Sunday 7 April 2013

മടിവാളയിലെ പെണ്ണ്...

മജസ്റ്റിക്ക്ല്‍ നിന്ന് മടിവാളയിലേക്ക് ബസ്സില്‍ വരുമ്പോഴാ അവളെ കണ്ടത് . . ഇതാരപ്പാ .. കണ്ടാ അറിയില്ലേ മലയാളി ആണെന്ന്.. ബാന്ഗ്ലൂരില്‍ നിന്നാ പിന്നെ മലയാളി പെണ്‍പിള്ളേരെ പെട്ടെന്ന് മനസ്സിലാകും.. ബാക്കി മലയാളി ടീംസിനെ പോലെ ഇവക്ക് വല്യ ജാഡയോന്നുമില്ല... പെട്ടെന്ന് വേണു നാഗവള്ളി പറഞ്ഞത് ഓര്‍മ്മ വന്നു ('ബസ്സില്‍ കയറിയാല്‍ പിന്നെ അതില്‍ നിന്ന് ഇറങ്ങുന്നത് വരെ ഒരുത്തിയെ പ്രണയിക്കും') .. മനസ്സില്‍ വേണു നാഗവള്ളി ഉണര്‍ന്നു..അന്നയും റസൂലും ഉണര്‍ന്നു.. 'കണ്ണ് രണ്ടു കണ്ണ്' എന്ന പാട്ടും ഉണര്‍ന്നു.. ഇനി അവളും കൂടി ഉണര്‍ന്നാല്‍ ജോറായി.. നോക്കി, ഓളിങ്ങോട്ടു നോക്കുന്നില്ല.. അപ്പൊ പെണ്ണ് ഡീസന്റാ .. എന്‍റെ സ്റ്റോപ്പിലാ ഇറങ്ങുന്നതെങ്കില്‍ പരിചയപ്പെടാമായിരുന്നു, ഫേസ്ബുക്ക് അക്കൗണ്ട്, ഫോണ്‍നമ്പര്‍ രണ്ടും ചോദിക്കാമായിരുന്നു.. അപ്പൊ ഇന്നിനി ഞാന്‍ ബിസി ആയിരിക്കുമല്ലോ..ഓള് കണ്ണൂരായിരിക്കുവോ ..മനസ്സില്‍ ലഡ്ഡു പൊട്ടിക്കൊണ്ടിരുന്നു.ചിന്തകള്‍ അങ്ങ് ഹിമാലയം കേറാന്‍ തുടങ്ങി... പക്ഷെ വല്ലതും നടക്കണമെങ്കില്‍ അവള് ഞാന്‍ ഇറങ്ങുന്ന സ്ഥലത്ത് ആയിരിക്കണ്ടേ..എവിടെ ഓള് മടിവാളയൊന്നുമായിരിക്കില്ല.. വല്ല ക്രൈസ്റ്റ്‌ കോളേജിലോ മറ്റോ ആയിരിക്കും..ബസ്സ്‌ അങ്ങനെ മെല്ലെ ബാന്ഗ്ലൂരിലെ കൊച്ചു കേരളത്തിലെത്തി.. മടിവാള സ്റ്റോപ്പില്‍ എന്‍റെ തൊട്ടു ബാക്കില്‍ തന്നെ അവളും ഇറങ്ങുന്നു.. ഞാന്‍ അവളുടെ നിഴലിന്‍റെ കൂടെ തന്നെ നടന്നു. . മനസ്സില്‍ കൊടുംകാറ്റ് വീശിക്കൊണ്ടിരുന്നു.. C.C.L. ലെ മലയാളം കമന്ററി കേട്ട് ഒന്നും മനസ്സിലാവാത്ത അവസ്ഥയിലുള്ള ഒരുത്തനെ പോലെയായി ഞാനും.. തൊട്ടടുത്തൂടെ തന്നെ അവള്‍ നടക്കുന്നുണ്ട് .. ഏതായാലും ഉള്ള ധൈര്യമൊക്കെ സംഭരിച്ചു ഒന്ന് മിണ്ടാന്‍ തുടങ്ങിയതായിരുന്നു.. അപ്പോളിതാ ഒരുത്തന്‍ എന്‍റെ പേരും വിളിച്ചുകൊണ്ട് മുന്നില്‍ .. ധിം... എല്ലാം തകിടം മറിഞ്ഞു താഴെ കിടന്നു.. എന്‍റെ ഫ്രണ്ട് തന്നെ,ദിവസവും കാണുന്നതാ.. തെണ്ടി.. അവന്‍റെ ഒടുക്കത്തെ ഒരു ചോദ്യവും 'ഒരു നൂറു ഉറുപ്പ്യ ഉണ്ടോടാ എടുക്കാന്‍'.. ഓനെ നല്ല തെറിയും വിളിച്ചു ഞാന്‍ നേരെ നടന്നു.. അവളാണെങ്കില്‍ എവിടേക്കോ നടന്നു പോയി.. അങ്ങനെ അതും പോയി.. ഇന്നത്തെക്കുള്ളതായി.. വയറും നിറഞ്ഞു...


