Saturday, 22 December 2012

ഖസാക്കില്‍ ഒരു ദിവസം.....


"ദാ എത്തിട്ടോ,എറങ്ങണില്ലേയ് ??" കണ്ടക്ടറുടെ ആ വിളി കേട്ടിട്ടായിരുന്നു പൂര്‍ത്തിയാക്കാതെ പകുതിക്ക് വച്ചു നിര്‍ത്തിയ സ്വപ്നത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക് വീണ്ടും  വന്നത്.. എന്തിനോ വേണ്ടിയുള്ള യാത്രയില്‍ ഒരു അഭയകേന്ദ്രം പോലെ, ജരാനരകള്‍ ബാധിച്ച നീണ്ടു പന്തലിച്ച മരങ്ങള്‍ക്ക് കീഴില്‍  ബസ്സ്‌ കിടന്നു,വിശ്രമിക്കാന്‍ തുടങ്ങി...കൂമന്‍കാവ് ലാസ്റ്റ് സ്റ്റോപ്പായിരുന്നു ..മനസ്സില്‍ അന്നേ തളിരിട്ട കിനാവായിരുന്നു ഒരു ദിവസം എല്ലാ ബാന്ധവങ്ങളും വിട്ട് , നേരിട്ടറിയില്ലെങ്കിലും  ഒരുപാടറിയുന്ന കുറേപ്പേരുള്ള  ഖസാക്കില്‍ ഒരു ദിവസം കഴിയുക..ദാ  കൈയെത്തും ദൂരത്ത്‌  ഖസാക്ക് അങ്ങനെ പരന്നു കിടക്കുന്നു...അടുത്തുള്ള ആളോട് വഴി ചോദിച്ചു നേരെ ഖസാക്കിലേക്ക് വച്ചു പിടിച്ചു...പ്രതീക്ഷകളുടെ ഭാരമുണ്ടായിരുന്നെങ്കിലും നടക്കുന്പോള്‍ അങ്ങനെ തോന്നിയില്ല... സ്വര്‍ണനിറത്തിലുള്ള സൂര്യരശ്മികള്‍ നീളന്‍ മുടിയിഴകളില്‍ തൊട്ട് തിരിച്ചു പൊയികൊണ്ടിരുന്നു ..പൂത്തുലഞ്ഞു കിടന്ന പൂക്കളും,ഈറനുടുത്തു നിന്ന ഇലകളും ശൈത്യത്തിന്റെ വരവറിയിച്ചു... ചെതലിയുടെ അടിവാരത്ത് നിന്ന് വന്ന കാറ്റ് ഖസാക്കിലേക്ക് സ്വാഗതം ചെയ്യുന്ന പോലെ തോന്നി... രവി പറഞ്ഞ ഖസാക്കില്‍ നിന്ന് കാലത്തിന്റെ കുത്തൊഴുക്കില്‍ ചെറിയ ചെറിയ മാറ്റങ്ങളും... ചെഗുവേരയുടെ പോസ്റ്റര്‍  വച്ച വല്യ ഒരു ഫ്ലക്സും  അതിനെ കീറിമുറിച്ചു കൊണ്ട് അതിലെ മൂര്‍ച്ചയേറിയ വാക്കുകളും...അടിപൊളിയായിട്ടുണ്ട്.. ചെഗുവേരയെ നോക്കി ഒരു ലാല്‍സലാം കൊടുത്തു.ഖസാക്ക് പതുക്കെ ഉറക്കമുണരുന്നതേ ഉണ്ടായുള്ളൂ....മാധവന്നായരുടെ തുന്നല്‍പീടികയിലേക്ക്‌ തിരഞ്ഞുപിടിച്ചെത്തി...സ്വയം പരിചയപ്പെടുത്തി...മാഷ്ടരുടെ പരിചയക്കാരനാണെന്നു പറഞ്ഞപ്പോ മുഖത്തിലെ രക്തയോട്ടം കൂടി പ്രകാശപൂരിതമായി..അപ്പൊ അന്നത്തെ രവിയുടെ ഖസാക്കിലെ അവസാന നിമിഷത്തെപറ്റി മനസ്സിലോര്‍ത്തു...അന്നേറ്റവും വിഷമിച്ചിട്ടുണ്ടാകുക ഉറ്റമിത്രമായ മാധവന്നായരായിരിക്കും..രവിയുടെ ഓര്‍മയില്‍ രണ്ടുപേരും കുറച്ചു നേരത്തേക്ക് പരസ്പരം നഷ്ടപ്പെട്ടു.. "ഒരു ദിവസത്തേക്ക് തങ്ങാന്‍ ഒരു മുറി ഒപ്പിച്ചു തരുവോ മാധവന്‍നായരേ,രവിയുടെ പണ്ടത്തെ മുറി കിട്ടിയാല്‍ നന്നായി.." ഞാന്‍ പറഞ്ഞു..
