Sunday 29 May 2016

കഥ...

കുത്തിപൊട്ടിച്ച ഒരുപാട് പേനകളുടെ ശാപവും പേറിയാണ് അയാള്‍ ആ കഥ തുടങ്ങിയത്.. ചര്‍ദ്ദിച്ചു തെറിച്ച മഷിക്കൂട്ടില്‍ സ്ഫുടം ചെയ്ത കഥയില്‍ അവള്‍ ഒരു കവിതയായി വിരിഞ്ഞു..നേരരിഞ്ഞ ഒരാണായി അവനും.. പച്ചയായ ജീവിതത്തിന്‍റെ എല്ലാ സങ്കീര്‍ണതയും നിറഞ്ഞ പ്രണയം.. ജീര്‍ണത ബാധിച്ച ജാതി വ്യവസ്ഥ അകാല വാര്‍ധക്യത്തിലും കരുത്തോടെ തല ഉയര്‍ത്തി നിന്നു.. സാമൂഹിക- സാമ്പത്തിക അളവ് കോലും കൊണ്ട് മൂത്ത കാരണവന്മാരും,ഇളയ കാരണവന്മാരും പോരാട്ടം തുടങ്ങി..പോര്‍നിലങ്ങളിലും അതിര്‍ത്തി നിര്‍ണയങ്ങളിലും രണ്ടു പേരും അചഞ്ചലരായി നിന്നു.. സമയത്തിന്‍റെ ചാഞ്ഞു ചെരിഞ്ഞുള്ള പോക്കിലാണ് ആ മാറ്റം കാണാന്‍ തുടങ്ങിയത്.. പ്രണയത്തെ ഒറ്റിക്കൊടുത്ത്, കാലത്തെ കൊഞ്ഞനം കുത്തിയുള്ള നായകന്‍റെ മെല്ലെ മെല്ലെയുള്ള തിരിഞ്ഞു നടത്തം.. ഇടവപ്പാതി തോര്‍ന്ന ചെമ്മണ്ണ്‍ പാതയില്‍ നിന്ന് ഒലിച്ചിറങ്ങിയ മണ്ണിന് ചതിയുടെ മണമുണ്ടായിരുന്നു.. മൂടിവെച്ച ആഗ്രഹങ്ങളുടെ മറയില്‍ നിന്ന് പുറത്തു വന്ന വില്ലന്‍ എഴുത്തുകാരന്‍ ആയിരുന്നു.. പ്രണയത്തെ വഞ്ചിച്ച് അച്ചാരം വാങ്ങിച്ച് നായകന്‍ അടുത്ത കടവ് തോണിയില്‍ പുതിയ കഥയിലേക്കുള്ള സഞ്ചാരത്തിലായിരുന്നു.. ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ അറിയപ്പെടാത്ത ഒരു ഭാവത്തിലായിരുന്നു എഴുത്തുകാരന്‍.. താന്‍ തേടിയ പ്രണയം ഒരുപാട് കാലത്തെ രൂപകല്പനയില്‍ വിരിഞ്ഞ നായികയില്‍ കണ്ടെത്തിയ എഴുത്തുകാരന് കഥയെക്കാളുപരി തന്നോട് നീതി പുലര്‍ത്തി എന്ന ചാരിതാര്‍ത്ഥ്യം ഉണ്ടായിരുന്നിരിക്കണം.. അവള്‍ കരുത്തയായിരുന്നു.. തന്‍റെ പിന്നില്‍ വീണടിഞ്ഞ നഷ്ടങ്ങളുടെ ഇലപൊഴിയലില്‍ അവള്‍ തകര്‍ന്നില്ല.. എന്തിനേയും നേരിടാനുള്ള മനക്കരുത്തില്‍ എഴുത്തുകാരനേയും പിന്തള്ളി മുന്നോട്ട് നടന്നു.. തകര്‍ത്തെറിഞ്ഞ പ്രണയത്തിന്‍റെ അവശിഷ്ടങ്ങളില്‍ നോക്കി ഒരു നെടുവീര്‍പ്പിടാനുള്ള ശേഷി പോലും ബാക്കി ഉണ്ടോ എന്നാലോചിച്ച് എഴുത്തുകാരന്‍ തരിച്ചു നിന്നു...

Tuesday 24 May 2016

മുന്തിരിവള്ളി

തിരിഞ്ഞു നോക്കാതെ നീ നടന്ന ഓരോ കാലടികളും എനിക്ക് നിന്നിലേക്കുള്ള പ്രണയത്തിന്‍റെ അടയാളങ്ങളാണ്.. നീ മറന്നു വച്ച കാലടികളിലൂടെ എന്‍റെ മുന്തിരിവള്ളികള്‍ പടര്‍ന്നു പന്തലിച്ചു.. പൂത്തു കായ്ച്ച മുന്തിരിവള്ളികള്‍ക്ക് മുന്നിലൂടെ നീ പിന്നേം പിന്നേം നടന്നു.. ഒരു മഴയും വേനലും പോറലേല്പ്പിക്കാതെ, ആ സ്മാരകശിലയ്ക്ക് ഞാന്‍ കാവല്‍ നിന്നു.. എവിടെയാണ് നീ?
മിടിക്കുന്ന ഓരോ തുടിപ്പിന്റെ ഇടവേളകളിലും നീ ഓര്‍ക്കപ്പെടുന്നു.. കായ്ച്ച ഓരോ മുന്തിരിയിലും എന്‍റെ സ്നേഹം കടം കൊണ്ടിരിക്കുന്നു,ആ മുന്തിരിയുടെ മധുരത്തരികളിലൂടെ നീ എന്നെ അറിയട്ടെ.

Tuesday 3 May 2016

ജിഷ



കണ്ണടച്ചാലും  നിന്റെ കണ്ണുകൾ
അടയാതിരിക്കും ...
ആ കണ്ണുകളിൽ കാണാം
അടിച്ചമർത്തപ്പെട്ടവളുടെ,
അണമുറിയാത്ത തീ...
കാരിരുമ്പിനെക്കാൾ മൂര്ച്ചയുണ്ട്
നിന്റെ കണ്ണിലെ തീപ്പന്തങ്ങൾക്ക്..
എല്ലാരുമുറക്കത്തിലാണ്,
നീ രാകി മിനുക്കൂ ഇനിയും,
ആ  തിളങ്ങുന്ന  കണ്ണുകൾ,
ഉണരട്ടെ ഉറക്കം നടിക്കുമീനാട് ...
..