Thursday, 25 June 2015

വിജയേട്ടന്‍..

വിയര്‍പ്പിനൊപ്പം ഓടിക്കിതച്ചു കിട്ടുന്ന ട്രെയിനും ആ യാത്രയ്ക്കും ഒരു പ്രത്യേക രസമാണ്.. ശരിക്കും ഒരു രാഷ്ട്രീയ പാഠശാലയായിരുന്നു വിജയേട്ടനുമൊത്തുള്ള യാത്രകള്‍.. മാതൃഭൂമിയും ദേശാഭിമാനിയും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന 45 മിനിറ്റ് .. മനോരമ രണ്ടാള്‍ക്കും അലര്‍ജിയാണ്.. വായിക്കാറില്ല.. പക്ഷെ ചില തലക്കെട്ടുകളുടെ മാജിക്ക് കാണണമെങ്കില്‍ മനോരമ നോക്കണം.. മാര്‍ക്സ്‌നേയും ലെനിനേയും കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ വിജയേട്ടന്‍ ഒരൊഴുക്കാണ്.. കണ്മുന്നില്‍ സോവിയറ്റ് ചെങ്കടല്‍ ഒഴുകുന്ന പോലെ.. ഇന്നെന്തോ പതിവിലും വിപരീതമായിരുന്നു വിജയേട്ടന്‍..പത്രത്തിന്‍റെ തലക്കെട്ടുകളിലൂടെ മാത്രം കണ്ണോടിച്ചു കൊണ്ട് ഒന്നു മയങ്ങട്ടെ എന്നു പറഞ്ഞു..അതുകൊണ്ട് തന്നെ ഞാന്‍ പുറത്തെ കാഴ്ചകളിലേക്ക് കണ്ണു പറിച്ചിട്ടു... വേഗതകളുടെ ലോകത്ത് നമ്മളെത്ര മാത്രം വേഗതയുമായി പൊരുത്തപ്പെടാതെ മാറിയിരിക്കുന്നു എന്ന സ്വയം അവലോകനം മനസ്സില്‍ തികട്ടിക്കൊണ്ടിരുന്നു... പൊരുത്തപ്പെടായ്മയുടെ രാഷ്ട്രീയം... വിജയേട്ടന്‍ പകര്‍ന്നു തന്ന രാഷ്ട്രീയ ബോധത്തിന്റെ പുനര്‍ചിത്രീകരണമായിരുന്നു കാഴ്ച്ചകളിലുടനീളം കണ്ടു കൊണ്ടിരുന്നത്...ലോകമെങ്ങും ചാലക ശക്തിയായ മാര്‍ക്സിസം എന്ന തത്വചിന്ത,അടിച്ചമര്‍ത്തലുകള്‍ക്കിടയിലുള്ള പ്രതിരോധം, അവകാശ സമരങ്ങള്‍ , വര്‍ഗ്ഗ രാഷ്ട്രീയം ,സോവിയറ്റ് യൂണിയന്‍- എല്ലാം
കണ്മുന്നില്‍ മഴവില്ലു പോലെ തെളിഞ്ഞു കണ്ടു..പരസ്പരം കൈകള്‍ കോര്‍ത്തു പിടിച്ചു കൊണ്ടിരുന്ന കണ്ണികളെ ദുര്‍ബലമാക്കി കൊണ്ടു കടന്നുവന്ന സോവിയറ്റ് യൂനിയന്‍റെ തകര്‍ച്ചയും , നവ മുതലാളിത്തവും , നവ ഉദാരവല്‍ക്കരണവും രംഗം കൈയ്യേറിയപ്പോ ഞാന്‍ വിജയേട്ടന്റെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകളൊന്നു പിടഞ്ഞു.... വിജയേട്ടന്‍ തന്നെയാണ് അടിയന്തരാവസ്ഥയിലെ ഭരണകൂട ഭീകരതയെ പറ്റി പറഞ്ഞത്...പലപ്പോഴും മനസ്സില്‍ തോന്നിയ കാര്യമായിരുന്നു ഞാനിപ്പോഴല്ല കുറച്ചുകാലം മുമ്പേ ജനിക്കേണ്ട ആളായിരുന്നു എന്ന്.. കൂച്ചുവിലങ്ങിട്ട സ്വാതന്ത്ര്യത്തിനു മീതെ ഭാവനാ സമ്പുഷ്ടമായ ആശയങ്ങളും രാഷ്ട്രീയവും പ്രതിഷേധങ്ങളും അണപൊട്ടി നിന്ന കാലം..സമരോജ്ജ്വലമായ വായു...അരാഷ്ട്രവാദിയായി ഇരിക്കുന്നതിലും നല്ലത് മരിക്കുന്നതാണ് എന്ന് വിജയേട്ടന്‍ എപ്പോഴും പറയും .. അതുകൊണ്ട് തന്നെ ഞാന്‍ ഒരു അരാഷ്ട്രവാദിയായിരിക്കില്ല എന്നുറപ്പിച്ചു .. എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ വന്നെത്തി..ഒന്നിലും ആരും തടസ്സപ്പെടുത്തുന്നത് വിജയേട്ടനിഷ്ടമല്ല...അതുകൊണ്ട് തന്നെ ചിന്തകള്‍ ജ്വലിച്ചു കൊണ്ടിരുന്ന ആ മുഖം നോക്കി ഞാന്‍ തിരിച്ചു നടന്നു., ഒരു കാലഘട്ടം പിറകില്‍ വച്ചു കൊണ്ട്.. .വിജയേട്ടന്‍ അപ്പോഴും ദീര്‍ഘനിദ്രയിലായിരുന്നു ..