"മാഷ്‌ പോയേപ്പിന്നെ ആ മുറി ആരും ഉപയോഗിച്ചട്ട്ല്ല,പക്ഷെ ആകെ പൊടിപിടിച്ച് കിടക്കുവായിരിക്കും...നിങ്ങളെ കാര്‍ന്നോരു പ്രശ്നമുണ്ടാക്കുവോ എന്ന് ചോദിച്ചപ്പോ  കുറ്റബോധത്തിന്റെ ആഴക്കടലിലെ ചുഴിയില്‍പ്പെട്ട അവസ്ഥയാ ശിവരാമന്‍ നായര്‍ക്ക് എന്നറിഞ്ഞു..ഏതായാലും അവിടേക്ക് പോകുന്നതിനു മുമ്പ് എന്തെങ്കിലും കഴിക്കാനായി നമ്മള്‍ അലിയാരുടെ ചായപ്പീടികയിലെത്തി..ഖസാക്കിന്‍റെ വാര്‍ത്തകള്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും അവിടെയായിരുന്നു..ഒരു ദിവസത്തിനിടയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളില്ല  ,ചെന്നെത്താത്ത ലോകങ്ങളില്ല..എന്നും വാര്‍ത്തകളില്‍ മുഴുകി നില്‍ക്കുന്ന  കൂട്ടുകാരന്‍ ലിജോന്‍റെ സാമീപ്യം അവിടെ ഉണ്ടാകേണ്ടതായിരുന്നു എന്നു തോന്നി..അവനെപ്പറ്റി അവരോടു പറഞ്ഞശേഷം സുലൈമാനി കുടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി നിന്നപ്പോ ലോകം മുഴുവന്‍ ഖസാക്കിലേക്ക് ചുരുങ്ങുന്നതായും ആ ഖസാക്കിന്‍റെ സൗന്ദര്യം ചായക്കോപ്പക്ക് നേരെ വന്നു കൊണ്ടിരിക്കുന്നതായും തോന്നി...ആ കുളിര്‍ക്കാറ്റില്‍ സ്വയം അലിഞ്ഞു പോയി..വരുമ്പോ W  നേയും കൂട്ടാമായിരുന്നു..അവനുണ്ടെങ്കില്‍ ഖസാക്കിന്‍റെ ആ പ്രകൃതിരമണീയതയെ മുഴുവന്‍ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത് അതിനു വീണ്ടും വീണ്ടും ജീവന്‍ നല്‍കിയേനെ..പറ്റുമെങ്കില്‍ ഖസാക്കിന്‍റെ മനോഹാരിതയില്‍ ഞാന്‍ നില്‍ക്കുന്ന ഒരു ഫോട്ടോ അവനെ കൊണ്ടെടുപ്പിച്ചു ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ ആക്കാമായിരുന്നു..പറഞ്ഞിട്ടെന്താ അവന്‍ വന്നില്ല,പറഞ്ഞു പറ്റിക്കുന്നതാണല്ലോ അവന്‍റെ ശീലം..
