Tuesday, 16 October 2018

പരാജിതൻ


അവൻ വിജയിച്ചവൻ ആയിരുന്നു..
എല്ലാരുടേം മുന്നിൽ,
രാത്രിയിൽ അവൻ കാണുന്ന സ്വപ്നങ്ങളിൽ..
അവസാനത്തെ കുളിയും
കഴിഞ്ഞു വാഴയിലയിൽ
കിടത്തിയപ്പോ , അടുത്തുള്ളവർ
പിറു പിറുത്തു..
'അവന്റെ തലയിൽ വിജയിച്ചവന്റെ
തൊപ്പിയുണ്ടോ??
നോക്ക് അവന്റെ
നാവനങ്ങുന്നുണ്ടാവണം..'
ആരൊക്കെയോ ആകാശത്തു നോക്കി,
അതാ കാക്ക മലർന്നു പറക്കുന്നു..
കാക്കകളുടെ കൂട്ടക്കരച്ചിൽ,
അതിലും മികച്ച അന്ത്യയാത്ര
സ്വപ്നം പോലും കണ്ടു കാണില്ല..
ആർക്കും വേണ്ടാതെ പിറന്നവൻ,
ആദ്യമായി ശബ്ദമില്ലാത്തവനായി..
പകരം വീട്ടാനെന്ന വണ്ണം
അനൗൻസ് മെന്റ് വണ്ടികൾ
മത്സരിച്ചു പോകുന്നു .
യാത്രാമൊഴി നൽകുവാൻ
വന്നവരൊക്കെ അവന്റെ തുറന്ന
കണ്ണിലേക്ക് നോക്കി,
പൂർത്തിയാവാത്ത ആഗ്രഹങ്ങളുടെ
തീക്ഷ്ണത അതിൽ ജ്വലിക്കുന്നുണ്ടായിരുന്നു..
ഇനി യാത്രയാണ് ,
മണ്ണിലേക്ക്, ജീവനില്ലാത്ത
ലോകത്തിലേക്ക്..
അവിടെ ചെന്ന് നിഴലിനോട്
പറയാം , നടക്കാത്ത ഒരായിരം ആഗ്രഹങ്ങളുടെ കഥ...

കാട്..

ഉള്ളിൽ ഒരു കാട് പൂക്കുന്നുണ്ടായിരുന്നു..
ഇത്രേം കാലമായിട്ടും പൂക്കാതെ,
നിശബ്ദമായി വളർന്ന കാട്. 
എവിടെയാണ് അതിന്റെ വേര്,
ഹൃദയത്തിന്റെ അടുത്തായിട്ടായിരുന്നു.
ആഴ്ന്നിറങ്ങിയത് കൊണ്ട് വേരിൽ
രക്തം പൊടിഞ്ഞു കിടക്കുന്നു.
ശാഖകൾക്കൊക്കെ എന്നിലേക്ക്
പടർന്ന് കിടക്കാനുള്ള അഭിനിവേശം പോലെ തോന്നി..
എല്ലാ കൊമ്പിലും മനോഹരമായ
മഞ്ഞപ്പൂക്കൾ.
പൂക്കൾക്ക് അതിശയിപ്പിക്കുന്ന മണമായിരുന്നു.
ആ മരമിപ്പോൾ എന്നെക്കാൾ
വളർന്നിരിക്കുന്നു.
പേരില്ലാത്ത കാടിനു ഒരു പേരിടാൻ പറഞ്ഞെങ്കിൽ സംശയമില്ലാതെ
ഞാൻ നിന്റെ പേരിടുമായിരുന്നു..
എങ്ങു നിന്നോ ഒരു കാറ്റിന്റെ ശബ്ദം
കേൾക്കുന്നു.
ചെവിയിലെ ശബ്ദത്തിന്റെ തീവ്രത
കൂടി കൂടി വരുന്നു.
 എന്നെ ലക്ഷ്യമിട്ടു വരും പോലെ.
ഞാൻ പേടിച്ചരണ്ട കണ്ണു
തുറന്ന് നോക്കി.
കാട് നന്നായി ഉലഞ്ഞു കൊണ്ടിരിക്കുന്നു...