ഓര്‍മകള്‍ക്ക് ഒരു ചിത

എന്‍റെ ഓര്‍മകള്‍ക്ക് ഒരു ചിതയൊരുക്കണം...
വീട്ടില്‍ മൂവാണ്ടന്‍ മാവില്ല ,
എങ്കിലും ഒരു ചിതയൊരുക്കണം..
എന്‍റെ ഓര്‍മ്മകള്‍ക്കൊരു ചിത..
നിനക്കെഴുതിയ കത്തുകളിലെ 
പ്രണയം പടര്‍ത്തിയ
ആ നീല മഷി കൊണ്ടായാല്‍ നന്ന്..
ഓര്‍മകളുടെ അവസാന അംശവും വിട്ടു പോകാന്‍
ആ ചിതയെ ഒന്ന് വെഞ്ചരിക്കണം ..
തീ ആളി ആളി കത്താന്‍ , നീ നല്‍കണം
കപടമായ ആ കണ്ണീര്‍ധാര ..
എരിഞ്ഞെരിഞ്ഞ് മുഴുച്ചാരമായിട്ടു വേണം,
എനിക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍,
നെടുനീളത്തില്‍ തിരിഞ്ഞു നടക്കാന്‍...

ഒരു വേനൽ മഴയ്ക്കായി .

മഴയും വെയിലും മഞ്ഞുമേറ്റ് 
പൂത്ത് തളിർത്ത 
എന്റെ തുറന്നു പറച്ചിലിന്റെ ഇടം
ഇന്നേതോ കാട്ടു തീയിൽ
ഞെരിഞ്ഞമരുകയാണ്... 
നോക്കുകുത്തിയായി സ്വയം നിർത്തി ,
കണ്ണു പറിച്ചിട്ട ആകാശത്തിൽ
കാത്തിരിക്കുന്നു,
പെയ്തിറങ്ങാൻ,
ഒരു വേനൽ മഴയ്ക്കായി .



തൂക്കിയിട്ട വളകള്‍ക്കുള്ളിലൂടെ കണ്ട നിന്‍റെ മുഖമായിരുന്നു ഞാന്‍ കണ്ട ഏറ്റവും മനോഹരമായ ലോകം..