      ഖസാക്കിലെ  ഓരോ പുല്‍ക്കൊടിയോടും മിണ്ടിയും പറഞ്ഞും ഞാന്‍ മാധവന്നായരുടെ കൂടെ ഞാറ്റുപുരയും അടുത്തുള്ള ശിവരാമന്‍ നായരുടെ വീടും ലക്ഷ്യമിട്ട്‌ നടന്നു...പുറത്തെ ചാരുകസേലയിലിരുന്നു വിശ്രമിച്ചുകൊണ്ടിരുന്ന കാര്‍ന്നോര്‍ക്ക് എന്നെയും പരിചയപ്പെടുത്തി  മാധവന്നായര്‍ ഓര്‍മയുടെ മാറാലകള്‍ കെട്ടിക്കിടക്കുന്ന ഞാറ്റുപുര വൃത്തിയാക്കാന്‍ ചാന്തുമ്മയെ വിളിക്കാന്‍ പോയി.."എല്ലാത്തിനും കാരണക്കാരന്‍ ഞാനായിരുന്നു ,എന്‍റെ കണ്ണിനു മുന്നിലുള്ള പാടയിലൂടെയായിരുന്നു ഞാന്‍ ആള്‍ക്കാരെ നോക്കിക്കൊണ്ടിരുന്നെ..ആ പാട മാഞ്ഞപ്പോഴേക്കും വൈകിപ്പോയി..." 
"സാരമില്ല ശിവരാമന്‍ നായരെ,വിധിയുടെ മിന്നലാട്ടത്തില്‍ കാഴ്ചക്കാരനാകനേ നമുക്ക് പറ്റു.. " ഞാന്‍ പറഞ്ഞു.. 
ചാന്തുമ്മയെ കണ്ടാ മിണ്ടണം എന്നോക്കെ  കരുതിയതാ..പക്ഷെ കുഞ്ഞിനൂറിന്റെയും,ചാന്തുമുത്തിന്റെയും നിഷ്കളങ്കമായ മുഖങ്ങള്‍ തൊണ്ടയില്‍ നിന്ന് കുരുത്ത വാക്കുകളെ തടഞ്ഞുവച്ചു... ചാന്തുമ്മ പോയ ശേഷം രവിയുടെ ശ്വാസം തങ്ങിനില്‍ക്കുന്ന  മുറിയിലേക്ക് കയറി..രവിയുടെ അദൃശ്യമായ സാന്നിധ്യം ആ ഞാറ്റുപുരയുടെ ഓരോ മുക്കിലേക്കും മൂലയിലേക്കും എന്നെ നയിച്ചു.. അപ്പുക്കിളിയെ പറ്റി രവി ഓര്‍മിപ്പിച്ചു.. "കിളി എവ്ട പോയി നായരേ?"
"ചെക്കന്‍ അവിടെ പറമ്പിലുണ്ടാകും,ഞാന്‍ വിളിക്കാം.."     "ഡാ കിളിയേ ഇങ്ങ് വാടാ.... "
മാധാവന്നായരുടെ വിളി ഏറ്റെടുത്ത കാറ്റ് , അതിനെ കിളിയുടെ ചെവിയിലെ വലിയ കുഴികളിലേക്കെത്തിച്ചു..അപ്പുക്കിളി ഓടി വന്നു.. മനസ്സില്‍ പ്രതിഷ്ടിച്ച അതേ മുഖം..."ഏത്തോ... ഇതാതാ??" ഞാന്‍ രവി  മാഷ്‌ടെ ഫ്രണ്ടാ എന്ന് കിളിയോട് പറഞ്ഞ് അവനു കൊടുക്കാനായി അക്കു എന്റെ കൈയില്‍ തന്നയച്ച മഞ്ചിന്റെ ഒരു വല്യ പാക്കറ്റ് അവനു കൊടുത്തു.. അതിന്‍റെ നന്ദി സൂചകമെന്ന പോലെ  കൈയിലുള്ള തുമ്പിയെ എനിക്ക് തന്നു.. മരിച്ചവര്‍ തുമ്പിയായി ജനിച്ചതാണെങ്കില്‍ ഇതിനി രവിയായിരിക്കുവോ?? തുമ്പിയെ ഒരു തീപ്പെട്ടിക്കൂടില്‍ അതില്‍ ഒരു ചെറിയ ദ്വാരമിട്ട് ഭദ്രമായി എടുത്തുവച്ചു.. മാധവന്‍നായരോട് ഒരാഗ്രഹം അറിയിച്ചു..