Saturday, 24 October 2015

നീ ... ഞാന്‍ ...

ഋതുഭേദങ്ങളെ പറ്റി പഠിപ്പിച്ചത് 
നീയായിരുന്നു...
ഓരോ തെളിച്ചമുള്ള പകലിനും,
കരയുന്ന വിങ്ങുന്ന രാവുണ്ടെന്നും,
ആ രാവില്‍ നിശബ്ദമായി നിലവിളിക്കുന്ന 
മുഖമില്ലാത്ത അദൃശ്യ രൂപങ്ങളുണ്ടെന്നും ,
അതിലൊന്നാണ് ഞാന്‍ കൊത്തിയെടുത്ത 
നീയെന്നും നീ പറഞ്ഞു തന്നു...
ഞാന്‍ പരതിയത് എന്‍റെ മുഖമായിരുന്നു..
കൂരിരുട്ട് ശ്വാസം മുട്ടിച്ചു കൊന്ന 
നിലാവിന്‍റെ മറവില്‍ ഞാന്‍ 
നിന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു...
നിന്‍റെ നിഴലുകള്‍ പോലും
എന്‍റെ പിന്നിലായിരുന്നു....

Friday, 23 October 2015

ബ്രഡിന്റെ മണമുള്ള പെണ്‍കുട്ടി

ബ്രഡിന്റെ മണമുള്ള പെണ്‍കുട്ടി .. അവളെക്കാൾ ഞാൻ ആസ്വദിച്ചിരുന്നത് അവളുടെ മണമായിരുന്നു,നല്ല ബ്രഡിന്റെ മണം.. നീ ജനിച്ചു വീണത്‌ ബേക്കറിയിലാണോ എന്നെപ്പോഴും ചോദിക്കണമെന്നുണ്ട്. പക്ഷെ എന്നത്തേയും പോലെ ഉത്തരമില്ലാത്ത ചോദ്യങ്ങൾ എന്നെ തിരിച്ചു വന്നു കൊത്തുമെന്നെനിക്കറിയാം ..അതു കൊണ്ട് തന്നെ ചോദ്യം സൌകര്യപൂർവ്വം മറന്നു ഞാൻ ആ മണത്തിൽ അലിഞ്ഞലിഞ്ഞു പൊയ്ക്കൊണ്ടിരുന്നു ... ഇഴുകി ചേരുന്ന വിധം സാദൃശ്യം എനിക്ക് തോന്നിപ്പോയത് അവളുടെ കൂടെ അടുത്തുള്ള ബേക്കറിയിൽ പോയപ്പോഴായിരുന്നു ... വേർതിരിച്ചെടുക്കാൻ പറ്റാത്ത വിധത്തിലുള്ള 2 മണങ്ങളുടെ ഇഴുകിചേരലിൽ  ഞാൻ സ്വയം വിജയിച്ചു ചിരിച്ചു .. തന്റെ മണം കുടിയിരുത്തിയ ശരീരത്തെ അസൂയമാം വിധം നോക്കി ചില്ലു കൂട്ടിലിരുന്ന റൊട്ടിക്കഷണം വിറച്ചു .. ഒരു പനിച്ചൂടിൽ അവൾ എന്റെ മുഖത്തേക്ക് ചാറ്റിയ ചർദ്ദിലുകൾക്കും അതെ ബ്രഡിന്റെ മണമായിരുന്നു . ഞാൻ വെറുക്കാത്ത ഒരേ ഒരു ചർദ്ദിലിന്റെ  മണമായിരുന്നു അത് ..ഞാനിപ്പോഴും തിരച്ചിലിലാണ് ,ബ്രഡിന്റെ മണത്തിൽ ചാലിച്ചെടുത്ത സ്നേഹം തിരിച്ചു കൊടുക്കാനായി ,എന്റെ ബ്രഡിന്റെ മണമുള്ള പെണ്ണെ ... നിനക്കായി ...

പ്രതീക്ഷ




മഞ്ഞിച്ച വെയിൽ കൊഞ്ഞനം കുത്തി ചിരിച്ചു .. തളർന്നു വീഴാറായ നിഴലിൽ അവൻ സ്വയം പരതി .. നിമിഷങ്ങളുടെ വേഗതയും വേദനയും അവൻ മുഖത്തിലൊളിപ്പിച്ചു .. നിശബ്ദതയുടെ ഭീകരതയെ അവളുടെ മുഖം കീറി മുറിച്ചു .. അവശേഷിച്ച ഇലകളെയും കാറ്റിനു വിട്ടു കൊടുത്ത് ഒറ്റയാൻ മരം നഗ്നനായി .. ഓരോ യാത്രയിലും നഷ്ടപ്പെട്ട സ്വപ്നങ്ങളെ ചേർത്ത് വച്ച് അവൻ ഭൂതകാലത്തിന്റെ തടവറ യിലേക്ക് കണ്ണ് പൂഴ്ത്തി .. വർത്തമാനം മരിച്ചിരുന്നു .. എരിയുന്ന തീ നാളം ഉള്ളിലപ്പോഴും പ്രതീക്ഷയായി കത്തിക്കൊണ്ടിരുന്നു ...

ചൂട് ....