തുടര്‍ച്ച

അനുവിന്‍റെ കല്യാണ സമയത്തെടുത്ത സെല്‍ഫി ഫോട്ടോയിലെ വരികളും അതില്‍ കമന്റായി ഇട്ട നിതിന്‍റെ വരികളും ഒരുമിച്ചു ചേര്‍ത്തു വായിക്കുമ്പോള്‍‍ എന്തോ ഒരു രസം...
Courtesy : Nithin Mathews
..................തുടര്‍ച്ച ...........
Me :"ചിറകുകൾ ഇനിയും വിടർത്തട്ടെ, തളരാതെ....
നീലാകാശം തൊടണം,
മഴ ഒളിച്ചിരിക്കുന്നതവിടെയാണ്??? മഴവില്ലിനെ പിന്തുടരണം,
മണ്ണിൺടെ നേരറിയണം,
അറ്റമില്ലാ ലോകത്തിൺടെ അറ്റം കാണണം,
ചങലക്കണ്ണികൾ ഇനിയും പൊട്ടിച്ചെറിയണം..
---------
Nithin: വിടർന്ന ചിറകുകൾ നിലതൊടാതെ പറക്കട്ടെ..!
മഴയ്ക്ക് വഴി വിളക്കായ മഴവില്ലിനും അപ്പുറം പറന്നുയരണം..
മണ്ണിന്റെ മണവും നേരും അറ്റമില്ല ലോകത്തിന്റെ അങ്ങേതലക്കൽ എത്തണം
പൊട്ടിച്ചെറിയപെട്ട ചങലക്കണ്ണികൾ എന്നും ഒരു ഓര്മ ആവണം ..
മറവിക്കും എത്താൻ പറ്റാത്ത ഉയരങ്ങളിൽ ഓർമ്മകൾ പാറി പറക്കണം
ബന്ധങ്ങൾ വീണ്ടും വളരട്ടെ..! പന്തലിക്കട്ടെ..!
--------
Me : ബന്ധങ്ങൾ വീണ്ടും വളരട്ടെ..! പന്തലിക്കട്ടെ..!
പൂത്തു തളിര്‍ക്കട്ടെ...
വലിയതണല്‍മരമാകട്ടെ..
പ്രസ്ഥാനമാകട്ടെ...
ഓര്‍മ കായകള്‍ ഇനിയുംപഴുക്കട്ടെ...
ഒരായിരം ഇലകള്‍ഇനിയും
മണ്ണു മൂടിക്കൊണ്ടിരിക്കട്ടെ...
-----
Nithin : ഇലകൾ മൂടിയ മണ്ണിൽ വീണ്ടും ഓർമകൾ തളിരിടട്ടെ..
തുടക്കവും ഒടുക്കവും മാഞ്ഞുപോകാത്ത
നെടുനീളെ പായുന്ന നാടുവഴികളിൽ
ഈ ഓർമ്മകൾ മരമായ് തണലായി മാറട്ടെ..!
മറവി പോലും മറന്നു പോകുന്ന , മറവിക്കും അപ്പുറം ഉള്ള ഉയരങ്ങളിൽ
ഈ സുന്ദര ഓർമ്മകൾ ചെക്കേരട്ടെ..
മാറ്റമില്ലാത്തത്‌ മാറ്റത്തിന് മാത്രമെന്ന് പറയുന്നപോലെ
ഈ ഒര്മാകുളും കരുതലും മാറ്റമില്ലാതെ..
അവസാനമില്ലാതെ അന്തിയില്ലാതെ..
-----
Me : അവസാനമില്ലാതെ, അന്തിയില്ലാതെ,
എത്തിച്ചേരും ദിശയറിയാ തുരുത്തില്‍,
ഓര്‍മകളുടെചെമ്പക മണവുംപേറി,
ഇത്തിരി വെട്ടവുമായിവരുന്ന
മിന്നാമിനുങ്ങുകള്‍ക്ക് കൂട്ടായി,
മരണത്തിനുനേരെ
കൊഞ്ഞനംകുത്തി
നെടുനീളെ
വീണ്ടും തിരിഞ്ഞുനടക്കണം..
കാട്താണ്ടാന്‍...
കാറ്റും കോളും മഴയും
നനയാന്‍...
-----
Nithin : എങ്കിലും ഒരിക്കൽ നമ്മൾ ആ യാത്ര പോകും
കണ്ണ് എത്താതിടത്തോളം ദൂരത്തേക്കു..
കാത്തു വിളികേൾക്കാത്ത ദൂരത്തേക്കു..
ഒരു വിധ വഴികാട്ടികളെയും വിശ്വസിക്കാതെ..
നമുക്ക് മുന്നേ പോയവർ തെളിച്ച വഴികളിലൂടെ..
ഞാനും നീയും നിങ്ങളും ഒരിക്കൽ ആ യാത്ര പോകും
അതേ, ഒരുനാൾ മരണം എന്നെയും നിങ്ങളെയും വേട്ടയാടും ..!
മരണത്തിനും അപ്പുറം ഒരു ലോകമുന്ടെങ്കിൽ..
മരിച്ചവര്ക്ക് ശബ്തമുന്ടെങ്കിൽ ..
ആ വഴികൾ അവർ വിളിച്ചു പറയട്ടെ..!
-----
Me : ഇടവഴികളും വെട്ടുവഴികളും
അവിടെയും കാണും..
ഓരോരുത്തര്‍ക്കും ഓരോരോവഴികള്‍..
അനന്തമായി നീളുന്നവഴികളില്‍
ഒന്നില്‍നീയാത്രചെയ്യും,
മൂകനായി ബധിരനായി..
ഈ ലോകത്തോട് ഇനി
ഒരുസ്വര്‍ഗമില്ല, നരഗമില്ല
എന്നുറക്കെവിളിച്ചോതുവാന്‍
നിനക്കൊരുശബ്ദമാപിനിയുമില്ല...
പുനര്‍ജനിക്കാന്‍
ഒരു വിത്തു കോശവുംകാണില്ല.
ഊന്നുവടികളില്ലാതെ നീയിനിയും
നടക്കും നിത്യസത്യത്തിനു
സമാന്തരമായി....
നിന്‍റെമുന്നില്‍ ഊര്‍ന്നുവീഴും,
മനുഷ്യനിര്‍മിതദൈവത്തിന്‍റെ
ആടയാഭരണങ്ങള്‍...