തണുപ്പിന്റെ ഗന്ധം...

ആരും ഉറങ്ങാത്ത ഒരു നേർത്ത ഇടവഴി അങ്ങ് തെളിഞ്ഞു കിടപ്പുണ്ട്..
ആഗ്രഹിക്കാതെ തന്നെ ഞാൻ ആ വഴിയിലെത്തിപ്പെട്ടു..
 മഴപ്പാറ്റലുകളുടെ കിതപ്പ് ചെവിയിൽ ഇങ്ങനെ താളം കൊട്ടി കൊണ്ടിരിക്കുന്നു..
കണ്ണു മൂടുന്ന മഞ്ഞ് ഇരുട്ടായി വഴി മൂടുന്നു...
എങ്ങ് നിന്നോ നിറയുന്ന തണുപ്പിന്റെ മണം
എന്റെ  മൂക്കിൽ നിറയുന്നു..
പതിയെ പതിയെ ഞാൻ ഒരു നേർത്ത വരയായി വിദൂരതയിൽ അലിഞ്ഞു ചേരുന്നു...

എട്ടുകാലി..


വീണ്ടും വീണ്ടും ആത്മഹത്യ
ചെയ്യുന്നവൻ ഞാൻ...
ഞാൻ മരിച്ചവനാണോ,
അതോ മരണമില്ലാത്തവനോ..
അവസാനമില്ലാത്ത സമയ
താളങ്ങളിൽ ഞാനെന്റെ
ഇരയെ തേടുകയാണ്..
ഇന്ന് നീ എങ്കിൽ ,
നാളെ മറ്റൊരാൾ..
ഇന്നില്ലാതെ നാളെ ഉണ്ടോ..
നീ എന്റെ അവസാനത്തെ ഇരയാണ്..
വലകളിൽ കൊത്തിയ ഇരകളിൽ
ചാവരുത് എന്നാഗ്രഹിച്ച ഇര നീ മാത്രമാണ്...
ഞാൻ നെയ്ത വലകൾ നിന്റെ മുന്നിൽ
അശക്തമാണ് ..
നീ മുറിച്ചു പോകുന്ന ഓരോ
വലകളും എന്റെ ആത്മഹത്യ
നരമ്പുകളാണ്. ..
വർണരാജികളിൽ നെയ്ത
മഴവിൽ നൂലുകളിൽ
ഞാനെന്റെ ജീവിതം
കാണുകയാണ്...
അങ്ങെവിടെയോ ഏതൊക്കെയോ
ജീവിതങ്ങൾക്കിടയിൽ
ഞാൻ അന്യനായി കൊണ്ടിരിക്കുകയാണ്..


മൂളലുകൾ..