മാര്‍ക്സിനെ വായിക്കുന്ന ഗാന്ധി.....


കാലമേറെ മാറിയിട്ടും മാറാതിരിക്കുന്ന
ചുമരിലെ ചിരിച്ചു കൊണ്ടിരിക്കുന്ന
ഗാന്ധിയുടെ ഫോട്ടോ....
.നാടിന്‍റെ ഈ പോക്ക് കണ്ടിട്ടും
 നിങ്ങള്‍ക്കെങ്ങനെ ചിരിക്കാന്‍ 
തോന്നുന്നു, 
മനസ്സില്‍ കല്ലാണോ എന്നൊക്കെ
ചോദിച്ചു പോയി....
അപ്പോഴാണ്‌ അതിനുത്തരം
 പറയാനെന്ന പോലെ ആ ഫോട്ടോ
എന്നെ അടുത്തേക്കു വിളിച്ചത്...
"ശരിക്കും മടുത്തു പോയി,
ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണ്,
ജനങ്ങളിലാണ് എന്ന് പറഞ്ഞു പഠിപ്പി
ച്ചതാനുണ്ടാക്കിയ പാര്‍ട്ടി തന്നെ 
അത് തിരുത്തി ഭാരതത്തെ 
കോര്‍പ്പറേറ്റുകളുടെയും 
അമേരിക്കയുടെയും കയ്യിലെ 
പാവകളാക്കി തീര്‍ത്തല്ലോ എന്നോര്‍ത്തപ്പോ
ഗാന്ധിയുടെ കണ്ണിലും വെള്ളം നിറഞ്ഞു...
ആ നിസ്സഹായാവസ്ഥ വായിച്ചെടുത്തു...
അതില്‍നിന്നും രക്ഷപ്പെട്ടുകൊണ്ട് 
ലാറ്റിനമേരിക്കയിലെക്ക് മനസ്സിനെ
പറത്തി വിട്ടു...
ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും 
സാമ്രാജ്യത്തിന്‍റെയും
 പിടിയില്‍ നിന്ന് പടപൊരുതി ജയിച്ച
ധീര നേതാക്കള്‍ - ഫിദലും ഷാവേസും
ബോളിവറും വിപ്ലവ ചിന്തകള്‍ക്ക്തിരി കൊടുത്തു..
"മാര്‍ക്സിസം പതിവിലും ശക്തിയായി
കൂടുതല്‍ പ്രാധാന്യത്തോടെ തിരിച്ചു വരും"
ആത്മവിശ്വാസത്തോടെയുള്ള വാക്കുകള്‍ ...
ഗാന്ധിയുടെ ചിന്തകളിലും മാറ്റം വന്നിരിക്കുന്നു..
ഞാനദ്ധേഹത്തിന്‍റെ കൈകളിലേക്ക് നോക്കി...
അതെ... 
ഗാന്ധി മാര്‍ക്സിനെ വായിച്ചു കൊണ്ടിരിക്കുകയാണ് ...
ഇപ്പൊ എനിക്ക് മനസിലാകും ആ ചിരിയുടെ ഭാവം..
അതിനു പ്രത്യാശയുടെ തലമാണുള്ളത്.