ഖസാക്കിലെ ഏഴഴകുള്ള സുന്ദരിയെ കാണണമെന്ന്..തോട്ടിലെ തണുപ്പുള്ള വെള്ളത്തിലെ കുളിയും കഴിഞ്ഞ് ഖസാക്കിന്‍റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന മൈമുനയുടെ പെരയിലേക്ക് പോയി."വിരുന്നുകാരുണ്ടേ മൈമുന " കേറിയ ഉടന്‍ മാധവന്‍ നായര്‍ പറഞ്ഞു.വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത ശില്പമാണോ എന്ന് ശങ്കിച്ചു.. ആ സൗന്ദര്യത്തെ നമിച്ചു..മാഷ്‌ടെ പരിചയക്കാരനാ എന്ന് പറഞ്ഞപ്പോ സമയചക്രത്തെ പിന്നോട്ട് കറക്കാന്‍ തുടങ്ങി മൈമുന...അവിടെ വച്ച് രവിയേയും,ഖസാക്കിനെയും ചേര്‍ത്ത് ചക്രം വീണ്ടും മുന്നോട്ട്..ഇപ്പൊ രവിയില്ല ഓര്‍മ്മകള്‍ മാത്രം..ഉച്ചക്ക് പത്തിരിയും ഇറച്ചിയും കഴിച്ച് പോയാല്‍ മതിയെന്ന്‍ നിര്‍ബന്ധിച്ചു.. കാണുന്നില്ലല്ലോ എന്ന് മനസ്സില്‍ നിനച്ചപ്പോഴേക്കും നൈജാമലി രംഗത്തെത്തി..ഉള്ളില്‍ നിന്ന് തികട്ടിയെത്തി ഒരു ശബ്ദം..'ടപ്പേ....' അതേ രവിക്ക് രാജാവിന്റെ പള്ളിയില്‍ നിന്ന് കൊടുത്ത സമ്മാനം.. ഖസാക്കിന്‍റെ മോല്ലാക്കയാണിപ്പോള്‍ നൈജാമലി..ഖസാക്കുകാര്‍ തന്നില്‍ അര്‍പ്പിച്ച ഉത്തരവാദിത്തം ആ വലിയ താടിയിലങ്ങനെ പരന്നുകിടന്നു..സംസാരത്തിലും പക്വത..പത്തിരിയും ഇറച്ചിയും കഴിച്ച് വയറു നിറഞ്ഞതിന്റെ അടയാളമായ ഏമ്പക്കവും വിട്ട് പതുക്കെ അവിടെ നിന്നിറങ്ങി.ഖസാക്കിലെ ഷെയ്ഖ് തമ്പുരാന്‍റെ മിനാരങ്ങളും കണ്ടു ഭഗവതിയേയും തൊഴുതു കൊണ്ടെന്‍റെ നടന്നു..ലക്ഷ്യബോധമില്ലാത്ത ആ നടത്തത്തിനിടയില്‍ ആറടി പൊക്കത്തില്‍ അജാനബാഹുവായ ഒരാള്‍ നടന്നു വരുന്നതു കണ്ടു.മാധാവന്നായര്‍ പറഞ്ഞപ്പോഴാ അറിഞ്ഞെ റാവുത്തരണ്ണനാ അതെന്ന്.തന്‍റെ പേരുള്ള ആളെ കണ്ടാല്‍ ബഹുമാനിക്കണം എന്ന് 'റാവു' പ്രത്യേകം പറഞ്ഞത് ഓര്‍മ്മചെപ്പില്‍ നിന്ന് അടര്‍ത്തിയെടുത്തു..ഒന്ന് ബഹുമാനിച്ചു..വെറുതെയല്ല അവനീ പേര് വന്നതെന്ന യാഥാര്‍ത്യവും മനസ്സിലാക്കി..