Friday 17 June 2016

വെട്ടിയിട്ട വഴി

വെട്ടിയിട്ട ഓരോ വഴിയിലും
എന്തിന്‍റെയോക്കെയോ മരണത്തിന്‍റെ
മണമുണ്ട്...
മുന്നോട്ടാഞ്ഞ ഓരോ കുതിപ്പിലും
കിതച്ചു കൊണ്ട് ഞാന്‍
തേടിയ കാലടികളുണ്ടായിരുന്നു..
പതിഞ്ഞുറഞ്ഞ ആ അടയാളത്തിനു
മുകളില്‍ ഇറ്റിറ്റു വീണ ഓരോ മഴത്തുള്ളിയും
അതിനെ ഒരു കൊച്ചുതുരുത്താക്കി..
ആ തുരുത്ത് കടലാസ് തോണിക്ക്
ഒരു വല്യപുഴയായി മാറി..
എന്‍റെ കിതപ്പിനപ്പുറം,
അതൊരു വലിയ തുരുത്തായി
മാറിക്കൊണ്ടിരുന്നു..
അതിനപ്പുറം പൂത്ത നിശാഗന്ധിക്ക്
എന്‍റെ പ്രണയത്തിന്റെ മരണത്തിന്‍റെ
മണമുണ്ടായിരുന്നു...

Tuesday 14 June 2016

Identity Crisis

Identity Crisis.. ഈ അടുത്താണ് ഇങ്ങനെയൊരു പ്രയോഗം കേട്ടത്.. ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉള്ള വാക്ക്.. ശരിക്കും ഞാന്‍ ഇന്നതാണ് എന്നതിനപ്പുറം ഞാന്‍ എന്തല്ല എന്ന് പറയുന്ന വാക്ക്.. കാഴ്ച്ചപ്പാടിനും പ്രയോഗത്തിനും ഇടയില്‍ കിടക്കുന്ന പ്രക്ഷുബ്ധമായ നിശബ്ദത.. ഈ ഭേദിക്കാന്‍ പറ്റാത്ത നിശബ്ദത തന്നെയാണ് ഇതിന്‍റെ ആഘാതവും കൂട്ടുന്നത്.. മനസിലാക്കപ്പെടാത്ത സ്നേഹത്തിനു വീട്ടില്‍ നിന്നും, തിരിച്ചറിയപ്പെടാത്ത പ്രണയത്തിന് പ്രിയപ്പെട്ടവളില്‍ നിന്നും , വ്യവസ്ഥിതികളോട് തര്‍ക്കിക്കുമ്പോള്‍ അടഞ്ഞ സമൂഹത്തില്‍ നിന്നും ചാര്‍ത്തി കിട്ടുന്ന ഉപഹാരം.. മഞ്ഞുരുക്കാന്‍, ഒതുക്കിവച്ച ചിറകുകള്‍ വിടര്‍ത്താന്‍ , സ്വയം നവീകരിച്ചുകൊണ്ടിരിക്കാന്‍ Identity Crisis അനുഭവിക്കേണ്ട ഒരവസ്ഥ തന്നെയാണ്

Saturday 11 June 2016

തിരിച്ചു വരവ് ...




പച്ചപ്പ്‌ വാരിയെറിഞ്ഞ കാട്ടില്‍ എനിക്ക് ചലനമറ്റു കിടക്കണം.. വന്യതയെ കീറിമുറിക്കുന്ന കാറ്റാല്‍ പുണരണം.. അവസാനത്തെ ചോരയും അട്ട വലിച്ചു കുടിക്കണം.. ശരീരത്തിലെ ഓരോരോ ഭാഗവും ഉറുമ്പും പുഴുവും ചേര്‍ന്നരിക്കട്ടെ.. ഉദിച്ചു നില്ക്കു ന്ന ചുവന്ന സൂര്യന്‍ എനിക്കവസാനത്തെ ചുംബനവും നല്കട്ടെ.. ആരുടേതുമല്ലാത്ത ഈ മാമലകള്‍ പ്രതീക്ഷകള്‍ക്ക് അവസാനമിട്ട് ഇനി ഒരു ജീവിതമില്ലെന്ന ശാശ്വത സത്യം എന്റെ മനസ്സില്‍ കുത്തിക്കുറിക്കട്ടെ.. കുത്തനെ വീഴുന്ന മഴത്തുള്ളികള്‍ എന്റെു കണ്ണടപ്പിക്കട്ടെ.. ഒരിക്കലും അവസാനിക്കാത്ത ഉറവയില്‍ നിന്നുവരുന്ന ജലധാര എന്നെ ഒഴുക്കി കൊണ്ട് പോകട്ടെ..ഒരായിരം കാട്ടുപൂക്കള്‍ എനിക്ക് യാത്രയയപ്പ് നല്കട്ടെ.. നിറഞ്ഞ ഇരു ചെവികളിലും പുഴയേക്കാള്‍ മനോഹരമായി ഒഴുകുന്ന നിന്‍റെ നില്‍ക്കാത്ത സംസാരം മുഴങ്ങി കേള്‍ക്കുന്നു.... അത് ചിലപ്പോ എന്നെ ഉണര്‍ത്തിയെഴുന്നേല്‍പ്പിക്കുമായിരിക്കും ..

Friday 3 June 2016

നീ ..

അകലവും അടുപ്പവും എത്രയാണെന്ന് തിട്ടപ്പെടുത്താനുള്ള മാന്ത്രിക വടി കയ്യിൽ ഇല്ലെങ്കിലും എനിക്ക് ചുറ്റും നീ വരച്ചിടുന്ന അദൃശ്യമായ ആകർഷണ വലയം ഞാൻ തിരിച്ചറിയുന്നു .. ഗുരുത്വ കേന്ദ്രത്തിലെ നിന്റെ സ്ഥിര സാന്നിധ്യം എന്നെ ഇനിയും വഴി തെറ്റാതെ കറക്കി കൊണ്ടിരിക്കട്ടെ .