2015 May 19

ഞാന്‍ ഇഷ്ടപ്പെടുന്ന , ആരാധിക്കുന്ന രണ്ടു വ്യക്തികളുടെ ദിവസമാണിന്ന്... കേരളത്തില്‍ ഏറ്റവും കാലം മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ നമ്മെ വിട്ടു പോയിട്ട് 11 വര്‍ഷമായി.. കേരളത്തിലെ ജനകീയ പ്രശ്നങ്ങളില്‍ കാര്യമായി ഇടപെട്ടിരുന്ന സ്വാധീനം ചെലുത്തിയിരുന്ന ജനകീയ നേതാവായിരുന്നു ഇ.കെ നായനാര്‍.. കാലാതീതമായി തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വം.. ചുവന്ന മണ്ണില്‍ അടിത്തറ പാകിയ സഖാവിന്‍റെ ഓര്‍മ്മകള്‍ക്ക് അഭിവാദ്യങ്ങള്‍...
ആന്ദ്രേ പിര്‍ലോ .. കാല്‍ ചുവടുകള്‍ കൊണ്ട് മൈതാനത്ത് കവിത രചിക്കുന്ന ആന്ദ്രേ പിര്‍ലോയുടെ മുപ്പത്തന്ജാം ജന്മദിനം..വയസ്സ് കൂടിക്കൊണ്ടിരിക്കുമ്പോഴും തളരാത്ത പ്രതിഭ.. കളിക്കളത്തില്‍ ഇനിയും ഒരുപാടുകാലം മായാജാലംകാണിക്കാന്‍ സാധിക്കട്ടെ..വരുന്ന ചാമ്പ്യന്‍സ്‌ ലീഗ് ഫൈനലിനായി കാത്തിരിക്കുന്നു.. അടുത്ത യൂറോകപ്പിലും ലോകകപ്പിലും കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..പിര്‍ലോക്ക് ജന്മദിനാശംസകള്‍



റെയില്‍വേ സ്റ്റേഷന്‍..