ചില മുഖങ്ങള്‍ ഉള്ളില്‍ നിന്ന് പുറംലോകത്തേക്ക് വരാന്‍ ആഗ്രഹിച്ച് കൊണ്ടിരുന്നു..അതിലൊന്നായിരുന്നു കുപ്പുവച്ചന്‍..വസൂരി കാര്‍ന്നെടുത്ത കണ്ണുകളിലേക്കെത്തിയ അരണ്ടവെളിച്ചത്തിനു മുകളില്‍ കൈവച്ചു കൊണ്ട് കുപ്പുവച്ചന്‍ ഒന്ന് പരത്തിനോക്കി....പല്ലില്ലാത്ത മോണ കാട്ടി നിഷ്കളങ്കമായി ചിരിച്ചു..ഖസാക്കിലെ പഴയ പരദൂഷണക്കാരനു ഭാവപ്പകര്‍ച്ച, കുട്ടിത്തത്തിലേക്കും  അതിലെ നിഷ്കളങ്കതയിലേക്കും..പഴയ തമാശക്കും സംസാരത്തിനും ഒരു മാറ്റവുമില്ല , പക്ഷെ കാലം തളര്‍ത്തിയ ആരോഗ്യം മാത്രം അതിനു തടസ്സമായി നിന്നു..പനയോലകള്‍ കാറ്റിലാടിക്കളിച്ചുകൊണ്ട് ആശാനോടുള്ള ആദരവ് പ്രകടിപ്പിച്ചു.. ഖസാക്കിലെ മണ്ണിനും മനുഷ്യര്‍ക്കും ഒരു പ്രത്യേക മണമായിരുന്നു..കുഞ്ഞാമിനയുടെ നിക്കാഹ് അടുത്തെന്ന് നായര്‍ പറഞ്ഞു..പള്ളിയില്‍ നിന്ന് വാങ്ക് വിളി തുടങ്ങി..ചങ്ക് പൊട്ടുന്ന ശബ്ധത്തില്‍ നൈജാമലി  ഖസാക്കിലെ ഷെയ്ഖ് തമ്പുരാക്കന്മാരെ വിളിച്ചുണര്‍ത്താന്‍ തുടങ്ങി.പടിഞ്ഞാറ് സൂര്യന്‍ കൈയിലിരുന്ന കുങ്കുമം വാരിയെറിഞ്ഞുകൊണ്ട് എവിടെക്കോ ഒളിക്കാന്‍ തുടങ്ങി..ചുവപ്പില്‍ കുളിച്ച ആ സന്ധ്യയില്‍ ഒരു ചുവപ്പ് പൊട്ടായി ഞാനും മാധവന്‍നായരും നിന്നു.അടിവാരത്തിലേക്ക് വെറുതെ നടന്നു രണ്ടുപേരും..അവിടുത്തെ വാറ്റ് കഴിക്കണമെന്ന് ഒരു പൂതി മനസ്സില്‍ തോന്നി..കഴിക്കില്ലെന്ന് അവള്‍ക്കു വാക്ക് കൊടുത്തതായിരുന്നു..ഇനി ഇത് പോലെ ഒരു അവസരം കിട്ടാനും പോണില്ല. എത്രയെത്ര വാക്കുകള്‍ തെറ്റിച്ചിരിക്കുന്നു..മനസ്സില്‍ അവളോട് ഒരു ക്ഷമാപണം നടത്തി അത് കഴിച്ചു.ഒരു വേറിട്ട അനുഭവം..നാളെ രാവിലെ തന്നെ തിരിച്ചു പോകേണ്ടത് കൊണ്ട് അധികം കഴിക്കാന്‍ നിന്നില്ല.നിലാവ് പൂത്തു നിന്ന ആകാശത്ത്‌ നിന്ന് തെറിച്ചു വീണപോലെ തോന്നപ്പെട്ട ചെമ്പകപൂക്കള്‍ ഖസാക്കിലാകെ സുഗന്ധം വിതറി..വീണ്ടും അലിയാരുടെ കടയിലേക്ക്.അവിടുന്ന് ചോറും കഴിച്ച് ഞാറ്റുപുരയിലേക്ക്.എനിക്ക് മാധവന്നായരോട് അതിരില്ലാത്ത കടപ്പാട് തോന്നി..