കന്നി മാസത്തിലെ സൂര്യൻ മങ്ങിയും തെളിഞ്ഞും ,
കാർമേഘത്തോട് പട പൊരുതിയും ഉജ്ജ്വലിച്ചു നിന്നു..
അങ്ങകലെ അവൾ , 
ഉള്ളിലുരുകുന്ന ചൂടിലും
മീതെ ഒരു പനിചൂടിലായിരുന്നു ...
ഏതു മഴ വന്നാലും തണുക്കാത്ത ചൂടിൽ
അവൾ തനിച്ചായിരുന്നു ..
അതിനടുത്തായി അവൻ കാത്തിരിക്കാൻ തുടങ്ങിയിരുന്നു ...
കുളിരായി പെയ്യാനല്ല ,
അവളുടെ ചൂടിന്റെ നേർ
പകുതിയാവാൻ ...

പ്രണയം ..

ഒഴിഞ്ഞ വയറാണ് എനിക്ക് നിന്നോടുള്ള പ്രണയത്തിന്റെ നേർസാക്ഷി ....
മറുപുറം ...
ഒരാണ്ടിൽ ഒഴിയുന്ന എൻ നിറവയർ നിന്നോടുള്ള എൻ തീവ്രാനുരാഗത്തിൻ സ്മാരകം...



അവശേഷിപ്പ് ...

ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ആറാമത്തെ റൂമില്‍ തളം കെട്ടി നില്‍ക്കുന്ന രക്തത്തിന്‍റെയും മരണത്തിന്‍റെയും ഇടയില്‍ അവന്‍ മലര്‍ന്നു കിടന്നു.. ഇന്നാണ് ആ ദിവസം.. തന്‍റെ തലയില്‍ പടര്‍ന്ന്‍ നില്‍ക്കുന്ന ആ വലിയ മുഴ നീക്കം ചെയ്യേണ്ട ദിവസം.. വേദനയോട് മല്ലിടിച്ച് മല്ലിടിച്ച് തളര്‍ന്ന കണ്ണുകളില്‍ എന്നാലും ആ തിളക്കം ബാക്കിയുണ്ടായിരുന്നു.. ഇനി കണ്ണു കലങ്ങരുത് ട്ടോ എന്ന് അവള്‍ പറഞ്ഞിരുന്ന വാക്കുകള്‍ അവന്‍ നെഞ്ചോടു ചേര്‍ത്തു വച്ചിരുന്നു.. വേദനയുടെ ഉയരങ്ങളിലും ആഴങ്ങളിലും അവനെ നില നിര്‍ത്തിയത് അവളുടെ അസാന്നിധ്യം കൊണ്ടുള്ള സാന്നിധ്യം തന്നെയായിരുന്നു.. "അവളെവിടെയാണ് ?? വരുമായിരിക്കില്ലേ?? മറക്കാന്‍ പറ്റില്ലെന്നല്ലേ എപ്പോഴും പറയാറ്".. സര്‍ജറിയുടെ സങ്കീര്‍ണത അറിയാമായിരുന്ന ഡോക്ടര്‍ മുഖത്ത് ഒട്ടിച്ചു വെച്ച പുഞ്ചിരിയിലൂടെ എല്ലാര്‍ക്കും ആശ്വാസം പകര്‍ന്നു.. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകുന്നതിനു മുന്നേ അമ്മയുടെ ചുണ്ടില്‍ ദൈവത്തിന്‍റെ പേര് വന്നും പോയിയിമിരുന്നു.. ദൈവവും അമ്പലവുമെല്ലാം മനസ്സില്‍ നിന്ന് എടുത്തു മാറ്റിയിട്ടു കൊല്ലങ്ങളായി.. അത് കൊണ്ട് തന്നെ അവന്‍റെ ചുണ്ട് നിശ്ചലമായി നിന്നു... കണ്മുന്നില്‍ നിന്നു എല്ലാവരും ദൂരേക്ക് നീങ്ങിക്കൊണ്ടിരുന്നു.. തിയേറ്ററിലേക്ക് കയറുമ്പോ അവളുടെ കൈ യും വിട്ടു.. ഇത്രേം കാലം തന്നെ ജീവിപ്പിച്ചത് ആ കൈയുടെ ചൂട് നല്‍കിയ പ്രതീക്ഷകള്‍ തന്നെയായിരുന്നു.. കണക്കു പുസ്തകത്തിന്‍റെ അടുത്ത പേജും മറിക്കപ്പെട്ടു.. തെറ്റും ശരിയും നിറഞ്ഞ കണക്കുകൂട്ടലുകളില്‍ അവള്‍ വലിയ ശരിയായി മാറി നിന്നു.. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന സര്‍ജറിക്കു ശേഷം ആ മുഴ നീക്കപ്പെട്ടു.. വേദനയും വേദന സംഹാരികളും മാറി നിന്നപ്പോ അവന്‍ കണ്ടു അവളെ എന്നത്തെക്കാളും സുന്ദരിയായി..ഇരുട്ടില്‍ നിന്നു കണ്ടെത്തിയ വെളിച്ചം പോലെ .. നിസ്സഹായമായ മുഖവുമായി ഡോക്ടര്‍ അമ്മയെ കണ്ടു.. "സോറി." .. തേങ്ങലടികള്‍ തിരകളെക്കാള്‍ ശക്തിയില്‍ ഉയര്‍ന്നു പൊങ്ങി.. അവന്‍റ് കണ്ണുകളില്‍ ഇപ്പോഴും ആ തിളക്കം.. അങ്ങുദൂരെ അവളുടെ ഇടനെഞ്ചിടറി ...