പതിവുപോലെ വൈകി കിതച്ചുകൊണ്ട് നേത്രാവതി സ്റ്റേഷനിലെത്തി.. ജീവിതം കൂട്ടിമുട്ടിക്കാനുള്ള വെപ്രാളപ്പാച്ചിലിന്‍റെ നേര്‍ചിത്രം സ്റ്റേഷനില്‍ കാണാം... സമയത്തിന്‍റെ വില അനുഭവിച്ചറിയാനുള്ള ഏറ്റവും ലളിതമായ സര്‍വ്വകലാശാലയാണ് റെയില്‍വേ സ്റ്റേഷന്‍..
ഒരു കാലിന്‍റെ സ്വാധീനക്കുറവ്, തെരുവില്‍ വളര്‍ന്ന ബാല്യവും യൗവനവും..അയാളുടെ ജീവിതം സ്റ്റേഷന്‍ ചുറ്റിപ്പറ്റിയായിരുന്നു..യാത്രക്കാരില്‍ നിന്ന് കിട്ടുന്ന ഔദാര്യം..പതിവുപോലെ അയാള്‍ തന്‍റെ ജോലി തുടങ്ങി...നേത്രാവതിയായിരുന്നു അയാളുടെ ഐശ്വര്യം.അതിലെയാത്രക്കാരില്‍ നിന്നാണ് എന്നും തുടക്കം..പച്ചപ്പ്‌ തേടിയുള്ള യാത്ര... ദുശീലങ്ങള്‍ ഒന്നുമുണ്ടായിരുനില്ലെങ്കിലും എന്നും ലോട്ടറി എടുക്കുമായിരുന്നു..സ്റ്റേഷനിലെ തിരക്കൊക്കെ കുറഞ്ഞപ്പോ അയാള്‍ മെല്ലെ പുറത്തേക്കു കടന്നു..ഭാഗ്യദേവതയ്ക്ക് വേണ്ടിയുള്ള അനൌണ്‍സ്മെന്‍റ്.. അവിടുന്നൊരു ലോട്ടറി ടിക്കറ്റ് എടുത്ത ശേഷം അയാള്‍ സ്വന്തം ജോലിയിലേക്ക് തിരിച്ചു കയറി..
കണ്ടു പഴകിച്ച മുഖങ്ങള്‍.. പ്രായം കൂടി കൊണ്ട് വരുന്ന തൊലികള്‍..എത്ര കാലമായിവിടെ..ചില മുഖങ്ങള്‍ ഇപ്പൊ കാണാറില്ല... അവരെവിടെയാണ്..ചുറ്റും തന്നെപ്പോലെ ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ മുഖത്തേക്ക് നോക്കി ദൈന്യത കലര്‍ന്ന ഒരു ദീര്‍ഘനിശ്വാസം വിട്ടു.. ചില ദിവസങ്ങളില്‍ അടുത്തുള്ള അമ്പലങ്ങളില്‍ സദ്യയുണ്ടാകും.. അതുകൊണ്ട് ആ ദിവസങ്ങളില്‍ കുശാലാണ്.. ഇന്നും വയറു നിറയെ കഴിച്ചു..
രാത്രിയില്‍ സ്റ്റേഷന്റെ ഒരു മൂലയില്‍ കിടന്നുറങ്ങുമ്പോഴും കീശയില്‍ ലോട്ടറിടിക്കട്ടില്ലേ എന്നുറപ്പ് വരുത്തി..കുറേ നാളുകള്‍ക്ക് ശേഷം സുഖമുള്ള ഒരുറക്കം..നല്ല ഇളം ചാറ്റല്‍മഴയുടെ അകമ്പടിയോടെയുള്ള നനുത്ത കാറ്റ്..
രാവിലെ കുറച്ചു വൈകിയാണെണീറ്റത്.. നേത്രാവതി പോയില്ല..നാലു മണിക്കൂര്‍ വൈകിയോടുന്നു എന്ന അനൌണ്‍സ്മെന്‍റ്..അടുത്തുള്ള കടയില്‍ നിന്ന് പത്രമെടുത്ത്‌ ലോട്ടറി റിസള്‍ട്ടിന്റെ പേജെടുത്തു..തന്‍റെ കയ്യിലുള്ള ലോട്ടറി സീരിയല്‍ നമ്പറും പേപ്പറിലെ സീരിയല്‍ നമ്പറും ചേര്‍ത്തു നോക്കി..ബമ്പര്‍ സമ്മാനമായ ഒരു കോടി അടിച്ചിരിക്കുന്നു..എല്ലാ ദിവസവും റിസള്‍ട്ട് നോക്കുമ്പോ ഉണ്ടാകുന്ന സന്തോഷം ഇന്നും മുഖത്തെ കൂടുതല്‍ ചുവപ്പിച്ചു..പക്ഷെ റിസള്‍ട്ട് നോക്കിയ ശേഷം കൈ വിറയ്ക്കാന്‍ തുടങ്ങി..രണ്ടു മിനിറ്റ് എവിടെയോ പോയി വന്ന ശേഷം അയാള്‍ കാത്തിരിക്കാന്‍ തുടങ്ങി, വൈകി വരുന്ന നേത്രാവതിയുടെ ചൂളംവിളിക്കായി..അതൊരു പുതിയ യാത്രയുടെ തുടക്കമാണ്..
മൂത്രപ്പുരക്കുള്ളിലെ വെയ്സ്റ്റ്ബിന്നില്‍ കീറിക്കിടന്ന ലോട്ടറി ടിക്കറ്റിന്റെ കഷണങ്ങള്‍ ശ്വാസംമുട്ടി മരിച്ചു തുടങ്ങി..

