങള്‍ മരിച്ചു പോയില്ലെന്നു തെളിയിച്ച കരിവണ്ടുകള്‍... അവള്‍ നിശ്ചലയാണ്.. ഞാന്‍ ചലനത്തിന്‍റെ പേര് കണ്ടെത്തിയിട്ടില്ലാത്ത രൂപമായി മാറിയിരുന്നു.. അവളുടെ പിറകില്‍ നൂറു മഞ്ഞ കോളാമ്പികള്‍ ഒരുമിച്ചു വിടര്‍ന്നു നിന്നു.. "ഇല്ല കോളാമ്പി, നിന്നെ അയച്ചവരോട് പോയി പറയുക ,, ഇനിയെന്‍റെ ഋതുഭേദങ്ങള്‍ ഇവളാണ്.. നാലു പെരുവിരലുകളുടെ പൂജ്യം അകലത്തില്‍ നമ്മള്‍ നിന്നു.. ശരീരം മുഴുവന്‍ നിറഞ്ഞ വിയര്‍പ്പുതുള്ളികളില്‍ ഞാന്‍ കളവിനെ മണത്തു.. ഞാന്‍ കാണാത്ത അഗാധതകളുടെ എതറയിലാണ് നീ സത്യത്തെ ഒളിപ്പിചു വച്ചത്??? ഞാനവളെ ആലിംഗനം ചെയ്തു.. കുതറി മാറാനാകാത്ത വിധത്തില്‍ ഞാന്‍ കരുത്തോടെ നിന്നു..ജീവന്‍ നിലനിര്‍ത്താനുള്ള ശ്വാസത്തിന്റെ പിടച്ചില്‍ വണ്ടിന്‍റെ മുരളിച്ചയേക്കാള്‍ കനത്തില്‍ ചെവിയില്‍ പതിച്ചു.. ഏതാനും ശ്വാസം മാത്രം ഉള്ളില്‍ കിടന്നപ്പോ അവള്‍ പറഞ്ഞു, "ഞാന്‍ നിന്നെ സ്നേഹിക്കുന്നു". ഈ മണ്ണിനും ആകാശത്തിനുമിടയില്‍ മുഴങ്ങിയ ഏറ്റവും വലിയ സത്യമായിരുന്നു അത് .. ഞാന്‍ പിടിവിട്ടു ..
No comments:
Post a Comment