Monday, 30 November 2015

ചെങ്കുത്തായ പാത ...

   എനിക്കും അവള്‍ക്കുമിടയില്‍ ചെങ്കുത്തായ കുത്തനെയുള്ള പാത ..  അവളിലേക്കെത്താനായി  ഞാന്‍ ആ  ഇടുങ്ങിയ  പാത  കയറാന്‍ തുടങ്ങി.. തൊടാതെ തന്നെ കൂമ്പിപോയ്ക്കൊണ്ടിരുന്ന തൊട്ടാവാടി ചെടികള്‍.. പെട്ടെന്നെവിടുന്നോ വന്ന് ഇടതു ചെവിയില്‍ കനത്തില്‍ മൂളി  എന്‍റെ ഇന്ദ്രിയങ്ങള്‍ മരിച്ചു പോയില്ലെന്നു തെളിയിച്ച  കരിവണ്ടുകള്‍... അവള്‍ നിശ്ചലയാണ്.. ഞാന്‍ ചലനത്തിന്‍റെ പേര് കണ്ടെത്തിയിട്ടില്ലാത്ത രൂപമായി മാറിയിരുന്നു.. അവളുടെ പിറകില്‍ നൂറു മഞ്ഞ കോളാമ്പികള്‍ ഒരുമിച്ചു വിടര്‍ന്നു നിന്നു.. "ഇല്ല കോളാമ്പി, നിന്നെ അയച്ചവരോട് പോയി പറയുക ,, ഇനിയെന്‍റെ ഋതുഭേദങ്ങള്‍ ഇവളാണ്.. നാലു പെരുവിരലുകളുടെ  പൂജ്യം അകലത്തില്‍ നമ്മള്‍ നിന്നു.. ശരീരം മുഴുവന്‍ നിറഞ്ഞ വിയര്‍പ്പുതുള്ളികളില്‍ ഞാന്‍ കളവിനെ മണത്തു..  ഞാന്‍ കാണാത്ത അഗാധതകളുടെ എതറയിലാണ് നീ സത്യത്തെ ഒളിപ്പിചു വച്ചത്??? ഞാനവളെ ആലിംഗനം ചെയ്തു.. കുതറി മാറാനാകാത്ത വിധത്തില്‍ ഞാന്‍ കരുത്തോടെ നിന്നു..ജീവന്‍ നിലനിര്‍ത്താനുള്ള ശ്വാസത്തിന്റെ പിടച്ചില്‍ വണ്ടിന്‍റെ മുരളിച്ചയേക്കാള്‍ കനത്തില്‍  ചെവിയില്‍ പതിച്ചു.. ഏതാനും ശ്വാസം മാത്രം  ഉള്ളില്‍ കിടന്നപ്പോ അവള്‍ പറഞ്ഞു, "ഞാന്‍ നിന്നെ സ്നേഹിക്കുന്നു". ഈ മണ്ണിനും ആകാശത്തിനുമിടയില്‍ മുഴങ്ങിയ ഏറ്റവും  വലിയ സത്യമായിരുന്നു അത് .. ഞാന്‍ പിടിവിട്ടു .. 
              അവള്‍ കൂടുതല്‍ സ്വതന്ത്രയായി കാണപ്പെട്ടു..  വിയര്‍പ്പിന്‍റെ  മണവും മാറി..  നമ്മള്‍  പതുക്കെ ,  ഒരുമിച്ച് ആ ചെങ്കുത്തായ  പാതയിറങ്ങാന്‍ തുടങ്ങി ...
നിന്റെ നഗ്നതയല്ല എനിക്കിഷ്ടം ,
നിന്റെ ആടയാഭരണങ്ങളല്ല എനിക്കിഷ്ടം ,
നേരിൽ പൊതിഞ്ഞ നിന്റെ സ്നേഹമാണെനിക്കിഷ്ടം..


Saturday, 21 November 2015

മൂന്നു യാത്രകള്‍

മൂന്നു യാത്രകളുടെ ദിവസമായിരുന്നു ഇന്നലെ(നവംബര്‍ 10) ...

1. സൗഹൃദത്തിന്റെ ഊഷ്മളത വിളിച്ചോതി ഗ്രാമീണതയുടെ പച്ചപ്പിലൂടെ ഇളംകാറ്റു കൊണ്ടുള്ള യാത്ര .. 

2. പുതിയ പ്രതീക്ഷകളും പുതിയ ആകാശവും തേടിക്കൊണ്ടുള്ള പ്രവാസ ജീവിതത്തിലേക്കുള്ള രാകേഷിന്റെ യാത്രാ തുടക്കം.. എല്ലാവിധ ആശംസകളും 

3. ഉണർവിനു വേണ്ടിയുള്ള ഒരു അന്യ സംസ്ഥാന 'വനവാസ' യാത്ര ..
ജീവനവും അതിജീവനവും തുടിക്കുന്നു,തുടിച്ചു കൊണ്ടിരിക്കുന്നു..