മുഖംമൂടി


മനുഷ്യത്വത്തിന്‍റെ ഈ മുഖമില്ലാ
മുഖംമൂടിയില്‍ ഒരു
ചോദ്യചിഹ്നം കൂടി അവശേഷിപ്പിച്ച്
അവള്‍ യാത്രയായി...
ഇവിടെയെല്ലാം പരതിയിട്ടും
അന്യമായ സ്നേഹവും
സമാധാനവും തേടി 
ഇല്ലാത്തൊരു പരലോകത്തേക്ക്‌..
ഹേ മനുഷ്യാ, നിന്‍റെ മുഖമെവിടെ??
അവന്‍ നോക്കി,ശിരസ്സിനു മുകളില്‍ 
തലയില്ല...
മറന്നു പോയി, എവിടെ വച്ച്
എന്നാണെനിക്കത് നഷ്ടമായത്‌..... ?
അവന്‍ തന്‍റെ ഉള്ളിലേക്കൊന്നു 
ആഴ്ന്നു ചെന്നു...
എല്ലാം മലിനമായിക്കിടക്കുന്നു..
വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ 
വേഗതയെ കീറിമുറിക്കാനുള്ള 
തത്രപ്പാടില്‍ സ്വന്തം
ശിരസ്സും ശിരോവസ്ത്രവും 
അഴിഞ്ഞുവീണു...
മുഖമില്ലാത്ത നിനക്കെന്തിനാ
ഈ മുഖംമൂടി??
അവനും ഉത്തരമില്ല,
പറയാന്‍ മുഖമില്ല,നാവില്ല...
മരവിച്ച മാനവികതയിലും 
മുഖംമൂടി വില്പനക്കാര്‍ ധാരാളം,
എല്ലാര്‍ക്കും നേരെ കൊഞ്ഞനംകുത്തി...

എന്‍റെ നക്ഷത്രമേ....


എന്‍റെ നക്ഷത്രമേ....
അങ്ങകലെ ആകാശത്ത് ഒരു
ചില്ല കെട്ടി നീ പാര്‍ക്കുന്നു...
എനിക്ക് അന്യമായ ഒരു ലോകം
അത് നിന്‍റെതാണ്..
പക്ഷെ സ്വപ്നങ്ങളില്‍ വര്‍ണ
ചിറകുകളുമേന്തി ഞാന്‍
നിന്നിലേക്കെത്തുന്നു...
അരുണോദയത്തിന്‍റെ ചാരുതയില്‍
നീ ഒളിച്ചിടുമ്പോഴും ,
ഇടക്കണ്ണിലൂടെ നിന്‍റെ നോട്ടം
ഞാന്‍ മാത്രമറിഞ്ഞിടുന്നു,
എന്നില്‍ നുണക്കുഴികള്‍ തീര്‍ക്കുന്നു..
സ്ഥായിയായ പുഞ്ചിരി അത് 
നിനക്കുമാത്രം അവകാശപ്പെട്ടതാണ്..
എനിക്ക് നിന്നെ പുല്‍കാനുള്ള,
നീ ഭൂമിയിലേക്കിറങ്ങി വരുന്ന 
പ്രണയ മഴ ഇനിയെപ്പോഴായിരിക്കും?
എന്‍റെ ഹൃദയത്തിന്‍റെ ചുവപ്പില്‍ 
നീ എന്നും തിളങ്ങുന്നു,
ഈ അരിവാളിനും ചുറ്റികയ്കും മുകളില്‍ ...
വെണ്‍പട്ടു പാവാടയുടുത്ത്,
വെള്ള മുക്കുത്തിയും കുത്തി,
ആകാശത്തിലെ രാജകുമാരിയായി
നീ വരുന്ന അടുത്ത ശിവരാത്രിക്കായി
ഞാന്‍ കാത്തിരിക്കുന്നു......