ആർക്കൊക്കെയോ വേണ്ടി പൂക്കുന്ന പകലുകൾ.. അതിലെവിടെയോ അവന്റെ മനസ്സും പൂത്തു.. തോൽക്കുന്നത് വരെ പ്രതീക്ഷിക്കാല്ലോ.. അത് ശരിയാ.. പ്രതീക്ഷിച്ചു ഇത് വരെ എത്തി..പക്ഷെ അന്നെങ്ങും തോൽക്കും എന്ന കാര്യം പോലും ചിന്തിച്ചിരുന്നില്ല.. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ തിമിർത്തു പെയ്തു മഴയ്ക്കൊപ്പം വന്ന ഇടിമിന്നലോടെ ആയിരുന്നു ആ പേടി കുമിൾ പോലെ പൊട്ടി മുളച്ചത്.. തോൽവി.. എന്റെ സ്വന്തമാണെന്ന അഹങ്കാരം ഇനി സ്വപ്നങ്ങളിൽ മാത്രമായി പോകുമോ.. എന്തായാലും ആരു എന്ത് ചെയ്താലും സ്വപ്നങ്ങൾ തട്ടിയെടുക്കാൻ പറ്റില്ലല്ലോ.. സ്വപ്നങ്ങൾ വിറ്റു ജീവിക്കാൻ പറ്റുമെങ്കിൽ ഞാൻ ഇന്ന് ആ ജോലി തെരഞ്ഞെടുക്കുമായിരുന്നു.. മനസ് വിറച്ചു വിറച്ചു മുന്നോട്ട് പോകുകയാണ്... എവിടെ എത്തുമെന്നറീല്ല....അവൾ പറയും പോലെ കാക്കയെ പോലെയും കൊക്കിനെ പോലെയും കരയാൻ പറ്റുന്ന ജന്മമല്ലേ..എങ്ങനെയെങ്കിലും കാറി കൂവി നിലവിളിച്ചു പോകും.. നിലവിളികൾക്ക് മടുക്കുന്ന ഒരു ദിവസമെത്തില്ലെ.. വാക്കുകൾ ചിത്രശലഭമായി പൂക്കുന്ന അന്ന് എന്റെ ഓർമകൾക്ക് മുന്നിൽ നൃത്തം ചെയ്യുന്ന മരണമില്ലാത്ത ഈച്ചകളുടെ മൂളലുകളുടെ ശബ്ദമാവണം എന്റെ ചെവിയിൽ ഇപ്പൊ നിറഞ്ഞു കൊണ്ടിരിക്കുന്നത്.. 

കളിപ്പാവ




കയ്യിൽ കിട്ടുമ്പോ അതിനു
ജീവനില്ലായിരുന്നു...
അതൊരു പാവയായിരുന്നു..
കേവലമൊരു പാവ..
ബാറ്ററിയിൽ മാത്രമോടുന്ന
ഒന്ന്...
അവനു അത്രേം ഇഷ്ടമായിരുന്നു,
യന്ത്രത്തിലൊടുന്ന അതിന്
കരള് പറിച്ചു കൊടുക്കുവാനും
അതിനു ജീവൻ വെപ്പിക്കാനും..
ഉയിരിന്റെ ഉയിരു കൊടുത്തു
അവൻ അതിനു പറിച്ചു നൽകിയത്
പാതിജീവനായിരുന്നു..
വികാര വിചാരങ്ങളില്ലാതിരുന്ന
കളിപ്പാവക്ക് ഋതുഭേദങ്ങൾ
നവാനുഭൂതിയായി...
ഏതോ ശരത്കാലത്ത്
പൂത്ത ചിത്രശലഭങ്ങളോട് ആ
കളിപ്പാവക്ക് അവസാനിക്കാത്ത
കഥകൾ പറയാനുണ്ടായിരുന്നു...
കണ്ണുകളിൽ പൂത്ത നിശാഗന്ധികൾക്ക്
ഒരായുസിന്റെ കാന്തി
ഉണ്ടായിരുന്നു..
എല്ലാം ഒത്തിണങ്ങി ഓജസ്സു
വന്നപ്പോ പാവ ഒത്തൊരു
മനുഷ്യസ്ത്രീയായി...
വിചാരങ്ങളും വികാരങ്ങളുമുള്ള
മനുഷ്യസ്ത്രീയായി
ഏതോ വിഷമസന്ധിയിൽ
കാടുലഞ്ഞു..
പേമാരിയിൽ അവനും
ഒലിച്ചു പോയിരുന്നു..
മഴ മായ്ച്ച കാൽപ്പാടുകളിൽ
അവനും ഇല്ലാതായി..
പുനർജനിയുടെ ഏതോ യാമങ്ങളിൽ
അവൾ നവജാതശിശുവായി തോന്നപ്പെട്ടു..
പഴയ പാവയെ അവളും
മറന്നു പോയിരുന്നു...
നിഴലുകൾ പോലും
അപരിചിതമായിരുന്നു...