Wednesday 21 September 2016

രാമമ്മാവന്റെ ഓര്‍മയ്ക്ക്

തല നെടുകേ പിളര്‍ന്ന സത്യം,
അതാണ്‌ മരണം..
ജീവിതത്തിലെ അവസാനത്തെ
സത്യവും..
ഇനിയുള്ളതെല്ലാം മരിക്കാത്തവന്‍റെ
ഭാവനകള്‍ മാത്രം..
ഇന്ന് ഞാനുറങ്ങും,
നീ തന്ന ജീവിതപ്രകാശം
ആകാശചരുവില്‍ നിന്ന്
എന്‍റെ നെഞ്ചോടു ചേര്‍ത്ത്..
നീ ഇന്നൊരു പൂമരമായി മാറും
പൊഴിക്കുന്ന ഓരോ പൂവും ഇലയും
എന്നെ മൂടുന്ന ഓര്‍മകളുടെ
മഴത്തുള്ളികളായിരിക്കും..
ആ മഴത്തുള്ളികളിലൂടെ, ഓര്‍മകളിലൂടെ
എനിക്കിന്ന് തിരിച്ചു നടക്കണം,
നിഷ്കളങ്കതയില്‍ പൊതിഞ്ഞ സ്നേഹം,
നഷ്ടപ്പെട്ട പനിനീര്‍പ്പൂവ്,
അതിനിടയില്‍ എന്നെ തിരയണം,
ഞാനുണ്ടാവും എന്‍റെ നിഴലുണ്ടാവും..


Saturday 10 September 2016

അധ്യാപക ദിനം

അധ്യാപക ദിനം..ഞാന്‍ ആദ്യമായി കണ്ടതും, ഇപ്പോഴും എപ്പോഴും കണ്ടിരിക്കുന്നതും ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്നതുമായ അധ്യാപിക എന്‍റെ അമ്മ തന്നെയാണ്.. 
രണ്ടു കൊല്ലം പിന്നോട്ട് സഞ്ചരിക്കുമ്പോ ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഒരു വാര്‍ത്തയായിരുന്നു തന്‍റെ അധ്യയന ജീവിതത്തിലെ വിരമിക്കല്‍ ദിവസം എല്ലാ ചടങ്ങുകള്‍ക്ക് ശേഷം സ്കൂളില്‍ നിന്ന് പടിയിറങ്ങി 60 കിലോമീറ്ററോളം വീട്ടിലേക്ക് നടന്ന അവനീന്ദ്രന്‍ മാഷ്‌.. ആ തീരുമാനം ശരിക്കും ഒരു അഭിനിവേശമായിരുന്നു.. ഓര്‍മകളെയും കൂട്ട്പിടിച്ച് ഇത്രേം ദൂരം നടന്നപ്പോ കണ്ട സൂര്യാസ്തമയമായിരിക്കണം ജീവിതത്തില്‍ കണ്ട ഏറ്റവും സുന്ദരമായ സൂര്യാസ്തമയം.. വര്‍ഷങ്ങളായി അകലെ നിന്ന് കണ്ടിരുന്ന ഓരോ ദൃശ്യങ്ങളും സ്വന്തം കണ്ണിലേക്കെടുത്ത് നടന്നു വന്നപ്പോ ഓരോ വിയര്‍പ്പ് തുള്ളിയിലും മഴവില്ല് വിരിഞ്ഞു.. അത്രേം നാള്‍ ബസ്സിലൂടെ ചെയ്ത യാത്രകള്‍ ആ ഒരു ദിവസം കൊണ്ട് മറി കടന്നു..ഓരോ പൂവും, ഓരോ പച്ചപ്പും, കിളികളും,അന്തിച്ചോപ്പും, നിലാവും, ചാറ്റല്‍ മഴയും,നിശബ്ദതയും,കൂരിരുട്ടും, നല്‍കിയ വിരമിക്കല്‍ നിമിഷങ്ങള്‍.. സാധാരണ യാത്ര ചെയുമ്പോള്‍ അല്ലെങ്കില്‍ നടക്കുമ്പോള്‍ നമ്മള്‍ കാഴ്ചകളാണ് കാണാറുള്ളതെങ്കില്‍അന്ന് കാഴ്ചകള്‍ മാഷെ നോക്കി നിന്നു എന്ന് വേണം പറയാന്‍.