ഇന്ന് രാവിലെ  മാത്രം പരിചയപ്പെട്ട ആളോട് ഇത്രേം അടുപ്പവും സ്നേഹവും കാണിച്ച ആ മനസ്സ്..ഖസാക്കിലെ ഓരോരുത്തരേയും ഞാനാ മുഖത്തില്‍ കണ്ടു..എന്‍റെ നന്ദി വാക്കുകളിലൂടെ അറിയിച്ചു..നാളെ രാവിലെ തന്നെ തിരിച്ചു പോകുമെന്നും ഇനിയും ഖസാക്കില്‍ വരും  അപ്പൊ കാണാമെന്നും പറഞ്ഞു. ..മാധവന്നായര്‍ തിരിച്ചു പോയി..കാഴ്ചയില്‍ നിന്ന് മറയുന്നവരെ ഞാന്‍ നോക്കി നിന്നു ..പിന്നെ ഹൃദയത്തിന്‍റെ ഒരു കോണില്‍ എടുത്തു വച്ചു.മുറിയില്‍ തനിച്ചായി..സമയം പെട്ടെന്ന് ഓടിതീര്‍ന്നതായി തോന്നി..ഖസാക്കിനെ തൊട്ടറിഞ്ഞു..സ്നേഹത്തില്‍ പൊതിഞ്ഞ സൗന്ദര്യത്തിന്‍റെ  രസക്കൂട്ട്‌ ചേര്‍ത്ത ഒരത്ഭുധം അതാണ് ഖസാക്ക്..പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു.അപ്പുക്കിളി അക്കുവിന് കൊടുക്കാനായി തന്ന തുമ്പിയെ വച്ച തീപ്പെട്ടിക്കൂട് തുറന്നു നോക്കി,ജീവനുണ്ട്..ഖസാക്കില്‍ നിന്ന് ഇത് മാത്രമേ കൊണ്ടു പോകുന്നുള്ളൂ..മുറി പൂട്ടി താക്കോല്‍ വാതിലിനു മുകളില്‍ വച്ച് അവിടെ നിന്ന് ഇറങ്ങി.മഞ്ഞുതുള്ളികള്‍ പതുക്കെ ദേഹത്ത് വീഴാന്‍ തുടങ്ങി.തിരിച്ചുപോകുമ്പോള്‍ ഖസാക്കിന്‍റെ സ്നേഹത്തോടെയുള്ള കണ്ണീരായി തോന്നി അത്.കൂമന്‍കാവില്‍ എത്താറായപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി,ഇളം മഞ്ഞില്‍ കുളിച്ചുകൊണ്ട് ഖസാക്ക് വീണ്ടും ഉണരുകയാണ്..ഞാന്‍ മുകളിലേക്ക് നോക്കി.രണ്ട് മുഖങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നു..രവിയും പിന്നെ ഖസാക്കിന്‍റെ ഇതിഹാസകാരനും...

നിഴല്‍ ചിത്രങ്ങള്‍


ആത്മസംഘര്‍ഷങ്ങളുടെ  ഇരുണ്ട ഇടനാഴിയില്‍,
കോറിയിട്ട തണുപ്പിനെ കീറിമുറിച്ചിടുന്ന,
അജ്ഞാതമായ നിശബ്ദതയില്‍,
വഴുതി വഴുതി മാറുന്ന അരൂപിയായ
സ്വപ്നങ്ങളുടെ നിഴല്‍ ചിത്രങ്ങളില്‍,
വരച്ചെടുക്കാനാകാതെ പോകുന്ന
വികാരവാഴ്ചകളില്‍,
ഓര്‍മ്മകള്‍ തീര്‍ക്കുന്ന മഴപ്പെയ്ത്തിലും,
കലുഷിതമായ മനസ്സിലൂടെ,
ദുസ്സഹമായ യാത്ര 
ദിക്കറിയാതെ നിന്നു പോകുന്നു..