പ്രകാശം,മനസ്സ്,പ്രണയം ...

കലങ്ങി മറിഞ്ഞ മനസ്സ് ഇരുണ്ടവെളിച്ചത്തില്‍ ഒരു മെഴുകുതിരി നാളത്തിനായി തേടി.. ചെടിച്ചട്ടിയിലെ പനിനീര്‍ വാടിതളര്‍ന്നു... രോമങ്ങള്‍ പൊഴിച്ച് വെള്ളപ്പൂച്ച ചാക്കില്‍ വീണ്ടും ക്ഷീണിച്ചു കിടന്നു.. ഇടവഴിയില്‍ ഇരുവശവും നിന്ന കള്ളിമുള്‍ച്ചെടി ഏകയായി പ്രിയ കൂട്ടുകാരനു യാത്രാമൊഴി നല്‍കി.. തൊട്ടടുത്ത കാക്കക്കൂട്ടില്‍ മുട്ടയിട്ട കള്ളിക്കുയില്‍ അവനെനോക്കി കണ്ണിറുക്കി.. 
നടന്നകന്ന വഴിയോരങ്ങളില്‍ പതിച്ച കാലടികളില്‍ വെയിലിനൊപ്പം വന്നമഴ ചുംബിച്ചു.. ഗ്രഹാതുരത്വവും ഒറ്റപ്പെടലിന്‍റെ തീവ്രതയും , വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകളും പിറകില്‍ വച്ച് അവന്‍ കടല്‍ത്തീരത്തേക്ക് നടന്നകന്നു..
തീരവും കടലും - അത് പലതിന്റെയും ബിംബങ്ങളാണ്.. പ്രണയത്തിന്റെ ചലനമറ്റ ഒന്നാം പകുതിയാണ് കര.. തന്‍റെ ഓരോരോ തരികളിലും പ്രതീക്ഷകളുടെ ഭാരം കുത്തിനിറച്ച വലിയൊരു പിണ്ഡമാണ് കര.. കാത്തിരിപ്പിന്‍റെ ഒരിക്കലും മടുക്കാത്ത പ്രണയസ്തൂപം..
പ്രണയത്തിന്‍റെ അതിചലനമുള്ള രണ്ടാം പകുതിയാണ് കടല്‍. വികാരവിസ്ഫോടനങ്ങളുടെ ആണ്‍രൂപം.. നോക്കെത്താദൂരത്തോളം നീലിച്ചു നില്‍ക്കുന്ന ആണ്‍ പരപ്പ്..
കരയുടെയും കടലിന്‍റെയും ഒത്ത നടുവില്‍ രണ്ടു നിലനില്‍പ്പുകളുടെയും ഏറ്റവും കടുത്ത സംവേദകനായി അയാള്‍ നിന്നു.. യാത്ര അവസാനിപ്പിക്കാനുള്ള തുടക്കത്തിലായിരുന്നു അയാള്‍.. ഇരമ്പിയാര്‍ത്തു വന്ന കടല്‍ തന്‍റെ പെണ്‍ ജീവനെ പുണര്‍ന്നു.. തന്‍റെ കാല്‍ചുവടില്‍ അനുഭവിച്ചറിഞ്ഞ ആ പ്രണയ സാമീപ്യം, പ്രണയ സ്പര്‍ശം അയാളെ വീണ്ടും ഉണര്‍ത്തി.. ഒരു പുതിയ യാത്രാത്തുടക്കം.
അങ്ങകലെ ട്രെയിനിന്‍റെ ചൂളംവിളി.. കുത്തനെ വീണു കൊണ്ടിരുന്ന മഴത്തുള്ളികള്‍ക്കൊപ്പം അയാള്‍ തിരിച്ചു നടന്നു.. വിണ്ടുകീറിയ മാനത്ത് പ്രകാശത്തിന്റെ ഒളി മിന്നി

അപരിചിതത്വം ...

അപരിചിതത്വത്തിന്‍റെ സര്‍വ്വ ശക്തിയും സംഹരിച്ച് അവള്‍ ആഞ്ഞുതുപ്പി .. നുരഞ്ഞു വന്ന തുപ്പലില്‍ ഞാന്‍ എന്നെ കണ്ടു . കരയുന്ന എന്നെ , ചിരിക്കുന്ന എന്നെ, ഫിലോസഫി പറയുന്ന എന്നെ ,വാശി പിടിക്കുന്ന എന്നെ,പ്രണയിക്കുന്ന എന്നെ,നിഷ്കളങ്കത തേടുന്ന എന്നെ.. എല്ലാ തഴയലുകളും ഒരുമിച്ചു വെള്ളത്തുള്ളികളായി പതഞ്ഞു പൊങ്ങി എന്നെ വിഴുങ്ങാന്‍ തുടങ്ങി... മൂകസാക്ഷിയായി അവള്‍ നിന്നു ...