Tuesday, 22 January 2013

ചുവന്ന പനിനീര്‍പ്പൂവ്


എനിക്കും അവള്‍ക്കുമിടയിലെ
അനന്തമായ അകലം...
അതു വായിച്ചറിയാന്‍ ഞാനാ
അകലത്തിലൂടെ
സഞ്ചരിക്കാന്‍ തുടങ്ങി...
സ്നേഹത്തിന്‍റെയും പ്രത്യാശയുടേയും
ചിരകിലൂടെ യാത്രയാരംഭിച്ചപ്പോ
ദൂരം കുറഞ്ഞു കുറഞ്ഞ് 
അവളെ എന്നിലേക്കെത്തിച്ചു..
കണ്ണടച്ചു തുറന്ന് ധ്യാനിച്ചപ്പോ
അവളുടെ പൂന്തോട്ടത്തിനു മുന്നില്‍... ....
വിരിഞ്ഞു കിടക്കുന്ന പനിനീര്‍പ്പൂക്കളാകാം
അവളുടെ മനസ്സിന് നൈര്‍മല്യതയുടെ
കയ്യൊപ്പ്‌ ചാര്‍ത്തി കൊടുത്തത്...
അവളുടെ മുന്നിലെത്താന്‍ പിന്നെയും കടമ്പകള്‍ ....
അതിക്രമിച്ചു കടക്കരുതെന്ന ബോര്‍ഡും,
മുള്ളുവേലിയും ,
പിന്നെ ചൈതന്യത്തെ കാത്തുസൂക്ഷിക്കുന്ന
കവചം പോലെ പനിനീരിന്റെ മുള്ളുകളും...
എല്ലാം കടന്നവിടെയെത്തി...
ഒരു ചുവന്ന പനിനീര്‍പ്പൂ ചോദിച്ചു അവളോട്‌... ....
ഇവിടെ ചുവന്ന പനിനീര്‍പ്പൂവില്ല എന്ന
അവളുടെ നിസ്സഹായതയില്‍ പൊതിഞ്ഞ മറുപടി...
ഞാന്‍ തിരിച്ചു നടന്നു,
വെറുംകയ്യോടെ . ....
പനിനീര്‍, മുള്ളുകൊണ്ടെന്നെ കൊളുത്തി വലിച്ചു...
വെള്ള നിറമുള്ള പനിനീരിനെ 
ഹൃദയരക്തത്തില്‍ മുക്കി
അവളെന്‍റെ നേര്‍ക്ക് നീട്ടി....

അവളും നെല്ലിമരവും....


എന്‍റെ വീടിനടുത്തുള്ള പടര്‍ന്നു
പന്തലിച്ച നെല്ലിമരത്തെ
ഞാന്‍ ശ്രദ്ധിച്ചതേയില്ല. . . .
എന്നെക്കാളും പ്രായമുള്ള,
എന്‍റെ തൊട്ടടുത്ത് നിന്ന്
വളര്‍ന്നു കൊണ്ടിരുന്ന 
ആ മരത്തെ കാണിച്ചു തരാന്‍
അവള്‍ വേണ്ടിവന്നു...
"ആ നെല്ലിമരത്തിനടുത്തല്ലേ
 നിന്‍റെ വീട് "
നിഷ്കളങ്കതയില്‍  ഊന്നിയ ചോദ്യം
എന്നെ ഓര്‍മകളിലൂടെ പിറകോട്ട്
നടത്തിച്ചു...
നഷ്ടസ്വര്‍ഗത്തില്‍ ഒന്നു മുങ്ങിത്തപ്പി
തിരിച്ചു വന്നപ്പോഴേക്കും
എന്‍റെ ഐഡന്‍ടിറ്റി
സ്വന്തംപേരില്‍നിന്നും,
വീട്ടില്‍ നിന്നും ,അടര്‍ത്തിമാറ്റി
അവളാ നെല്ലിമരത്തില്‍ തറപ്പിച്ചു...
ഇന്നെന്നെ ആ നെല്ലിമരം
മാടിവിളിക്കുന്നു...
അതിലേക്കുള്ള വഴിയില്‍
വഴിതെറ്റിക്കാതെ മായാതെ
അവളുടെ കാലടികളും...
അന്യമാകുന്ന സ്നേഹത്തെ 
തന്‍റെ ഓരോ ഭാഗത്തും 
പാര്‍പ്പിച്ച മനുഷ്യനെ പോല്‍
ആ നെല്ലിമരം നിന്നു..
എന്നെ നോക്കി ചിരിച്ചു...
ഞാനും ചിരിച്ചു..
അവളും...

വാക്കുകള്‍....


ഞാനൊരു അന്തര്‍മുഖനായിരുന്നു....
കാലത്തിന്‍റെ കുത്തൊഴുക്കില്‍ 
വാക്കുകള്‍ ഉള്ളില്‍ തളം കെട്ടി കിടന്നു..
അവിടെ കളിതോണിയുടെ മേലാപ്പുമണിഞ്ഞു 
എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിഞ്ഞു..
മഴയില്‍ നനയാതെ,
വെയിലിലുരുകാതെ,
മഞ്ഞില്‍ അലിയാതെ,
പുറംലോകം കാണാതിരുന്നു. .. .
എന്തിനോ,
ആരുടെയോ വിളിയും കാത്ത്..
നിശബ്ദതയും അതു പകര്‍ത്തിയ
ചിരിയുമായിരുന്നു എനിക്കറിയാവുന്ന 
ഒരേയൊരു ഭാഷ...
നീ വന്ന് എന്‍റെ ഹൃദയത്തെ
പിടിച്ചു കുലുക്കിയപ്പോ,
മരവിച്ചു കിടന്ന വാക്കുകളിലൂടെ
രക്തമോടി,അതിനെ ജീവിപ്പിച്ചു..
മൌനം വാചാലതയ്ക്ക് വഴിമാറി..
ഉള്ളില്‍ അലസമായലഞ്ഞിരുന്ന 
വാക്കുകള്‍ പുറത്തേക്കൊഴുകി-
ചര്‍ദ്ദിലുകളായി,കവിതയായി,
പിന്നെ ഞാനായി,
നിന്നിലേക്കലിഞ്ഞു ചേരാനായി....