പിരിമുറുക്കം...

പിരിമുറുക്കത്തിന്റെ നാല്പതു മിനിട്ട്.. ഇന്നും അവളെ കാണാമല്ലോ നേരത്തെ സ്റെഷനിൽ എത്താമെന്ന് വിചാരിച്ചതാ.. പിന്നെ നമ്മുടെ സാഹചര്യമാണല്ലോ ഏപ്പോഴും തടസ്സം ... ഏപ്പോഴും പന്ത്രണ്ടു മണി കഴിഞ്ഞാലുള്ള ഉറക്കം.. 6മണിക്ക് അലാറം വച്ചാലും 6.30 നു മാത്രം കേൾക്കുന്ന അവസ്ഥ .. ഈ കോപ്പാ അമേരിക്ക തുടങ്ങിയലെങ്കിലും സ്വയം മാറാമെന്നു വിചാരിച്ചതാ. ഭക്ഷണത്തിന്റെയും കുളിയുടെയും സമയം അങ്ങോട്ടുമിങ്ങോട്ടും എക്സ്ചേഞ്ച് ചെയ്തു എന്നല്ലാതെ വേറൊരു മാറ്റവുമില്ല.. കോപ്പാ അമേരിക്ക..കോപ്പാണ്..ഈ അമേരിക്കയുടെ പേര് വച്ചുള്ളതെല്ലാം ഇങ്ങനെ തന്നെ.. ഒരുപകാരവും കാണില്ല. ഇന്നും
സ്റെഷനിലെക്കുള്ള ബസ് മിസ്സായി..വിധിയെ പഴിച്ചു കൊണ്ട് പതിവു പോലെ
ട്രെയിനിൽ ഓടിക്കയറി .. കമ്പർറ്റ്മെന്റ് ...വേണ്ട ബോഗി മുഴുവൻ പരതി ..അവളില്ല .. സീറ്റ് ഉള്ളത് വയസ്സായ രണ്ടു മൂന്നാൾക്കാർ ഉള്ള സ്ഥലത്ത് മാത്രം .. വിധിയെ രണ്ടാമതും പഴിച്ചു .. ട്രെയിനിൽ ഇരുന്നു ഇരിത്തം കിട്ടിയില്ല .. എങ്ങനെയെങ്കിലും കണ്ണൂർ എത്തണം .. ബാഗിൽ നാലഞ്ചു ബുക്ക് ഉണ്ട് .. ഒന്നും വായിക്കാൻ തോന്നിയില്ല .. എന്തൊക്കെയോ വയ്യായ്ക .. എന്നാലും കണ്ണൂര് എത്തുമല്ലോ എന്നാ ആശ്വാസം . പെട്ടെന്ന് കണ്ണൂർഎത്തണെ എന്ന് പ്രാർഥിക്കണോ എന്ന് കരുതി .. വിശ്വാസി അല്ലാത്തത് കൊണ്ട് ആ ശീലവുമില്ല ..ചിറക്കൽ എത്തിയപ്പോൾ പ്രത്യാശയുടെ പച്ചമരങ്ങൾ പൂത്തു നില്ക്കുന്നതായി തോന്നി .. കണ്ണൂർ എത്തിയപ്പോ അവളെ കണ്ടു.. അവള് പോട്ടെ .അവളുടെ പിറകെ പോകാനൊന്നും ഇന്നെന്നെ കിട്ടൂല്ല.. എനിക്കെന്റെ വയറാ വലുത് .. പിരിമുറുക്കത്തിന്റെ ആശ്വാസം തേടിയുള്ള ഓട്ടം എപ്പോഴേ തുടങ്ങി ....